ഞാൻ നിനക്കൊരു ബാധ്യത ആണല്ലെടാ, അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു..

വാർദ്ധക്യം
(രചന: Kannan Saju)

” അച്ഛന് അവിടൊന്നും പിടിക്കൂല്ലച്ഛാ… എന്തിനാ വെറുതെ..??  അച്ഛനെ കാണാൻ കൊല്ലത്തിൽ ഒരിക്കൽ ഞങ്ങൾ വന്നാൽ പോരെ ?  “

തുണികൾ മടക്കി വെച്ചു കൊണ്ടു അഞ്ജന അത് പറഞ്ഞപ്പോൾ അച്ഛന്റെ ഉള്ളിൽ തീയായിരുന്നു.. തനിക്കു പ്രിയപ്പെട്ടവൾ തന്നെ വിട്ടു പോയി..

നാല് പതിറ്റാണ്ടു ഒരുമിച്ചു ജീവിച്ചവർ… അതിൽ ഒരാൾ എന്നെന്നേക്കുമായി യാത്ര പറയുമ്പോൾ മറ്റേയാളുടെ അവസ്ഥ.. അതറിയണം എങ്കിൽ വാർദ്ധക്യം മൂടണം..

കുറവുകൾ പരസ്പരം അറിഞ്ഞും സഹിച്ചും വർഷങ്ങൾ ഒരുമിച്ചു ജീവിക്കണം.. പ്രാണൻ വെടിയുന്നു വേദനകളിലും കൈകോർത്തു പിടിക്കണം.. ഇപ്പൊ ഇതാ തന്റെ മകളും തന്നെ വിട്ടു ദൂരെ എവിടേക്കോ പോകുന്നു..

” എങ്കിൽ ആരെയെങ്കിലും ജോലിക്കാരെ നിർത്തിയാൽ ഞാനിവിടെ നിന്നൊളില്ലേ മോളേ?  എന്നെ വൃദ്ധസദനത്തിൽ തന്നെ ആക്കണോ?  ” ഒരു ജീവിതം മുഴുവൻ ജീവിച്ചു തീർത്ത മണ്ണിൽ കിടന്നു മരിക്കാൻ അല്ലേ എല്ലാവരും ഇഷ്ടപ്പെടുക….

” അതൊക്കെ വലിയ തലവേദന അണച്ചാ… എപ്പോഴും വിളിച്ചു അന്വേഷിക്കണം… തന്നെയല്ല നിക്കുന്നവരോ മര്യാദക്കല്ലങ്കിൽ അതൊക്കെ ബുദ്ധിമുട്ടാണ് പിന്നെ… “

അവൾ ബാഗു അടച്ചു ക്ലിപ്പ് ഇട്ടു..

” വൃദ്ധ സാധനം ആവുമ്പോൾ അവർ അച്ഛനെ മര്യാദക്ക് നോക്കിക്കോളും… അച്ഛന്റെ പ്രായത്തിൽ ഉള്ള കുറെ കൂട്ടുകാരും ഉണ്ടാവും”

എന്താ മോളേ ഇങ്ങനെ?  നിന്റെ പ്രായത്തിൽ ഉള്ള ഒരുപാട് കൂട്ടുകാരെ കിട്ടുമെന്ന് പറഞ്ഞു നിന്നേ ചെറുപ്പത്തിൽ അനാഥാലയത്തിൽ നിർത്തി പൈസ മാത്രം അയച്ചു തന്നാൽ എങ്ങനെ ഇരിക്കും എന്ന് എന്റെ മോളു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ചെറുപ്പം പിന്നെയും ആരോഹണ ക്രമത്തിൽ ആണ്.. വാർദ്ധക്യം അവരോഹണ ക്രമത്തിലും.. ബാല്യത്തെക്കാൾ കരുതൽ ആഗ്രഹിക്കുന്ന സമയമാണ് മോളേ വാർദ്ധക്യം…

” എനിക്ക് അതിനേക്കാൾ സന്തോഷം നീ കൂടെ ഉള്ളതാണ് മോളേ… “

” അത് കൊള്ളാം അപ്പൊ അച്ഛനേം നോക്കി ഇരുന്ന മതിയോ എനിക്ക്?  ഏട്ടൻ അവിടെ ഒറ്റക്കല്ലേ ?  കുട്ടികൾക്ക് ഞങ്ങൾ രണ്ടാളും ഒരുമിച്ചു വേണമെന്ന് ഉണ്ടാവില്ലേ ?  ”

അപ്പൊ എന്റെ മോളു കൂടെ വേണം എന്ന് എനിക്കും ആഗ്രഹം ഉണ്ടാവില്ലേ മോളേ….

” ഞാൻ നിക്കില്ല മോളേ… എനിക്ക് പറ്റില്ല “

” അച്ഛാ പ്ലീസ്….  വെറുതെ വാശി പിടിക്കരുത്… പ്രായമായ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാവണം.. അച്ഛന്റെ കാലം കഴിയും വരെ ഇവിടെ കാത്തു കിടക്കാൻ ഒന്നും എനിക്ക് പറ്റത്തില്ല”

അവളുടെ വാക്കുകൾ മാധവനെ വല്ലാതെ വിഷമിപ്പിച്ചു…. ഒറ്റപ്പെടലിന്റെ ആഴക്കടലിലേക്കു താനും വീഴാൻ പോവാണെന്നു അയ്യാൾ തിരിച്ചറിഞ്ഞു…

വൃദ്ധസദനത്തിലെ ആ മുറി അയ്യാളെ വീർപ്പു മുട്ടിച്ചു… തന്റെ മകളെ ഒരു നോക്കു കാണുവാൻ ഉള്ള ചിന്ത അയ്യാളെ ഭ്രാന്തനാക്കി

” എടോ താൻ ഭക്ഷണം കഴിച്ചില്ലേ?  “

” എനിക്ക് വേണ്ട” നടത്തിപ്പുകാരൻ ആയ മുപ്പതുകാരൻ ശ്യാമിനോട് അയ്യാൾ മറുപടി പറഞ്ഞു..

” താൻ കഴിക്കാത ഇരുന്നു എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മറുപടി പറയണം… വന്നു കഴിക്കു.. അവർ പണം തരുന്നതാണ് “

” എനിക്ക് വേണ്ടെന്നു പറഞ്ഞില്ലേ?  ” മാധവൻ അയാളോട് കയർത്തു

ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു അയ്യാളുടെ കൈകൾ മാധവന്റെ കരണത്തു പതിഞ്ഞത്..

” മല്ലു കാണിക്കുന്നു നായിന്റെ മോനേ “

ഭയന്നു വിറച്ചു നിറ കണ്ണുകളോടെ മാധവൻ കവിൾ പൊത്തി പിടിച്ചു അയ്യാളെ നോക്കി… മറ്റു വൃദ്ധർ ഓടിയെത്തി…

” വെറുതെ എന്തിനാ മാധവ അവന്റെ തല്ല് കൊള്ളുന്നെ ?  ക്രൂരനാണവൻ… ദ്രോഹിക്കും.. വന്നു കഴിക്ക്”

” എനിക്ക് വേണ്ടാ ”  കരഞ്ഞു കൊണ്ടു മാധവൻ വീണ്ടും പറഞ്ഞു..

” ഇവനെ ഇന്ന് ഞാൻ ” ശ്യാം മാധവനെ വലിച്ചു കട്ടിലിൽ നിന്നും നിലത്തേക്ക് ഇട്ടു.. അയ്യാൾ ചവിട്ടാനായി കാലു ഉയർത്തിയതും തന്റെ വാർദ്ധക്യം സ്വപ്നം കണ്ടു കൊണ്ടിരുന്ന  മാധവൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു.

കിതച്ചു കൊണ്ടു അയ്യാൾ അടുത്തു കിടന്ന ഭാര്യയെയും മകൾ അഞ്ജനയെയും നോക്കി.. ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു വെള്ളം എടുത്തു കുടിച്ചു….

മെല്ലെ അമ്മയുടെ മുറിയുടെ വാതിക്കൽ എത്തി…. അമ്മ വെളിച്ചമില്ലാതെ ജനലിലൂടേ പുറത്തേക്കു നോക്കി ഇരിക്കുന്നത് ഹാളിൽ നിന്നും വരുന്ന മങ്ങിയ വെളിച്ചത്തിൽ കാണാമായിരുന്നു

” അമ്മേ ” ശബ്ദം തൊണ്ടയിൽ കുരുങ്ങി എങ്കിലും അവൻ വിളിച്ചു… അവർ ഞെട്ടലോടെ എഴുന്നേറ്റു… കണ്ണുകൾ തുടച്ചു…

” അമ്മ ഉറങ്ങീലെ ?  ” ലൈറ്റ് ഇട്ടുകൊണ്ട് അവൻ ചോദിച്ചു…

” ഇല്ല “

” അമ്മ കരയുവായിരുന്നോ?  ” അമ്മ ഒന്നും മിണ്ടിയില്ല…

” ഞാൻ അമ്മയോട് അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു.. അമ്മ എന്നോട് ക്ഷമിക്കണം…. “

” അത് സാരില്ല “

” നാളെ എപ്പോഴാ നിങ്ങള് പോവുന്നെ ?  ” നിലത്തു നോക്കിക്കൊണ്ടു അമ്മ അത് ചോദിക്കുമ്പോൾ അമ്മയുടെ ഉള്ളൂ പിടയുവാണെന്നു അവനറിയാം…

ഞങ്ങള് പൊരുന്നേ കൂടെ കെട്ടി എടുക്കാൻ നിങ്ങടെ ചത്തു പോയ കെട്ട്യോൻ ഇരുപ്പാണ്ടോ അവിടെ എന്ന് താൻ ചോദിച്ചു പോയി.. എന്തിനിങ്ങനെ ഒരു ശല്യനായി ജീവിക്കുന്നു എന്ന് ചോദിച്ചു പോയി..

എത്രയോ പേർ ചാവുന്നു നിങ്ങള് മാത്രം ചാവാത്തതു എന്താ എന്ന് പറഞ്ഞു പോയി.. വാക്കുകൾക്കു മൂർച്ഛ കൂടുതൽ ആണ്.. എത്ര മാപ്പ് പറഞ്ഞാലും അതുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങില്ല.. അമ്മയാണ്.. അങ്ങനെ പറയരുതായിരുന്നു…

” ഞാൻ പോണില്ല… ” അമ്മ ഞെട്ടലോടെ അവനെ നോക്കി…

” പോയില്ലെങ്കിൽ അവളുടെ ജോലി പോവില്ലേ ?  “

” അവളും മോളും പോവട്ടെ… അമ്മ ഇവിടെ ഒറ്റക്കല്ലേ… അത് കഴിഞ്ഞു നമുക്ക് ആലോചിച്ചു എന്താന്ന് വെച്ചാ ചെയ്യാം.. ഒന്നെങ്കിൽ നമുക്ക് പതുക്കേ അങ്ങോട്ട് പോവാം.. അല്ലെങ്കിൽ അവൾക്കു തിരിച്ചു ട്രാൻസ്ഫർ കിട്ടാൻ എന്തേലും മാർഗം ഉണ്ടോ എന്ന് നോക്കാം “

അമ്മ ഒന്നും മിണ്ടിയില്ല..

മൗനം…

” ഞാൻ നിനക്കൊരു ബാധ്യത ആണല്ലെടാ?  ” അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു

” അമ്മ എന്നെ ചുമന്ന അത്രയും വരില്ല അമ്മേ.. ഇത് ബാധ്യത അല്ല.. എന്റെ ഉത്തരവാദിത്വം ആണ്.. അമ്മ എന്നോട് ക്ഷമിക്കണം.. ഞാൻ അറിയാതെ…”

” അമ്മക്കറിയാം “

” അമ്മ ഇരിക്കുവോ?  എനിക്ക് അമ്മേടെ മടിയിൽ തല വെച്ചു കിടക്കണം ” അവൻ അമ്മയെ നോക്കി നിറകണ്ണുകളോടെ പറഞ്ഞു.

അമ്മ ഇരുന്നു.. അവൻ മടിയിൽ തലവെച്ചു കിടന്നു… അമ്മ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു..

കുഞ്ഞായിരുന്നപ്പോൾ താൻ ഏറ്റവും സുരക്ഷിതമാണെന്ന് തോന്നി ഒരു പേടിയും ഇല്ലാതെ സുഖമായി ഉറങ്ങിയ ഇടം.. അമ്മയുടെ മടി..ആ അമ്മയെ താൻ നോക്കുന്ന പോലെ വേറാരു നോക്കാൻ..

എല്ലാവർക്കും പ്രായമാവും.. ഒരു നാൾ തനിക്കും… ആരും എന്നും നിത്യ യവ്വനത്തോടെ ഇരിക്കില്ല… അന്ന് തന്റെ മക്കൾ തന്നെ നോക്കണം എങ്കിൽ താൻ തന്റെ അമ്മയെ നോക്കുന്നത് അവര് കണ്ടു വളരണം…

അവരുടെ ശരീരത്തിന് മാത്രമേ പ്രായം ആവുന്നുള്ളൂ.. മനസ്സുകൊണ്ട് അവരിപ്പോഴും നമ്മളെ പ്രസവിച്ച പ്രായമാണ്.. എത്ര വളർന്നാലും ആ അമ്മക്ക് മക്കൾ കുഞ്ഞുങ്ങളാണ്…

പ്രായം കൂടും തോറും അവർക്കും അതെ കുഞ്ഞുങ്ങളുടെ സംരക്ഷണവും സ്നേഹവും നമ്മളും കൊടുക്കണം.. എങ്കിലേ നാളെ നമുക്കും അത് കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *