ഒരാഴ്ച കൊണ്ട് സഹീറിനെ പ്രിയ അവളുടെ ബെഡ്‌റൂമിൽ എത്തിച്ചു, അവനെയും കൊണ്ട് പലയിടത്തും ടു വീലറിൽ കറങ്ങി..

മഴവിൽക്കൂടാരം
(രചന: Navas Amandoor)

നഗ്ന മേനിയിലെ പുതപ്പ് കുറച്ചു മാറ്റി പ്രിയ കട്ടിലിന്റെ അരികിൽ വെച്ചിരുന്ന മൊബൈൽ എടുത്തു. സെൽഫി എടുക്കാൻ ക്യാമറ ഓപ്പൺ ചെയ്തു.

പെട്ടെന്ന് സഹീർ അത് തടഞ്ഞു. മൊബൈൽ തട്ടി.

“എന്തിനാ ഇപ്പൊ ഇങ്ങനെ… ഒരു തവണ ഞാൻ നല്ലോണം അനുഭവിച്ചതല്ലേ.”

“നിനക്ക് പേടിയുണ്ടോ…. പേടിക്കണ്ട.. ഇത് ആർക്കും സെന്റ് ചെയ്യാനൊന്നും അല്ല …. നാളെ ഞാൻ പോയാൽ പിന്നെ ഇനി കേരളത്തിലേക്ക് വരുമെന്ന് ഉറപ്പില്ല… ഈ ഫോട്ടോ നമ്മുടെ സന്തോഷത്തിന്റെ ഓർമ്മക്കായി ഞാൻ സൂക്ഷിച്ചു വെക്കും.”

എപ്പോഴും അവളുടെ വാക്കുകളിൽ സഹീർ വീണുപോകും. ഒരിക്കൽ സഹീർ പ്രിയയുടെ ഒപ്പം കാറിൽ ഇരിക്കുന്ന ഫോട്ടോ അവന്റെ ഭാര്യയുടെ മൊബൈലിലേക്ക് ആരോ അയച്ചു കൊടുത്തു. ആരാണെന്ന് ഇപ്പോഴും അറിയില്ല. ആ ഫോട്ടോ പലയിടത്തും എത്തി. ചോദ്യങ്ങൾ ഉണ്ടായി. ഫസി കരച്ചിലായി.

നാണക്കേടു കൊണ്ട് അവന്റെ ഉപ്പ കുറേ ചീത്ത പറഞ്ഞു. നാട്ടുകാരും കുടുംബക്കാരും പുച്ഛത്തോടെ നോക്കി. പരിഹസങ്ങൾ കേട്ടു. പരാതിയുടെയും പഴി പറച്ചിലിന്റെയും കണ്ണീരിന്റെയും രോഷത്തിന്റെയും ദിവസങ്ങൾ. അവസാനം വാപ്പയുടെ മുൻപിൽ ഫസിക്ക് സഹീർ വാക്ക് കൊടുത്തു.

“എനിക്ക് പണത്തിന് ആവിശ്യം വന്നപ്പോൾ പ്രിയയാണ് സഹായിച്ചത്. ആ ബന്ധം ഇങ്ങനെയൊക്കെ ആയി. പക്ഷെ ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. ഇത് എല്ലാവർക്കും വേദന ഉണ്ടാക്കിയെങ്കിൽ മരിച്ചു പോയ എന്റെ ഉമ്മയാണേ ഞാൻ ഇനി അവളെ കാണില്ല.”

“മോനെ നീ ഇങ്ങനെയൊന്നും ആവരുത്. നിന്റെ പെങ്ങന്മാരും ഈ കുടുംബവും നിന്നെ കുറിച്ച് ഇങ്ങനെ കേൾക്കുമ്പോൾ വല്ലാതെ പതറി പോകും… അറിയാലോ ഫസിക്ക് നിന്നെ ജീവനാണ്. ഇനി അവളെ സങ്കടപ്പെടുത്തി നിന്നിൽ നിന്നും ഒന്നും ഉണ്ടാവരുത്.”

തത്കാലം പ്രശ്നങ്ങൾ അങ്ങനെ കഴിഞ്ഞു. ഇനിയൊരു പ്രശ്നം ഉണ്ടാവാതിരിക്കാൻ സഹീർ പ്രിയയെ പോയി കണ്ടു.

“പ്രിയ…. പണ്ടത്തെ ഇഷ്ടവുമായി നീ വന്നപ്പോൾ എനിക്ക് നിന്നിൽ നിന്ന് മുഖം തിരിച്ചു നടക്കാൻ കഴിഞ്ഞില്ല. ഇനി ഒന്നും വേണ്ട… നമ്മുക്ക് ഇവിടെ എല്ലാം അവസാനിപ്പിക്കാം.”

“ഒരിക്കൽ മതത്തിന്റെ പേരും പറഞ്ഞു എന്റെ പ്രണയവും എന്റെ ശരീരവും സ്വന്തമാക്കി നീ പോയപ്പോൾ ഞാൻ ഒരുപാട് വേദന അനുഭവിച്ചു .

ഇനിയും നീ എന്നോട് അങ്ങനെ ചെയ്യരുത്. വിസ ശരിയാവുന്നത് വരെ,
എന്റെ കേസ് വിധിയാവും വരെയെങ്കിലും പ്ലീസ്…. നീ എന്നെ തനിച്ചാക്കരുത്… എനിക്ക് നിന്നെ വേണം.. അല്ലങ്കിൽ ഞാൻ ഒറ്റക്കായിപ്പോകും സഹീർ.”

പ്രിയ പറഞ്ഞത് നേരാണ്.ഒരിക്കൽ അവളെ അവഗണിച്ചു പോയതാണ്. ഇനിയും അങ്ങനെ ചെയ്താൽ അത് ദ്രോഹമാണെന്ന് അവന്റെ മനസ് പറയുന്നുണ്ട്.

“നീ എന്താണ് ആലോചിക്കുന്നത്…?”

“ഹേയ്… ഒന്നുല്ല. നീ സെൽഫി എടുത്തോളൂ.”

പ്രിയ വീണ്ടും മൊബൈൽ എടുത്തു. ക്യാമറ ഓപ്പൺ ചെയ്തു. സഹീർ പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ്സ് ചെയ്തു.

ഇന്നത്തെ ദിവസം കൂടിയുള്ളൂ. അത് കഴിഞ്ഞാൽ പ്രിയ വേറെയൊരു ലോകത്താണ്. പിന്നെ പ്രിയ ഒരിക്കലും അവന്റെ ജീവിത്തിൽ ഒരു പ്രശ്നം ആവില്ലെന്ന് അവന് ഉറപ്പുണ്ട്.

“ഡാ…. നാളെ എന്നെ എയർ പോർട്ടിൽ ആക്കി തരണം.”

“സമ്മതിച്ചു… എന്നാ ഞാൻ വീട്ടിൽ പൊക്കോട്ടെ ”

രണ്ടാളും ഊരി എറിഞ്ഞ ഡ്രെസ്സ് എടുത്തു ധരിച്ചു. സാഹിർ അവളുടെ വീടിന്റെ പുറത്തിറങ്ങി.അവൻ പോയതിനു ശേഷം പ്രിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

പിറ്റേന്ന് എയർപോർട്ടിൽ പോകാൻ സമയമായപ്പോൾ സഹീർ കാറുമായി വന്നു. പ്രിയ അവനെ സ്‌നേഹത്തോടെ കെട്ടിപിടിച്ചു ചുംബിച്ചു.

“ഇനി നമ്മൾ കാണുമോയെന്ന് അറിയില്ല. താങ്ക്സ് ഡാ… ഈ കുറച്ചു ദിവസങ്ങൾ ഞാൻ ശെരിക്കും സന്തോഷിച്ചു.”

പ്രിയയെ എയർപോർട്ടിൽ ആക്കി സഹീർ തിരിച്ചു പോന്നു. വെയിറ്റിങ്ങിൽ ഇരുന്ന് പ്രിയ ബാഗിൽ നിന്നും ഫോൺ കയ്യിൽ എടുത്തു. അന്ന് കാറിൽ ഇരിക്കുന്ന ഫോട്ടോ എല്ലാവർക്കും അയച്ച നമ്പർ
വാട്ട്സ്ആപ്പിൽ വീണ്ടും സെറ്റ് ചെയ്തു.

ഇന്നലെ ബെഡ്‌റൂമിൽ രണ്ടാളും കിടക്കുന്ന ചെറിയ വീഡിയോയും ഫോട്ടോയും ആദ്യം ഫസിയുടെ മൊബൈലിലേക്ക് അയച്ചു. പിന്നെ വാപ്പയുടെ…. പിന്നെ അങ്ങനെ അറിയുന്ന പലരുടെയും മൊബൈലിലേക്ക്. അതിന് ശേഷം വാട്ട്സ്ആപ്പ് മൊബൈലിൽ നിന്നും കളഞ്ഞു.ആ സമയം അവളുടെ ചുണ്ടിൽ പ്രതികാരത്തിന്റെ ഭാവമായിരുന്നു.

പ്രിയ പോയതിന്റെ സന്തോഷത്തിലാണ് സഹീർ. ബാങ്കിലെ കുറച്ചു കടങ്ങൾ വീടി കിട്ടിയത് അവളെ കൊണ്ടാണ്.. പിന്നെ മതിയാവോളും വീണ്ടും അവളുടെ ശരീരം ആസ്വദിച്ചു.

“ഹോ…. പഴയ പ്രണയമേ നീ എത്ര സുന്ദരമാണ്.എങ്ങനെ നോക്കിയാലും എനിക്കാണ് ലാഭം…. എനിക്ക് മാത്രം.”

അവൻ ഉറക്കെ പറഞ്ഞു പൊട്ടി ചിരിച്ചു. വണ്ടി സ്പീഡിൽ ഓടിച്ചു.അവന് ആ സമയവും അറിയില്ല പ്രിയയുടെ പ്രതികാരത്തിൽ ഇനിയവന്റെ ജീവിതത്തിൽ കനലുകൾ എരിയുമെന്ന്.

വർഷങ്ങൾക്ക് ശേഷം മഴവിൽ കൂടാരം സ്കൂൾ മീറ്റിലാണ് പ്രിയ സഹീറിനെ കാണുന്നത്. പ്രിയ സ്കൂൾ ഗ്രൂപ്പിലൊന്നും ഉണ്ടായിരുന്നില്ല. അവൾ നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞു ആരോ വിളിച്ചു പറഞ്ഞിട്ടാണ് പരിപാടിയിൽ എത്തിയത്.പഴയ കൂട്ടുകാർ. സ്കൂൾ മുറ്റം. ഓർമ്മകളുടെ ബാല്യം തിരിച്ചത്തിയ നേരം .

പ്രിയയുടെ മുഖം മാത്രം മൂടി കെട്ടിയ പോലെ നിരാശ നിറഞ്ഞു.. ഭർത്താവിനൊപ്പം ദുബായിൽ ആയിരുന്ന അവൾ ഈ സ്കൂൾ മീറ്റിൽ എത്തിയപ്പോൾ സഹീർ അവന്റെ ഭാര്യയും മോനും എത്ര സന്തോഷത്തോടെയാണ് എല്ലാവരുടെയും മുൻപിൽ നിൽക്കുന്നത്.

ആ കാഴ്ച പാതി വഴിയിൽ ഉപേക്ഷിച്ച അവളുടെ പ്രണയത്തെ ഓർമിപ്പിച്ചു. അവന്റെ പേരിൽ തുടങ്ങിയ സംശയവും കലഹവും ഡിവോസിന്റെ വക്കിൽ കുടുംബകോടതിയിൽ നിൽക്കുമ്പോൾ അവൾക്ക് ജീവിതം സങ്കടം മാത്രം. പക്ഷെ സഹീർ അവന് മാത്രം സന്തോഷം…

“വേണ്ട… അവൻ മാത്രം അങ്ങനെ സന്തോഷിക്കണ്ട….. എനിക്ക് ഇല്ലാത്ത സന്തോഷം അവനും വേണ്ട.”

സ്കൂൾ ഗ്രൂപ്പിൽ നിന്നും അവന്റെ നമ്പർ എടുത്തു മൊബൈലിൽ സേവ് ചെയ്തു. ചാറ്റിങ്ങും വിളിയും തുടങ്ങി. ഒരാഴ്ച കൊണ്ട് സഹീറിനെ പ്രിയ അവളുടെ ബെഡ്‌റൂമിൽ എത്തിച്ചു.അവനെയും കൊണ്ട് പലയിടത്തും ടു വീലറിൽ കറങ്ങി.

മനഃപൂർവ്വം ആ യാത്രകൾ അവൾ ആളുകളെ അറിയിച്ചു. അതിന്റെ ഇടയിലാണ് കാറിൽ കെട്ടിപിടിച്ചു ഇരിക്കുന്ന അവരുടെ ഫോട്ടോ ഫസിയുടെയും മറ്റു പാലുരുടെയും മൊബൈലിലേക്ക് അവൾ അയച്ചു കൊടുത്തത്..അതൊരു തുടക്കമായിരുന്നു. വീണ്ടും നാല്ലൊരു അവസരത്തിനായി അവൾ കാത്തിരുന്നു.

ഇന്ന് അവൾ ഇനിയൊരിക്കലും സഹീറിന്റെ ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയാണ് വിമാനം കയറിയത്.

അവളിലെ പെണ്ണിന്റെ മനസ്സിൽ പ്രണയത്തിന്റെ അവസാനം ഒരു വാക്ക് കൊണ്ട് തനിച്ചാക്കി പോയവനോട് എന്നും വെറുപ്പ് ഉണ്ടായിരുന്നു. അവളും ഭർത്താവും തമ്മിലുള്ള പിണക്കങ്ങളിൽ കലഹങ്ങളിൽ ഇടക്കിടെ സഹീറിന്റെ പേര് കടന്ന് വരും.

എല്ലാത്തിനും ശിക്ഷ അനുഭവിച്ചതും വേദനിച്ചതും അവളാണ്. ആ വേദനയുടെ പ്രതികാരത്തിൽ സഹീറിന്റെ ഭാര്യയുടെ കണ്ണീരിനു അവളുടെ മുൻപിൽ വിലയില്ല. അവനും എല്ലാം നഷ്ടമാകണം….അവന്റെ നഷ്ടങ്ങൾ അവൾ ആസ്വദിക്കും.

‘ഉപ്പ് തിന്നവർ വെള്ളം കുടിച്ചുകൊണ്ടിരിക്കും.’