നിത്യേ മതി നിർത്തിക്കൂടെ എത്രമാത്രം നോവുന്നുണ്ട് നിനക്ക്, അവൻ കുപ്പി പാൽ കുടിക്കാത്തത്..

ജീവാംശം
(രചന: അനൂപ് കളൂർ)

“വലതു മാറിൽ നിന്നും ഇടതു മാറിലേക്ക് ആദിയുടെ മുഖം ചേർത്തു വെച്ചപ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ മാറിലെ അമൃത് നുകരാൻ തുടങ്ങിയിരുന്നു…

“പൊടിച്ചു വരുന്ന കുഞ്ഞിപല്ലുകളാൽ ആദി അവളുടെ മാറിൽ മുറിവേല്പിക്കാൻ തുടങ്ങി വീണ്ടും…

“അവന്റെ വികൃതിയുടെ നോവിക്കുന്ന ഭാവം അവളുടെ കണ്ണുകളിൽ കൂടെ കാണാം.

“നിത്യേ മതി നിർത്തിക്കൂടെ… എത്രമാത്രം നോവുന്നുണ്ട് നിനക്ക്…”

“അവൻ കുപ്പി പാൽ കുടിക്കാത്തത് കൊണ്ടല്ലേ ഏട്ടാ. ഒരു നേരം മാറ്റി നോക്കിയപ്പോൾ കണ്ടില്ലേ അവന്റെ തളർച്ച…”

“അതുകൊണ്ട് എത്രയാ പെണ്ണേ നീ സഹിക്കുന്നെ..”

“അത് സാരല്യ ഏട്ടാ… ആഹ് അമ്മേ…” പറഞ്ഞു തീരും മുന്നേ അവളൊന്നു പിടഞ്ഞു…

ഇന്നലെ കിട്ടിയ മുറിവിൽ തന്നെ വീണ്ടും ആദി മുറിവ് സമ്മാനിച്ചപ്പോൾ ആ നോവിൽ നിൽക്കുന്ന അവളെ കാണുമ്പോൾ എന്തോ വല്ലാതെ നോവുന്നു ഉള്ളം…

“കുഞ്ഞു പല്ലുകൾ കാട്ടി ചെക്കൻ അമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചപ്പോൾ ദേ ഭാര്യപെണ്ണിന്റെ മുഖഭാവം മാറി ചെക്കനെ തുരു തുരെ ചുംബിക്കുന്നു…

അതാണ് അമ്മ മനസ്സ്… മക്കൾ എത്ര നോവ് പകർന്നാലും ഒരു പുഞ്ചിരിയോ സ്നേഹസ്പർശമോ മതി ഉള്ളം നിറയാൻ…

“ആഹാ കൊള്ളാം നല്ല അമ്മേം മോനും നമ്മളില്ലേ…”

“നിങ്ങൾക്കെന്തേ മനുഷ്യാ… ഇത് എല്ലാ അമ്മമാർക്കും ഈ സമയം കിട്ടുന്ന സമ്മാനം തന്നയാണ്… മക്കൾ എത്ര വേദനിപ്പിച്ചാലും ഒരു പുഞ്ചിരിയോ സ്നേഹസ്പർശമോ മതി ഉള്ളം നിറയാൻ… അതിനിങ്ങനെ നിങ്ങൾ വിഷമിക്കുന്നത് എന്തിനാ…”

“അറിയാം ടോ… എന്നാലും കാണുമ്പോൾ സഹിക്കുന്നില്ല പെണ്ണേ.. അതുകൊണ്ട് പറഞ്ഞു പോവുന്നതാ…”

“അച്ചോടാ… അതില്ലേ മാഷേ… കുഞ്ഞാവയെ ഒന്നു നോക്കിക്കൊണെ… ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല…”

“നീയുറങ്ങിക്കോ… അവൻ ഉണർന്നാൽ ഞാൻ നോക്കാം..”

പെണ്ണിന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തപ്പോൾ ഉറക്കെ ക്ഷീണം വിട്ടു പോവാത്ത കണ്ണുകളെ കൂടെ ഒന്നമർത്തി ചുംബിച്ചു….

കുഞ്ഞി ചെക്കന്റെ വേറൊരു വികൃതിയാ ഇപ്പൊ ഈ രാത്രി പകലാക്കി കൊണ്ടുള്ള ഈവാശിയും പകൽ ഉറങ്ങുകയും ചെയ്യുന്ന രീതി..”

“സാരല്യ മാഷേ പതുക്കെ മാറിക്കോളും ന്നെ…”

“അമ്മ പറയുന്നത് കുട്ടീടെ അച്ഛന്റെ തനി പകർപ്പാണെന്ന്. അവൻ ഉറങ്ങുകയും ഇല്ല ബാക്കി ഉള്ളവരെ ഉറങ്ങാൻ സമ്മതിക്കുകയുമില്ല…”

“ഇനി അതിപ്പോ എന്റെ തലയിൽ ഇട്ടോ കാന്താരി… ഞാൻ പാവായിരുന്നു”

കൈകൾ ചേർത്തു പിടിച്ചവൾ മുഖത്തോട് ചേർത്തു .കണ്ണുകൾ പതുക്കെ അടയുന്നത് കാണാം… കുഞ്ഞിചെക്കനും ഭാര്യപെണ്ണും ഒരുപോലെ ഉറക്കത്തിലേക്ക് വീണ് പോയപ്പോൾ അറിയാതെ നോക്കിയിരുന്നു പോയി…

എന്തൊരു വായാടി ആയിരുന്നു നിത്യപെണ്ണ്, അവളിൽ വന്ന മാറ്റങ്ങൾ അലോചിക്കുമ്പോൾ അത്ഭുതം തോന്നും…

പ്രേമിച്ചു നടന്നതും എല്ലാം വിട്ട് കൂടെ ഇറങ്ങി വന്നതും ജീവനിൽ പാതി ആയതും. എവിടെ എന്തു പറയണം എന്ന ചിന്ത ഇല്ലാത്ത പെണ്ണ്…

മനസ്സിൽ തോന്നുന്നത് വിളിച്ചു പറയും…
കലപില കൂട്ടി നടക്കും… പക്ഷേ അമ്മ ആവുന്നത് അറിഞ്ഞ നാളുകൾ തൊട്ട് അവൾ ആകെ മാറി തുടങ്ങി…

ഓടി ചാടിയുള്ള നടത്തം നിർത്തി ഓരോ ചുവടും ശ്രദ്ധയോടെ ആയി..

ഡ്രൈവിംഗ് വല്യേ ഇഷ്ടമായിരുന്നവൾ അത് വേണ്ടെന്ന് വെച്ചു മാറി ഇരിക്കാനും കൂടുതൽ നടക്കാനും തുടങ്ങി… പ്രസവത്തിന് രണ്ടുനാൾ മുന്നേ അഡ്മിറ്റ് ആയപ്പോൾ തൊട്ട് എന്റെ കാര്യത്തിൽ ആയിരുന്നു അവൾക്ക് പേടി…

“ദേ അമ്മേ ന്റെ കെട്യോനെ മര്യാദക്ക് ശ്രദ്ധിച്ചോണം ട്ടാ… ഒരാഴ്ച കൊണ്ട് പകുതി ആയി… ഇതിപ്പോ ഞാൻ ആണോ ഇങ്ങേരാണോ പ്രസവിക്കാൻ പോണതെന്ന് നിക്കൊരു സംശയം ഉണ്ട് ട്ടാ..”

എന്നും പറഞ്ഞു നീറി നിൽക്കുന്ന മനസ്സിനെ ചിരിപ്പിച്ചവൾ…

ആരും കേൾക്കാതേ “ന്താ മാഷേ ചിരിച്ചു കൊണ്ടുള്ള ന്റെ ചെക്കനെ കണ്ടല്ലേ നിക്ക് അതിനുള്ളിൽ കയറാൻ പറ്റൂ… ഒന്നു സ്‌ട്രോങ് ആവന്നേ…”

“ഇവളിൽ എന്റെ പ്രേമം മാത്രമല്ല… എന്റെ പ്രാണനും കൂടെയാണെന്ന് എന്നോ മനസ്സിൽ ആയതാ…

ഓർമ്മ വന്നപ്പോൾ കുഞ്ഞാവയെ നോക്കി സന്തോഷമായോ ന്റെ ചെക്കന് ചോദിച്ചപ്പോഴും അവളുടെ നെറുകയിൽ ഒരായിരം ഉമ്മകൾ പൊതിയാൻ ആണ് തോന്നിയത്….

ഒരു മൂളിപ്പാട്ട് പോലും പാടാതെ നടന്നിരുന്നവൾ കുഞ്ഞി ചെക്കനെ താരാട്ട് പാടി ഉറക്കുമ്പോൾ അറിയാതെ ഞാനും ഉറങ്ങി പോവും ആ താളത്തിൽ…

ഓരോ നാളുകളും മറഞ്ഞു കൊണ്ടിരുന്നു. ആദിമോൻ പിച്ചവെച്ചു പിന്നെ പതുക്കെ നടന്നു ഒടുവിൽ ഓടാൻ തുടങ്ങി…..

മറ്റൊരാൾ കൂടെ വന്നാൽ ആദിക്ക് കിട്ടുന്ന സ്നേഹം കുറയുമോ കരുതിയായിരുന്നു രണ്ടാളും ഇനിയൊരു കുഞ്ഞിനെ വേണ്ടന്ന് വെച്ചത്….

പക്ഷെ… പിന്നെ അവനൊരു കൂട്ട് വേണം എന്ന ചിന്തയിൽ ഒരു കുഞ്ഞു കാന്താരി കൂടെ വേണം തോന്നിയപ്പോഴേക്കും ഒത്തിരി വൈകി പോവുകയും ചെയ്തു… ആധിയുടെ ഓരോ ചുവടും അവനോടൊപ്പം ഞങ്ങൾ നടന്നു… വളർച്ചയിൽ തണലായി… മഴയിൽ ഒരു കുടയായി…

“അമ്മേ… അച്ഛാ…. ഞാൻ സെക്കന്റ് ഷോക്ക് പോയി വരാ ട്ടൊ…” പറഞ്ഞിറങ്ങുമ്പോൾ അവനിന്ന് ഇരുപത് കഴിഞ്ഞു.അവന്റേതായ ലോകം കാണാൻ തുടങ്ങിയിരിക്കുന്നു…

“ആധി ഒന്നു നിന്നേ…”

“എന്തേ അച്ഛാ ….”

“ടാ നാളെ അമ്മയുടെ പിറന്നാൾ അല്ലേ ചെറിയൊരു പാർട്ടി ഒപ്പിച്ചാലോ. ഫ്രണ്ട്സിനെ ഒക്കെ വിളിച്ചോ… പിന്നെ വേണേൽ ഇത്തിരി ബിയറും ഒക്കെ ആവാം…”

“അയ്യോ അച്ഛാ ഞങ്ങടെ ടീമിൽ ആരും കുടിക്കില്ല..”

“കള്ള തെമ്മാടി… അച്ഛനോടാണോ നിന്റെ കള്ളത്തരം ഈ സെക്കന്റ് ഷോ പരിപാടി തന്നെ അതിനുള്ള ഉടായിപ്പ് ആണെന്ന് എനിക്കറിയാം പിന്നെ വല്ലപ്പോഴും ഒരു ബിയർ ഒക്കെ കുടിച്ചോ.. വലി നിർത്തിയേക്ക്.അത് വേണ്ട”

“അതില്ലാ ല്ലോ “

“ഇന്നലെ ബാത്‌റൂമിൽ നിന്നും കിട്ടിയ സിഗരറ്റ് പേക്കറ്റ് അവിടെ തനിയെ വന്നതാണോ മോനെ “

“അത് പിന്നെ അച്ഛാ…”

“ആ പാവത്തിനെ നിനക്ക് പറ്റിക്കാം എന്റെടുത്ത് വേണ്ട ട്ടാ നിന്റെ അടവുകൾ…”

“അയ്യോ നിർത്തിയെ സോറീ…”

“അങ്ങനെ വഴിക്ക് വാ കള്ളാ. ഇനി പൊക്കോ അമ്മ കേട്ടാൽ അത് മതി വാടി തളരാൻ… ശ്രദ്ധിച്ചു പൊക്കോട്ടാ”

“നാളെ അമ്മക്ക് എന്താ ഗിഫ്റ്റ് കൊടുക്കുക അച്ഛാ”

“ഒരു ദിവസതേക്കുള്ള സമ്മാനത്തിൽ ഒന്നും നിന്റെ അമ്മക്ക്സന്തോഷം കാണില്ല.. ഒന്നു മാത്രം മതി അവൾ എന്നും നിനക്ക് പറഞ്ഞു തരുന്നത് ഓർക്കുക..”

“ഒരു പെണ്ണിന്റെയും സ്വപ്നങ്ങൾക്കൊ ജീവിതത്തിനോ മുറിവ് നൽകി ആ കണ്ണുകൾ നിറയാൻ അവസരം കൊടുക്കാതിരിക്കുവാ അതാവും അവൾ എന്നും നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്…”

“അത് ഞാൻ മറക്കില്ല അച്ഛാ”

“ഒരുമ്മ കവിളിൽ തന്നു അവൻ പോവുമ്പോൾ…”

“നല്ല അച്ഛനും മോനും… രണ്ടിനും നല്ല അടിയുടെ കുറവുണ്ട്…”

എല്ലാം കേട്ട് കൊണ്ട് പിറകിൽ അവൾ ഉണ്ടായിരുന്നു…

“തന്നോളം പോന്ന മകൻ നല്ലൊരു സുഹൃത്തായി കിട്ടുന്നതും ഒരു ഭാഗ്യമല്ലേ മാഷേ…”

“അതേല്ലോ… തന്റെ പാതിയും പുത്രനും ഒരുപോലെ കൂട്ടുകാർ ആവുന്നതും മറ്റൊരു ഭാഗ്യമല്ലേ നമുക്ക് ഏട്ടാ…”

“അവൻ അവന്റെ ഇഷ്ടങ്ങൾ പോലെ പറക്കട്ടെ. ശരിയും തെറ്റും അവന് അറിയാം നേരിന്റെ വഴിയിലെ പോവൂ. ആ ധൈര്യമുണ്ട് നമുക്ക്… അതല്ലേ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും…”

Leave a Reply

Your email address will not be published. Required fields are marked *