തീരുമാനം ഒന്നേ ഉളളൂ ഇവളിനി പണിക്കു പോവാൻ പറ്റത്തില്ല അത്രന്നെ, വിഘ്‌നേഷും ഭാര്യയും തമ്മിലുള്ള..

കനൽ
(രചന: Kannan Saju)

” തീരുമാനം ഒന്നേ ഉളളൂ… ഇവളിനി പണിക്കു പോവാൻ പറ്റത്തില്ല.. അത്രന്നെ”

വിഘ്‌നേഷും ഭാര്യയും തമ്മിലുള്ള വഴക്കു തീർക്കാൻ എത്തിയ വിഘനേഷിന്റെ അച്ഛനോടും അമ്മയോടും ആയി വിഘ്നേഷ് തറപ്പിച്ചു പറഞ്ഞു.

” ജോലിക്കു പോവാതിരിക്കാൻ എനിക്ക് പറ്റില്ലച്ചാ… ഞാൻ കഷ്ട്ടപ്പെട്ടു പഠിച്ചതും എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചതും എല്ലാം വെറുതെയാവും “

ശിഖയും തന്റെ നിലപാട് അറിയിച്ചു.

” മോളേ, ഇപ്പൊ അവൻ ജോലിക്കു പോവുന്നുണ്ടല്ലോ? നല്ല വരുമാനവും ഉണ്ട്.. ഇനി നിങ്ങളു രണ്ട് പേരും വീട്ടിൽ ഇരുന്നാലും സുഖമായി ജീവിക്കാനുള്ളത് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. മാത്രല്ല നീ ഇവളെ നോക്കു…

കല്ല്യാണം കഴിഞ്ഞും ഇവൾ ജോലിയിൽ തുടർന്നിരുന്നെങ്കിൽ ഇപ്പോ എച് ഓ ഡിയോ പ്രിൻസിപ്പ്പാളോ ഓക്കെ ആയി നിക്കണ്ട സമയമാണ്..

പക്ഷെ കുടുംബത്തിന്റെ നല്ലതിന് വേണ്ടി അവൾ അതെല്ലാം വിട്ടു വീട്ടു കാര്യങ്ങൾ നോക്കി.. അതുകൊണ്ട് എനിക്ക് സ്വസ്ഥമായി ബിസിനസ്സുകൾ നടത്താൻ കഴിഞ്ഞു..

വീടിന്റെ ഭരണം അവളും ഏറ്റെടുത്തു… മോളീ ജോലി എന്നൊക്കെ പറഞ്ഞു നടന്നു സമയത്തു ഭർത്താവിനും കുഞ്ഞിനും ഭക്ഷണം ഒന്നും ഉണ്ടാക്കി കൊടുക്കാതെ ഇരുന്നാൽ എങ്ങനാ? “

” അച്ഛാ, ഭക്ഷണം ആർക്കു വേണേലും ഉണ്ടാക്കാം.. ഇന്നുവരെ അതിന്റെ പേരിൽ ഞാൻ വഴക്കുണ്ടാക്കിയിട്ടില്ല. എന്റെ ജോലിയും അതിന്റെ പ്രേഷരും എല്ലാം കഴിഞ്ഞു വന്നു ഇവിടുത്തെ സകല പണികളും തീർത്തിട്ടാ ഞാൻ കിടക്കാറ്..

ഇനി ഒന്നോ രണ്ടോ ദിവസം വൈകിയാൽ വിക്കിക്കു കുക്ക് ചെയ്താൽ എന്താ പ്രശ്നം? തന്നെയല്ല, ഒരു ജോലിക്കാരിയെ നിർത്താം എന്ന് ഞാൻ എത്ര തവണ പറഞ്ഞു… ഞാൻ തന്നെ എല്ലാം ചെയ്തേ അടങ്ങു എന്ന് എന്തിനാ വാശി പിടിക്കണേ? “

” മോളേ.. അവരു ആണുങ്ങൾ അങ്ങനാ.. നമ്മള് പെണ്ണുങ്ങൾ വേണം ഒതുങ്ങി കൊടുക്കാൻ… നമ്മുടെ ഭർത്താവിന്റെയും മക്കളുടെയും സന്തോഷം ആവണം നമുക്ക് ഏറ്റവും വലുത് ” വിക്കിയുടെ അമ്മ ശിഖയെ ഉപദേശിച്ചു

” അമ്മേ ഭർത്താവിന്റെ സന്തോഷം നിലനിക്കുന്നത് ഭാര്യയുടെ അടിമത്വത്തിൽ ആണോ? “

അമ്മയും അച്ഛനും ഞെട്ടലോടെ അവളെ നോക്കി

” എന്റെ കാഴ്ചപ്പാടിൽ ഭർത്താവും ഭാര്യയും ഒരു പോലെവണം.. എന്ന് വെച്ചാൽ ആണുങ്ങൾ ചെയ്യുന്ന എല്ലാം പെണ്ണുങ്ങൾ ചെയ്യണം എന്നല്ല,

അവരുടേതായ കാര്യങ്ങളിൽ അവർക്കു വ്യക്തമായ സ്വാതന്ത്ര്യം ഉള്ളതുപോലെ നമ്മുടേതായ കാര്യങ്ങളിൽ നമുക്കും വ്യക്തമായ സ്വാതന്ത്ര്യം വേണം… പണമുണ്ടാക്കാൻ മാത്രമല്ല ജോലി ചെയ്യുന്നത്… നമ്മൾ ഇഷ്ട്ടപെടുന്ന ജോലി മനസ്സറിഞ്ഞു ചെയ്യുന്നതും ഒരു സന്തോഷമാണ്..

ഏതു കോളേജിലും സീറ്റു വാങ്ങി തരാൻ പണം ഉണ്ടായിട്ടും ഞാൻ കഷ്ടപ്പെട്ടിരുന്നു പഠിച്ചു മെറിട്ടിൽ അഡ്മിഷൻ വാങ്ങി ഡോക്ടർ ആയതു അടുക്കളയിൽ മാത്രം ഒതുങ്ങി കൂടാനല്ല… എനിക്കതിനു കഴിയില്ല. “

അച്ഛൻ വിക്കിയെ നോക്കി

” അവളുടെ അഹങ്കാരം കണ്ടില്ലേ അച്ഛാ? ഇന്നുവരെ നമ്മുടെ കുടുംബത്തിൽ ഏതെങ്കിലും പെണ്ണുങ്ങൾ ഇത്രയും അഹങ്കാരത്തോടെ സംസാരിച്ചിട്ടുണ്ടോ? “

” അവൾ അവളുടെ നിലപാടാണ് പറഞ്ഞത്.. അതിൽ എന്താ തെറ്റ്? “

” അച്ഛാ “

” ഈ കുടുംബത്തിൽ ഇന്ന് വരെ വന്നു കയറിയ പെണ്ണുങ്ങളോടെല്ലാം ജോലി ഇനി വേണ്ട എന്ന് പറഞ്ഞപ്പോ ആരും മറുത്തൊരു അക്ഷരം മിണ്ടി കണ്ടിട്ടില്ല..

അതുകൊണ്ടു ഞാൻ അതിനെ പറ്റി അധികം ചിന്തിച്ചിട്ടും ഇല്ല… ഇപ്പൊ ഇവള് പറയുമ്പോ അതിൽ എന്തൊക്കയോ ഉള്ളത് പോലെ ഒരു തോന്നൽ…”

” അത് ശരി…. അപ്പൊ അവളെ ജോലിക്കു വിടണം എന്നാണോ അച്ഛൻ പറയുന്നേ? അപ്പൊ ഞാനും മോനും? “

” ഒരു ജോലിക്കാരിയെ വെച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ… പകൽ അവൻ സ്കൂളിൽ പോവല്ലേ? “

” സ്വന്തം അച്ഛനും അമ്മയും നോക്കുമ്പോലെ വെല്ല പെണ്ണുങ്ങളും അവനെ നോക്കുവോ? “

” എന്നാ ഒരു പണി ചെയ്യ്, തല്ക്കാലം നീ കുറച്ചു നാളത്തേക്ക് ലീവ് എടുക്കു “

” അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ? “

” അമ്മ നോക്കിയാലും അച്ഛൻ നോക്കിയാലും ഒരുപോലല്ലേ? നീ അവന്റെ കാര്യങ്ങളും നോക്കി വീട്ടിൽ ഇരിക്ക് “

” നാട്ടുകാര് കണ്ടാ എന്ത് പറയും..? ഭാര്യ ജോലിക്കു പോവുക ഭർത്താവ് വീട്ടിൽ ഇരിക്കുക… അയ്യേ! “

” ഭാര്യ ജോലിക്കു പോയാലും ഭർത്താവ് ജോലിക്കു പോയാലും പ്രതിഫലം പണമാണ്… അത് നാട്ടുകാര് കൊണ്ടന്നു തരുവോ? പിന്നെ അടുക്കളയിൽ ഇരിക്കുന്ന അടുപ്പിന് ജീവനൊന്നും ഇല്ല പിണങ്ങാൻ… അത് പെണ്ണ് കത്തിച്ചാലും ആണ് കത്തിച്ചാലും കത്തും “

വിക്കി കണ്ണ് മിഴിച്ചിരുന്നു… അച്ഛൻ എണീറ്റു ” മോളേ… ഇപ്പൊ ജോലിക്കു പോയിരുന്നേൽ ഇവൾ എച് ഓ ഡി എങ്കിലും ആയേനെന്നു തമാശക്ക് പറഞ്ഞെങ്കിലും ഇപ്പൊ മനസ്സിൽ ഒരു വിഷമം തോന്നുന്നുണ്ട്…

ഞങ്ങളൊക്കെ പഴയ ആളുകളാ.. ശീലിച്ചു പോന്ന രീതികളിൽ നിന്നും പെട്ടന്ന് മാറാൻ പ്രയാസം ഉണ്ടാവും..

പക്ഷെ ഇപ്പൊ മോളു സംസാരിച്ചത് പോലെ വ്യക്തമായ കാഴ്ചപാടോടു കൂടിയും നിലപാടോടു കൂടിയും ഇന്നുവരെ ഒരു പെണ്ണും ഞങ്ങടെ കുടുംബത്തിൽ സംസാരിച്ചിട്ടില്ല…

ഒരുപക്ഷേ അങ്ങനൊരു സംസാരം ഉണ്ടായിരുന്നു എങ്കിൽ ഉടനടി ഒരു മാറ്റം ഉണ്ടായില്ലെങ്കിലും സാവധാനം എങ്കിലും ഒരു മാറ്റം വന്നേനെ..

ഇപ്പൊ എന്റെ കാലം കഴിയാറായി എന്ന ചിന്ത ഉള്ളിൽ ഉണ്ട്.. അതുകൊണ്ട് തന്നെ പല പിടി വാശികളും എന്നെ വിട്ടു പോയി കഴിഞ്ഞു..

അതാവും മോളേ ഇത്ര വേഗം മനസ്സിലാക്കാൻ കഴിഞ്ഞത്.. നിനക്ക് ശരി എന്ന് തോന്നുന്നത് നീ ചെയ്യ്.. “വിക്കിക്കു നേരെ തിരിഞ്ഞു… ” ചിലവിനു കൊടുക്കുന്നു എന്ന ന്യായം പറഞ്ഞു പെണ്ണുങ്ങളെ അടുക്കളയിൽ പൂട്ടിയിടുന്ന കാലത്തിനു ഇനി അധികം ആയുസ്സുണ്ടാവും എന്ന് തോന്നുന്നില്ല വിക്കി…

ഇതുപോലെ ഒരുപാട് ശദങ്ങൾ ഇനിയും ഉയരും.. കാളകാലങ്ങളായി എല്ലാം മാറും… മാറ്റങ്ങൾക്ക് വിധേയപ്പെടുന്നവനാണ് മനുഷ്യൻ..

മാറ്റത്തെ ഉൾക്കൊള്ളാനും ഭാര്യയെ പങ്കാളി ആയി കാണാനും മനസ്സിനെ പാകപ്പെടുത്തണം…

പരിഗണിക്കപ്പെടുന്നിടത്തെ നിലനിൽപ്പുള്ളു, അംഗീകരിക്കപ്പെടുന്നിടത്തെ ജീവിതം ഉള്ളൂ, പരസ്പരം ബഹുമാനിക്കുന്നിടത്തെ സ്നേഹവും നിലനിൽക്കു.. എന്ത് വേണമെന്ന് നീ തീരുമാനിക്ക്”…

അമ്മയുടെ കൈകളും പിടിച്ചു അച്ഛൻ പടിക്കെട്ടുകൾ ഇറങ്ങി… കാലങ്ങൾ തന്റെ ഭാര്യ അടുപ്പിൽ ഊതി കത്തിച്ച കനൽ അപ്പോൾ അയ്യാളുടെ നെഞ്ചിൽ ആളി കാത്തുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *