ഭാര്യ എന്നാൽ റോബോട്ട് ആണോ, വികാരങ്ങൾ ഒന്നും ഇല്ലാതെ പണി മാത്രം ചെയ്യാൻ..

തിരിച്ചറിവ്
(രചന: Kannan Saju)

“ഏട്ടാ എനിക്കൊരു 5000 രൂപ തരുമോ?  ” ഷിർട്ടിന്റെ കൈകൾ മടക്കി വെച്ചുകൊണ്ട് ഇരുന്ന കിരണിനോടായി ഗായത്രി ചോദിച്ചു..

” നിനക്കിപ്പോ എന്തിനാ 5000 രൂപ ?  ” ഒന്ന് പുരികം ചുളിച്ചു തലമാത്രം തിരിച്ചു കൊണ്ടു അവൻ ചോദിച്ചു

” അമ്മക്ക് സുഖമില്ലെന്നു പറഞ്ഞു.. ആശുപത്രിയിൽ ആണ്.. ” ശബ്ദം അടക്കി യാചകയെ പോലെ അവൾ പറഞ്ഞു

” അതിനിപ്പോ അളിയൻ നോക്കിക്കോളില്ലേ ?  “

” അമ്മ വിളിച്ചപ്പോ അവന്റല് ഒന്നും ഇല്ല കടം ചോദിച്ചു നടക്കാന്നു പറഞ്ഞു “

” അതിനു.. ?  അത് അവന്റെ ഉത്തരവാദിത്തം ആണ്… ഞാൻ അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പണം കണ്ടവർക്ക് ദാനം ചെയ്യാൻ ഉള്ളതല്ല ! “

തന്റെ കഷണ്ടി തല തിരുമി കൊണ്ടു അവൻ ഒച്ച എടുത്തു.

” ആരെങ്കിലും അല്ലല്ലോ… എന്റെ അമ്മ അല്ലേ ഏട്ടാ ?  ” അവൾ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു..

” അതിനു ?  നിന്നെ കെട്ടിച്ചു വിട്ടതോടെ ആ ബന്ധം ഒക്കെ കഴിഞ്ഞു.. ഇപ്പൊ നിന്റെ കുടുംബം ഇതാണ്.. ഇവിടെ എന്റെ ഭാര്യ ആയിട്ട് എന്റെ കാര്യവും കുട്ടികളുടെ കാര്യവും നോക്കി അടങ്ങി ഒതുങ്ങി ഇരുന്നോളണം…

ആവശ്യം ഇല്ലാതെ എന്റെ പണം കണ്ടിട്ട് മനക്കോട്ട കെട്ടണ്ട… ” അവൻ ടൈ എടുത്തു കെട്ടി.. ” പോയി ശൂ തുടച്ചു എടുത്തോണ്ട് വാ “.

അവൾ ഒന്നും മിണ്ടാത പോയി ശൂ തുടച്ചു എടുത്തോണ്ട് വന്നു… കിരൺ സോഫയിൽ ഇരുന്നു കാലുകൾ നീട്ടി.. അവന്റെ കാൽ ചുവട്ടിൽ ഇരുന്നുകൊണ്ട് ഗായത്രി അത് കാലിൽ ഇട്ടു കൊടുത്തു…

അവൻ പോവുമ്പോൾ എന്നും ചെന്നു നിക്കാറുള്ളത് പോലെ പോയി നിക്കാൻ ഇന്നവൾക്കു തോന്നിയില്ല… അവനും അത് കാര്യമാക്കിയതുമില്ല…

ഗായത്രി സോഫയിലേക്ക് തല ചായ്ച്ചു… അമ്മക്ക് എന്താ പറ്റിയതെന്ന് പോലും ഏട്ടൻ ചോദിച്ചില്ലല്ലോ എനിക്കതു വല്ലാതെ വിഷമായി ഏട്ടാ…സത്യത്തിൽ ആരാണ് ഞാൻ ഏട്ടന്റെ?  ഭാര്യ… ഭാര്യ എന്നാൽ റോബോട്ട് ആണോ?  വികാരങ്ങൾ ഒന്നും ഇല്ലാതെ പണി മാത്രം ചെയ്യാൻ…

ഫോൺ റിങ് ചെയ്തു…. അമ്മയാണ്… പൈസ ചോദിക്കാതെ ചോദിക്കുന്നതാണ്.. പാവം.. അനിയന്റെ കയ്യിൽ ഉണ്ടാവില്ല… അമ്മക്ക് അവന്റെ അവസ്ഥ കണ്ടു വിഷമം കാണും..

നന്നായി ജീവിച്ചിരുന്നതാണ്.. അച്ഛൻ മരിച്ചിട്ടും അവൻ കുറവുകൾ ഒന്നും ഞങ്ങളെ അറിയിക്കാതെ കൊണ്ടു നടന്നതാണ്.. എന്റെ കല്ല്യാണം.. അന്ന് മുതൽ അവനും കടക്കാരനായി…

അമ്മ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു… എടുക്കാതെ എത്ര തവണ ഒഴിഞ്ഞു മാറാൻ പറ്റും.. ഫോൺ എടുത്തു…

” മോളേ… “

” ഉം “

മൗനം…

അമ്മക്ക് കാര്യം മനസ്സിലായി….

” ഞാൻ പിന്നെ വിളിക്കാട്ടോ “

” ഉം “

അമ്മ ഫോൺ വെച്ചു…

ഈശ്വരാ എന്റെ അമ്മ… മാറോടു ചേർത്തു കൊണ്ടു നടന്നു വളർത്തിയ അമ്മ… അമ്മക്ക് ഒരു അസുഖം വരുമ്പോൾ സഹായിക്കാൻ കഴിവില്ലാത്ത മകളായി പോയല്ലോ ഞാൻ പിന്നെ മക്കൾ എന്നത് കൊണ്ടു എന്താണ് അർത്ഥം ഉള്ളത്… ?

ഗായത്രി മുറിയുടെ നടന്നു… അടുക്കളയിൽ കുറെ നേരം തീ നോക്കി നിന്നു.. ബാത്‌റൂമിൽ കുറെ നേരം നിറഞ്ഞൊഴുകുന്ന വെള്ളം നോക്കി ഇരുന്നു….

നേരം കടന്നു പോയി…. കുട്ടികൾ ഉറങ്ങി… കിരൺ എത്തി… വേഗത്തിൽ ബാത്റൂമിൽ കയറിയ കിരൺ ചുറ്റും നോക്കി

” ചൂട് വെള്ളം എവിടെ ഗായത്രി ?  “

അവൾ ഒന്നും മിണ്ടിയില്ല… ടവ്വൽ മാത്രം ഉടുത്ത കിരൺ പുറത്തേക്കു വന്നു….സോഫയിൽ ഇരിക്കുന്ന ഗായത്രിയുടെ അടുത്തു ചെന്നിരുന്നു…

” എന്താ രാവിലെ പറഞ്ഞതിന്റെ പിണക്കമാണോ ?  ” അവളുടെ തുടകളിൽ തലോടിക്കൊണ്ട് അയ്യാൾ ചോദിച്ചു..

അവൾ ഒന്നും മിണ്ടിയില്ല.. കിരൺ കുറച്ചു കൂടി ചേർന്നിരുന്നു അവളുടെ കഴുത്തിൽ ചുംബിക്കാനും ശരീരത്തിൽ തലോടാനും തുടങ്ങി… ഗായത്രി കുതറി മാറി…

” എന്താടി പതിവില്ലാത്ത അനുസരണ കേടു ?  ” അവളുടെ പിൻവാങ്ങൽ ഇഷ്ട്ടപ്പെടാത്ത രീതിയിൽ അവൻ ചോദിച്ചു…

” എനിക്ക് മൂഡില്ല “

” അല്ലെങ്കിലും നിന്റെ മൂഡ് നോക്കി അല്ലല്ലോ…..”

അവനെ തള്ളി മാറ്റിയ ഗായത്രി നീങ്ങി ഇരുന്നു..  “ഞാനാരാ നിങ്ങളുടെ?  “

കിരൺ മൗനം പാലിച്ചു…

അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി പച്ച വെള്ളത്തിൽ കുളിച്ചു വന്നു മേശപ്പുറത്തു ഇരുന്നു…

ഗായത്രി സോഫയിൽ നിന്നും അനങ്ങുന്നില്ല… കിരൺ അടുക്കളയിലേക്കു നടന്നു.. പാത്രങ്ങൾ എല്ലാം കാലി…

” നീ ഇന്നൊന്നും ഉണ്ടാക്കിയില്ലേ ?  ” കലി തുള്ളി ഹാളിലേക്ക് വന്നുകൊണ്ടു അവൻ അലറി

” ഇല്ല  “

” നിനക്ക് പിന്നെ എന്നായിരുന്നു പണി?  “

” തനിക്കു ഉണ്ടാക്കി കൂടായിരുന്നോടോ ?  “

” താനോ ?  അതുശരി നിനക്കും പിള്ളേർക്കും  തിന്നാനും ഉടുക്കാനും ഒണ്ടാക്കിക്കൊണ്ടു വരുവോം വേണം എന്നിട്ടിനി അടുക്കള പണിയും ഞാൻ ചെയ്യാം എന്നല്ലേ ?  “

” നിർബന്ധമില്ല എന്നെ ജോലിക്കു വിടഞ്ഞിട്ടല്ലേ?  അടുക്കള പണിയും കുട്ടികളുടെ കാര്യങ്ങളും ഒക്കെ നോക്കി താൻ ഇവിടിരുന്നോ.. തനിക്കും പിള്ളേർക്കും ചിലവിനുള്ളത് ഞാൻ ജോലി ചെയ്തു ഉണ്ടാക്കിക്കോളാം…

അല്ലാതെ ഇവിടെ അടിമയെ പോലെ പണി എടുക്കാനും സ്വന്തം അമ്മക്ക് ഒരു ആവശ്യം വരുമ്പോൾ ഒന്നും ചെയ്യാൻ പറ്റാതെ കയ്യും കെട്ടി നോക്കി ഇരിക്കാനും എനിക്ക് പറ്റില്ല… നിങ്ങടെ തുണിയും അലക്കീട്ടില്ല തേച്ചിട്ടും ഇല്ല.. വേണേൽ തന്നെ ചെയ്യ്”

കിരൺ കുറച്ചു നേരം ഒന്നും മിണ്ടാത നിന്നു… പിന്നെ പോയി കിടന്നു..  വിശന്നിട്ടു ഉറക്കവും വരുന്നില്ല… തിരിഞ്ഞും മറിഞ്ഞും കിടന്നു..

ആദ്യമായിട്ടാണ് ഒന്നും കഴിക്കാത ഒരു രാത്രി കിടക്കുന്നതു.. സ്വന്തം ആയി ഒന്നും ഉണ്ടാക്കാനും അറിയില്ല.. വല്ലോം കിട്ടണേൽ ടൌൺ വരെ വണ്ടി ഓടിച്ചു പോണം…

ഗായത്രി വന്നു അടുത്തു കിടന്നു…. ഒന്നും അറിയാത്ത പോലെ അവൾ കൈ മെത്തേക്കിട്ടു അവനെ കെട്ടിപ്പിടിച്ചു.. അവൻ കയ്യെടുത്തു മാറ്റി…

അവൾ വീണ്ടും ഇട്ടു… കയ്യെടുത്തു മാറ്റിക്കൊണ്ട് അവൻ കലിയോടെ തിരിഞ്ഞു.. ഇരുവരും മുഖാമുഖം നോക്കി..

” എന്തെ ദേഷ്യം വരുന്നുണ്ടോ തനിക്കു ?  ” അവൾ കളിയാക്കി ചോദിച്ചു… ദേഷ്യം കടിച്ചമർത്തി കിരൺ മിണ്ടാതെ അവളെ നോക്കി…

” സാധാരണ കടിച്ചു കീറാൻ വരുന്നതാണല്ലോ ?  എന്തെ നാവിറങ്ങി പോയോ?  “

” എനിക്ക് വിശക്കുന്നു.. ഞാനിതുവരെ അത്താഴം ഉണ്ണാതെ കിടന്നിട്ടില്ല.. ” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

” സാരമില്ല.. ആദ്യായിട്ട് ആയതുകൊണ്ടാ… പയ്യെ ശീലായിക്കൊളൂട്ടോ ” അവൾ വീണ്ടും കളിയാക്കി…

കിരൺ തിരിഞ്ഞു കിടന്നു…. ഗായത്രി മൗനം പാലിച്ചു…

” അമ്മക്ക് എന്നാ പറ്റ്യേ ?  ” മുഖം തിരിക്കാതെ തന്നെ അവൻ ചോദിച്ചു

” കയ്യിൽ നമ്പറില്ലേ വേണേൽ വിളിച്ചു ചോദിക്ക് ” ഗായത്രി വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു…

” നിനക്ക് വിഷമായോ?  ” മെല്ലെ തിരിഞ്ഞുകൊണ്ട് അവൻ ചോദിച്ചു…

” എനിക്ക് വികാരങ്ങൾ ഒന്നും ഇല്ലല്ലോ ഏട്ടാ.. ഞാൻ അടിമയല്ലേ..

ഏട്ടന്റെ പിള്ളേരെ പ്രസവിക്കാനും ഏട്ടനിഷ്ട്ടം ഉള്ളപ്പോ കിടന്നു താരനും, അടുക്കളപ്പണിക്കും, തുണി അലക്കാനും, വീട് വൃത്തിയാക്കാനും ഒക്കെ ഉള്ള ജോലിക്കാരി.. ഞാൻ വിഷമിക്കാൻ പാടില്ലല്ലോ” മേലോട്ടും നോക്കി കിടന്നു അവൾ പറഞ്ഞു….

കിരൺ അവളുടെ കൈകളിൽ തലോടി…

” നിനക്ക് ജോലിക്കു പോണോ ?  “

അവൾ ഒന്നും മിണ്ടിയില്ല…. കിരൺ കുറച്ചു കൂടി ചേർന്ന് കിടന്നു….

” സോറി… ” അവളുടെ തലയിൽ ഉമ്മ കൊടുത്തു കൊണ്ടു അവൻ പറഞ്ഞു..

” വാ വല്ലോം ഉണ്ടാക്കി തരാം ” അവൾ എണീക്കാൻ തുടങ്ങി… കിരൺ അവളെ തടഞ്ഞു..

” എന്റടുത്തു കിടക്കു.. വിശപ്പൊക്കെ പോയി ” അവൾ അത്ഭുദത്തോടെ അവനെ നോക്കി…
അവളുടെ കവിളിൽ തലോടിക്കൊണ്ട് അവൻ എന്തോ ചിന്തിച്ചുരുന്നു…

” എന്നതാ ആലോചിക്കുന്നേ ?  “

” ഒന്നുല്ല “

” ഹാ പറ മനുഷ്യാ “

” നീ എന്നെ ഇട്ടിട്ടു പോവോടി ?  ” അവൾക്കു ചിരി വന്നു.. ഈശ്വരാ ഇങ്ങേരിത്ര പൊട്ടനാണോ…..

” ചിലപ്പോൾ പോയെന്നൊക്കെ ഇരിക്കും “

” ഞാൻ ഇങ്ങനൊന്നും ചെയ്യാൻ പാടില്ലായിരുന്നല്ലേ ?  “

” എങ്ങനെ ?  “

” നിന്റെ ഇഷ്ടങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചില്ലല്ലോ പാടില്ലായിരുന്നു…  ഞാൻ എന്നെ കുറിച്ച് മാത്രം ചിന്തിച്ചു.. ഞാൻ അവിടെ പണി എടുക്കുമ്പോഴും നീയും ഇവിടെ കുടുംബത്തിന് വേണ്ടി കഷ്ട്ടപ്പെടുവാനെന്നതു ഞാൻ മറന്നു..

സത്യത്തിൽ നീ ഇവിടെ എല്ലാ ജോലികളും ചെയ്തു നിക്കാൻ തയ്യാറായതുകൊണ്ടല്ലേ എനിക്കും അവിടെ പണി എടുക്കാൻ പറ്റുന്നെ..എന്റെ ശമ്പളത്തിന്റെ പാതി നിനക്കും അവകാശപ്പെട്ടതാണ്…

അല്ല, ഇവിടെ നീ ചെയ്യുന്ന ജോലികൾ ജോലിക്കാരെ വെച്ചാൽ അവരും ചെയ്തോളും… സത്യത്തിൽ നിനക്കും ജോലിക്കു പോവാം അല്ലേ… അപ്പൊ നിനക്കും വരുമാനം ആവും…

നിന്റെ ഇഷ്ടങ്ങൾ സ്വന്തം വരുമാനത്തിലൂടെ നിനക്ക് സാധിക്കാം.. എന്റെ മുന്നിൽ കൈ നീട്ടണ്ട.. ഇരുവരുടെയും ശമ്പളം ഉള്ളപ്പോൾ ഇപ്പൊ ഉള്ളതിനേക്കാൾ മെച്ചമായി നമുക്ക് ജീവിക്കാം അല്ലേ?  “

” അപ്പൊ എന്റെ ചെക്കന് വിവരം ഉണ്ട് “

അവനെ പറ്റി ചേർന്ന് കിടന്നുകൊണ്ട് അവൾ പറഞ്ഞു..

” എന്തൊരു സ്വാർത്ഥൻ ആയിരുന്നു ഞാൻ… ഇപ്പോഴാണ് ചിന്തിക്കുന്നത്… ഞാനതിനു ശ്രമിച്ചപ്പോൾ എന്താ നീ എതിർത്തത്.. നിനക്കതു ഇഷ്ടമല്ലേ?  ” ഗായത്രി അവനെ നോക്കി

” അല്ല “

” അപ്പൊ ഇത്രയും നാളും?  “

”  ഏട്ടന് ഇഷ്ടമായത് കൊണ്ടു ചെയ്തു.. അത്രന്നെ”..

” ഹോ.. ഇതൊന്നും നിനക്ക് ഇഷ്ടമാണോ എന്ന് പോലും ഞാൻ ചോദിച്ചില്ല.. എന്തൊരു മനുഷ്യനാണ് ഞാൻ ഗായു.. “

” ഉം “

” സോറി… “

” ഉം “

” ലവ് യൂ “

” ഉം “

” എന്ത് കും?  “

” കാര്യം കാണാനുള്ള അടവാണോ മനുഷ്യാ ?  “

” പോയി.. മൂഡ് പോയി  ഇതെന്തൊരു സാധനം ” കിരൺ അവളെ തള്ളിമാറ്റി തിരിഞ്ഞു കിടന്നു..

” ശോ.. മൂഡ് പോയോ… എനിക്കിപ്പോ ചെറിയ ഫിലൊക്കെ വന്നു തുടങ്ങിയായിരുന്നു കെട്ടോ… ”
ഒരു കള്ള ചിരിയോടെ കിരൺ തിരിഞ്ഞു…

” ശരിക്കും?  “

” ഉം “

” എന്നാ പിന്നെ അങ്കം കുറിച്ചിട്ടു തന്നെ കാര്യം.. ” ഗായത്രിക്ക് ചിരി വന്നു…

കിരൺ പുതപ്പെടുത്തു ഇരുവരെയും മേലേക്കിട്ടു… അവിടെ പുതിയൊരു അങ്കം ആരംഭിക്കുകയായിരുന്നു.. പുതിയ യുദ്ധ മുറകളും പരസ്പരം മനസ്സിലാക്കി തുടങ്ങിയവർ തമ്മിൽ…

Leave a Reply

Your email address will not be published. Required fields are marked *