തങ്ങൾക്കിടയിലെ സ്വകാര്യ നിമിഷങ്ങളിൽ പോലും ആ പേര് പിന്നീട് കടന്നു വന്നിട്ടില്ല, പക്ഷെ അത്..

പറയാൻ ബാക്കി വെച്ചത്
(രചന: Kannan Saju)

” ആം സോറി കണ്ണൻ… കീർത്തനയക്കു ഇനി ഒരു മടങ്ങി വരവ് ഉണ്ടാവില്ല… ഏതു നിമിഷം വേണമെങ്കിലും അത് സംഭവിക്കാം.. നിങ്ങളുടെ ഭാര്യയയെ സന്തോഷത്തോടെ യാത്ര അയക്കാനുള്ള മനസ്സ് നിങ്ങളു കാണിക്കണം എന്നൊരു അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ.

മരണം അവളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തകർന്നാൽ മനസ്സിലെ ഭാരം ഇറക്കി വെക്കാനാവാതെ ഒരു ആത്മാവ് കൂടി വിടപറയും എന്ന് മാത്രം..

പക്ഷെ പിടിച്ചു നിൽക്കാൻ നിങ്ങള്ക്ക് കഴിഞ്ഞാൽ അതവളോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യം ആയിരിക്കും. “

ഡോക്ടരുടെ വാക്കുകൾ അയ്യാളെ ഇല്ലാതാക്കി കളഞ്ഞു. കഴിഞ്ഞ ഇരുപതു വർഷങ്ങൾ തനിക്കൊപ്പം ഉണ്ടായിരുന്നവൾ നാളെ ഇല്ലാതാവൻ പോവുന്നു.

എങ്ങനെ വിഷമിക്കാതിരിക്കും. അയ്യാൾ ഭിത്തിയിൽ പിടിച്ചു വീഴാതിരിക്കാൻ ശ്രമിച്ചു.

“കീർത്തനയോടു നിങ്ങൾക്കുള്ള സ്നേഹം എനിക്കറിയാം… ഒരുപക്ഷെ നിങ്ങളുടെ പോസിറ്റീവ് മനോഭാവം ആയിരിക്കണം അവളെ ഇത്രയും നാളും ജീവനോടെ നിർത്തിയതു. അസുഖങ്ങൾ വെല്ലുവിളികൾ ആയി വരുമ്പോൾ പലപ്പോഴും മനുഷ്യർ നിസ്സഹായർ ആവാറുണ്ട്. വിധി.. അല്ലാതെ എന്ത് പറയാൻ “

കണ്ണൻ മെല്ലെ കസേരയിൽ ഇരുന്നു…

” അവൾ നിങ്ങളെ അന്വേഷിക്കുന്നുണ്ട്… സംസാരിക്കണം… പഴയപോലെ. “

അവൻ തലയാട്ടി ….

കട്ടിലിൽ അവൾക്കരുകിൽ ഇരുന്നു.. കീർത്തന മെല്ലെ കൈകൾ കണ്ണന്റെ കൈകൾക്കു മേലെ വെച്ചു…

” എനിക്കിനി അധികം സമയം ഇല്ല അല്ലേ കണ്ണേട്ടാ ? “

” കീർത്തു… “

” എത്ര പെട്ടന്നാലേ ഇരുപത് വര്ഷം കടന്നു പോയത്… “

കണ്ണന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു…

” ഓർത്തു വെക്കാൻ ഒരു കുഞ്ഞിനെ പോലും തരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ കണ്ണേട്ടാ “

” എന്തിനാടാ ഇങ്ങനൊക്കെ പറയുന്നേ…? നിനക്കൊന്നും വരില്ല.. “

അവൾ നിറ കണ്ണുകളോടെ അവനെ നോക്കി…

” ഡോക്ടർ എന്നോട് എല്ലാം പറഞ്ഞു… ഏട്ടാ, ഞാൻ അവസാനമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ ഏട്ടന് വിഷമം തോന്നുവോ? “

” ഇന്നുവരെ നീ പറഞ്ഞത് എന്തെങ്കിലും ചെയ്തു തരാതെ ഇരുന്നിട്ടുണ്ടോ.. പറയ്‌ “

അവളുടെ കൈകളിൽ മുറുക്കി പിടിച്ചു കൊണ്ടു കണ്ണൻ പറഞ്ഞു..

കീർത്തന അവന്റെ കണ്ണുകളിലേക്കു നോക്കി പറയാൻ മടിച്ചു കിടന്നു

” എന്താണെങ്കിലും പറയ്‌ കീർത്തു ” കണ്ണൻ വികാരഭരിതനായി

” ഏട്ടാ എനിക്ക് ഫവാസിനെ അവസാനമായി ഒന്ന് കാണണം “

അത് കേട്ട നിമിഷം ചങ്കു തകർന്നു പോയെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് കണ്ണൻ അവളെ നോക്കി

” കാണണോ? “

” വേണം ” പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.

ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു… ഫവാസ്.. ഒരു നാൾ തന്നെ ഒരുപാട് വേദനിപ്പിച്ച ഒരു പേര്… ഇരുപത് വർഷങ്ങൾക്കിപ്പുറം ആ പേര് വീണ്ടും അവളിൽ നിന്നും തന്നെ കേൾക്കുന്നു. ആത്മാർഥമായി തന്റെ പെണ്ണിനെ മാത്രം സ്നേഹിച്ചവന് മാത്രം മനസ്സിലാവുന്ന വിഷമം.

അപ്പൊ ഇരുപത് വർഷങ്ങളും തനിക്കൊപ്പം ജീവിക്കുമ്പോൾ അവളുടെ ഉള്ളിൽ ഫവാസ് ഉണ്ടായിരുന്നോ? അവനു വേണ്ടി പിന്നീടൊരിക്കലും അവൾ കരഞ്ഞു താൻ കണ്ടിട്ടില്ല.

തങ്ങൾക്കിടയിലെ സ്വകാര്യ നിമിഷങ്ങളിൽ പോലും ആ പേര് പിന്നീട് കടന്നു വന്നിട്ടില്ല. പക്ഷെ അത് അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു..

മണ്ണോടു അടിയാൻ പോവുന്ന നിമിഷം തന്നെ വിട്ടു പിരിയുന്നതിന്റെ വേദനയിൽ ആവും അവൾ എന്ന് കരുതി. ഇപ്പൊ അവൾ അനുഭവിക്കുന്ന അതെ മരണ വേദന താനും അനുഭവിക്കുന്നു.ജീവന്റെ ജീവനായവൾ…

ഓർമകൾ ബാക്കിയാക്കി യാത്ര പറയാൻ നിൽക്കവേ അപ്പോഴും അവളുടെ ഉള്ളിൽ പഴയ കാമുകൻ.

അവളുടെ അവസാനത്തെ പ്രണയം.. അത് താൻ മാത്രം ആയിരിക്കും എന്ന ഉറച്ച വിശ്വാസം തനിക്കുണ്ടായിരുന്നു. എന്നാൽ ആദ്യ പ്രണയം അവസാനിക്കത്തിടത്തോളം അവസാന പ്രണയം ജനിക്കുന്നെ ഇല്ലെന്നതല്ലേ സത്യം…

നിറ കണ്ണുകളോടെ അവൻ കാർ മുന്നോട്ടെടുത്തു. ഓർമകൾ വീണ്ടും മനസ്സിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി. ആ ദിവസം അവൻ ഓർത്തു.. ആ രാത്രി അവൻ ഓർത്തു.

” എന്തൊക്കെ പറഞ്ഞാലും ശരി… അവളെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല “

ഫവാസിന്റെ ഉപ്പ ഞങ്ങളുടെ മുഖത്ത് നോക്കി അത് പറയുമ്പോൾ ഫവാസിന്റെ കയ്യും കാലും വിറക്കാൻ തുടങ്ങിയിരുന്നു.

” ഞാൻ വിളിച്ചിറക്കി കൊണ്ടു വന്നതാണ് ഇവളെ… എന്നെ വിശ്വസിച്ചു വന്നതാണ് “

” എങ്കിൽ നീ പോറ്റണം… ഈ വീട്ടിൽ പറ്റില്ല

പാ.. വർത്താനം പറയുന്നോടാ എന്റെ മുഖത്ത് നോക്കി…? ഇവിടേം പെൺകുട്ടികൾ ഉണ്ട്.. ഒര് നാളെ അന്യമതക്കാരനെ കെട്ടാൻ മതം മാറണം എന്ന് പറഞ്ഞാൽ ഇയ്യ് സമ്മതിക്കുവോ? “

” ഉപ്പ.. പ്ലീസ്.. എനിക്ക് ഒറ്റക്കു.. “

” ആ പറ്റില്ല അല്ലേ.. എന്നാൽ വയ്യാത്ത പട്ടി കയ്യലാ കേറാൻ നിക്കരുത്.. കണ്ണാ, ഇയ്യാ പെൺകുട്ടിയെ അതിന്റെ വീട്ടിൽ കൊണ്ടാക്കു “

” അല്ല വാപ്പ.. ഇവള് പോന്നത് ഇപ്പൊ വീട്ടൽ ഒക്കെ അറിഞ്ഞു പ്രശ്നം ആയിക്കാണും… എങ്ങനെ “

” മക്കളെ, ഈ തറവാടിന് ഒര് നിലേം വിലേം ഇണ്ട്.. ഇന്ന് ഞാൻ പറഞ്ഞത് ജാതീം മതോം നോക്കാതെ പത്ത് പേര് കേക്കുന്നുണ്ടങ്കില് അത് എന്റെ നിലപാടിന്റെ വില ആണ്.

ഇപ്പൊ ഈ കുട്ടിയെ എന്റെ മോനു കെട്ടിച്ചു കൊടുത്താ നാളെ അത് പോവും.. അവനു ഒറ്റയ്ക്ക് അവളെ നോക്കാൻ തന്റേടം ഉണ്ടേൽ അവൻ നോക്കട്ടെ.. അതിനെ ഞാൻ എതിർക്കില്ല..

പക്ഷെ ഈ വീട്ടിൽ നടക്കില്ല കണ്ണാ.. ബാക്കി എന്താന്നു വെച്ച നിങ്ങളു ചെയ്തോ.. നിങ്ങളു കൂട്ടുകാരൊക്കെ കൂടി അല്ലേ എല്ലാം ഒപ്പിച്ചെ.. നിങ്ങളു തന്നെ തീർക്ക്‌ “

ഫവാസ് കീർത്തനക്ക് നേരെ തിരിഞ്ഞു

” നീ എന്നോട് ക്ഷമിക്കണം.. എനിക്ക് നിന്നെ കെട്ടാൻ പറ്റില്ല “

” നിനക്ക് പ്രാന്തായോ? പാതി രാത്രി ഒര് പെൺകൊച്ചിനേം വിളിച്ചിറക്കി കൊണ്ടു വന്നേച്ചു എന്നാ വാർത്താനാടാ നീ ഈ പറയണേ? ” കണ്ണൻ ചൂടായി…

” എനിക്കറിയില്ല.. എല്ലാത്തിനും കൂടെ നിക്കുന്ന ഉപ്പ ഇതിനും നിക്കും എന്ന് ഞാൻ കരുതി.. “

ആ നശിച്ച രാത്രി.. ഫവാസ് കൈ മലർത്തി.. കീർത്തനയുടെ വീട്ടുകാർ ആളുകളുമായി വന്നു.. ഉപ്പ നിലപാടിൽ ഉറച്ചു നിന്നു…ഫവാസ് കൈ മലർത്തി.. ചങ്കു പൊട്ടുന്ന വേദനയോടെ നടു റോഡിൽ അവൾ കോമാളിയായി നിന്നു.

” കുടുംബത്തിന് നാണക്കേട് ഉണ്ടാക്കിയ ഇവളെ ഇനി എന്തായാലും ഞങ്ങക്ക് വേണ്ട ” കീർത്തനയുടെ വീട്ടുകാരും നിലപാടറിയിച്ചതോടെ എല്ലാവരും കുഴപ്പത്തിലായി.

” മോളേ, വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലെന്നേ ഉളളൂ. കേറി കിടക്കാൻ ഒര് വീട് അമ്മ പണതിട്ടിട്ടുണ്ട്.. മോൾക്ക് വിരോധം ഇല്ലെങ്കിൽ അമ്മയുടെ കൂടെ പോരെ ” തന്നെ തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു തന്റെ അമ്മ അപ്പൊ നിലപാട് അറിയിച്ചത്.

മൂന്ന് വര്ഷം കടന്നു പോയി… ഫവാസിന്റെ ഓർമ്മകൾ അവളുടെ ഉള്ളിൽ നിന്നും പോവുന്നതും കാത്ത് ഞങ്ങൾ ഇരുന്നു.. മൂന്ന് വര്ഷം അപരിചിതരെ പോലെ ആ വീട്ടിൽ ഞങ്ങൾ കഴിഞ്ഞു… അങ്ങനെ ഇരിക്കെ ഒര് നാൾ

” നിങ്ങളോടു രണ്ട് പേരോടും ഞാൻ ഒര് കാര്യം ചോദിച്ചോട്ടെ? “

ഇരുവരും അമ്മയെ നോക്കി…

” നിങ്ങള്ക്ക് ഒരുമിച്ചു ഒര് ജീവിതം തുടങ്ങിക്കൂടെ? “

അതുവരെ ഇല്ലാതിരുന്ന പ്രണയത്തിന്റെ വിത്ത് അമ്മ ഞങ്ങളുടെ ഉള്ളിൽ നാടുകയായിരുന്നു.

” ഇല്ല കണ്ണേട്ട… അത് ഏട്ടനെ ഇഷ്ടം ഇല്ലാത്തൊണ്ടല്ല.. ഫവാസ് നമുക്കിടയിൽ ഒര് പ്രശ്നമായി എന്നും ഉണ്ടാവും “

” നിനക്കെന്നെ സ്വീകരിക്കാൻ കഴിയുമോ എന്ന് മാത്രം അറിഞ്ഞ മതി എനിക്ക്… ഇന്നലെ വരെ നിന്റെ ലൈഫിൽ എന്ത് നടന്നു എന്നുള്ളതിന് പ്രസക്തിയില്ല… നിന്റെ മനസ്സ് എനിക്ക് മാത്രമായി മാറ്റി വെക്കാൻ കഴിയുമെങ്കിൽ നിന്റേതു മാത്രമായിരിക്കാൻ ഞാൻ തയ്യാറാണ് “

അങ്ങനെ താനും കീർത്തനയും ഒന്നായി… പക്ഷെ അവളുടെ ഉള്ളിൽ ഇത്രയും നാളും ഫവാസ് ഉണ്ടായിരുന്നല്ലോ എന്ന വിഷമം എന്നെ വേട്ടയാടുന്നു.. എന്റേത് മാത്രം എന്ന് ഇപ്പൊ അവളുടെ മുഖത്ത് നോക്കി എന്നോട് തന്നെ ഞാൻ എങ്ങനെ പറയും.

ഈശ്വരാ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ..നാളെ അവൾ ഉണ്ടാവില്ലല്ലോ എന്ന വിഷമം തന്നെ എന്നെ കൊല്ലാതെ കൊല്ലുന്നു… അപ്പോ അവളുടെ ഉള്ളിൽ മറ്റൊരാൾക്ക് കൂടി സ്ഥാനം ഉണ്ടന്നറിയുമ്പോൾ എന്റെ നെഞ്ചു പിടയുന്നു.

വണ്ടി ഫവാസിന്റെ വീടിന്റെ മുറ്റത്തെത്തി.. ഇരുപതു വര്ഷങ്ങള്ക്കു ശേഷം അവർ വീണ്ടും നേർക്ക് നേരെ നിന്നു.

” നിനക്ക് പ്രാന്താണോ ??? ഒന്നുല്ലേലും നിന്റെ ഭാര്യ അല്ലേ അവൾ..?? ഓരോ വട്ടും പറഞ്ഞു വന്നേക്കുന്നു ” ഫവാസ് കലിയോടെ അലറി

” ഡാ… ഏതു നിമിഷവും അവൾ ഇല്ലാതെ പോവും.. അവസാനമായി അവൾ എന്നോട് പറഞ്ഞത് നിന്നെ ഒന്ന് കാണണം എന്നാണ്… എനിക്കതു സാധിച്ചു കൊടുത്തേ മതിയാവു.. ഇന്നുവരെ അവളുടെ ഒരാഗ്രവും ഞാൻ സാധിച്ചു കൊടുക്കാതിരുന്നിട്ടില്ല “

” ഓഹ് പിന്നെ… ഒര് ഭർത്താവ് വന്നേക്കുന്നു.. ഉളുപ്പുണ്ടോടാ നിനക്കു??? അവസാനമായി എന്റെ കൂടെ കിടക്കണം എന്നവൾ പറഞ്ഞാൽ അതും നീ ചെയ്തു കൊടുക്കുമായിരിക്കും അല്ലേ? “

കണ്ണൻ കലിയോടെ മുഷ്ടി ചുരുട്ടി… എങ്കിലും തന്റെ പാതി ജീവന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ശാന്തത പാലിച്ചു

‘ എന്റെ ഭാര്യയും മക്കളും ഇപ്പൊ വരും.. അവർക്കിതൊന്നും അറിയില്ല.. നീ പോവാൻ നോക്ക്… “

” നിന്റെ ഭാര്യയും മക്കളും ഇപ്പൊ വരില്ല “

ഞെട്ടലോടെ ഫവാസ് അവനെ നോക്കി

” എനിക്ക് തോന്നിയിരുന്നു നീ കണ്ണിൽ ചോര ഇല്ലാത്തവൻ ആണെന്ന്… അതുകൊണ്ടു അവരെ ഞാൻ മുന്നേ ലോക്ക് ചെയ്തു “

” ദേ.. അവർക്കെന്തെങ്കിലും പറ്റിയാൽ നിന്നെ ഞാൻ ” ഫവാസ് കണ്ണന്റെ കഴുത്തിൽ കയറി പിടിച്ചു

” നിനക്ക് വേദനിച്ചല്ലേ? ” കണ്ണൻ ഫവാസിന്റെ കണ്ണുകളിലേക്കു നോക്കി… ഫവാസ് പിടുത്തം വിട്ടു.

കണ്ണൻ അവന്റെ മുന്നിൽ കൈകൾ കൂപ്പി.. ” നീ വന്നില്ലെങ്കിലും അവരെ ഞാൻ ഉപദ്രിവിക്കില്ല.. അതിനു എനിക്ക് കഴിയില്ല..

പക്ഷെ അവളുടെ അവസാനത്തെ ആഗ്രഹം ആണ്.. നീ വരണം.. സ്നേഹത്തോടെ സംസാരിക്കണം.. മനസ്സിൽ ഭാരവും പേറി അവൾ പോവരുത് ” അവന്റെ കണ്ണുകൾ നിറഞ്ഞു.. ഫവാസ് ശാന്തനായി.. കണ്ണനൊപ്പം ഇറങ്ങി.

കാറിൽ ഇരുവരും ഒന്നും മിണ്ടാതെ പരസ്പരം നോക്കാതെ ഇരുന്നു.

ഫവാസിനോട് അവൾ എന്തായിരിക്കും പറയുക.. അവനെ കാണുമ്പോൾ ഒരുപക്ഷെ അവൾക്കു മനസ്സിന് ധൈര്യം കിട്ടുമായിരിക്കും… എങ്കിലും തന്നോടായി അവൾ എന്തെങ്കിലും പറയുമായിരിക്കുമോ….

ഇതുവരെ അപ്പൊ തന്നെ സ്നേഹിക്കുമ്പോഴും പരസ്പരം ഒന്നാവുമ്പോഴും അവളുടെ ഉള്ളിൽ ഫവാസ് ആയിരുന്നിരിക്കുമോ.. ഈശ്വരാ.. അവളെ സ്നേഹിച്ച പോലെ ഈ ലോകത്തു ഞാൻ ഒന്നിനെയും സ്നേഹിച്ചിട്ടില്ല.

” കീർത്തു ” ബെഡിനരികിൽ നിന്നു മയങ്ങി കിടന്ന അവളെ കണ്ണൻ വിളിച്ചു.

ഫവാസ് അവളെ നോക്കി അതിശയത്തോടെ നിന്നു.. തലയിൽ ഒര് തരി മുടി ഉണ്ടായിരുന്നതിന്റെ ലക്ഷണം പോലും ഇല്ല.. മെലിഞ്ഞൊട്ടി അസ്ഥിക്കുടം പോലെ ഇരിക്കുന്നു.. എല്ലുകൾ തെളിഞ്ഞു കാണാം.. പടച്ചോനെ ഇത് കീർത്തന തന്നെ ആണോ.. ഒര് നിമിഷം ആശങ്കയോടെ ഫവാസ് കണ്ണനെ നോക്കി..

മയങ്ങി കിടന്ന കീർത്തന കണ്ണുകൾ തുറന്ന്

” ഫവാസ്… ” അവനെ ചൂണ്ടി കണ്ണൻ പറഞ്ഞു.. തന്റെ കണ്ണുകൾ ബാലപ്പെടുത്തി അവൾ ഫവാസിനെ നോക്കി..

കണ്ണൻ തിരിച്ചു നടക്കും എന്നറിയാവുന്നതിനാൽ ആവാം അവൾ ബലഹീനമായ കൈകൾ കൊണ്ടു കണ്ണന്റെ കൈകളിൽ പിടിച്ചു. ഒന്നും മനസിലാവാതെ അവൻ കീർത്തനയെ നോക്കി..

” ഞാൻ.. ഞാൻ ഒന്നും അറിഞ്ഞില്ല ” എന്ത് പറയണം എന്നറിയാതിരുന്ന ഫവാസ് തുടക്കം ഇട്ടു..

ഈശ്വരാ.. ഇനി കീർത്തു പറയാൻ പോവുന്ന വാക്കുകൾ ഞാൻ കേക്കണമല്ലോ! കണ്ണന്റെ ചങ്കു പിടയ്ക്കാൻ തുടങ്ങി..

” എന്നെ കാണാൻ വന്നല്ലോ… സന്തോഷം “

അവളുടെ ബുദ്ധിമുട്ടിയുള്ള സംസാരം ഫവാസിന്റെ കണ്ണുകൾ നിറച്ചു..

” കീർത്തന.. താനെന്നോടു ക്ഷമിക്കണം ” ഫവാസ് വീണ്ടും കുറ്റബോധത്താൽ കിട്ടിയ വാക്കുകൾ പറഞ്ഞു..

വിരൂപമായ ആ മുഖത്ത് കണ്ണുനീരിൽ കുതിർന്ന ഒരു ചിരി വിടർത്തി കീർത്തന പറഞ്ഞു… ” സത്യത്തിൽ നന്ദി പറയാനാണ് ഞാൻ നിങ്ങളെ കാണണം എന്ന് പറഞ്ഞത് “

അവളുടെ വാക്കുകൾ കേട്ടു ഇരുവരും ഞെട്ടി…

” അന്ന് നിങ്ങൾ എന്നോടങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എനിക്കീ മനുഷ്യനെ കിട്ടില്ലായിരുന്നു.. യഥാർത്ഥ സ്നേഹം എന്താണെന്നു ഞാൻ അറിയില്ലായിരുന്നു…

ഇദ്ദേഹത്തെ സ്വീകരിക്കുമ്പോഴും നിങ്ങൾ എനിക്കൊരു ഭാരമാവുമോ എന്ന് പോലും ഞാൻ ഭയന്നിരുന്നു. പക്ഷെ സ്നേഹം കൊണ്ടു ഓരോ നിമിഷവും ഈ മനുഷ്യൻ എന്നെ അത്ഭുദപ്പെടുത്തി… ജീവിതത്തിനു ഒരു അർത്ഥമുണ്ടാക്കി തന്നു…

ഇന്ന് മരിക്കാൻ ഞാൻ ഇത്രയും വിഷമിക്കുന്നെണ്ടെങ്കിൽ അത് എന്റെ കണ്ണേട്ടനെ വിട്ടു പോവേണ്ടി വരുമല്ലോ എന്ന വേദന ഒന്ന് കൊണ്ടു മാത്രമാണ്. ജീവിതത്തിൽ ഞാൻ എന്ത് നേടി എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ ഫവാസ്.. ഈ മനുഷ്യന്റെ സ്നേഹം..”

അവളുടെ കണ്ണുകൾ നിറഞ്ഞു.. ഫവാസ് തല കുനിച്ചു നിന്നു.. കണ്ണൻ നിരകണ്ണുകളാൽ മുഖം തിരിച്ചു…

” ഇനിയും ഒരു ജന്മം ഉണ്ടെങ്കിലും എനിക്ക് ഈ….

അവളുടെ ശബ്ദം നിലച്ചു…. അവിടം നിശബ്ദമായി… ഫവാസ് ഞെട്ടലോടെ തല ഉയർത്തി അവളെ നോക്കി.. കണ്ണൻ അവളുടെ കൈകളിൽ പിടിച്ചതും കണ്ണന്റെ കയ്യിലെ അവളുടെ പിടുത്തം വിട്ടു…

ഫവാസ് ഒന്നും മിണ്ടാത വേഗത്തിൽ പുറത്തേക്കു ഇറങ്ങി നടന്നു… കണ്ണൻ നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു. അവളുടെ കണ്ണുകളിലേക്കു നോക്കി..

” നിങ്ങളുടേതായതിൽ പിന്നെ ഞാൻ എന്നും നിങ്ങളുടെ മാത്രമായിരുന്നു കണ്ണേട്ടാ… ഇനിയും എത്ര ജന്മം എടുത്താലും ഞാൻ നിങ്ങളുടേത് മാത്രമായിരിക്കും ”  എന്ന് ആ കണ്ണുകൾ അവനോട് പറഞ്ഞുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *