എനിക്ക് നല്കിയ സ്വർണ്ണത്തിൽ നിന്നും ഒരു കാൽപ്പവൻ പൊന്നു പോലും ഞാൻ..

ഇടക്കിടെ വിരുന്നു വരുന്ന അമ്മ
(രചന: Krishnan Abaha)

ഒരു മാസത്തിനുള്ളിൽ ഇതു നാലാമത്തെ തവണയാണ് ഭാര്യയുടെ അമ്മ വീട്ടിൽ എത്തുന്നത്.

മകളെ പിരിഞ്ഞു നിൽക്കാനുള്ള വിഷമം കൊണ്ടായിരിക്കാം ചിലപ്പോൾ മകളെ കാണാൻ ഇങ്ങനെ ഇടക്കിടെ വരുന്നത് എന്നു അയാൾ കരുതി.

വിവാഹം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളു അതിനിടയിൽ എത്ര വട്ടം മകളെ കാണാൻ വന്നുവെന്നു പറയാൻ കഴിയില്ല.

സ്വന്തം മകളെ കാണാൻ വരുന്നത് തെറ്റല്ല. എങ്കിലും ഇങ്ങനെ..? അയാൾ ആലോചിച്ചു.

പോകുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും. ചേല തലപ്പു കൊണ്ടു കണ്ണീർ തുടച്ചതിന്റ പാടുകൾ ആ മുഖത്തു കാണാൻ കഴിയും.

മകളെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരമ്മ വേറെ ഉണ്ടോ എന്നു സംശയിച്ചു പോകും.

അമ്മക്കു അയാളുടെ ഭാര്യയെ കൂടാതെ മറ്റു മൂന്നു പെണ്മക്കൾ കൂടി ഉണ്ട്. അവരുടെയൊക്കെ കല്യാണം കഴിഞ്ഞു സ്വന്തം പാടു നോക്കി ജീവിക്കുന്നു.

ചെറുപ്പത്തിലേ ഭർത്താവ് ഒരു അപകടത്തിൽ പെട്ടു മരിച്ചതു കൊണ്ടു അമ്മ തന്നെയാണ് എല്ലാവരെയും പോറ്റി വളർത്തി കല്യാണം കഴിച്ചയച്ചത്. അതിന്റെ ക്ഷീണം ആ മുഖത്തു പ്രകടമാണ്.

സ്ത്രീധനമോ ആഭരണങ്ങളോ ഒന്നും ആവിശ്യപ്പെടാതെ പെണ്ണിനെ മാത്രം മതി എന്നു പറഞ്ഞാണ് അയാൾ അവളെ വിവാഹം ചെയ്തത്.

എങ്കിലും ഒരുപാട് സ്വർണ്ണ വളകളും മാലകളും അവൾക്ക് ഉണ്ടായിരുന്നു.

അതിന്റെ കണക്കു അയാൾ നോക്കിയിട്ടില്ല. അതിന്റെ ആവിശ്യം അയാൾക്കോ വീട്ടുകാർക്കോ ഉണ്ടായിരുന്നില്ല. ഏതായാലും എന്തിനാണ് ഇങ്ങനെ ഇടക്കിടെ വരുന്നുവെന്നത് ആലോചിക്കേണ്ട വിഷയം തന്നെ.

അമ്മ വീട്ടിൽ വന്നാൽ ആദ്യമൊക്കെ ചായയും പലഹാരങ്ങളും കഴിക്കുമായിരുന്നു.

ഇപ്പോൾ ഒരു ഗ്ലാസ്‌ വെള്ളം മാത്രം കുടിച്ചു ബെഡ്‌റൂമിൽ കയറി വാതിലടച്ചു മക്കളോട് സംസാരിക്കും.

അവർ എന്താണ് സംസാരിക്കുന്നത് എന്നു അയാൾ അന്വേഷിക്കാറില്ല. അമ്മക്കും മകൾക്കും എന്തൊക്ക സംസാരിക്കാനുണ്ടാകും. അതിൽ ഇടപെടുന്നത് ശരിയല്ല എന്നു അയാൾ കരുതി.

ബെഡ്‌റൂമിൽ വെച്ച ഫോൺ ശബ്ധിച്ചത് അയാൾ ശ്രദ്ധിച്ചു. അതെടുക്കുവാൻ അവിടേക്കു ചെല്ലുമ്പോൾ മുറിയിൽ നിന്നും അമ്മയുടെ തേങ്ങൽ അയാൾ കേട്ടു.

ഒരു നിമിഷം അയാൾ അവിടെ പകച്ചു നിന്നു. പിന്നീട് അവരുടെ സംസാരം അയാൾ ശ്രദ്ധിച്ചു.

മോളെ ബാങ്കുകാർ ഇന്നലെയും വന്നിരുന്നു. വീടും പറമ്പും ജപ്തി ചെയ്യുമെന്ന് അവർ പറഞ്ഞിട്ടാണ് പോയത്.

നാളെ ജപ്തി നോട്ടീസ് വീട്ടിൽ പതിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്റെ കയ്യിലാണെങ്കിൽ ഒരു കുപ്പി വിഷം വാങ്ങാനുള്ള കാശു പോലും ഇല്ല.

നിന്റെ കല്യാണത്തിന് വേണ്ടി പണയം വെച്ചതിനുമേലെ പണം കൂട്ടിയെടുത്തതാണ് ആകെ പ്രശ്നം ആയതു. നീ വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റും.

അമ്മയുടെ ശബ്ദത്തിൽ യാചന ഉണ്ടായിരുന്നു.

അതൊന്നും എന്നോട് പറയണ്ട. നിങ്ങൾക്ക് എന്നെ കൂടാതെ മൂന്നു മക്കൾ വേറെയും ഇല്ലേ.. അവരോട് പോയി ചോദിക്ക്.

എനിക്ക് നല്കിയ സ്വർണ്ണത്തിൽ നിന്നും ഒരു കാൽപ്പവൻ പൊന്നു പോലും ഞാൻ തരില്ല.

ഇതു സത്യമാണ് പറയുന്നത്. വീടും പറമ്പും പണയം വെച്ചത് എന്നോട് ചോദിച്ചിട്ടാണോ..? അല്ലല്ലോ…

ഇനി എന്നോട് ഒന്നും പറയണ്ട… വേഗം ഇവിടെ നിന്നും വിട്ടോ… ഈ കാരണം പറഞ്ഞു ഇനി ഈ വീട്ടിൽ കാലു കുത്തരുത്.

അവൾ പെട്ടെന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ ഭർത്താവിനെയാണ് കണ്ടത്.

പറഞ്ഞത് മുഴുവൻ കേട്ടോ എന്നു ശങ്കിച്ചു നിന്നപ്പോൾ അമ്മ പുറത്തേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ അയാൾ പറഞ്ഞു.

അവൾക്ക് നല്കിയ ആഭരണങ്ങളിൽ നിന്നും ഒരു തരി പൊന്നു പോലും തരില്ല.

മകളെ സ്വർണ്ണം കൊണ്ടു അലങ്കരിച്ചു കല്യാണപ്പന്തലിൽ ഇറക്കുമ്പോൾ പലതും ആലോചിക്കേണ്ടിയിരിക്കുന്നു. ഇതു മൊത്തം കടമാണെന്ന്.

പിന്നെ അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

അമ്മ പേടിക്കണ്ട ബാങ്കുകാർ അമ്മയുടെ വീട് എടുത്തു കൊണ്ടു പോകാതെ ഞാൻ നോക്കിക്കോളാം. പക്ഷെ ഒരു ഉറപ്പിന്മേൽ..

നാളെ അമ്മയുടെ കാലശേഷം ആ വീടും പുരയിടവും എന്റെ പേരിൽ എഴുതി തരണം എന്ന ഉറപ്പിൽ. ഈ മകളുടെ പേരിൽ എഴുതരുത്…

അമ്മ ആശ്വാസത്തോടെ പടിയിറങ്ങി നടന്നു. മകളെ തിരിഞ്ഞു നോക്കാതെ.

Leave a Reply

Your email address will not be published. Required fields are marked *