എന്നതാടി ഇപ്പൊ വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ, ഇച്ചായാ അവളുടെ തൊണ്ടയിടറി..

അന്നൊരു നാളിൽ
(രചന: അന്നമ്മു ജോ)

ലില്ലീ…. കാതുകളിൽ നേർത്തു മുഴങ്ങുന്ന പ്രിയപ്പെട്ടവന്റെ ശബ്ദം.

കാപ്പിതോട്ടത്തിനു അരികെ മണ്ണിട്ട പാതയുടെ അറ്റത്ത് വെളിച്ചം വീഴാൻ കൊതിക്കുന്ന ഓടിനു താഴെ ഒരു നിശ്വാസത്തിനു അപ്പുറം രണ്ടു ശ്വാസോച്ഛ്വാസങ്ങൾ പ്രണയിക്കുന്നുണ്ടായിരുന്നു

പുറം തിരിഞ്ഞ് കിടക്കുന്ന അവനെ ഉണർത്താതെ അഴിഞ്ഞ് ഉലഞ്ഞ മുടി ഉച്ചിയിൽ കെട്ടികൊണ്ടവൾ ഉമ്മറ വാതിൽ തുറന്നു.

ഇനിയും ഉണരാൻ മടിക്കുന്ന വീട്ടുപടി വാതിക്കൽ പതുങ്ങി ഇരുന്ന പുലരിയിൽ കാപ്പി മണമാകേ പരന്നിരുന്നു.

രണ്ടു വർഷം മുന്നു പതിനേഴ് വയസ്സിന്റെ തുടക്കത്തിൽ ലോകം എന്തെന്ന് അറിയാത്തവൾ അവന്റെ കയ്യും പിടിച്ചു കൊണ്ട് കരിങ്കല്ല് പാകിയ പടിയും ചവിട്ടി ഈ വീട്ടുമുറ്റത്തേക്ക് കേറി വന്നത് ഇത് പോലെ ഒരു പുലരിയിൽ ആണെന്ന് അവൾ ഓർത്തു..

ലില്ലി മാത്യു എന്ന കളരിക്കൽ തറവാട്ടിലെ മാത്യുവിന്റെയും മേഴ്‌സിയുടെ യും ജീവിതത്തിലേക്ക്
20 വർഷത്തിനു ശേഷം കടന്നു വന്ന പെൺ തരി.

മൂത്ത ഒരു മകൻ മാത്രം ഉണ്ടായിരുന്ന അവർക്ക് കർത്താവ് വൈകി കൊടുത്ത ഭാഗ്യമായി ഇരു കയ്യും നീട്ടി സ്വീകരിച്ച അവരുടെ ലില്ലി കുട്ടി..

പ്രായത്തെ വെല്ലി കൊണ്ട് നടന്ന പ്രസവത്തിൽ ലില്ലിയെ അവളുടെ അപ്പന്റെയും ചേട്ടന്റെ യും കയ്യിൽ ഏൽപ്പിച്ച് മേഴ്‌സിയമ്മ എന്നെന്നേക്കും ആയി കണ്ണടച്ചിരുന്നു.

തുടക്കത്തിൽ എല്ലാം അനിയത്തിയെ നല്ല രീതിയിൽ നോക്കിയിരുന്ന ചേട്ടനായ എബി യുടെ സ്വഭാവത്തിൽ എന്ന് മുതലാണ് മാറ്റം വന്നത് എന്ന് അറിയില്ലായിരുന്നു.

അത്രയും കാലം അപ്പന്‍റെയും അമ്മയുടെയും സ്നേഹം ഒറ്റയ്ക്ക് അനുഭവിച്ചവൻ അനിയത്തിയുടെ ജന്മത്തോടെ അമ്മയെ എന്നെന്നേക്കും ആയി നഷ്ടപ്പെട്ടത്

കൂടാതെ അപ്പന്റെ സ്നേഹവും കരുതലും കൂടുതൽ ആയി അനിയത്തിക്ക്‌ കിട്ടുന്നുവെന്ന തോന്നൽ ആ പതിനെട്ടു വയസ്സുകാരന്റെ മനസ്സിൽ അനിയത്തിയോട് ഉള്ള പകയുടെ വിത്തുകൾ പാകിയിരുന്നു.

ഇതൊന്നും അറിയാതെ മാത്യു അവളെ ഒറ്റടി വപ്പിച്ചും അമ്മയില്ലാത്ത കുറവ് അറിയാതെ വളർത്തുന്നതിന്റെയും തിരക്കിൽ ആയിരുന്നു..

ലില്ലിക്കു അഞ്ച് വയസ്സ് തികയുന്നതിന്റെ അന്ന് പിറന്നാൾ ഉടുപ്പ് വാങ്ങാൻ പോയ മാത്യു തിരിച്ച് വന്നത് വെള്ള തുണിയിൽ പൊതിഞ്ഞ ജീവനറ്റ ശരീരം ആയി ആയിരുന്നു. ”

അറ്റാക്ക് ആയിരുന്നു” കൂടി നിക്കുന്നവർ അടക്കം പറയുന്നത് എന്താണ് എന്നറിയാതെ അവൾ മാത്യുവിന്റെ ദേഹത്തെ വെള്ള തുണിയിൽ അള്ളി പിടിച്ച് അന്നത്തെ വിശേഷങ്ങൾ കൊഞ്ചി പറയുന്ന തിരക്കിൽ ആയിരുന്നു..

മാത്യുവിന്റെ വേർപാടോടെ തീർത്തും ഒറ്റപ്പെട്ട എബി എല്ലാറ്റിനും കാരണം ലില്ലി ആണെന്ന് പഴി പറഞ്ഞ് അവളെ കാരണങ്ങൾ ഇല്ലാതെ കുറ്റപ്പെടുത്തുക പതിവാക്കി.

സ്ക്കൂളിൽ പോലും പറഞ്ഞയക്കാതെ ആ വലിയ വീട്ടിൽ അവളെ തളച്ചിട്ടു.

മാത്യുവിന്റെ ബിസിനസ് എല്ലാം ഏറ്റെടുത്ത എബി ഒരു നാൾ ഒരു പെണ്ണിനേയും വിളിച്ച് കൊണ്ട് വീട്ടിൽ വന്നു. 10 വയസ്സ് പ്രായമായ ലില്ലിക്ക്‌ അവളുടെ ജീവിതത്തിൽ നടക്കുന്നത് എല്ലാം മനസ്സിൽ ആയി തുടങ്ങിയിരുന്നു.

കേറി വന്ന പെണ്ണ് ഏടത്തിയമ്മയായി അവളെ സ്നേഹിക്കുകയോ പരിഗണിക്കുക യോ ചെയ്യുന്നില്ലായിരുന്നൂ. എല്ലാറ്റിനും എബിയുടെ മൗനമായ സമ്മതം കൂടെ ഉണ്ടായിരുന്നത് അവളെ കൂടുതൽ തകർത്തു.

പോകെ പോകെ അവരുടെ ഒരു കാവൽ പട്ടി എന്ന വില പോലും അവൾക്ക് നൽകാതെ പുറം ലോകം ആയി ഒരു ബന്ധവും ഇല്ലാതെ ആ വീട്ടിലെ ഒരു മൂലയിൽ ഒതുങ്ങി പോയിരുന്നു അവൾ.

ഇടയ്ക്ക് വന്നു പോയിരുന്ന അമ്മയുടെ ചേച്ചി മാത്രം ആയിരുന്നു അവൾക്ക് ഒരു ആശ്വാസം.

ബന്ധുക്കളെ ആരെയും വീട്ടിൽ അടുപ്പിക്കാതെ ഇരുന്ന എബി അമ്മയുടെ ചേച്ചിയെ മാത്രം ആയിരുന്നു വല്ലപ്പോഴും വരാൻ അനുവദിച്ചു ഇരുന്നത്.

ലില്ലിയുടെ ദുഃഖങ്ങൾക്ക്‌ മൂക സാക്ഷി ആയിരുന്ന അവർ ഒരിക്കൽ അവളോട് നിനക്കു പതിനെട്ടു വയസ്സ് ആവുമ്പോൾ

സ്വത്തിന്റെ പാതി അവകാശം ഉണ്ടെന്നും അത് കൈ പറ്റി കഴിഞ്ഞാൽ നിനക്ക് രക്ഷപ്പെടാം എന്നും പറഞ്ഞ് ആശ്വസിപ്പിക്കുന്നത് അവിചാരിതമായി എബിയുടെ ഭാര്യ കേൾക്കാൻ ഇടയായി.

അന്നു മുതൽ എബിയുടെ ഭാര്യ അവളുടെ വളർച്ചയെ ഭീതി പൂർവ്വം നോക്കി കണ്ടൂ.

ഒടുവിൽ എബിയെ പറഞ്ഞ് മയക്കി നിർത്തിയിട്ട പാസഞ്ചർ ട്രെയിനിലെ അവസാന ബോഗിയിൽ അബോധാവസ്ഥയിൽ ആക്കി അവളെ കിടത്തി തിരിച്ച് പോരുമ്പോൾ

ലില്ലി എന്ന ശല്യം ഒഴിയുന്ന സന്തോഷത്തിന് അപ്പുറം കണക്കറ്റ സ്വത്തുക്കൾ മുഴുവനും തന്റെ കൈപ്പിടിയിൽ ആയെന്ന അർമാധത്തിൽ ആയിരുന്നു അവർ.

ലില്ലി ഇഷ്ടപ്പെട്ടവന് ഒപ്പം ഒളിച്ചോടി എന്ന വാർത്ത നാട്ടിൽ പരത്താൻ നിസ്സാരം ആയി അവർക്ക് കഴിഞ്ഞു.

ദിക്കും ദിശയും മാറി മറഞ്ഞ് ഓടി തുടങ്ങിയ ട്രെയിനിൽ കണ്ണ് തുറന്നു പകച്ച് നിൽക്കാനേ ആ പതിനേഴു വയസ്സ് കാരിക്ക്‌ ആയുള്ളൂ.

നശിച്ചു പോയ തന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു കൊണ്ട് ട്രെയിനിൽ നിന്നും എടുത്തു ചാടാൻ നിന്നവളെ പുറകോട്ട് വലിച്ച്

നെഞ്ചിൽ ചേർത്തിയ ബലമുള്ള രണ്ടു കരങ്ങൾ ആണ് ഇന്ന് തന്റെ പ്രണയത്തിന്റെ പാതിയായി ജീവന്റെ പാതിയായി കൂടെ ഉള്ളത് എന്ന് ഓർക്കവെ പൊള്ളി അടർന്നു വീണ കണ്ണു നീരിനു ഇടയിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

“ലില്ലീ”… കാതുകളിൽ നേർത്തു മുഴങ്ങുന്ന പ്രിയപ്പെട്ടവന്റെ ശബ്ദം ..

” എന്റെ കൊച്ചു എന്തുവാ ഈ ആലോചിച്ച് നിക്കുന്നെ ”

“അത് പിന്നെ ഇച്ചായ ഞാൻ ഈ ഇച്ചായൻെറ കൊച്ചായ കഥ അങ്ങ് ആലോയിച്ച് പോയി.”

“എന്നതാടി ഇപ്പൊ വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ”..

“ഇച്ചായാ”…….. അവളുടെ തൊണ്ടയിടറി വാക്കുകൾ തൊണ്ട കുഴിയിൽ തടഞ്ഞു നിന്നു.. പെയ്യാൻ വെമ്പുന്ന പോലെ മിഴികൾ നിറഞ്ഞു വന്നു..

“ഹൊ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ എന്റെ ലില്ലി കൊച്ചേ , അയിന് ഇങ്ങനെ കരഞ്ഞ് കൊളം ആക്കല്ലെ എന്റെ പെണ്ണേ.. നീ പോയി ഇച്ചായന് ഒരു കാപ്പി ഇട്ടോണ്ട് വാടി”..

അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ച് കാതോരം മൃദുവായി അവൻ പറയുമ്പോൾ പിൻ കഴുത്തിലെ അവളുടെ കുഞ്ഞു രോമങ്ങൾ മുഴുവനും എന്തോ കൊതിച്ചത് പിലെ വിറ പൂണ്ടു നിന്നു..

“സാമിച്ചാ ഇന്ന് പോണോടാ” കയ്യിലെ കാപ്പി അവന് കൊടുക്കുന്നതിനിടെ അവള് ചോദിച്ചു..

” പിന്നെ പോകാതെ പറ്റോ മോളെ .. ഇരുപത്തിയൊന്നാം വയസ്സിൽ അനാഥാലയത്തിന്റെ പടിയിറങ്ങി ജോലിക്ക് ആയി അലഞ്ഞ് നടന്ന ഈ സാമിനെ കൈ പിടിച്ച് ഉയർത്തിയ കൂട്ടുകാർ അല്ലേടി അവർ.. അവരില്ലേൽ ഇന്നീ സാം ഉണ്ടാവില്ലാർന്നു..”

“എനിക്ക് അറിയാം സാമിച്ചാ എന്നാലും കാലം കെട്ട ഈ കാലത്ത് കൊറോണ എങ്ങാനും വന്നു നിനക്ക് വല്ലോം പറ്റിയാ നിക്ക്‌ പിന്നെ ആരാ..”

” ഒന്നും പറ്റത്തില്ല എന്റെ ലില്ലി കുട്ടി നിന്റെ ഇച്ചായൻ സബിൾ സ്ട്രോങ്ങ് അല്ലിയോടി.. പോയേച്ചും മറ്റന്ന ഇങ്ങു എത്താടി പെണ്ണേ..”

“ഇച്ചായാ പെട്ടന്ന് എത്തിയേക്കണെ നിന്റെ കയ്യും പിടിച്ച് ഈ കാപ്പി തോട്ടത്തിന് നടുവിൽ കുഞ്ഞു വീട്ടിലെ സ്വർഗ്ഗം തീർത്ത നാൾ അല്ലി യോ വരുന്നേ..”

” എത്താം എന്റെ ലില്ലി കുട്ടീ….ഇത് കൂട്ടുകാർ അത്രയും നിർബന്ധിക്കുന്നു.. പോണ്ടെടി പെണ്ണേ..”

“ഹും”

“ഹലോ സാമിച്ചാ എന്നതാ സൗണ്ട് വല്ലാതെ..”

“അത് ഒന്നൂലടി ഒരു ചെറിയ നീര് വീഴ്ച്ച ”

“സൂക്ഷിക്കണെ ഇച്ഛായ..”

“പേടിക്കാതെടി ഞാൻ നാളെ അങ്ങ് എത്തും”

എന്റെ അന്തോണീസ് പുണ്യാളാ എന്റെ സാമിച്ചനെ കാത്തൊണെ …

എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ.. അത്രയും പ്രിയപ്പെട്ട പാട്ടിന്റെ വരികൾ കാതിൽ ഒഴുകിയെത്തി..

” താങ്കൾ വിളിക്കുവാൻ ശ്രമിക്കുന്ന വ്യക്തി ഇപ്പോൾ പ്രതികരിക്കുന്നില്ല. ദയവായി അൽപ്പ സമയം കഴിഞ്ഞു വിളിക്കൂ.. ”

നെഞ്ചൊന്നു പിടഞ്ഞുവോ അകാരണം ആയ ഭയം വന്നു മൂടുന്നത് അവള് അറിയുന്നുണ്ടായിരുന്നു..

“ലില്ലീ”……….കാതുകളിൽ നേർത്തു മുഴങ്ങുന്ന പ്രിയപ്പെട്ടവന്റെ ശബ്ദം..

ഇല്ല ഇനിയില്ല എന്ന് ഞാൻ എങ്ങനെ വിശ്വസിക്കും. ഒന്ന് കാണാൻ ആകാതെ അമർത്തി ചുംബിക്കാൻ ആവാതെ ചാരം ആയി പോയില്ലേ..

എന്റെ ഇച്ചായന്റെ നെഞ്ചില് ചായാതെ ലില്ലി കുട്ടിക്ക് പറ്റത്തില്ല എന്നറിഞ്ഞൂടെ..

തിരിച്ച് വരുമ്പോൾ അത്രയും പ്രിയപ്പെട്ട സമ്മാനം ആയി തരാൻ എന്നിൽ മൊട്ടിട്ട പുതുജീവൻ നമ്മുടെ കുഞ്ഞ്… ഇച്ചായ വായോ ഇമ്മടെ കുഞ്ഞു സ്വർഗ്ഗത്തിൽ നീ ഇല്ലാതെ ശ്വാസം മുട്ടുന്നു..

ഇല്ല പ്രിയപ്പെട്ടവൻ ഇനി എന്നെ കേൾക്കില്ല.. ഞാൻ പിണങ്ങി നിന്നാൽ പുറകിൽ നിന്നും ചേർത്ത് നിർത്താൻ അവൻ ഇല്ല..

അത്രയും പ്രിയപ്പെട്ട പഞ്ഞി മിഠായി പങ്കിട്ട് കഴിക്കുവാൻ … ഒരു പിടി ചോറ് കുഴച്ച് ഒരുളകൾ ആക്കി പകുതിയും എനിക്ക് നൽകുവാൻ … ഇല്ല തിരിച്ച് വരവില്ല….

“ലില്ലി കണ്ണ് തുറക്ക് മോളെ എന്നതാട എന്ത് പറ്റി” സാമിന്റെ ശബ്ദത്തിൽ വല്ലാത്ത ഭീതി കളർന്നിരുന്നൂ..

” അത് പിന്നെ സാമിച്ചാ ഞാൻ ഒരു സ്വപ്നം.. എന്താന്ന് അറിയില്ല.. പേടിച്ചു പോയി..”

” എന്റെ ലില്ലി കുട്ടീ അന്നു എനിക്ക് വയ്യാതെ ആയത് മുതൽ തുടങ്ങിയ പേടിയാ നിന്റെ .. ഞാൻ നിന്നെ വിട്ടു പോവത്തില്ലാടി.. കർത്താവ് തമ്പുരാന് അറിയാം ഞാൻ പോയാൽ ന്റെ ലില്ലി തനിച്ച് ആവുന്നു.. അതല്ലേടി എന്നെ ഇങ്ങു തിരിച്ച് അയച്ചത്”…

ചെറുതായി വീർത്തു വരുന്ന അവളുടെ വയറിൽ തലോടി ദീർഘമായി നിശ്വസിക്കുമ്പോൾ ഒറ്റ പ്രാർത്ഥനയെ അവർക്ക് ഉണ്ടായിരുന്നുള്ളൂ..

വരുന്ന ഏഴേഴു ജന്മം ഒന്നിച്ചില്ല എങ്കിലും ഒന്നിച്ച് ചേർന്ന ഈ ജന്മത്തിൽ ഞങ്ങളിൽ ഒരാളെ മാത്രമായി നേരത്തെ അങ്ങ് വിളിച്ചേക്കല്ലെ എന്ന്….

പ്രിയപ്പെട്ടവരേ , നിങ്ങൾ ചെറുപ്പം ആകാം ..ആരോഗ്യം ഉളളവർ ആകാം..

അനാവശ്യം ആയി പുറത്ത് ഇറങ്ങി ഈ മഹാമാരി ആയി തിരിച്ച് വന്നാൽ നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ ഒരുപക്ഷേ നാളെയുടെ പ്രഭാതം കാണാൻ ഉണ്ടായെന്നു വരില്ല..

നാളെ ഓർത്തു വിലപിച്ചാൽ ഇന്നിന്റെ നഷ്ടം നികത്താൻ ആവില്ല..
സൂക്ഷിക്കുക.. നിങ്ങൾക്ക് വേണ്ടി അല്ലെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി….

Leave a Reply

Your email address will not be published. Required fields are marked *