എന്ന് അവളുടെ കഴുത്തിൽ താലി കെട്ടിയോ പിറ്റേ മാസം അവന്റ്റ് ജോലി പോയി….. പാവം അന്ന് മുതൽ വെയിലും മഴയും കൊണ്ട്..

(രചന: മിഴിമോഹന)

“”ഏട്ടാ എനിക്ക് ഒരു നൂറ് രൂപ തരുവോ..? “”

രമേശന്റെ പ്ലേറ്റിലേക്ക് ദോശ എടുത്തു വയ്ക്കുന്നതിന് ഒപ്പം അവളുടെ ചോദ്യം ഹാളിൽ ടീവിയിലേക്ക് കണ്ണ് നട്ട് ഇരിക്കുന്ന അവന്റെ അമ്മയുടെ കാതിലേക്ക് എത്തിയതും അവൾ എന്തോ അപരാധം ചോദിച്ചത് പോലെ തല ഉയർത്തി നോക്കി അവർ…

“”നിനക്ക് എന്തിനാ ഇപ്പോൾ നൂറ് രൂപ..? നിനക്ക് വേണ്ടതൊക്കെ ഇവിടെ കിട്ടുന്നില്ലേ..?””

അവനിൽ നിന്നും തിരികെ ആ ചോദ്യം വന്നതും രമേശ്ന്റ്റ് അമ്മയുടെയും മുഖം ഒന്ന് കൂടി തെളിഞ്ഞു…..

“”കാവിൽ ഉത്സവം അല്ലെ വരുന്നത് എനിക്ക്…. എനിക്ക് ഒരു കൂട്ടം വാങ്ങാൻ ആയിരുന്നു……””

മുഖം താഴ്ത്തി അവൾ പറയുമ്പോൾ അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..

“””നിനക്ക് എന്ത് വാങ്ങാൻ… അടുക്കളയിലേക്ക് വേണ്ടത് സമയാ സമയം ഞാൻ എത്തിച്ചു തരുന്നുണ്ടല്ലോ….കാശ് വെച്ചുള്ള കളി ഒന്ന് തത്കാലം വേണ്ടാ…”””

ചോദിച്ചതിന്റെ ദേഷ്യം ആകും കഴിച്ചു കൊണ്ടിരുന്ന ആഹാരം പാതി നിർത്തി എഴുനേറ്റു രമേശൻ…

“”അത് അല്ല ഏട്ടാ കാവിൽ പൂരം അല്ലെ വരുന്നത്… സുമേടെ കൂടെ ഞാനും കാത്തു മോളും പോകുന്നുണ്ട്… അവൾക്ക് എന്തെങ്കിലും വാങ്ങി കൊടുക്കാൻ.. “”

രാധിക ഉമിനീര് ഇറക്കി കൊണ്ട് പറയുമ്പോൾ ടീവി കണ്ട് കൊണ്ടിരുന്ന രമേശന്റ് അമ്മ അവർക്ക് അടുത്തേക്ക് എഴുനേറ്റ് വന്നു..

“”കാത്തു മോളെ നീ നിന്റെ വീട്ടിൽ നിന്നും കൊണ്ട് വന്നത് അല്ലല്ലോ എന്റെ മോന്റെ അല്ലെ… അവൾക്ക് വേണ്ടത് വാങ്ങി കൊടുക്കാൻ ഞങ്ങൾക്ക് അറിയാം.. ചെറുക്കന്റെ കൈയിൽ പത്ത് പൈസ കണ്ടാൽ അപ്പോൾ അവൾക് ധാരാളിത്തം ആണ്..””

രമേശന്റ്റ അമ്മ പറഞ്ഞ് തുടങ്ങിയാൽ നിർത്തില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ നിറഞ്ഞ കണ്ണുകളെ അവഗണിച്ചു കൊണ്ട് അവൻ കഴിച്ച എച്ചിൽ പാത്രങ്ങൾ കൈയിൽ എടുത്തു രാധിക…..

“”കണ്ടോ പാവം എന്റെ കൊച്ചൻ ഒന്നും കഴിച്ചു പോലും ഇല്ല…. അല്ലങ്കിലും ഈ മൂധേവി കാലെടുത്തു വെച്ചതിൽ പിന്നെ ഈ വീട് ഗതി പിടിച്ചിട്ടുണ്ടോ…..””

“””പേർഷ്യയിൽ രാജാവിനെ പോലെ കഴിഞവനാ…..എന്ന് അവളുടെ കഴുത്തിൽ താലി കെട്ടിയോ പിറ്റേ മാസം അവന്റ്റ് ജോലി പോയി….. പാവം അന്ന് മുതൽ വെയിലും മഴയും കൊണ്ട് ഓട്ടോ ഓടിച്ചു ആണ് കുടുംബം നോക്കുന്നത്…അതിൽ നിന്നും എരന്നു ചോദിക്കാൻ നാണം ഇല്ലേ ഇവൾക്ക്.. “”

“””അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുവോ തുടങ്ങികഴിഞ്ഞാൽ നിർത്തില്ല… മനുഷ്യന് സമാധാനവും തരില്ല… “””

ചോറ് ഉണ്ട ശേഷം തിരികെ ഓട്ടം ഓടാൻ പോകാൻ ഇറങ്ങിയ രമേശൻ തിരിഞ്ഞു നിന്നു പറയുമ്പോൾ അവരുടെ ശുണ്ഠി ഒന്ന് കൂടി ഇരട്ടിച്ചു..

“””അയ്യടാ കാൽ കാശിനു ഗതി ഇല്ലാത്ത അവന്റ അച്ചിയെ പറഞ്ഞപ്പോൾ അവന് കൊണ്ടു………ഞാൻ ഒന്നും പറയുന്നില്ല…””

അവർ മുഖം തിരിക്കുമ്പോൾ രമേശ്ൻ പോക്കറ്റിൽ നിന്നും മുഷിഞ്ഞ ഒരു അൻപതു രൂപയുടെ നോട്ട് എടുത്ത് രാധികയുടെ നേരെ നീട്ടി..

“””ഇന്നാടി… ചിലവ് ആക്കാൻ അല്ല കൈയിൽ വയ്ക്കാൻ ആണ്…”””

കൊടുക്കുന്നതിന് ഒപ്പം അയാളുടെ ആ വാക്കുകൾ കൂടി കേൾക്കുമ്പോൾ രാധികയ്ക്ക് തന്നോട് തന്നെ ദേഷ്യം തോന്നി… എങ്കിലും ഗതി കേട് കൊണ്ട് രക്ഷപെടാൻ പോലും കഴിയാത്ത പെണ്ണിന് നുരഞ്ഞു പൊങ്ങുന്ന ദേഷ്യവും വിഷമവും അടക്കി ജീവിക്കാൻ അല്ലെ കഴിയൂ……

വൈകുന്നേരം ക്ഷേത്രത്തിൽ പോകാൻ കാത്തു മോളേ ഒരുക്കി നിർത്തിയപ്പോഴേക്കും സുമ വന്നു കഴിഞ്ഞിരുന്നു…. കാവിലെ പൂരത്തിന് വേണ്ടി വാങ്ങിയ പുതിയ പച്ച കര നേര്യതും ബ്ലൗസും…. അതിന് ചേർന്ന ആഭരണങ്ങളും ഇട്ട് അവൾ വരുമ്പോൾ രാധികയുടെ അത്രയും നിറവും ഭംഗിയും ഇല്ലങ്കിൽ കൂടി അവൾ ഒരു ദേവത ആണെന്ന് തോന്നി പോയി രാധികയ്ക്ക്…

ഒരു നിമിഷം അവളുടെ വേഷം കണ്ട് ഉള്ളിൽ നുരഞ്ഞു പൊങ്ങിയ വിഷമവും ചെറിയ കുശുമ്പും അടക്കി പിടിച്ചു നിക്കുമ്പോൾ അകത്തേക്ക് സുമ വന്നു കഴിഞിരുന്നു..

ഇതെന്താ രാധികേ നീ ഇത് വരെ വേഷം മാറിയില്ലേ… പൂരം തുടങ്ങാൻ സമയം ആയി..”

സുമയുടെ വാക്കുകൾ ആണ് ഒരു ഞെട്ടലോടെ സുമയിൽ നിന്നും കണ്ണുകൾ എടുപ്പിച്ചത്..

ഹ്ഹ.. “” അത് പിന്നെ..
ഞാൻ..ഞാൻ ഇപ്പോ ഒരുങ്ങി വരാം… നീ കയറി ഇരിക്ക്…”

അകത്തേക്ക് പോകുമ്പോൾ ആകെ ഒരു അങ്കലാപ്പ് ആയിരുന്നു ഉള്ളിൽ..
വേറെ ഒന്നും കൊണ്ട് അല്ല പുതിയത് എന്ന് പറയാൻ ഒന്നും തന്നെ ഇല്ല അലമാരിയിൽ…..

കഴിഞ്ഞ മൂന്ന് വര്ഷം ആയി പൂരത്തിന് ഉടുക്കുന്നത് ഒരേ മുണ്ടും നേര്യത് തന്നെയാണ്…. ഒരുപാട് തവണ രമേശേട്ടനോട് ചോദിച്ചിട്ടുണ്ട് പുതിയയത് ഒരെണ്ണം വാങ്ങി തരാൻ…

മ്മ്ഹ്ഹ.. “””പക്ഷെ മറുപടി ആണ് അതി ഗംഭീരം……

നിനക്ക് പുതിയത് വാങ്ങി തന്നിട്ട് എന്തിനാ എവിടെ എങ്കിലും പോകാൻ ഉണ്ടോ… ഈ അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന് ഇത് തന്നെ ധാരാളം..””

പക്ഷെ ആള് ആവശ്യത്തിന് വാങ്ങി കൂടുന്നണ്ടെന്നുള്ളത് അതിലും വലിയ തമാശ ആണ്..”

ആലോചിച്ചു കൊണ്ട് അലമാരിയിൽ നിന്നും പഴയത് ആണെങ്കിലും അലക്കി തേച്ചു വെച്ചത് പുതുമയോടെ കൈയിൽ എടുത്ത് മുഖത്തെക്ക് അടുപ്പിക്കുമ്പോൾ പുറത്തു അമ്മയുടെ ശബ്ദം കേട്ടു തുടങ്ങി… സുമയെ കണ്ടതിന്റെ ആണ് അത്…

“”പുതിയ സാരി ആണോ കൊച്ചേ ഇത്.. “”

സുമയോടുള്ള അവരുടെ ചോദ്യത്തിൽ സുമ തല കുലുക്കി…

“”അതെ അമ്മേ പൂരത്തിനു ഉടുക്കാൻ ഏട്ടൻ വാങ്ങി തന്നതാ.. “” കൊള്ളാമൊ.. “”

ചോദിക്കുന്നതിന് ഒപ്പം സുമ ഒന്ന് ഞെളിഞ്ഞിരുന്നു..

“”അസൽ ആയിട്ടുണ്ട്… എന്റെ കൈയ്യിലും ഉണ്ട് നാലഞ്ച് എണ്ണം ഞാൻ ഉടുത്തിട്ട് കൂടി ഇല്ല… പുതിയത് പോലെ വച്ചേക്കുവാ…””

“”എല്ലാം എന്റെ മോള് വാങ്ങി തരുന്നതാ… ഓണത്തിനും വിഷുവിനും എന്ന് വേണ്ട ഒന്ന് വെറുതെ ഇത്ര ഇടം വരെ വന്നാൽ കൈയ്യിൽ കാണും അമ്മയ്ക്ക് ഉള്ള നേര്യത്….”””

അവർ അഭിമാനത്തോടെ പറയുമ്പോൾ ശ്രദ്ധയോടെ കേട്ടിരുന്നു സുമ അടുത്ത ചോദ്യം ചോദിച്ചു കഴിഞ്ഞിരുന്നു.

“”ലേഖ ഇടയ്ക്ക് ഇടയ്ക്ക് വരാറുണ്ടോ… സുഖം ആയി ഇരിക്കുന്നോ അവൾ…?””

“”ഇപ്പോൾ വരവ് തീരെ കുറവാ… എങ്ങനെ വരാൻ പറ്റും അവന്റ ബിസിനസ് ഒക്കെ അവള് കൂടെ അല്ലെ നോക്കി നടത്തുന്നത്…… അവള് കേറി ചെന്നതിൽ പിന്നെ വച്ചടി വച്ചടി കയറ്റം ആണ് അവനും വീട്ടുകാർക്കും അത് കൊണ്ട് കൈ വെള്ളയിൽ ആണ് അവർ അവളെ കൊണ്ട് നടക്കുന്നത്….”””

“””അവളെ എന്റെ മോളാ…. ചെന്നു കയറിയ ഇടത് ഐശ്വര്യവും കൊണ്ട പോയത്…. അല്ലാതെ ഇവിടുത്തെ പോലെ.. “” ആയമ്മ പല്ല് കടിച്ചു കൊണ്ട് മുഖം തിരിക്കുമ്പോൾ രാധിക നേര്യത് ചുറ്റി ഇറങ്ങി വന്നു കാഴ്ഴിഞ്ഞിരുന്നു…

“”പോകാം… “”

പലതും സ്ഥിരം കേൾക്കുന്നത് തന്നെ ആയത് കൊണ്ട് തന്നെ മുഖത്ത് ഭാവഭേദങ്ങൾ ഒന്നും കൂടാതെ സുമയെയും കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ആയമ്മ പ്രാകി കൊണ്ട് അകത്തേക്ക് പോയിരുന്നു…

“”””എന്റെ രാധികെ കഴിഞ നാലഞ്ച് വർഷങ്ങൾ ആയി നീ ഒരു നേര്യത് തന്നെ അല്ലെ ഉടുക്കുന്നത് ഇക്കൊല്ലം എങ്കിലും മാറ്റി പിടിക്കാമായിരുന്നു… ആ തള്ളയുടെ കൈയിൽ നിന്നും ഒന്ന് വാങ്ങമായിരുന്നില്ലേ … “”

മുൻപോട്ട് ഉള്ള യാത്രയിൽ സുമ അവളെ അടിമുടി നോക്കി..

“””ഉവ്വ്‌ ചോദിച്ചാൽ ഉടനെ ആ തള്ള തന്നത് തന്നെ അതൊക്കെ അവര് ചാകുമ്പോൾ പട്ടടയിൽ ഇട്ട് മൂടാൻ വച്ചിരിക്കുവാ.. “”

“””എങ്കിൽ നിനക്ക് രമേശനോട് പറഞ്ഞ് ഒരെണ്ണം വാങ്ങി കൂടെ…. “” സുമ വീണ്ടും അവളെ നോക്കി..

“””പൂരത്തിന് കൊച്ചിനും രമേഷേട്ടനും എടുത്തപോൾ തന്നെ കാശ് തീർന്നു… എനിക്ക് പിന്നെ ഇതിന്റെ ആവശ്യം ഇല്ലല്ലോ സുമേ..വർഷത്തിൽ ഒരു പൂരം കാണാൻ പുറത്തു പോയാൽ ആയി… അതിന് എന്തിനാ വെറുതെ പുത്തൻ വാങ്ങി കാശ് കളയുന്നത്..””””

തിരിച്ചു മറുപടി പറയുമ്പോൾ രാധികയുടെ നിസ്സഹായത സുമ മനസിലാക്കിയിരുന്നു…

തുടർന്നു അങ്ങോട്ട് തന്റെ കൈയിൽ രമേശൻ ഏല്പിച്ച മുഷിഞ്ഞ നോട്ട് ചിലവാക്കാതെ ചുരുട്ടി പിടിക്കുമ്പോൾ സുമയുടെ മുൻപിൽ കള്ളങ്ങൾ നിരത്തി അവൾ….

നല്ല കമ്മലുകൾ കാണുമ്പോൾ ഇഷ്ടം അല്ലെന്നും.. വലിയ പൊട്ട് തനിക്ക് ചേരില്ല… ചെറിയ പൊട്ട് അലര്ജി ആണ്… അങ്ങനെ കള്ളങ്ങൾക്ക് മീതെ കള്ളങ്ങൾ നിരത്തുമ്പോൾ കുഞ്ഞിന് വേണ്ടതൊക്കെയും രാധികയുടെ അനുവാദം ഇല്ലാതെ സുമ വാങ്ങി കൊടുത്തിരുന്നു….

“”രാധികെ നീ പണ്ട് തയ്യൽ ഒക്കെ പഠിച്ചത് അല്ലെ..”

തിരിച്ചു വരുന്ന വഴി സുമയുടെ ചോദ്യത്തിൽ അവൾ തല കുലുക്കി…

“””ഉവ്വ്‌… നന്നായി തയ്ച്ചിരുന്നതാ.. ആ മെഷീൻ വീട്ടിൽ നിന്നും കൊണ്ട് വന്ന് വച്ചിട്ട് കാലങ്ങൾ കുറെ ആയി.. കേട് ഒന്നും വന്നിട്ടില്ലാ അത് കൊണ്ട് കീറലൊക്കെ തയ്കാം…”

രാധികയുടെ മറുപടി കേൾക്കുമ്പോൾ സുമയുടെ ചുണ്ട് ഒരു പുച്ഛം നിറഞ്ഞു..

മ്മ്ഹ്ഹ്… “” നല്ലൊരു വരുമാന മാർഗം നിന്റ മുൻപിൽ ഭഗവാൻ കൊണ്ട് വന്ന് തന്നിട്ടും നീ അത് ഉപയോഗിക്കാതെ ഇന്നും രമേശ്ന്റ്റ് മുൻപിൽ പിച്ച കാശിനു തെണ്ടുന്നു…..””

“””എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല സുമേ… അമ്മാ സമ്മതിക്കില്ല… വീട്ടിലെ ജോലി ഒഴിഞ്ഞിട്ട്. ”

“”””വീട്ടിലെ ജോലി ഒഴിഞ്ഞിട്ട്… അമ്മ സമ്മതിക്കില്ല… ഇതൊക്കെ വെറും മുടന്തൻ ന്യായങ്ങൾ ആണ്….””

“””ആദ്യം നീ അവരോടുള്ള പേടി മാറ്റി സ്വയം ജീവിക്കാൻ ഇറങ്ങി തിരിക്ക് അന്ന് പുച്ഛിച്ചു തള്ളിയവർ തന്നെ കൂടെ കാണും…”””

💠💠💠💠

സുമയുടെ ആ വാക്കിൽ അവൾക്ക് വേണ്ടി തന്നെ തയ്ച്ചു കൊടുത്ത ആദ്യ ബ്ലൗസിൽ നിന്നും കിട്ടിയ ഇരുന്നൂറ്റി അൻപത് രൂപയിൽ തുടങ്ങി രാധികയുടെ ജീവിതം അവിടെ……….

പലരും പറഞ്ഞു പല ഇടത്ത് നിന്നും തയ്ക്കാൻ ഓർഡറുകൾ കിട്ടി തുടങ്ങി… ചെറിയ ചെറിയ ഷോപ്പിലേക്ക് നൈറ്റിയും ടോപ്പ്കളും തയ്ച്ചു കൊടുക്കുമ്പോൾ കിട്ടുന്ന ചെറുത് അല്ലാത്ത വരുമാനം കണ്ട് തുടങ്ങിയ നിമിഷം മുതൽ രമേശ്നിൽ മാറ്റം വന്ന് തുടങ്ങി….

അപ്പോഴും വീട്ടിലെ പണി എല്ലാം ഒതുക്കി അവൾ കണ്ടെത്തുന്ന വരുമാനത്തെ പുച്ഛത്തോടെ ആയിരുന്നു ആയമ്മ കണ്ടത്… മറു വശത്തു മകളുടെ വലിയ വരുമാനത്തിൽ മാത്രം ആയിരുന്നു അവരുടെ കണ്ണുകൾ…..

പക്ഷെ അധികം കാലം ആ അഹങ്കാരം നീണ്ടു നിന്നില്ല മുറ്റത്തെ പായലിൽ കാൽ തെറ്റി വീഴുമ്പോൾ കൈ താങ്ങാൻ രാധിക മാത്രം ആയിരുന്നു ഉണ്ടായിരുന്നത്…… അവർ നോക്കിയിരുന്ന മകൾ വന്നില്ല…

“”””ഓപ്പറേഷൻ നടത്തിയാലേ അമ്മയ്ക്ക് എഴുനേറ്റ് നടക്കാൻ കഴിയൂ എന്നാ ഡോക്ടർ പറയുന്നത്..”

മെഡിക്കൽ കോളേജിലെ വാർഡിൽ രമേശനും രാധികയും ചർച്ച ചെയ്യുമ്പോൾ ആയമ്മ കണ്ണുകൾ നിറച്ചു കൊണ്ട് അവരെ നോക്കി…

“””മെഡിക്കൽ കോളേജ് ആണെങ്കിലും പത്തു ഇരുപതിനായിരം രൂപ വേണം എന്നാ പറയുന്നത് എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല….. “”

രമേശ്ന്റ്റ് കണ്ണുകൾ അമ്മയിലേക്ക് നീണ്ടു…

“””ഞാൻ… ഞാൻ ചേച്ചിയോട് വിളിച്ചു ചോദിച്ചു കുറച്ചു കാശ് തരാൻ..”

“””എന്നിട്ട് അവൾ എന്ത് പറഞ്ഞ് മോനെ.. “”

അവരുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു…

“””ഇല്ലന്നു പറഞ്ഞു… അളിയന് എന്തോ ആവശ്യം ഉണ്ട് ഇപ്പോൾ പണം എടുക്കാൻ പറ്റില്ലാന്ന്… “” എന്ത്‌ ചെയ്യണം എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല..”

രമേശ്ന്റ്റ് കണ്ണുകളിൽ നേരിയ ഭയം നിറഞ്ഞു…

“””രമേശേട്ടൻ എന്തിനാ ചേച്ചിയോട് ചോദിക്കാൻ പോയത്…. ഒരു ഇരുപത്തി അയ്യായിരം രൂപ വരെ എടുക്കാൻ എന്റെ കൈയിൽ ഉണ്ട്…””

അവളുടെ ആ വാക്കുകളെ ഒരു ഞെട്ടലോടെ ആണ് രമേശ്ൻ കേട്ടത്…

“””അ.. അത് പിന്നെ നീ ഒരു മാല വാങ്ങാൻ ആഗ്രഹിച്ചു വച്ചത് അല്ലെ..”

“”മ്മ്ഹ്ഹ്.. മാലയൊക്കെ പിന്നെ ആണെങ്കിലും വാങ്ങാമല്ലോ… ആദ്യം അമ്മയുടെ ഓപ്പറേഷൻ നടക്കട്ടെ..
ഇനി കൂടുതൽ കാശ് വേണ്ടി വന്നാലും പേടിക്കാൻ ഇല്ല ഓണം അല്ലേ വരുന്നത് ഓർഡർകുകൾ വന്ന് കിടപ്പുണ്ട്…. ചോദിച്ചാൽ അഡ്വാൻസ് കിട്ടും…”

രാധിക മനസ് അറിഞ്ഞു പറയുന്ന നിമിഷം ആ അമ്മയുടെയും മകന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി…

💠💠💠💠

കാല് അനക്കാൻ വയ്യെങ്കിലും തിരുവോണത്തിന്റെ അന്ന് രാവിലെ ഉമ്മറ പടിയിൽ രാധിക വാങ്ങി നൽകിയ പുത്തൻ നേര്യത് ഉടുത്ത് ആയമ്മ ഇരിക്കുമ്പോൾ പതിവ് പോലെ വില കൂടിയ തുണിയുമായി ലേഖ കാറിൽ വനിറങ്ങി….

“””തിരക്ക് ആയിരുന്നത് കൊണ്ട് ആണ് അമ്മയെ കാണാൻ വരാഞ്ഞത്… ഞാൻ വന്നില്ലങ്കിൽ എന്താ… ദാ പതിവ് പോലെ നല്ല വിലകൂടിയ നേര്യത് കൊണ്ട് വന്നിട്ടുണ്ട്….””

അവർക്ക് മുൻപിലേക്ക് അത് നിവർത്തി വയ്ക്കുമ്പോൾ അകത്തു നിന്നും രമേശനും രാധികയും കുഞ്ഞും ഇറങ്ങി വന്നു……. പുതിയ നേര്യതിൽ സുന്ദരി ആയി രാധികയെ കാണുമ്പോൾ മുഖം തിരിച്ചവൾ…

“””അമ്മ ഈ വില കുറഞ്ഞത് മാറ്റി ഇത് ഉടുക്ക്.. നല്ല ഐശ്വര്യം ഉണ്ടാകും മുഖത്ത്…ഞാൻ ഉടുപ്പിച്ചു തരാം..”

അവരുടെ നേര്യത്തിന്റെ തുമ്പിൽ പിടിക്കുമ്പോൾ ഒരു ചെറു ചിരിയോടെ ആ കൈ എടുത്തു മാറ്റി അവർ…

“”””ഈ വില കുറഞ്ഞ തുണി ആണെടി ഇന്ന് എന്റെ മുഖത്തിന്റെ ഐശ്വര്യം… “” എന്റെ മോള് വാങ്ങി തന്നത്… ഇതിന്റെ വില എനിക്ക് അറിയണ്ട.. ഇതിൽ അവളുടെ സ്നേഹം ഉണ്ട്…. അത് മതി എനിക്ക്… “”

“”””പിന്നെ നിരസിക്കുന്നില്ല നീ കൊണ്ട് വന്നത്…. അകത്തെ അലമാരയിൽ ഇത്രയും നാൾ നീ കൊണ്ട് വന്നത് കൂട്ടി വെച്ചിട്ടുണ്ട് അതിന് ഒപ്പം ഇതിനും ഒരു സ്ഥാനം കിട്ടും……പക്ഷെ ഇനിയുള്ള കാലം എന്റെ മോള് വാങ്ങി തരുന്നതിന് ആയിരിക്കും ഈ നെഞ്ചിൽ സ്ഥാനം….””

ആയമ്മ പറയുമ്പോൾ ആദ്യമായി അവരുടെ വാക്കുകൾ കേട്ട് രാധികയുടെ കണ്ണിൽ നിന്നും ഒഴുകി വന്ന കണ്ണുനീരിൽ സന്തോഷത്തിന്റെ ഉപ്പ് കലർന്നിരുന്നു..

ഒന്ന് വീഴേണ്ടി വന്നു മകളെയും മരുമകളെയും തിരിച്ചറിയാൻ… അതിപ്പോൾ എല്ലായിടത്തും അങ്ങനെയൊക്കെ തന്നെയാണ്‌… കാലം പുരോഗമിച്ചാലും അത് മാറില്ല.. “”

ആയമ്മ ചിരിച്ചു കൊണ്ട് പറയുമ്പോൾ രമേശ്നും രാധികയും അവരുടെ ചിരിയിൽ പങ്ക് ചേർന്നു….