താനും എന്നെ പോലെ കല്ല്യാണം കഴിക്കാതെ ജീവിച്ചു കാണും അല്ലേ, അതോണ്ടാണോ..

(രചന: Kannan Saju)

” താനും എന്നെ പോലെ കല്ല്യാണം കഴിക്കാതെ ജീവിച്ചു കാണും അല്ലേ… അതോണ്ടാണോ ഈ വയസ്സാം കാലത്തു ഇവിടെ വന്നു ഇരിക്കേണ്ടി വന്നത്??  “

ഓൾഡ് ഏജ് ഹോമിന്റെ വരാന്തയിൽ പുറത്തേക്കും നോക്കി ഇരുന്ന പുതിയ അതിഥിയുടെ അരികിൽ വന്നിരുന്ന അമ്മിണി അമ്മ ചോദിച്ചു.

” ആര് പറഞ്ഞു തന്നോട് ഞാൻ കല്ല്യാണം കഴിച്ചില്ലെന്ന്??  ” അമ്മിണി അമ്മയുടെ ചോദ്യം അത്ര പിടിക്കാത്ത മട്ടിൽ സൂസൻ അവളെ നോക്കി.

സെറ്റു സാരിയും കൈ നിറയെ വളയും കാതിൽ കമ്മലും ഒക്കെ ആയിരുന്നു അമ്മിണി അമ്മയുടെ വേഷം.. റിട്ട : അദ്ധ്യാപിക ആയ അമ്മിണി അമ്മക്കു കയ്യിൽ ഇഷ്ടം പോലെ പണം ഉണ്ടായിരുന്നെങ്കിലും സ്വന്തം എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല.

സൂസന്റെ കൈകാലുകൾ കാലി ആയിരുന്നു.. ഒരു കമ്മൽ പോലും ഇല്ല…  എങ്കിലും ധരിച്ചിരുന്നത് ചുരിദാർ ആയിരുന്നു..

” എനിക്ക് രണ്ട് ആണ്മക്കളും ഒരു പെങ്കൊച്ചും ഉണ്ട്.. അവർക്കെല്ലാം കൂടി പത്തു പേരക്കുട്ടികളും ” അമ്മിണി അമ്മ പൊട്ടിച്ചിരിച്ചു….

” എന്തെ ഇതിനു മാത്രം ചിരിക്കാൻ ?  ” പിടിക്കാത്ത രീതിയിൽ സൂസൻ ചോദിച്ചു…

” പിന്നെ ചിരിക്കാതെ.. കുടുംബോം കുട്ടികളും ഉള്ളവരാരും ഇവിടെ ഇല്ല.. ഇവിടെ ഉള്ളവർ എല്ലാം ആരോരും ഇല്ലാത്തവരാ… പിന്നെ വന്ന സമയത്തു സ്വന്തമായി അംഗനവാടി ഉണ്ടെന്നു പറഞ്ഞവർ വരെ ഈ കൂട്ടത്തിൽ ഉണ്ട് “

” ഓ..  വലിയ തമാശ… തനിക്കു വേണമെങ്കിൽ വിശ്വസിച്ചാൽ മതി ” സൂസൻ മുഖം വീർപ്പിച്ചു…

” പിന്നീന്ത്യേ ഇവിടേയ്ക്ക്?  “

” ഇവിടവുമ്പോ ചിലവ് കുറവാ… അവരയക്കുന്ന പൈസക്ക് രണ്ട് പേർക്കൂടെ ഭക്ഷണം കൊടുക്കാലോ ” അപ്പോഴേക്കും സൂസന്റെ കണ്ണ് നിറഞ്ഞിരുന്നു…

” അയ്യേ താൻ കരയാ…  ” അമ്മിണി അമ്മ സൂസനെ നോക്കി… അവൾ കണ്ണുകൾ തുടച്ചു….

” വാർദ്ധക്യം ഒരു ശാപമാണ് അല്ലെടോ ?  ” സൂസന്റെ ചോദ്യം കേട്ടു അമ്മിണി അമ്മ ചിരിച്ചു…

” ആര് പറഞ്ഞു ??  “

” ഈ തോളത്തിട്ടു വളർത്തിയ ഒന്നിന് പോലും എന്നെ നോക്കാൻ തോന്നീലല്ലോ “

” അതൊരു കണക്കിന് നന്നായീലെ?  ” ആ വർത്താനം അത്ര പിടിക്കാത്ത രീതിയിൽ സൂസൻ അമ്മിണിയെ നോക്കി…

” മക്കളാരും മിണ്ടാനും പറയാനും ഇല്ലാതെ… അവർക്കൊരു ഭാരമാണെന്നു അറിഞ്ഞുകൊണ്ട്…

നാല് ചുവരുകൾക്കുള്ളിൽ മരണവും കാത്തു കഴിക്കുന്നതിനേക്കാൾ നല്ലതല്ലേ ഞങ്ങൾ സമപ്രായക്കാർക്കൊപ്പം ഓടി കളിച്ചു നടന്നു ജീവിതം അവസാനിപ്പിക്കുന്നത് ?  ” സൂസൻ അവളെ അത്ഭുദത്തോടെ നോക്കി…

” ആണോ?  “

” പിന്നല്ലാതെ.. ഇന്ന് മുതൽ ഞങ്ങക്ക് താനും തനിക്കു ഞങ്ങളും ഒരു കൂട്ടല്ലേ  ?  ഇവിടെ ഞാനുണ്ട്, ദേവിക ഉണ്ട്, അപ്പു ചേട്ടൻ ഉണ്ട്, നാൻസി ഉണ്ട്, യൂസഫിക്ക ഉണ്ട് അങ്ങനെ എത്ര പേരാ… ”  സൂസൻ കണ്ണ് തുടച്ചു…..

” സൂസൻ കബഡി കളിക്കുവോ ?  “

” കബഡിയോ??  ഈ വയസ്സാം കാലത്തോ ?? “

” ആഹാ..  അത് കൊള്ളാം.. സൂസൻ സിനിമാ ഒന്നും കാണാറില്ലേ??  ഒരു സിനിമയിൽ വിജയ് പോലും എത്ര വയസ്സന്മാരെ വെച്ച വെള്ളത്തിന് വേണ്ടി സമരം ചെയ്യുന്നത് ?  “

” ആ ഞാൻ കണ്ടിട്ടുണ്ട് ” സൂസന്റെ മുഖം തെളിഞ്ഞു വന്നു…

” പിന്നെ നമുക്ക് കബഡി കളിച്ചൂടെ ? “

” അപ്പൊ ഇവിടെ നല്ല ഫ്രീഡം ഉണ്ടല്ലേ ?? “

” തുണി ഇല്ലാതെ നടക്കണം എന്ന് മാത്രം പറയാതിരുന്നാൽ മതി.. പ്രായമായ അപ്പൂപ്പന്മാർ ഉള്ളതാ.. എന്തിനാ വെറുതെ ” അമ്മിണി അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു…

” പോ അവിടുന്ന് ” സൂസന് നാണം വന്നു

” അയ്യോ പെണ്ണിന്റെ ഒരു നാണം നോക്ക്..  അല്ല ഈ മുടി ഒന്നും ഈരി കെട്ടാറില്ലേ ?  ” സൂസൻ മുഖം താഴ്ത്തി

” ഇങ്ങോട് ഇറങ്ങി ഇരിക്ക്… ഞാൻ കെട്ടി തരാം ” സൂസൻ ഇറങ്ങി ഇരുന്നു…  അമ്മിണി അമ്മ ഓരോ വിശേഷങ്ങൾ പറഞ്ഞു സൂസന്റെ മനസ്സ് മാറ്റികൊണ്ടിരുന്നു… ചില കൂട്ടുകൾ അങ്ങനെ ആണ്…

ഏകാന്തതയെക്കാൾ അവഗണനയേക്കാൾ കുത്തുവാക്കുകളേക്കാൾ സൂസന് ഇപ്പൊ വേണ്ടതും അമ്മിണി അമ്മയെ പോലൊരു കൂട്ടുകാരിയെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *