ആ വാർത്ത അറിഞ്ഞത് അമ്മയുടെ വയറ്റിൽ വീണ്ടും ഒരു ജീവൻ കൂടി വളരുന്നുണ്ട് എന്ന് എനിക്ക് താഴെ…

(രചന: J. K)

അമ്മയുടെ മൃതദേഹം കാണുംതോറും അയാളോടുള്ള ദേഷ്യം കൂടി കൂടി വന്നു അവൾക്ക്….

നിശ്ചലമായ അമ്മയുടെയും ആ കുഞ്ഞ് അദ്ദേഹത്തിന്റെയും അരികിൽ അയാൾ എല്ലാം തകർന്നത് പോലെ ഇരിക്കുന്നുണ്ട്….

“”””ചെറിയച്ഛൻ “””” അങ്ങനെയാണ് വിളിച്ചു ശീലിച്ചത് അമ്മയുടെ രണ്ടാമത്തെ ഭർത്താവ്….

സ്വന്തം അച്ഛനെ കണ്ട ഓർമ്മയില്ല നീലിമയ്ക്ക് അവൾക്ക് ഓർമ്മവച്ച കാലത്തിനു മുന്നേ തന്നെ അച്ഛൻ നഷ്ടപ്പെട്ടിരുന്നു…..

അവളുടെ ഓർമ്മകളിൽ എന്നും അമ്മയും അവളും തനിച്ചായിരുന്നു..

പൊട്ടു തൊടാത്ത നിറംമങ്ങിയ സാരി ഉടുക്കുന്ന ഒരു അമ്മ… ഇടയ്ക്ക് വല്ലപ്പോഴും ഒരു വഴിപാട് പോലെ മാമന്മാർ വരും കാര്യങ്ങൾ എന്തെങ്കിലും അന്വേഷിക്കും…

ചില രാത്രികളിൽ പേടിച്ച് ഭയന്നിട്ടുണ്ട് കതകിൽ ഓരോ മുട്ട് കേട്ട്… അപ്പോഴേക്കും അമ്മ തലയിണക്കിടയിൽ ഒരു വെട്ടുകത്തി സൂക്ഷിച്ചിരിക്കും…

എന്നിട്ട് പറഞ്ഞു തന്നിട്ടുണ്ട് ത്തോളം കാലം കുഞ്ഞു പേടിക്കേണ്ട ആരും നമ്മളെ ഉപദ്രവിക്കാൻ വരില്ല എന്ന് സുരക്ഷയുടെ പര്യായമായി അന്നുമുതൽ കണ്ടിരുന്നതാണ് ആ വെട്ടുകത്തി..

അമ്മയാണ് ജോലിക്ക് പോയി എന്നെ പൊന്നുപോലെ നോക്കിയിരുന്നത്…. വൈധവ്യം സ്ത്രീകൾക്ക് കൽപ്പിച്ച് നൽകിയ ചില രൂപങ്ങൾ ഉണ്ടല്ലോ വെള്ള സാരിയും പൊട്ടു തൊടാത്ത നെറ്റിത്തടവും ഒഴിഞ്ഞ കഴുത്തും എല്ലാം..

അങ്ങനെ തന്നെയായിരുന്നു അമ്മയെ ഞാൻ ഏറെ പങ്കും കണ്ടിട്ടുള്ളത്… പക്ഷേ അതിൽ നിന്നൊക്കെ മാറ്റം വരാൻ തുടങ്ങി. അമ്മയേ പൊട്ടു തൊട്ട് കാണാൻ തുടങ്ങി അത് എനിക്ക് ഏറെ സന്തോഷപ്രദമായിരുന്നു.

പക്ഷേ അധികകാലം അത് നീണ്ടു നിന്നില്ല ജോലിസ്ഥലത്തുള്ള ഒരാളുടെ കൈപിടിച്ച് അമ്മ വീട്ടിലേക്ക് കയറി വരുന്നത് വരെ അതുണ്ടായുള്ളൂ…

അന്നാണ് അമ്മ ആദ്യമായി പറഞ്ഞുതന്നത് ഇതാണ് നിന്റെ ചെറിയച്ഛൻ ഇനി അങ്ങനെ വിളിക്കാൻ പാടുള്ളൂ അച്ഛന്റെ സ്ഥാനമാണ് എന്നൊക്കെ…

പക്ഷേ അയാളെ എന്റെ ആരുമായും അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല ഏറെ നാളായി എനിക്ക് അമ്മയും അമ്മയ്ക്കും ഞാനും മാത്രമായിരുന്നു

ആ ജീവിതത്തിൽ ഞങ്ങൾക്ക് ഇടയിലേക്ക് പുതിയ ഒരാൾ കടന്നുവന്നത് ഏതൊരു വിധേനയും സഹിക്കാൻ പറ്റില്ലായിരുന്നു എനിക്ക്….

അയാളെ ഒരു നോക്ക് നോക്കി പോലും ഞാൻ ഒന്ന് പരിഗണിചില്ല… എന്നെയും അമ്മയെയും അകറ്റാൻ ഞങ്ങൾക്കിടയിൽ വന്ന ഒരു കരട് മാത്രമായിരുന്നു അയാൾ എനിക്ക്….

അയാൾക്കും അത് മനസ്സിലായത് തന്നെയാവണം വല്ലാതെ എന്നെ ബുദ്ധിമുട്ടിക്കാൻ എന്റെ അരികിലേക്ക് അയാൾ വന്നില്ല…. പരമാവധി എന്നിൽ നിന്ന് അയാൾ അകലം പാലിച്ചു എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതെ അയാൾ ശ്രദ്ധിച്ചു….

അത് അമ്മയെ സംബന്ധിച്ചിടത്തോളം ഏറെ വേദന ജനകമായിരുന്നു എനിക്കും വേണ്ടിയാണ് അമ്മ അയാളുടെ കൈപിടിച്ചു ഈ വീട്ടിലേക്ക് കയറി വന്നത്…..

അയാൾ ഒരു സാധുവാണെന്ന് അമ്മ മനസ്സിലാക്കിയിരിക്കണം….. ഒരിക്കൽ അമ്മ എന്നോട് പറഞ്ഞു എന്റെ സ്വന്തം അച്ഛനെ പറ്റി

അച്ഛനെ കണ്ട് ഓർമ്മയില്ലാത്തതുകൊണ്ടുതന്നെ അയാളുടെ സ്വഭാവമോ അയാൾ അമ്മയോട് എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നോ ഒന്നും അറിയില്ലായിരുന്നു

പക്ഷേ അമ്മയുടെ വാക്കുകളിൽ നിന്നും മനസ്സിലായിരുന്നു, ഒരിക്കൽ പോലും അമ്മയ്ക്ക് ഒരു സുഖമോ സമാധാനമോ കൊടുത്തിട്ടില്ല എന്ന്…

മദ്യത്തിന് അടിമയായിരുന്നു അയാൾ ഒരു മുഴുകുടിയൻ… കുറെ പെണ്ണുങ്ങൾ ഉള്ള വീട്ടിൽ നിന്ന് അമ്മയെ എങ്ങനെയും ബാധ്യത കഴിച്ച് ഇറക്കിവിട്ടത് ആയിരുന്നത്രെ…

കല്യാണത്തിന് മുന്നേ തന്നെ കുടിച്ചു കുടിച്ചു അയാളുടെ അവയവങ്ങൾ എല്ലാം പോയിരുന്നു….

അമ്മയുടെ കല്യാണം കഴിഞ്ഞ് ഏറെ നാൾ കഴിയും മുമ്പേതന്നെ ഒരു കുഞ്ഞിനെയും കൊടുത്തു അയാൾ യാത്ര പറഞ്ഞിരുന്നു പക്ഷേ പോകുന്നതിനു മുമ്പ് ആ ഒരു ഇത്തിരി കാലം അമ്മയെ നന്നായി ബുദ്ധിമുട്ടിചിരുന്നു അയാൾ…..

എല്ലാം എന്റെ അറിവിലേക്കായി പറഞ്ഞു തന്നതാണ് അമ്മ…. അമ്മ ഒരിക്കലും അച്ഛനെ മറന്നുഒന്നും ചെയ്തിട്ടില്ല… ഈ ജീവിതം തെരഞ്ഞെടുത്തത് എനിക്ക് കൂടി വേണ്ടിയാണെന്ന് അമ്മ എന്നോട് പറഞ്ഞു മനസ്സിലാക്കി തന്നു…

പക്ഷേ എന്തൊക്കെ പറഞ്ഞാലും അയാളെ ഉൾക്കൊള്ളാനും സ്നേഹിക്കാനും എനിക്ക് ആവുമായിരുന്നില്ല….

എങ്കിലും അയാളോട് ദേഷ്യം കാണിക്കുന്നത് ഞാൻ അല്പം കുറച്ചു… ഞാൻ ആറാം ക്ലാസിൽ എത്തിയപ്പോഴാണ് ആ വാർത്ത അറിഞ്ഞത് അമ്മയുടെ വയറ്റിൽ വീണ്ടും ഒരു ജീവൻ കൂടി വളരുന്നുണ്ട് എന്ന് എനിക്ക് താഴെ….

അതും ഉൾക്കൊള്ളാൻ എനിക്ക് ആകുമായിരുന്നില്ല….. എന്റെ മനസ്സിൽ എന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ പുതിയൊരു അവകാശികൾ അത് എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു..

അതിനുശേഷം ഞാൻ അമ്മയോട് പോലും മിണ്ടിയില്ല എന്റെ മാത്രം കാര്യങ്ങൾ നോക്കി ഞാൻ നടന്നു അമ്മ ഏറെ ശ്രമിച്ചിരുന്നു എന്നോട് മിണ്ടാനും അമ്മയോട് ഞാൻ പഴയതുപോലെ അടുക്കാനും….

പക്ഷേ ഒറ്റക്കിരുന്ന് കരഞ്ഞാൽ പോലും ഞാൻ അമ്മയെ ഒന്ന് പരിഗണിക്കുക കൂടി ചെയ്തില്ല ഇത് അമ്മയ്ക്ക് വളരെ വിഷമമായിരുന്നു…

പ്രായം കൂടിയിട്ടുള്ള ഗർഭധാരണം പിന്നെ കൂടാതെ എന്റെ അവഗണന അമ്മയ്ക്ക് ആകെ ടെൻഷൻ കൂടി കൂടി വന്നു….

മാസം തികയാതെ തന്നെ അമ്മയ്ക്ക് പ്രസവ വേദന വന്നു… ചെറിയച്ഛൻ എങ്ങനെയൊക്കെയോ ആശുപത്രിയിൽ എത്തിച്ചു…

എല്ലാം കണ്ട് ഏറെ ടെൻഷൻ ഉണ്ടെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിക്കുന്ന പോലെ കൂടി കാണിച്ചില്ല…

പോകാൻ നേരത്തു പോലും അമ്മ എന്റെ പേര് പറഞ്ഞാണ് കരഞ്ഞിരുന്നത്…

പ്രസവ സമയത്ത് ഏറിയ രക്തസ്രാവം മൂലം അമ്മ മരണപ്പെട്ടു.. ഒപ്പം ചെറിയച്ഛന്റെ കുഞ്ഞും….

ഇനി എന്റെ ജീവിതത്തിൽ അമ്മ ഇല്ല എന്നത് വല്ലാത്തൊരു ഷോക്കായിരുന്നു എന്നെ സംബന്ധിച്ച് ഇതിനെല്ലാം കാരണക്കാരൻ ചെറിയച്ഛനായി ഞാൻ കണക്കുകൂട്ടി…

അമ്മ മരിച്ചതിലുള്ള സങ്കടം മുഴുവൻ അയാളോടുള്ള ദേഷ്യമായി മാറി എന്റെയുള്ളിൽ..

എല്ലാവരും ചേർന്ന് അമ്മയെയും ആ കുഞ്ഞ് ശരീരത്തെയും അവിടെ നിന്ന് എടുത്തുകൊണ്ടു പോകുമ്പോൾ ശരീരം ഭാരം ഇല്ലാതാവുന്നതും പുറകിലേക്ക് മലർന്നടിച്ചു വീഴുന്നതും ഞാനറിഞ്ഞിരുന്നു….

പിന്നീട് കണ്ണ് തുറന്നപ്പോൾ ആരോ അവിടെയിരുന്നു പറയുന്നത് കേട്ടു ഈ കുട്ടി കാരണമാണ് ഇന്ദിര മരിച്ചത് എന്ന്.. താങ്ങാൻ പറ്റാത്ത വിഷമം അല്ലേ അവൾക്ക് ഉണ്ടാക്കിക്കൊടുത്തത് എന്ന്….

ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത് മെല്ലെ ചിന്തിച്ചുനോക്കി അതെ ശരിയാണ് ഈ വിവാഹം കഴിഞ്ഞത് മുതൽ ഞാൻ അമ്മയ്ക്ക് സമാധാനം കൊടുത്തിട്ടില്ല അമ്മയുടെ സുഖത്തിനായി ഒരു വിവാഹം കഴിച്ചു എന്ന് മാത്രമാണ് ഞാൻ കരുതിയത് അമ്മയ്ക്ക് മാത്രം ഒരു കൂട്ട്…..

പലപ്പോഴും ചെറിയച്ഛൻ തന്നോട് മിണ്ടാൻ ശ്രമിച്ചിട്ടുണ്ട്….തന്നെയും അവരുടെ ആ കൂട്ടത്തിലേക്ക് ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ ഒന്നിനും വഴങ്ങാതിരുന്നതും എല്ലാത്തിന്റെയും നേരെ മുഖം തിരിച്ചു നിന്നതും താനാണ്….

ഏറെ വൈകിപ്പോയ ഒട്ടും പ്രയോജനം ഇല്ലാത്ത ഒരുതരം സ്വയം അവലോകനം ഞാൻ ഒരു ഇത്തിരി നേരം കൊണ്ട് നടത്തി..

എല്ലാം വൈകി പോയിരിക്കുന്നു ഇനി എനിക്ക് ഒന്നും ചെയ്യാനില്ല വേഗം എണീറ്റ് അമ്മയെ മറവ് ചെയ്തി നടന്നു ഇപ്പോഴും അമ്മയെ പൊതിഞ്ഞ മണ്ണിന് നനവുണ്ട്….

തോരാത്ത ആ മിഴികൾ പോലെ… അതിനരികിൽ ചെന്നിരുന്നു…. ആ കുഞ്ഞ് ദേഹവും ചലനമറ്റ അമ്മയും എന്റെ മനസ്സിൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു….

എനിക്ക് എന്നെ തന്നെ നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു… അലറി കരഞ്ഞ എന്റെ തോളിൽ ഒരു കരസ്പർശം ഏറ്റാണ് തിരിഞ്ഞു നോക്കിയത്….

””ചെറിയച്ഛൻ “””” ആദ്യമായി ഞാൻ അയാളെ അങ്ങനെ വിളിച്ചു…

“”” ഞാൻ..ഞാൻ…കാരണമാ അമ്മ “””

എന്ന് മാത്രം അയാളോട് പറഞ്ഞ് ഞാൻ അലറി കരഞ്ഞു…

ചേർത്തുപിടിച്ച് അയാൾ തിരുത്തിയിരുന്നു ചെറിയച്ഛൻ”””” അല്ല അച്ഛൻ””””””
ഇനി അങ്ങനെ കണ്ടോളൂ എന്ന്….

മോള് കാരണം ഒന്നുമല്ല എല്ലാം വിധിയാണ് ഓരോന്നും വിധി പോലെ മാത്രമേ നടക്കൂ എന്ന്….

അച്ഛൻ ഉണ്ടാവും കൂടെ എന്ന് പറഞ്ഞ് ഇനിയും ചേർത്തുപിടിച്ച് അകത്തേക്ക് നടക്കുമ്പോൾ ആ മനസ്സിന് മുന്നിൽ ഞാൻ വല്ലാതെ ചെറുതായി പോയിരുന്നു…..