പ്രഗ്നന്റ് ആയ ശേഷം ആദ്യമായാണ് സഹധർമ്മിണി  ഒരാഗ്രഹവുമായി തന്റെ അരികിലേക്കെത്തുന്നത്..

ഒരു ലോക്ക് ഡൌൺലോഡ് ആഗ്രഹം
(രചന: Prajith Surendrababu)

“ഏട്ടാ…..  “

“ങും…. “

“ഏട്ടോയ്.. “

“എന്താടി.. രാവിലെ തന്നെ ഒരു ചിണുങ്ങൽ…  കാര്യം പറയ് “

രാവിലെ തന്നെ ചായയുമായെത്തിയ ശിവാനി പതിവില്ലാത്ത ചുറ്റിക്കറങ്ങിയപ്പോൾ  എന്തോ കാര്യ സാധ്യത്തിനാണെന്ന് നന്ദൻ ഊഹിച്ചു…

” ഏട്ടോയ്..  നിക്ക് ഒരു ആഗ്രഹം…  സാധിച്ചു തരോ “

” ആഹാ…  പറയ് പൊന്നേ …  എന്താ ആഗ്രഹം.. എന്താ നിനക്ക് വേണ്ടേ.. “

പ്രഗ്നന്റ് ആയ ശേഷം ആദ്യമായാണ് സഹധർമ്മിണി  ഒരാഗ്രഹവുമായി തന്റെ അരികിലേക്കെത്തുന്നത് അതുകൊണ്ട് തന്നെ കേട്ടപാടെ നന്ദനിലെ സ്നേഹ നിധിയായ ഭർത്താവ് സഡകുടഞ്ഞെഴുന്നേറ്റിരുന്നു

“അത്.. ഏട്ടാ… നിക്ക് ഏത്തയ്ക്കപ്പഴം തിന്നാൻ കൊതിയാകുവാ…ഏട്ടനൊന്നുവാങ്ങി തരോ….  “

“ങേ…”

ഒരു കവിള് ചൂട് ചായ വലിച്ചു കുടിച്ചതിനൊപ്പമായിരുന്നു ശിവാനിയുടെ ഇടിവെട്ട് ആഗ്രഹം കൂടി കേട്ടത്… കേട്ട നടുക്കത്തിൽ ചായ കുടിച്ചിറക്കാനും മറന്നു അവൻ.

” അമ്മേ എന്റെ നാക്ക് പൊള്ളി ”  ചായ തിരികെ നിലത്തേക്ക് തുപ്പുമ്പോൾ നന്ദന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു

” അയ്യോ….. പതിയെ കുടിക്ക് നന്ദേട്ടാ..  ചൂട് ചായയല്ലേ “

വേവലാതിയോടെ അരികിലേക്കിരുന്ന ശിവാനിയെ തുറിച്ചു നോക്കുമ്പോൾ നാക്ക് പൊള്ളിയ വേദനയായിരുന്നില്ല നന്ദനെ അലട്ടിയത് .

” നിനക്ക് ഇവിടുത്തെ പറമ്പിൽ നിന്ന് അച്ഛൻ വെട്ടി വച്ചേക്കുന്ന നല്ല ഒന്നാംതരം പൂവൻ പഴം കഴിച്ചാൽ പോരെ..  അതും ഒരു കുല പഴം…  ഈ ഏത്തക്കപ്പഴം തന്നെ വേണോ.. ഈ ഒരാഗ്രഹം ലോക്ക് ഡൌൺ കഴിയുന്നത് വരെ ഒന്ന് മാറ്റി വയ്ക്കാൻ പറ്റില്ലേ …  “

അറിവ് വച്ച കാലം മുതൽ പൊലീസെന്നു കേട്ടാൽ തനിക്കു മുട്ടിടിക്കുമെന്ന സത്യം ഭാര്യയോട് പറഞ്ഞു നാണം കെടാൻ ഒന്ന് മടിച്ചു നന്ദൻ. കേട്ടപാടെ ശിവാനിയുടെ മുഖത്തേക്ക് പതിയെ പതിയെ കരിനിഴൽ വീണു തുടങ്ങിയിരുന്നു…

” ഏട്ടന് എന്നോട് ഇത്ര സ്നേഹേ ഉള്ളു ല്ലേ….  പ്രഗ്നന്റാന്ന് അറിഞ്ഞപ്പോ  എന്തൊക്കെയായിരുന്നു ആന വേണോ ചേന വേണോ..

ന്നിട്ട് ഇപ്പോ ആദ്യായിട്ട് ഒരു ആഗ്രഹം പറഞ്ഞപ്പോ……. നമ്മുടെ കുഞ്ഞ് ഉണ്ട് എന്റെ ഉള്ളിൽ അത് മറക്കേണ്ട കേട്ടോ.. “

മുഖം കറുപ്പിച്ചു കൊണ്ടവൾ  എഴുന്നേൽക്കുമ്പോൾ കയ്യിൽ പിടിച്ചു നിർത്തി നന്ദൻ

” എനിക്ക് നിന്നോട് പെരുത്ത് സ്നേഹമാ പെണ്ണേ.. പക്ഷെങ്കില്  അത്രേം സ്നേഹം പോലീസുകാർക്ക് എന്നോട് ഉണ്ടാകില്ലലോ… അതാ ഒരു പേടി… ഒരുത്തൻ പഴം വാങ്ങാൻ പോയ കഥ ന്യൂസിൽ കണ്ടതല്ലേ നീ “

” ഓ പിന്നെ…  പോലീസുകാരും  മനുഷ്യർ അല്ലെ… കെട്ട്യോളും കുട്ട്യോളും ഒക്കെ ഉള്ള ആൾക്കാര് തന്നാ അവരും  ആവശ്യം പറഞ്ഞാൽ അവർക്ക് മനസ്സിലാകും ഏട്ടന് മടിയാണേൽ വേണ്ട…  എന്റെ ആഗ്രഹം ഞാൻ മനസ്സിൽ തന്നെ  വച്ചോളാം “

കൈ തട്ടി മാറ്റി അവൾ ഉള്ളിലേക്ക് പോകുമ്പോൾ നന്ദന്റെ ഉള്ളിലെ പോരാളി ഉണർന്നു..

‘ അല്ല പിന്നെ…. പറഞ്ഞത് ശെരിയല്ലേ…
ഗർഭിണിയായ കെട്ട്യോളുടെ ആഗ്രഹം നിറവേറ്റാൻ പോണ ഭർത്താവും പ്രപഞ്ചത്തിലെ വലിയ പോരാളി തന്നാ…  അവനെ തടയാൻ ഒരു  പോലീസുകാർക്കും കഴിയില്ല ‘

സധൈര്യം ചാടി എഴുന്നേറ്റു അവൻ ..

” ശിവാനി..  എന്റെ ഹെൽമറ്റും ബൈക്കിന്റെ ചാവിയും ഇങ്ങെടുക്ക് ഇപ്പോൾ തന്നെ  ഞാൻ പോയിട്ട് വരാം ഇനി വൈകിക്കേണ്ട  “

ആ ഗർജനം കേട്ട്  ശിവാനിയുടെ മുഖത്തു ആയിരം വോൾട്ടിന്റെ അഞ്ചു ബൾബുകൾ ഒന്നിച്ചു മിന്നി തിളങ്ങുന്ന ശോഭ തെളിയുമ്പോൾ  പോരാളി അകത്തെ മുറിയിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നിരുന്നു.

‘ കേരളത്തിൽ ലോക്ക് ഡൌൺ കാലാവധി നീട്ടിയ സാഹചര്യത്തിൽ  നിബന്ധനകൾ തെറ്റിച്ചു കൊണ്ട് അനാവശ്യ കാര്യങ്ങൾക്ക് റോഡിലേക്കിറങ്ങുന്നവർക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു..

ഇന്നലെ നടന്ന പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്…’

ഹെൽമറ്റും ബൈക്കിന്റെ കീയും കയ്യിലേക്ക് വാങ്ങി തിരിയുമ്പോൾ തന്നെ ടീവി ന്യൂസ്‌ ചാനലിൽ നിന്നും ആദ്യ പ്രഹരം കിട്ടി പോരാളിക്ക് ….

“ഈ പണ്ടാരം ന്യൂസ്‌ മാത്രമേ ഈ വീട്ടിൽ വയ്ക്കാനുള്ളോ.. മനുഷ്യനെ വെറുതെ പേടിപ്പിക്കാനായിട്ട്”

പിറു പിറുത്തുകൊണ്ടവൻ പുറത്തേക്കിറങ്ങി ബൈക്കിലേക്ക് കയറുമ്പോൾ പിന്നാലെ ഇറങ്ങി ചെന്നു ശിവാനി

” ഏട്ടൻ ഇപ്പോ തിരിച്ചു വരാം കേട്ടോ…  മോള് ശരീരം അധികം ഇളക്കാണ്ട് അവിടെങ്ങാൻ പോയിരിക്ക് “

ബൈക്ക് ഗേറ്റു കടന്ന് പോകുമ്പോഴേക്കും പതിയെ അകത്തേക്ക് പോയി അവൾ. ആവേശത്തിന്റെ പുറത്ത് ചാടിയിറങ്ങിയെങ്കിലും കവലയോടടുക്കുമ്പോൾ  നന്ദന്റെ ചങ്കിടിപ്പേറി.

‘ ഭഗവാനേ…  പോലീസ് ലാത്തിയുമായി ഈ ഭാഗത്തെങ്ങാൻ ഉണ്ടോ…’

പേടിച്ചു പേടിച്ചാണവൻ വണ്ടിയോടിച്ചേ. കവലയിലേക്ക്  കേറുന്നതിനു മുന്നേ ഉള്ള ഒരു പലചരക്കു കടയിൽ തിരക്കിയപ്പോൾ ദൈവം സഹായിച്ചു പഴം തീർന്നു പോയിരുന്നു.

” മോനെ ജംഗ്‌ഷനിൽ ഒരു കട തുറന്നിട്ടുണ്ട്. അവിടെ ചെല്ല്  അവിടുന്ന് കിട്ടും “

കടയിലെ അമ്മാവന്റെ സ്നേഹ വാക്കുകൾ നന്ദന്റെ നെഞ്ചിടിപ്പേറ്റി.

‘ അടിയാണോ അമ്മാവാ ‘

ആത്മഗതത്തോടെ ഒരു വിധം പേടിച്ചു പിടിച്ചവൻ ബൈക്കുമായി ജംഗ്‌ഷനിലെ കടയ്ക്കു മുന്നിലെത്തി…  പുറത്ത് തന്നെ നല്ല നാടൻ ഏത്തയ്ക്ക കുല കെട്ടിത്തൂക്കിയേക്കുന്നത് കണ്ടപ്പോഴാണ് പകുതി ആശ്വാസമായത്.

” ചേട്ടാ….  ഒന്ന് …   രണ്ട്.. അല്ല മൂന്ന് കിലോ ഏത്തക്കായ..  ഒന്ന് വേഗം പൊതിഞ്ഞു തരണേ “

ബൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ നന്ദൻ വിളിച്ചു കൂവി.

“ഇനി ഒരു കിലോ തികഞ്ഞില്ലേൽ വീണ്ടും ഞാൻ തന്നെ വരേണ്ടേ..  ഒന്നിൽ പിഴച്ചാൽ മൂന്ന് ….  ഒന്നിനും ഒരു കുറവ് വേണ്ട.. മൂന്ന് കിലോ തന്നെ ഇരിക്കട്ടെ ” പിറു പിറുത്തു കൊണ്ടവൻ വീണ്ടും ചുറ്റുമൊന്നുപരതി

” ചേട്ടാ..  പോലീസെങ്ങാൻ ഈ വഴിക്ക് വന്നുവോ “

“രാവിലെ ഒരു റൗണ്ട് പോയി മോനെ..  ബൈക്കിൽ കറങ്ങാൻ ഇറങ്ങിയ രണ്ട് പിള്ളേരേം പൊക്കിക്കൊണ്ട് പോയതാ പിന്നെ ഈ വഴിക്ക് കണ്ടില്ല..  ” കടക്കാരന്റെ മറുപടി നന്ദന്റെ പേടി കൂട്ടി.

“ഭഗവാനേ…  രാവിലെ തന്നെ ഇവന്മാര് പണി തുടങ്ങിയാ…  ഒന്ന് വേഗം ആകട്ടെ ചെട്ടാ വീട്ടിൽ വൈഫ് ഒറ്റയ്ക്കാണേ..  പെട്ടെന്ന് തിരികെ ചെല്ലണം”

“ഉവ്വാ…  ഉവ്വാ.. “

അവന്റെ  വെപ്രാളം കാൺകെ ആക്കിയൊന്ന് ചിരിച്ചു കൊണ്ടാണ്  കടക്കാരൻ പഴം പൊതിഞ്ഞെടുത്തത്.   ഒന്ന് ചമ്മിയെങ്കിലും അന്തസായി തന്നെ വീണിടത്തു കിടന്നുരുണ്ടു നന്ദൻ

” ഏയ് പേടിച്ചിട്ട് അല്ല ചേട്ടാ…..  വൈഫ്‌ ഒറ്റയ്ക്കാ അതാ… പ്രഗ്നന്റാണെ… “

ഒന്ന് ഭംഗിയിൽ പല്ലിളിച്ചു കാട്ടി ചിരിച്ചുകൊണ്ട് പഴത്തിന്റെ കാശും കൊടുത്തു പൊതിയും വാങ്ങി ബൈക്കിൽ തൂക്കിയിട്ട് വേഗം വണ്ടി സ്റ്റാർട്ട്‌ ആക്കി നന്ദൻ.

വന്ന വഴി വണ്ടി തിരിച്ചപ്പോഴേക്കും പകുതി ആശ്വാസമായി കവല കഴിഞ്ഞു കുറച്ചു മുന്നിലേക്ക് എത്തിയതും ഫോൺ റിങ് ചെയ്തു…

പെട്ടെന്ന്  റിങ് ടൂൺ കേട്ടപ്പോൾ  ഒന്ന് പേടിച്ചെങ്കിലും വെട്ടിച്ചു  വെട്ടിച്ചു റോഡരുകിൽ  കണ്ട  നോട്ടീസ് ബോർഡിന് മുന്നിൽ വണ്ടി നിർത്തി അവൻ.

ഫോൺ കയ്യിലേക്കെടുത്തു നോക്കുമ്പോൾ ശിവാനിയായിരുന്നു വിളിക്കുന്നത്.

” നന്ദേട്ടനെവിടെയാ…..  എന്തേലും പ്രശ്നം ഉണ്ടോ…  പഴം കിട്ടിയോ… “

“എന്ത് പ്രശ്നം…. പോലീസിന്റെ കളി പാവങ്ങളോട് മാത്രം…   എന്നെയൊക്കെ തടയാൻ  അവന്മാരൊന്ന് വിറയ്ക്കും..  മൂന്ന് കിലോ പഴം വാങ്ങീട്ടുണ്ട് ഞാൻ.. നീ കഴിച്ചിട്ട് ബാക്കിയുള്ളത് നമുക്ക് പഴംപൊരി ഉണ്ടാക്കാം.. ഞാൻ ഇപ്പോ അങ്ങ് വരും നീ ഫോൺ വച്ചോ “

കിട്ടിയ അവസരത്തിൽ നൈസിനൊരു തള്ള് തള്ളാൻ മറന്നില്ല നന്ദൻ.

” അല്ലേലും എന്റേട്ടൻ പൊളിയല്ലേ..  ഏട്ടനിങ്ങ് വാ വേഗം ഞാൻ കാത്തിരിക്കുവാ  “

സന്തോഷത്തോടെയവൾ കോൾ കട്ടാക്കുമ്പോൾ അല്പമൊന്ന് പൊങ്ങി നന്ദൻ

‘പിന്നല്ല..  നമ്മളോടാ കളി ‘

ഒരു മൂളിപ്പാട്ടും പാടി ഫോണും പോക്കറ്റിൽ ഇട്ട് ബൈക്ക് വീണ്ടും സ്റ്റാർട്ട് ചെയ്തതും അപ്രതീക്ഷിതമായി എവിടെ നിന്നോ ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്ന് അവന്റെ ബൈക്കിനു മുന്നിൽ നിന്നതും ഒരുമിച്ചായിരുന്നു.

പെട്ടെന്ന് പോലീസിനെ കണ്മുന്നിൽ  കണ്ട നന്ദന്റെ പെരു വിരൽ തൊട്ട് നെറുകുംതല വരെ ഒരു തരിപ്പുണ്ടായി.

” എവിടെ പോകുവാടാ…  ലോക്ക് ഡൌൺ ആണെന്ന് അറില്ലേ നിനക്ക്….  “

ജീപ്പിൽ നിന്നിറങ്ങിയ ആജാനബാഹുവായ എസ് ഐ യെക്കാൾ അവനെ പേടിപ്പിച്ചത് അയാളുടെ കയ്യിലിരുന്ന ലാത്തിയിരുന്നു.

” എവിടെയാടാ നിന്റെ സത്യവാങ്മൂലം…  എവിടെ പോവാ നീ “

പിന്നിൽ നിന്നും ചാടിയിറങ്ങിയ പോലീസുകാർ   തിരക്കുമ്പോഴാണ്  അങ്ങിനെയൊരു സാധനത്തിനെ പറ്റി നന്ദൻ ഓർത്തത് പോലും..

” സ..സത്യ…  സത്യവാങ്മൂലം… അത്….. പിന്നെ…  “

കിളി പോയ അവസ്ഥയിൽ പോക്കറ്റിൽ ചുമ്മാ മാറി മാറി പരതുമ്പോൾ ഒരു കാര്യം നന്ദൻ മനസ്സിലുറപ്പിച്ചു

‘ യസ്… ഫൈനലി.. ഐ ആം ട്രാപ്പ്ഡ്..

നന്ദനെ വിളിച്ചു അര മണിക്കൂർ കഴിഞ്ഞിട്ടും അവൻ തിരിച്ചെത്താതായപ്പോൾ ഉള്ളിലെവിടെയോ ഒരു പേടി ഉടലെടുത്തു ശിവാനിക്കും..

‘ ഇപ്പോ വരാം ന്ന് പറഞ്ഞ ആളിതെവിടാ ഭഗവാനേ.. സമയം കുറെയായല്ലോ ഒന്ന് വിളിച്ചു നോക്കാം.’

ഫോൺ എടുക്കാൻ  അകത്തെ മുറിയിലേക്ക് പോകവെയാണ് ഒരു നിമിഷം അവളുടെ നോട്ടം ടീവി ന്യൂസിലേക്ക് പതിഞ്ഞത്. കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ ന്യൂസ്‌ വായിച്ചുകൊണ്ടിരുന്ന ചേച്ചിയുടെ സാരിയിലേക്ക് എന്ന് പറയാം…

‘ അമ്പോ  എന്ത് സ്റ്റൈൽ സാരിയാണ് കാശ് കുറെയായി കാണും…  പൊളി സാധനം… ‘

അമ്പരപ്പോടെ അവൾ നോക്കി നിൽക്കുമ്പോൾ തന്നെ കണ്ണുവച്ചതറിയാതെ ആ ചേച്ചി തകൃതിയായി വാർത്താവായന തുടർന്നു….

‘ ന്യൂസിൽ ഇനി ചുറ്റുവട്ടം…. നന്മ മരങ്ങൾ കടപുഴകിയിട്ടില്ല.. ലോക്ക് ഡൗണിൽ വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് വിശപ്പകറ്റാൻ പഴങ്ങൾ വാങ്ങി നൽകി യുവാവ് ശ്രദ്ധേയനാകുന്നു…

അല്പം മുൻപ് നടന്ന സംഭവം കൂടെയുള്ള പോലീസുകാരിൽ ആരോ മൊബൈൽ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കു വച്ചു മിനിറ്റുകൾ കൊണ്ട് വൈറലാക്കുകയായിരുന്നു.

സ്ഥിരമായി പോലീസ് വാഹന പരിശോധന നടത്തുന്ന കവല കഴിഞ്ഞുള്ള നോട്ടീസ് ബോർഡിന് മുന്നിൽ കാത്തുനിന്നാണ് ഈ  സ്നേഹോപഹാരം നൽകിയത് എന്നത് ഏറെ ശ്രദ്ധേയമാകുന്നു.

ഈ നന്മ നിറഞ്ഞ പ്രവൃത്തി ചെയ്ത  നന്ദൻ എന്ന ചെറുപ്പക്കാരനെ പ്രത്യേകം അഭിനന്ദിച്ചു കൊണ്ട് ഡിജിപിയും രംഗത്തെത്തി. ‘

നന്ദൻ എന്ന പേര് കേട്ടപ്പോഴാണ് ശിവാനിയുടെ ശ്രദ്ധയും ചേച്ചിയിൽ നിന്നു ന്യൂസിന്റെ ഓരത്ത് കാട്ടിയ വീഡിയോ ദൃശ്യത്തിലേക്ക് തിരിഞ്ഞത്….

‘ ഭഗവാനേ…  ഇത് ന്റെ നന്ദേട്ടൻ  അല്ലെ… ഇങ്ങേരു ഇതെപ്പോ ചെയ്തു…  യ്യോ..  എനിക്ക് വാങ്ങിയ പഴം ദേ പോലീസുകാര് തിന്നണു  ‘

അന്തംവിട്ടവൾ നോക്കി നിൽക്കുമ്പോൾ പുറത്ത് നന്ദന്റെ ബൈക്ക് വന്നു നിന്ന ശബ്ദം കേട്ടു.. വെപ്രാളത്തിൽ പുറത്തേക്ക് ചെല്ലുമ്പോൾ വണ്ടി ഷെഡിൽ വച്ചു വെറും കൈയോടെ നന്ദൻ പതിയെ നടന്നു വന്നു അവൻ.

‘ ദേ വരുന്നു തോറ്റു മടങ്ങി നിന്റെ മോ…… ൻ ‘

ആ കാഴ്ച കാൺകെ യോദ്ധയിലെ ഡയലോഗാണ് ആദ്യം ശിവാനിയുടെ ഓർമയിലേക്ക് വന്നത്.

” ഏട്ടാ എന്താ പറ്റിയെ…  ദേ ന്യൂസ്‌ ചാനലിലൊക്കെ ഏട്ടനെ പ്രശംസിച്ചു വാർത്ത  വരുന്നു.. ഡിജിപി യൊക്കെയാ ആശംസകൾ പറയുന്നേ എന്താ.. എന്താ  സംഭവിച്ചേ….  “

ആ വേവലാതി കാൺകെ ഒരു പുഞ്ചിരിയോടെ പതിയെ അവളുടെ ചുമലിൽ കയ്യിട്ടു തന്നോട് ചേർത്തു പിടിച്ചു വീടിനുള്ളിലേക്ക് കയറി നന്ദൻ അപ്പോഴും അവന്റെ കൈകളിലെ വിറയൽ മാറിയിരുന്നില്ല.

“അറിഞ്ഞു ന്യൂസിൽ ഞാൻ താരമായത്…  നിമിഷ നേരം കൊണ്ട് ഞാൻ വൈറൽ ആയില്ലേ. എന്തായാലും സംഭവം കളറായി..ന്റെ ഭഗവാനേ…  ഇപ്പോഴും ആ നെഞ്ചിടിപ്പ് മാറീല…”

ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം ഒറ്റ വലിക്കു അകത്താക്കി അവൻ തിരികെ വന്ന്  സെറ്റിയിലേക്കിരുന്നു ഒപ്പം ശിവാനിയും

“എന്റെ ശിവാ.. നിന്റെ കോളു വന്നപ്പോൾ അറ്റന്റ് ചെയ്യാനായി സൈഡിലേക്ക് വണ്ടി ഒന്ന് നിർത്തിയതാ..

അവിടെ ഒരു നോട്ടീസ് ബോർഡ് ഉണ്ടെന്നോ..  അവിടെയാണ് സ്ഥിരമായി പോലീസ് ചെക്കിങ്ങിനു നിൽക്കുന്നതെന്നോ തമ്പുരാൻ സത്യം..  എനിക്ക് അറില്ലാരുന്നു….

കോൾ കട്ട് ചെയ്ത് ബൈക്ക് സ്റ്റാർട്ട്  ചെയ്തതാ  അന്നേരം ദേ എവിടെ നിന്നോ സിനിമാ സ്റ്റൈലിൽ ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്ന് മുന്നിൽ നിന്നു.

എസ് ഐയും പോലീസുകാരും ചാടി ഇറങ്ങി കയ്യിൽ നല്ല യമണ്ടൻ ലാത്തിയും..  പേടിച്ചു വിറച്ച ഞാൻ പാന്റിൽ കൂടി മുള്ളാത്തത് മുൻജന്മ സുകൃതം. പിന്നെ ദേ ചറ പറാ ചോദ്യങ്ങൾ…

എവിടെ പോണു…  സത്യവാങ്മൂലം എവിടെ… അതെവിടെ..  ഇതെവിടെ.. അങ്ങിനങ്ങിനെ…… എല്ലാം കൂടി കേട്ടപ്പോ എന്റെ കിളി പോയി. വിറച്ചു വിറച്ചു എന്തൊക്കെയോ മറുപടി ഞാൻ പറഞ്ഞൊപ്പിച്ചു ദൈവം സഹായിച്ചു കയ്യിൽ ആ പൊതിയിരുന്നത് നന്നായി…

ഒടുവിൽ ഞാൻ  പോലീസുകാർക്ക് സഹായമെത്തിക്കാൻ വന്നവനായി പിന്നെ അഭിനന്ദനങ്ങളായി സെൽഫികളായി….

ഇപ്പോ ദേ ഫോൺ വഴി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വക അഭിനന്ദന പ്രവാഹവും .  നിമിഷങ്ങൾ കൊണ്ട് ഞാൻ വൈറൽ ആയി “

അപ്പോഴേക്കും ന്യൂസ്‌ കണ്ട് ശിവാനിയുടെ സുഹൃത്തുക്കളുടെ വകയും  ആശംസകളും എത്തിത്തുടങ്ങിയിരുന്നു

” എന്റെ നന്ദേട്ടാ… നിങ്ങള് ഒരു സംഭവാ ട്ടാ……..   ന്നാലും എന്റെ ഏത്തയ്ക്കപ്പഴം അതിനിനി ഞാൻ എന്ത് ചെയ്യും…   “

അപ്പോഴും ആ ഒരു വിഷമം മാത്രം ശിവാനിയിൽ ബാക്കിയായി. അവളുടെ വാടിയ മുഖം പതിയെ പിടിച്ചുയർത്തി പുഞ്ചിരിയോടെ പോക്കറ്റിൽ നിന്നും ഒരു ഏത്തയ്ക്കാപ്പഴം പുറത്തേക്കെടുത്തു നന്ദൻ…

” ദേ നോക്ക് ശിവാ…  അങ്ങിനെ നിന്റെ ആഗ്രഹം സാധിച്ചു തരാതിരിക്കത്തൊന്നുമില്ല ഈ നന്ദൻ… അതിനിടക്ക്  പോലീസുകാര് കാണാതെ നൈസിനു ഒരു പഴം ഞാൻ ഒളിപ്പിച്ചു…. ” അത് കാൺകെ വീണ്ടും ശിവാനിയുടെ മിഴികൾ വീണ്ടും തെളിഞ്ഞു.

” ഹായ്….  എന്റേട്ടൻ വീണ്ടും പൊളിയാ… വേറെ ലെവൽ ” അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം നൽകി ശിവാനി…

” ഹമ്പോ..  വേറെ ലെവൽ… പോലീസിന്റെ ലാത്തിയുടെ മുദ്ര മുതുകിൽ പതിയേണ്ടതാ…  എന്തോ ഒരു ഭാഗ്യത്തിന് ഇങ്ങനൊക്കെ ആയി…  ന്റെ പൊന്ന് സഹധർമ്മിണി…

ഇനി ഈ ലോക്ക്ഡൌൺ തീരുന്നത് വരെ ഇങ്ങനുള്ള ആഗ്രഹങ്ങൾ ഒന്നും പുറത്തെടുത്തെക്കരുതേ… എനിക്ക് കിടന്ന് പോലീസിന്റെ തല്ലു കൊള്ളാൻ വയ്യേ….. “

തൊഴുകൈയ്യോടെ നന്ദൻ പുഞ്ചിരിക്കുമ്പോൾ അവന്റെ മാറിലേക്ക് ചാഞ്ഞു ശിവാനി….

” ആഗ്രഹങ്ങൾ ഒഴിവാക്കാം പക്ഷെ ഏട്ടന്റെ തള്ളും ഒരല്പം കുറയ്ക്കണം കേട്ടോ….  ഫോണിലൂടെ എന്തൊക്കെയായിരുന്നു…  പഴം പൊരിക്കു കുഴച്ചു വച്ച മാവ് ഇനി എടുത്ത് കളയണം “

അവളുടെ രസികൻ കമന്റ് കേൾക്കെ പൊട്ടിച്ചിരിച്ചു പോയി നന്ദൻ. ഒപ്പം ശിവാനിയും

Leave a Reply

Your email address will not be published. Required fields are marked *