സുചിത്ര ഇത് നിന്റെ കല്ല്യാണം ആണ്, അല്ലാതെ അമ്മയുടെ അല്ല നിനക്കെന്നോട് ഒന്നും..

(രചന: Kannan Saju)

” അമ്മ പറഞ്ഞു ഏട്ടൻ കള്ളൊന്നും കുടിക്കില്ലന്നു ” അവനു ദേഷ്യം വന്നു.. ഇപ്പൊ അഞ്ചാമത്തെ തവണയാണ് അവൾ പറയുന്നത് അമ്മ പറഞ്ഞു അമ്മ പറഞ്ഞു…

അമ്മ എല്ലാം പറഞ്ഞെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനൊരു സംസാരം… പക്ഷെ ദേഷ്യം ഉള്ളിലടക്കി വിവേക് നിന്നു…

” സുചിത്ര…  ഇത് നിന്റെ കല്ല്യാണം ആണ്.. അല്ലാതെ അമ്മയുടെ അല്ല… നിനക്കെന്നോട് ഒന്നും ചോദിച്ചറിയാൻ ഇല്ലേ പെണ്ണെ?  ” വിവേക് സംശയത്തോടെ ചോദിച്ചു….

” ഞാനിപ്പോ എന്ത് ചോദിക്കാന ചേട്ടാ.. അച്ഛനും അമ്മേം തീരുമാനിക്കുന്നത് പോലല്ലേ എല്ലാം നടക്കൂ?  “

” അപ്പൊ ആരായാലും കുഴപ്പമില്ല.. അച്ഛനും അമ്മയ്ക്കും ഇഷ്ട്ടപ്പെട്ടാൽ മതി.. വേറെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നും ഇല്ല ” അവൾ ഒന്നും മിണ്ടാതെ നിന്നു….

” ഞാൻ ഒന്ന് ചോദിച്ചാൽ ഉള്ളൂ തുറന്നു പറയണം ” അവൾ വിവേകിന്റെ കണ്ണുകളിലേക്കു നോക്കി

” ശരിക്കും സുചിത്രക്കു എന്നെ ഇഷ്ടമായോ ?  “

” സത്യം പറഞ്ഞാൽ ഏട്ടന് എന്തെങ്കിലും തോന്നുമോ?  ” അവൻ ചിരിച്ചു…

” എങ്കിൽ പിന്നെ അത് നിനക്ക് പറഞ്ഞൂടെ ?  “

” അങ്ങനെ ഞാൻ പറഞ്ഞാലും കേൾക്കില്ല ഏട്ടാ.. എന്റെ അഭിപ്രായത്തിനു ഇവിടെ പ്രത്യേകിച്ച് വിലയൊന്നും ഇല്ല..

മാത്‍സ് പഠിക്കണം ടീച്ചർ ആവണം എന്നായിരുന്നു ആഗ്രഹം.. എഞ്ചിനീറിങ്ങിനു വിട്ടു.. ഇപ്പൊ എന്തൊക്കയോ ജോലികൾ ചെയ്യുന്നു “

വിവേക് ഒന്നും മിണ്ടാതെ നിന്നു..

” ഏട്ടനു കുറവുകൾ ഉണ്ടന്ന് കരുതി അല്ലാട്ടോ ഞാൻ അങ്ങനെ പറഞ്ഞെ… എന്റെ ഉള്ളില പുരുഷ സങ്കൽപം വേറെ ആണ്..

ഇത്രയും പൊക്കം വേണ്ട.. എന്റെ പൊക്കം മതി.. നല്ല തടി വേണം.. ഇതുപോലെ കട്ട മീശേം താടിയും ഒന്നും വേണ്ട..

ക്ലീൻ ഷേവ് ആയിരിക്കണം, എന്റെ ഇഷ്ടങ്ങൾ ചോദിച്ചറിയുന്ന ആളായിരിക്കണം, മറ്റുള്ളവരുടെ മുന്നിൽ അഭിമാനത്തോടെ ഇതെന്റെ ഭാര്യ ആണെന്ന് പറയുന്ന ആളായിരിക്കണം, പിന്നെ ഞാൻ കുറച്ചു വിശ്വാസി ആണ്..

ഏട്ടനെ പോലെ നിരീശ്വരവാദിയുമൊത്തു ഒരു ജീവിതം പാടായിരിക്കും.. പിന്നെ.. എനിക്ക് വെളുത്ത ചെറുക്കനെക്കാൾ കറുത്ത ചെറുക്കനെ ആണ് ഇഷ്ടം “

” അപ്പൊ എന്നോട് പറഞ്ഞത് പോലെ അവരോടും പറ.. ഇല്ലെങ്കിൽ ഇഷ്ടമില്ലാതെ പഠിച്ചു ഒട്ടും ഇഷ്ടം ഇല്ലാത്ത ജോലി ചെയ്യുന്ന പോലെ എളുപ്പമായിരിക്കില്ല മനസ്സുകൊണ്ട് ഇഷ്ടമില്ലാത്ത ഒരാൾക്കൊപ്പം ജീവിത കാലം മുഴുവൻ ജീവിക്കുന്നത്..  “

അവൾ ഒന്നും മിണ്ടാത നിന്നു..

” താൻ പറയുവോ??  “

” ഇല്ല ഏട്ടാ… പെൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇഷ്ടങ്ങൾ ഒന്നും… അവർ ഒരിക്കലും എന്നെ കേൾക്കാൻ തയ്യാറാവില്ല.. കേട്ടാലും മനസ്സിലാക്കില്ല”

ബാൽക്കണിയിൽ സംസാരിച്ചു കൊണ്ടു നിന്ന അവളുടെ കണ്ണുകൾ നിറഞ്ഞു

” ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, ഞാനും ഇവിടുത്തെ വളർത്തു നായയും തമ്മിൽ എന്താ വ്യത്യാസം എന്ന്…  അവരുടെ താളത്തിനു ഒത്തു തുള്ളിക്കാൻ ഒരു വസ്തു മാത്രം “

” താൻ കരയണ്ട.. ഇതെല്ലം അവരു കേൾക്കുന്നുണ്ട് ” അവൾ ഞെട്ടലോടെ അവനെ നോക്കി

” ഇന്നലെ ഫോണിൽ സംസാരിച്ചപ്പോഴേ എനിക്ക് തോന്നി.. തനിക്കു വലിയ താല്പര്യം ഒന്നും ഇല്ലെന്നു.. അതറിഞ്ഞു മനസ്സിലാക്കി ഞാൻ മാറിപ്പോയാലും നാളെ വേറൊരാൾ വരും..

അപ്പോഴും നിന്റെ അവസ്ഥ ഇത് തന്നെ ആയിരിക്കും.. അതുകൊണ്ടാണ് എന്റെ അനിയനോട് അവരോടൊപ്പം കോളിൽ നിക്കാൻ പറഞ്ഞത്..

താൻ പറഞ്ഞപോലെ ഒരു വളർത്തു നായ ആയി ആണ് അവരു തന്നെ കണ്ടതെങ്കിൽ ആർക്കെങ്കിലും പിടിച്ചു കെട്ടിച്ചു കൊടുത്തു ഭാരം ഒഴിവാക്കട്ടെ..

അതല്ല മോളായി ആണ് കണ്ടതെങ്കിലും ഇനിയെങ്കിലും നിന്റെ ഇഷ്ടം ചോദിച്ചറിയട്ടെ.. ഈ തുറന്നു പറിച്ചിലിനു ഒരുപാട് നന്ദി.. എനിക്കും ഉണ്ടേ അനിയത്തി ഒരെണ്ണം…

എപ്പോ വേണേലും തനിക്കെന്നെ വിളിക്കാം.. ഒരു നല്ല സുഹൃത്തായി ഞാൻ എന്നും ഉണ്ടാവും… റീജെക്ഷൻ എന്നത് ഒരിക്കലും യോഗ്യത ഇല്ലായ്മ ആയി ഞാൻ കാണില്ല… താൻ പേടിക്കണ്ട “

ഒരു ചിരിയോടെ അവൻ തിരിഞ്ഞു നടന്നു…

Leave a Reply

Your email address will not be published. Required fields are marked *