(രചന: Kannan Saju)
” പുരുഷനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്റേതല്ല അല്ലെങ്കിൽ എനിക്കില്ല. പക്ഷെ സ്വർണ്ണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്റേത് ആണ് “
പണ്ടെപ്പോഴോ കണ്ടിട്ടുള്ള ആ സ്വർണ്ണ പരസ്യം ഓർത്തുകൊണ്ട് ഇളയമ്മ നൽകിയ മാലയിലേക്കു നോക്കി ഞാൻ ഇരുന്നു..
” ഇതിന്റെ ഒക്കെ നന്ദി വേണോട്ടോ” ഇളയമ്മയുടെ മകളുടെ വാക്കുകൾ നീലിമയുടെ കാതിൽ പതിഞ്ഞു…
മുട്ടുകളിൽ കീറൽ ഉള്ള ജീൻസും നെഞ്ചിൽ പിങ്ക് നിറത്തിൽ മുയലിന്റെ ചിത്രവും ഉള്ള ബനിയനും ധരിച്ചു നിന്ന ഇളയമ്മയുടെ മകൾ പറഞ്ഞത് സത്യത്തിൽ തറച്ചത് എന്റെ കാതുകളിൽ ആയിരുന്നില്ല.. നെഞ്ചിലായിരുന്നു…
ഒന്നും വാങ്ങി തരാൻ ആരും ഇല്ലാത്തവൾ ഔദാര്യം തരുന്നവരുടെ വാക്കുകൾ കേൾക്കാൻ ബാധ്യസ്ഥയാണ്.എല്ലാവരും ഉണ്ടായിട്ടും അനാഥയെ പോലെ ജീവിക്കേണ്ടി വന്നവൾ ആണ് ഞാൻ..
സ്വന്തം മകൾ അല്ലെന്നു പറഞ്ഞ അച്ഛൻ മാറ്റി നിർത്തി… അതോടെ അമ്മയ്ക്കും ഞാനൊരു ഭാരമായി.. അനിയത്തി പിറന്നപ്പോ പിന്നെ എല്ലാത്തിനും അവൾക്കു പകരക്കാരി ആയി.
രണ്ട് വയസ്സ് മാത്രം വ്യത്യാസമുള്ള അവളുടെ എല്ലാം പിന്നീട് തനിക്കുള്ളത്.. അതും കിട്ടിയാൽ ആയി.. അച്ഛന് കള്ള് കുടിക്കാൻ തന്നെ ഒന്നും തികയില്ല… അമ്മക്ക് കാമുകനെ വിട്ടിട്ടു മറ്റൊന്നും ഇല്ല.
ചെരുപ്പ് മുതൽ അടിവസ്ത്രം വരെ അനിയത്തി ഇട്ടതു ഉപയോഗിച്ച് വളരേണ്ടി വന്നവൾ പറ്റി പറഞ്ഞാൽ പലർക്കും ദഹിക്കില്ല…
എനിക്കെല്ലാം ജീവിതത്തിൽ രണ്ടാമതായിരുന്നു… എനിക്കുന്നു ഒന്നും കിട്ടിയിട്ടില്ല.. കുറെ ശാപവാക്കുകൾ അല്ലാതെ…
” അപ്പനും അമ്മേം ഒന്നും ചെയ്തില്ലേൽ എന്താ.. ഇപ്പൊ ഇളയമ്മ തന്നു.. ഇന്നലെ കൊച്ചച്ചൻ തന്നു.. അമ്മാവനും കൊണ്ടു വരും.. അതൊക്കെ ധാരളമല്ലേ നിനക്ക് ” മുറുക്കി തുപ്പിക്കൊണ്ടുള്ള അമ്മമ്മയുടെ വാക്കുകൾ അവർ തുപ്പുന്നത് ചോര പോലെ തോന്നിപ്പിച്ചു..
ഇന്നും സ്വന്തം പുരുഷനെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത പെണ്ണിന്റെ നാട്ടിൽ സ്വന്തം കല്യാണത്തിന് ഒരു തരി പോന്നെടുക്കാനും വിധിയില്ലാത്തവളായി താൻ മാറിയിരിക്കുന്നു..
” ഇതിപ്പോ എന്നാ… അവള് രണ്ട് മസ്സോന്നു ഇട്ടൂന്നല്ലേ ഉളളൂ.. ഒന്നുല്ലാണ്ട് ഇറങ്ങി പൊനേക്കാൾ ഭേദല്ലേ? “
ഇളയമ്മ… ഇളയമ്മക്ക് ഞാൻ ഒരു കളിപ്പാവ ആണ്.. സ്വന്തമായൊരു ജോലി ഒരു സ്വപ്നമായിരുന്നു.. നഴ്സിങ്ങു് പോണം..
പുറത്തേക്കു പോണം സമ്പാദിക്കണം… അന്ന് ഇളയമ്മ പറഞ്ഞു, ദൂരെ വിട്ടു പഠിപ്പിച്ചാൽ പെൺകുട്ടികൾ പിഴച്ചു പോവുമെന്ന്…
പേരിനൊരു ഡിഗ്രി.. അത് മതി… എല്ലാവരും അത് കേട്ടു… ഇന്ന് പഠിത്തം പൂർത്തിയാക്കും മുന്നേ എന്നെ കെട്ടിച്ചു ഭാരം ഒഴിവാക്കുമ്പോൾ ഇളയമ്മയുടെ മകൾ പടിക്കുന്നതോ ഹൈദരാബാദിൽ.. എത്ര വിചിത്രം…
ഒരു തരി പൊന്നും എനിക്ക് വേണ്ടെന്റെ ഇളയമ്മേ… അയ്യാളെ നിനക്ക് ഇഷ്ടായോ എന്നൊരു വാക്ക്.. അത് പോലും ഈ പെണ്ണായി പിറന്നവൾ അർഹിക്കുന്നില്ലേ ?
മനസ്സിന് ഇഷ്ടമില്ലാത്ത ഒരാണിനൊപ്പം ഒരു ജോലിയും വേലയും ഇല്ലാത്ത പെണ്ണ് അവന്റെ അടുക്കള പണിക്കാരിയും കിടന്നു കൊടുക്കുന്നവളുമായി ഒരു ജീവിതം മുഴുവൻ..
ആരുടേയും മുന്നിൽ കരയില്ല…. വിശന്നു കരഞ്ഞ രാത്രികൾ തന്നെ അതിനു പാകപ്പെടുത്തിയിരുന്നു… വിശപ്പ് സഹിക്കാൻ കഴിവുള്ളവർക്ക് എന്തും സഹിക്കാം എന്ന് തോന്നാറുണ്ട്…
കല്യാണ മണ്ഡപത്തിൽ ഇരുന്നപ്പോൾ ഒരു ചിരി എങ്കിലും അയാളിൽ നിന്നും പ്രതീക്ഷിച്ചു.. ഉണ്ടായില്ല.. അയ്യാളുടെ മുഖം കാണുമ്പോൾ ഉള്ളം ഭയന്നിരുന്നു..
ഇവിടേയും താൻ രണ്ടാമതാവാൻ പോവുന്നോ എന്ന്… അയാൾക്ക് സ്നേഹിക്കാൻ മറ്റാരോ ഉള്ള പോലെ ആ മുഖം പറയുന്നുണ്ടായിരുന്നു…
ആദ്യരാത്രി… കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുള്ള കഥകളിൽ മാത്രമല്ല… വായിച്ച പുസ്തകങ്ങളിൽ കണ്ട പ്രണയങ്ങളിൽ നിന്നുമെല്ലാം ഒരുപാട് സ്വപ്നങ്ങൾ നൽകിയ പ്രതീക്ഷയുടെ ദിനം…
ആ സ്വപ്നങ്ങൾ എല്ലാം വീണുടയാൻ പോവുന്നു എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ… ആളും അനക്കവും ഇല്ല.. അയ്യാളുടെ അമ്മ ആദ്യം കിടന്നു… ബന്ധുക്കൾ നേരത്തെ പോയി.. മൊത്തത്തിൽ ഒരു ശ്മാശാന മൂകത…
” നമുക്കൊന്ന് പുറത്തു പോയാലോ? “
ഞെട്ടലോടെ ഞാനെന്റെ വാച്ചിലേക്ക് നോക്കി.. സമയം രാത്രി പതിനൊന്നു മണി കഴിയുന്നു…
തനിക്കെന്താ ഭ്രാന്തുണ്ടോ മനുഷ്യ എന്ന് ചോദിക്കണം എന്ന് തോന്നി.. അല്ലെങ്കിലും ജനലിലൂടെ മാത്രം രാത്രി കണ്ടിട്ടുള്ളവൾക്കു അങ്ങനെ തോന്നിയില്ലെങ്കിലും അത്ഭുതം ഇല്ലായിരുന്നു.
” ഇപ്പോഴോ? “
” എന്തെ പേടി ഉണ്ടോ ? “
നിങ്ങളുള്ളപ്പോൾ ഞാൻ പേടിക്കണോ? എന്ത് ചോദ്യമാണ്
” ഇല്ല.. പേടി ഇല്ല “
പേടി ഹും.. അതെന്താണെന്നു അറിയാമെങ്കിൽ അല്ലേ പേടിക്കേണ്ടതുള്ളൂ…
” കയറ് ” ബൈക്ക് സ്റ്റാർട്ട് ചെയ്തു അയാളത് പറയുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..
” ഏട്ടാ.. ഞാനിതുവരെ ബൈക്കിൽ കയറിയിട്ടില്ല ” ഒന്നും മിണ്ടാതെ അയ്യാൾ ബൈക്കിൽ നിന്നും ഇറങ്ങി…
” വാ നമുക്കു നടക്കാം “
അയ്യാൾ കൈകളിൽ കടന്നു പിടിക്കുമ്പോൾ ശരീരമാകെ നടുങ്ങുന്നതു പോലെ തോന്നി.. അയാൾക്കൊപ്പം ഞാനും ചുവടുകൾ വെച്ചു..
ആ നടത്തം പുഴയോരത്തെ പാറക്കല്ലുകളിൽ അവസാനിക്കും വരെ ഇരുവരും ഒന്നും മിണ്ടിയില്ല.
” ഇരിക്ക് “
മുണ്ടു മടക്കി മൊബൈലിന്റെ ടോർച് ഓഫാക്കി വെച്ചു കൊണ്ടു അയ്യാൾ ഇരുന്നു..
” നീയെന്താ ഈ നോക്കുന്നെ ? “
” ഈ കല്ലുകളിൽ ഇരുന്നാൽ ഏട്ടന്റെ മുകളിൽ ആവില്ലേ? ” അയ്യാൾ ഒരു നോട്ടം നോക്കി.. സത്യത്തിൽ ഞാൻ ദഹിച്ചു പോവുന്നത് പോലെ എനിക്ക് തോന്നി..
” നട്ട പാതിരായ്ക്ക് നീ പുഴേന്നു എണീറ്റു വന്നിട്ടുണ്ടോ? “
” ഏഹ്? “
” ഇരിക്ക് പെണ്ണെ തത്വം പറയണ്ട്.. ഇല്ലങ്കിൽ എടുത്തി വെള്ളത്തിലേക്ക് ഇടും ഞാൻ “
ഈശ്വരാ ഇതെന്തൊരു മനുഷ്യൻ…
” അല്ല.. ഈ ഭർത്താവിന്റെ മുകളിൽ ഭാര്യ… ” അദ്ദേഹം ഒന്ന് കൂടി എന്നെ നോക്കി.. ഒന്നും മിണ്ടാത ഞാൻ ഇരുന്നു…
” എനിക്കൊരു കാര്യം പറയാനുണ്ട് “
അതെ.. താൻ പ്രതീക്ഷിച്ചതു തന്നെ സംഭവിക്കാൻ പോവുന്നു.. അയ്യാൾ ആരെയോ ഇഷ്ട്ടപെടുന്നു… താനിപ്പോൾ അയ്യാളുടെ സ്നേഹം രണ്ടാമത് കിട്ടുവാൻ വിധിക്കപ്പെട്ടവൾ ആവും.. അതും കിട്ടാൻ വിധി ഉണ്ടാവുമോ അറിയില്ല..
” എന്നെ ഇഷ്ട്ടപെട്ടിട്ടാണോ കല്യാണത്തിന് സമ്മതിച്ചത് ? “
നല്ല ചോദ്യം.. രണ്ട് കുഞ്ഞുങ്ങളെയും പ്രസവിച്ച ശേഷമാണ് ഈ ചോദ്യം ചോദിക്കേണ്ടി ഇരുന്നത്…
” അങ്ങനെ ചോദിച്ച ഇഷ്ടക്കുറവില്ല ഏട്ടാ.. സ്നേഹിക്കാൻ കഴിയുമായിരിക്കും.. “
അയ്യാൾ എന്തോ ആലോചനയിൽ ആയി… അതെ അയ്യാൾ തന്റെ പ്രണയത്തെ പറ്റി പറയാൻ തയ്യാറെടുക്കുവാണ്.. മറ്റൊരു പെണ്ണ് അയ്യാളുടെ സ്നേഹം അനുഭവിച്ചത് മുഴുവൻ താനിനി കേൾക്കേണ്ടി വരും…
” അപ്പോ കുറച്ചു ദിവസം കഴിഞ്ഞിട്ടായാലും കുഴപ്പം ഇല്ലല്ലോ? “
” എന്ത്? “
” ഈ ഫസ്റ്റ് നൈറ്റ്? “
ഇയ്യാളെന്തൊക്കെയാ ഈ പറയുന്നേ… അപ്പൊ വേറെ പ്രണയം ഒന്നും ഇല്ലേ…
” ഏട്ടന്റെ ഇഷ്ടം “
” അതെന്താ നിങ്ങള് പെണ്ണുങ്ങൾക്ക് ഇഷ്ടങ്ങൾ ഒന്നും ഇല്ലേ? “
ഇയ്യാള് പാതി രാത്രി ആളെ കളിയാക്കുവാണോ ? കെട്ടാൻ നേരത്തു പോലും മുഖത്ത് നോക്കാത്തവൻ ഒന്നിഷ്ടമാണോ എന്ന് ഒരിക്കൽ പോലും ചോദിക്കാത്തവൻ എന്താ ഇപ്പോ ഇങ്ങനെ?
” അങ്ങനൊരു സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടെന്നു ഏട്ടന് തോന്നുന്നുണ്ടോ? “
” എനിക്ക് ഈ പെൺപിള്ളേരെ കുറിച്ചങ്ങനെ അറിയില്ല.. ഞാൻ നല്ല അലമ്പായിരുന്നു.. ഈ കള്ള് കുടിയും രാഷ്ട്രീയവും അങ്ങനെ ഇങ്ങനെ.. അതൊന്നു ഒതുങ്ങിയത് ഈ ബാങ്കിൽ ജോലിക്കു കയറിയെ പിന്നെയാ..
ഇതിനിടയിൽ ഒരു പെണ്ണിന്റെ മുഖത്ത് നോക്കാൻ പോലും സമയം കിട്ടിയിട്ടില്ല.. ഒള്ളത് പറഞ്ഞാൽ എനിക്ക് ഫസ്റ്റ് നൈറ്റിനെ പറ്റി ഒക്കെ കൂട്ടുകാരു പറഞ്ഞു തന്നുള്ള അറിവേ ഉളളൂ.. ഈ സ്ലീവാചൻ, മറ്റേ മാലാഖ പടം.. അത് കണ്ടെ പിന്നെ ആകെ ഒരു വിറവലാണ് “
എനിക്ക് ചിരി വന്നു.. എങ്കിലും പുറത്തു കാണിക്കരുതല്ലോ…
” ഏട്ടാ, ഇത് എന്റേം ആദ്യരാത്രി ആണ്.. ഞാനും ട്രയാലൊന്നും നോക്കിയിട്ടില്ല ” ദൈവമേ ഞാനെന്താണ് ഇപ്പൊ പറഞ്ഞത് നാവു ഒരു മുഴം മുന്നേ സഞ്ചരിച്ചു..
” അപ്പൊ കുഴപ്പിലല്ലേ.. ? “
” ഇല്ല ” ഈ മനുഷ്യൻ ഇത്രക്കും പാവം ആയിരുന്നോ..
” ശരിക്കും ഇതുവരെ ഒരു പെൺകുട്ടിയെയും തൊട്ടിട്ടില്ല? “
” ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു… പക്ഷെ ഉള്ളിലൊരു പേടിയാ… “
ആദ്യമായി ഒരാളുടെ ആദ്യ സ്നേഹം കിട്ടാൻ പോവുന്നു.. എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു..
” അയ്യോ.. എന്തിനാ കരായണേ? എനിക്കൊന്നും അറിയില്ലെന്ന് ഓർത്താണോ
ഈശ്വരാ. ഇതെന്തൊരു മനുഷ്യൻ.. കരയും മുന്നേ ചിരിപ്പിച്ചു..
” അതൊന്നും അല്ല “
” പിന്നെ? “
” എന്റെ കൂടെ ഇങ്ങോട് കയറി ഇരിക്കാമോ ? ” അദ്ദേഹം മുകളിലേക്ക് കയറി ഇരുന്നു…
” എനിക്ക് ഇതാ ഇഷ്ടം “
എനിക്കെന്തോ മനസ്സിന്റെ ഭാരം ഇറങ്ങിയ പോലെ തോന്നി.. ഇങ്ങനൊരു വഴിത്തിരിവ് പ്രതീക്ഷിച്ചിരുന്നില്ല.
” എപ്പോഴെങ്കിലും താൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടോ ? “
” എങ്ങനെ? “
” കല്ല്യാണം കഴിഞ്ഞു പെണ്ണ് ഒന്നും അറിയാത്ത പോലെ കിടക്കണം.. അവൾ എന്തെങ്കിലും അറിയുന്നതായി ഭാവിച്ചാൽ മുന്നേ അവൾക്കു അനുഭവം ഉണ്ടെന്നു വേണം കരുതാൻ അത്രേ ! ”
ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചൊന്നു നോക്കി
” ഞാനല്ല.. എന്റെ കൂട്ടുകാർ പറഞ്ഞതാ.. ശരിക്കും അങ്ങനാണോ.. ? അപ്പൊ ഈ പെൺകുട്ടികൾ അനങ്ങാതെ കിടന്നു കൊടുക്കുമ്പോൾ അവരെ എല്ലാം ചെയ്തു കൊടുക്കുന്ന ആണിന് മുന്നേ എക്സ്പീരിയൻസ് ഉണ്ടെന്നു പെൺകുട്ടികളും തെറ്റിദ്ധരിക്കൂലേ? “
” ഏട്ടാ…. ? സത്യം പറ, എത്രണ്ണത്തിനെ വളച്ചിട്ടുണ്ട്? “
” ഞാനോ.. ഇല്ലെടോ”
” ഉവ്വ.. പെണ്പിള്ളേരുടെ സൈക്കോളജി മൊത്തം പഠിച്ചു വന്നിട്ട് ഒന്നും അറിയാത്ത ഉണ്ണാ പിള്ളയെ പോലെ പെരുമാറി നൈസായിട്ടു എന്നെ വീഴ്ത്തണം എങ്കി നിങ്ങള് ശരിക്കും ഒരു കൃഷ്ണൻ തന്നെ ആണ്”
അദ്ദേഹം പൊട്ടി ചിരിച്ചു… എന്റെ തോളിൽ കൈ ചേർത്തു എന്നെ ചേർത്തു പിടിച്ചു…
” ഒരു പ്രണയം ഉണ്ടായിരുന്നു.. എട്ടു വര്ഷം.. അവക്ക് വല്യ പൈസ ഒന്നും ഇല്ലാത്ത വീട്ടിലെ ആയിരുന്നു.. ഞാനാ പഠിപ്പിച്ചതൊക്കെ?”
” ഈ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ സെറ്റപ്പാ? “
ഈശ്വര.. ഞാനെന്താ അങ്ങനെ പറഞ്ഞത്.. ഈ ഞാനല്ലേ കുറച്ചു മുൻപ് വിഷമിച്ചിരുന്നതു..
” അതിൽ അമ്പിളി അപ്പൂട്ടനോട് ഇഷ്ടാണെന്നു പറഞ്ഞിട്ടൊന്നും അല്ലല്ലോ എല്ലാം ചെയ്തു കൊടുക്കുന്നത്.. ഇത് ഞാനായിട്ട് കണ്ടറിഞ്ഞു എല്ലാം ചെയ്തു, പഠിപ്പിച്ചു, പേടി മാറ്റി തന്റേടി ആക്കി,എഞ്ചിനീയർ ആയി, ജോലി ആയി..അങ്ങനെ അവൾ മൊത്തത്തിൽ മാറി “
” എന്നിട്ടോ ? “
” എന്നിട്ടെന്താ… മൊത്തത്തിൽ മാറിയപ്പോ അവക്ക് തോന്നി ഞാൻ അവൾക്കു മാച്ചല്ലെന്നു… അപ്പൊ അവൾ എന്നെയും മാറ്റി “
” തേച്ചല്ലേ ? “
” അങ്ങനെ ഞാൻ പറയില്ല… അങ്ങനെ പറഞ്ഞാൽ എന്റെ സ്നേഹവും അവളുടേത് പോലെ വിലയില്ലാത്തതായി പോവും.. “
” പിന്നെന്തിനാ ഇത്രേം കള്ളങ്ങൾ എന്നോട് പറഞ്ഞെ ? “
” ഏതൊരാണും അവളുടെ ലൈഫിലേക്കു വരുന്ന പെണ്ണ് ഫ്രഷ് ആയിരിക്കണം എന്ന് ആഗ്രഹിക്കും.. അതുപോലെ അവൾക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ.. നടക്കാത്ത സ്വപ്നം ആണ്.. എന്നാലും… പോരാത്തേന് ആ വിഷമത്തിൽ തന്നോട് ഇഷ്ടമാണോ എന്ന് പോലും ഞാൻ ചോദിച്ചില്ല…
മണ്ഡപത്തിൽ ഒരുപാടു പ്രതീക്ഷയോടെ ഇരിക്കുന്ന തന്നെ കണ്ടപ്പോൾ ഫെയ്സ് ചെയ്യാൻ എനിക്ക് വിഷമം തോന്നി..കുറെ ആലോചിച്ചു.. ഞാനീ കല്യാണത്തിന്നു പിന്മാറിയലും നിന്നെ അവരു ഏതേലും ഊളകളുടെ തലയിൽ കെട്ടി വെക്കും എന്ന് എനിക്ക് തോന്നി.. എന്നാ
പിന്നെ ആ ഊള ഞാനാവട്ടെ എന്ന് കരുതി.. പറയാതിരിക്കാൻ തോന്നിയില്ല… പറഞ്ഞു… കാരണം എന്നെ ഞാൻ നിനക്ക് തരുമ്പോൾ ഞാൻ നിന്റെ മാത്രം ആയിരിക്കണം എന്ന് എനിക്ക് തോന്നി.. മറ്റൊരു ഓർമകളും നിന്നെ ശല്യപ്പെടുത്തില്ല..
എന്റെ ഫസ്റ്റ് പ്രയോറിറ്റി അതെന്നും നീ തന്നെ ആയിരിക്കും.. എന്നെ സ്നേഹിക്കാൻ നിനക്ക് കഴിയുന്ന നാൾ… അന്നായിരിക്കും നമ്മുടെ ആദ്യ രാത്രി. സമ്മതമാണോ ? “
” അല്ല “
” ഏഹ് “
” അങ്ങനെ വല്യ ത്യാഗോന്നും ഇയ്യാള് ചെയ്യണ്ട.. ” അത് പറഞ്ഞതും ഏട്ടന്റെ മുഖം വാടിയതു ഞാൻ കണ്ടു…
” എന്തെ ഞാൻ പറഞ്ഞത് ഏട്ടന് ഇഷ്ടപ്പെട്ടില്ലേ? “
” എടി അത് ഞാൻ..
” ഇഷ്ട്ടപെട്ടില്ലേൽ എന്നെ കെട്ടിപ്പിടിക്ക് “
” ഏഹ് എന്നാന്നു ? ” ഏട്ടൻ ഞെട്ടലോടെ ചാടി എണീറ്റു…
” കാത്തിരിക്കാനൊന്നും എനിക്ക് വയ്യ മനുഷ്യ ! ഈ രാത്രി ആദ്യാരാത്രി ആക്കാൻ നിങ്ങക്ക് പറ്റുവോ? “
” ആഹാ.. “
ഏട്ടൻ മുണ്ടു മടക്കി കുത്തി…
” എണീക്കടി “
” ഏഹ് “
” എണീക്കാൻ ” ഞാൻ എണീറ്റതും ഏട്ടൻ എന്നെ ഇരു കൈകളിലും പൊക്കി എടുത്തു….
” ഇന്ന് മഹാഭാരത യുദ്ധ നടക്കും “
എനിക്ക് ചിരി വന്നു…. ഈ നിമിഷം.. പ്രിയ നിമിഷം… ആ കൈകളിൽ ഞാൻ ജീവിതത്തിൽ ആദ്യമായി സന്തോഷം അറിയുന്നു… സ്നേഹം അറിയുന്നു… ഒരാളുടെ എനിക്കായ് മാത്രമുള്ള സ്നേഹം…