നീയിന്നേതോ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു വലിക്കുന്ന കണ്ടെന്നു ക്യാന്റീനിലെ രഘു..

(രചന: Kannan Saju)

” നീയിന്നേതോ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു വലിക്കുന്ന കണ്ടെന്നു ക്യാന്റീനിലെ രഘു പറഞ്ഞു…  നേരാണോ?  “

മിഥുന്റെ റൂമിനു മുന്നിൽ വാതിലിനരികിൽ വന്നു നിന്നുകൊണ്ട് അവന്റെ അച്ഛൻ മഹേഷ്‌ ചോദിച്ചു… മിഥുൻ മൊബൈൽ മാറ്റി വെച്ചു കട്ടിലിൽ നിന്നും എഴുന്നേറ്റു….

അഞ്ചര അടി മാത്രം ഉയരം ഉള്ള മെലിഞ്ഞൊട്ടിയ മഹേഷ്‌ കൈലി മുണ്ടും ഇന്നർ ബനിയനും ആണ് ധരിച്ചിരുന്നത്.. കാഴ്ചയിലെ അയ്യാൾ അവശനായിരുന്നു…

മിഥുൻ ആറടിയോളം പൊക്കവും ജിമ്മിൽ പെരുപ്പിച്ച മസ്സിലുമായി ത്രീ ഫോർത്തും സ്ലീവ്ലെസും ധരിച്ചിരിക്കുന്നു..

” ഇല്ല… അത്…. ഞാൻ “

” നീ എന്റെ മുഖത്തേക്ക് നോക്ക്… “

അയ്യാൾ കടുപ്പിച്ചു പറഞ്ഞു…  അച്ഛന്റെ മുഖത്ത് നോക്കിയതും അവന്റെ കണ്ണുകൾ നിറഞ്ഞു…

” ഞാൻ അച്ഛന് മോശവും എന്നൊന്നും വിചാരിച്ചില്ല… സോറി ” അയ്യാൾ അടുത്തേക്ക് വന്നു അവന്റെ കൈ മസിലിൽ പിടിച്ചു…

” ഈ മസിലും വെച്ചു നീ കരഞ്ഞാൽ ഒരു ഭംഗിയില്ല മിഥുൻ.. നീ ഇരിക്ക് ” മിഥുൻ അച്ഛനെ നോക്കി…

” ഇരിക്കടാ.. അച്ഛനും ഇരിക്കുവാ.. ” ഇരുവരും ഇരുന്നു…

” അച്ഛന് മോശവുന്ന കാര്യം അല്ല… പക്ഷെ പബ്ലിക്കിൽ ആയാലും ആരും ഇല്ലാത്തിടത്തായാലും ഒരിക്കലും ഒരു പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടത്തരുത് “

മിഥുൻ കണ്ണുകൾ തുടച്ചു..

” അച്ഛാ.. ഞാനതു പറയാൻ ഇരിക്കുവായിരുന്നു… ഞാനും ആർച്ചയും തമ്മിൽ പ്രണയത്തിൽ ആണ് “

” ഓഹോ.. നല്ല കാര്യം… “

” അവളുടെ കയ്യാണച്ഛാ ഞാൻ പിടിച്ചു വലിച്ചത്… “

” എന്തിനു?  “

” അത്… അത് എന്നോട് പറയാതെ അവൾ ഫ്രണ്ട്സിനൊപ്പം ഫിലിമിന് പോയി… ബോയ്സും ഉണ്ടായിരുന്നു കൂടെ.. ചോദിച്ചപ്പോ തർക്കുത്തരം പറഞ്ഞു നിക്കാതെ പോയി.. അതാ ഞാൻ.. “

മഹേഷ്‌ എന്തോ ആലോചിച്ചു… ശേഷം

” നിങ്ങൾ ഇഷ്ട്ടപ്പെടുന്നതിനു മുൻപും അവൾ കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയിരുന്നില്ലേ?  “

” ഉം “

” പിന്നെ ഇപ്പൊ എന്താ പ്രശ്നം?  “

” അന്നവൾ ഒറ്റക്കല്ലേ… ഇപ്പൊ അവൾ എന്റെ അല്ലേ അച്ഛാ?  ചോദിച്ചിട്ടു വേണ്ടേ പോവാൻ?  ” മഹേഷ്‌ മിഥുനെ നോക്കി ചിരിച്ചു…

“മിഥുൻ, ഈ പ്രണയം എന്നത്  കിളികളെ പോലെയാണ്.. ഒരുപാട് മുറുക്കി പിടിച്ചാൽ അതിനു ജീവൻ നഷ്ടപ്പെടും ഒരുപാടു അഴച്ചു പിടിച്ചാൽ അത് പറന്നു പോവും.. അതിനെ ഒരു പാകത്തിന് പിടിക്കാവൂ ” മിഥുൻ വാ പൊളിച്ചിരുന്നു…

” മനസ്സിലായില്ല ?  “

” ഇല്ല “

” എന്നുവെച്ചാൽ ആദ്യം മനസ്സിലാക്കേണ്ടത് ഒരു പെൺകുട്ടി ഇഷ്ടമാണെന്നു പറഞ്ഞാൽ അതിനർത്ഥം അവൾ നമുക്ക് അടിമയാണന്നല്ല..

നോക്കു, നീ അവളെ ഇഷ്ട്ടപെടുന്നതിനു മുന്നേയും അവൾ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു.. അങ്ങനെ ഉള്ള അവളെയാണ് നീ ഇഷ്ടപ്പെട്ടത്.. പിന്നെ എന്താണ് കുഴപ്പം ?  “

” അങ്ങന ചോദിച്ചാൽ “

” മഞ്ഞപ്പിത്തം പിടിച്ചവന് കാണുന്നതെല്ലാം മഞ്ഞയായി തോന്നും എന്നൊരു പഴമൊഴി ഉണ്ട് മിഥുൻ…

നിങ്ങൾ മറ്റു പെൺകുട്ടികളെ കാണുകയും അവരോടു പെരുമാറുകയും അവരെ പറ്റി പറയുകയും ചെയ്യുന്ന കാര്യങ്ങൾ തന്നെ ആവും നിന്റെ പെണ്ണിനോട് മറ്റുള്ള ആണുങ്ങളും ചെയ്യുന്നത് എന്ന തോന്നൽ അല്ലേ?  “

മിഥുൻ ഒന്നും മിണ്ടിയില്ല

” ആ ഭയം ഇല്ലാതിരിക്കണം എങ്കിൽ ആദ്യം നിങ്ങൾ മാറി ചിന്തിക്കണം…

രണ്ട് അവളുടെ മനസ്സ് മറ്റാരെങ്കിലും സമീപിച്ചാൽ മാറും എന്ന് നീ ഭയക്കുന്നുണ്ടങ്കിൽ പിന്നെ അവളുടെ സ്നേഹത്തിൽ നിനക്കെന്താണ് വിശ്വാസം ഉള്ളതു..?  നിന്റെ സ്നേഹത്തിനു എന്താണ് ആത്മാർത്ഥത ഉള്ളത് ???

അപ്പോഴും മിഥുൻ മൗനം പാലിച്ചു

” അവളിൽ നിനക്ക് പൂർണ വിശ്വാസം ഉണ്ടാവണം.. അവളെ സ്വതന്ത്രയായി വിടണം.. പ്രണയത്തിന്റെ പേരിൽ പൊസ്സസ്സീവ് ആയി അവരെ തടയാൻ ശ്രമിക്കും തോറും അവരുടെ ഉള്ളിൽ നിന്നും നീ പറിച്ചെറിയപ്പെടും..

എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ ആണ്.. ഈ കൊച്ചു ജീവിതത്തിനിടയിൽ ആരെയും മാറ്റി എടുക്കാൻ നമുക്കു സമയവും തികയില്ല ആരും മാറാനും തയ്യാറാവില്ല..

ഒരാൾ എങ്ങനാണോ അയ്യാളെ അങ്ങനെ കണ്ടു അംഗീകരിച്ചു സ്നേഹിക്കാൻ പഠിക്കണം.. നമ്മൾ ആണുങ്ങളെ പോലെ അല്ല പെൺകുട്ടികൾ… അവർക്കു മാനസികവും ശാരീരികവും ആയി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവും.. നടക്കുന്ന വഴിയിൽ, വരുന്ന ബസ്സിൽ, ബസ് സ്റ്റോപ്പിൽ…

ഒരായിരം പേരുടെ കണ്ണുകൊണ്ടും കൈകൊണ്ടും ഉള്ള പീഡനങ്ങൾ, ക്ലാസ്സിൽ വന്നാൽ സഹപാഠികൾ ആയ ആൺകുട്ടികളുടെ തുറിച്ചു നോട്ടങ്ങളും മുനവച്ച വാക്കുകളും,

മാസമുറ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, വീട്ടിൽ അടുക്കളയിൽ അമ്മയെ സഹായിക്കണം, അച്ഛന്റെ വസ്ത്രങ്ങൾ തേച്ചു കൊടുക്കണം..

അങ്ങനെ ആൺകുട്ടികൾക്ക് പറഞ്ഞാൽ മനസ്സിലാവാത്ത അനുഭവിച്ചു അറിയാൻ കഴിയാത്ത ഒരുപാട് കടമ്പകൾ കടന്നാണ് ഓരോ പെണ്ണും ജീവിക്കുന്നത്..

അതിനിടയിൽ അവർ ഒരാൾക്ക് അവരുടെ സ്നേഹം തരുന്നുണ്ടങ്കിൽ അയ്യാളെ അത്രത്തോളം സ്നേഹവും വിശ്വാസവും ഉള്ളത് കൊണ്ടാണ് മോനേ…

അത് മുതലെടുക്കരുത്.. കാമുകിയും ഭാര്യയും ഒന്നും അടിമകൾ അല്ല.. അവർ നമ്മുടെ പങ്കാളികൾ ആണ്… തുല്യരാണ്… അവരെ സ്വതന്ത്രമായി വിടണം.. “

അയ്യാൾ കട്ടിലിൽ നിന്നും എഴുന്നേറ്റു…

” ഇതൊന്നും പറഞ്ഞു തരാൻ എനിക്കാരും ഉണ്ടായിരുന്നില്ല.. നിന്റെ അമ്മ ഇറങ്ങിപ്പോയപ്പോൾ ആണ് ഞാൻ അവളുടെ വില അറിയുന്നത്.. നീയും എന്റെ തെറ്റുകൾ ആവർത്തിക്കരുത്… “

” ഞാൻ എന്താ അച്ഛാ ചെയ്യണ്ടേ?  “

” അച്ഛനോ നിനക്കോ മോശം വരും എന്ന് കരുതി പബ്ലിക്കിൽ മാത്രം അല്ല.. നിങ്ങൾ തനിച്ചുള്ളപ്പോഴും അവളോട് തുല്യ ബഹുമാനത്തോടെ പെരുമാറണം “

” ചെയ്യാം അച്ഛാ…. ഞാൻ അവളെ വിളിച്ചു സോറി പറയട്ടെ?  “

” കാര്യായിട്ടാണോ ?  “

” അതെ അച്ഛാ.. എനിക്കവളോട് സോറി പറയണം..”

” എന്നാ വിളിച്ചു പറയാൻ നിക്കണ്ട.. ഹാളിലേക്ക് ചെല്ല്.. അവിടിരുപ്പുണ്ട് അവൾ ” മിഥുൻ ഞെട്ടലോടെ നിന്നു

മഹേഷ്‌ ചിരിച്ചു കൊണ്ടു കണ്ണടച്ച് കാണിച്ചു.. മിഥുൻ ഹാളിലേക്ക് ഓടി ചെന്നു.. അവനെ കണ്ട ആർച്ച എഴുന്നേറ്റു നിന്നു

” സോറി ആർച്ച… ” അവൾ ചിരിച്ചു.. മിഥുൻ അവളെ ചേർത്തു കെട്ടിപ്പിടിച്ചു…

” ഉഹും ഉഹും… ” മഹേഷ്‌ ചുമക്കുന്ന പോലെ അഭിനയിച്ചു.. മിഥുൻ വേഗം ആർച്ചയുടെ പിടുത്തം വിട്ടു…

ഇരുവരും ചമ്മലോടെ നിന്നു…  മഹേഷ്‌ അവരെ നോക്കി പുഞ്ചിരിച്ചു….. ഒരച്ഛന്റെ ധർമ്മം പൂർത്തിയാക്കിയവന്റെ പുഞ്ചിരി…

Leave a Reply

Your email address will not be published. Required fields are marked *