രാത്രിയിൽ കിടക്കുമ്പോൾ അച്ഛനൊന്നു ചുമച്ചാൽ അമ്മ അടുക്കളയിൽ പോയി ചൂട് വെള്ളം..

(രചന: ഞാൻ ആമി)

“മരിച്ചാൽ കുഴിച്ചു മൂടും… അല്ലാതെ ഇവിടെ വെച്ചുകൊണ്ട് ഇരിക്കില്ല അത് നിങ്ങൾ ആണേലും ഞാൻ ആണേൽ പോലും. അതുകൊണ്ട് ഇതൊന്നും പറഞ്ഞു പേടിപ്പിക്കേണ്ട “

എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി.

അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചു ഉമ്മറത്ത് മോഹൻ ബീഡിയും വലിച്ചു ഉമ്മറത്തു തന്നെ ഇരുന്നു. ബീഡി വലിക്കല്ലേ എന്ന് ഡോക്ടർ പറഞ്ഞതാണ്.

അതൊന്നും കേൾക്കാതെ അച്ഛൻ ബീഡി വലിക്കുന്നത് കണ്ടു അമ്മ ഇതും പറഞ്ഞു അടുക്കളയിലേക്കു പോയി.

“ആരോട് പറയാൻ ആര് കേൾക്കാൻ “അമ്മ അടുക്കളയിൽ നിന്നു പിറുപിറുത്തു.

“മിണ്ടാതെ അമ്മേ… ഇനി ഇതു പറഞ്ഞു വഴക്ക് വേണ്ട “എന്ന് ഞാൻ പറഞ്ഞതും അമ്മ എന്നെ ദേഷ്യത്തോടെ നോക്കി. പാത്രം എടുത്തു അവിടെ ഇവിടെ വെച്ചു ബഹളം ഉണ്ടാക്കി.

“അമ്മേ… “

“പോടീ അപ്പുറത്ത്. എന്നെ ദെണ്ണം ഞാൻ ഇങ്ങനെ എങ്കിലും പറഞ്ഞു തീർത്തോട്ടെ “

എന്ന് പറഞ്ഞു അമ്മ കണ്ണ് തുടച്ചു. അച്ഛൻ ആ സമയം ഉമ്മറത്തു നിന്നു ഇറങ്ങി പോയിരുന്നു.

അമ്മയുടെ സങ്കടം എനിക്ക് നന്നായി അറിയാമായിരുന്നു. രാത്രിയിൽ കിടക്കുമ്പോൾ അച്ഛനൊന്നു ചുമച്ചാൽ അമ്മ അടുക്കളയിൽ പോയി ചൂട് വെള്ളം അന്നത്തി കൊടുക്കുന്നത് ഞാൻ കണ്ടു.

“ആഹാ… ഇങ്ങനെ അച്ഛനെ സഹായിക്കുന്ന ആളാണോ രാവിലെ പറഞ്ഞത് മരിച്ചു പോയാൽ കുഴിച്ചിടും അല്ലാതെ ഒന്നുമില്ലെന്ന് “എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

“അവൾ ചുമ്മാ പറയുന്നതല്ലേ…. നിന്റെ അമ്മക്ക് എനിക്കൊരു പനി വന്നാൽ വെപ്രാളം ആണ്. സ്നേഹിക്കുന്നവർ എപ്പോഴും ഇങ്ങനെ കുഞ്ഞു കുഞ്ഞു പിണക്കം കാണിക്കും. “

എന്ന് അച്ഛൻ പറഞ്ഞപ്പോൾ അമ്മ എന്നെ നോക്കി.

“സ്നേഹം ഉള്ളിടത്തെ പിണക്കം ഒക്കെ ഉള്ളൂ… അച്ഛനു എന്തേലും വന്നാൽ അമ്മ തളർന്നു പോകും'”

എന്ന് അമ്മ പറഞ്ഞപ്പോൾ അച്ഛൻ അമ്മയെ ആശ്വസിപ്പിച്ചു അത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സ്നേഹം അത് മനസ്സിന്റെ ബലമാണ്. അതൊരു ശക്തി ആണ്.

Leave a Reply

Your email address will not be published. Required fields are marked *