വലതുകാൽ വച്ച് ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആകെ പേടിയായിരുന്നു നിർമലയ്ക്ക്, ഒന്നിനു മാത്രം പോന്ന രണ്ട്..

(രചന: J. K)

വലതുകാൽ വച്ച് ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആകെ പേടിയായിരുന്നു നിർമലയ്ക്ക്…

ഒന്നിനു മാത്രം പോന്ന രണ്ട് ചെറുപ്പക്കാർ, അവരുടെ അച്ഛൻ വിവാഹം ചെയ്തു കൊണ്ടുവന്നതാണ് തന്നെ അങ്ങോട്ട്..

അതുകൊണ്ടുതന്നെ അവർ തന്നെ എത്തരത്തിൽ തന്നെ സ്വീകരിക്കുമെന്നും അവിടെ തനിക്ക് എങ്ങനെ ജീവിക്കാൻ കഴിയും എന്നും ഒന്നും അവർക്ക് നിശ്ചയം ഇല്ലായിരുന്നു…

എങ്കിലും എന്തുതന്നെയായാലും എവിടെയാണ് ഇനി തന്റെ ശിഷ്ടകാലം കഴിയേണ്ടത് എന്ന് ഉറച്ച ബോധ്യം അവർക്കുണ്ടായിരുന്നു അവർ പൂജ റൂമിൽ തനിക്ക് തന്ന വിളക്ക് കൊണ്ടുവച്ചു ആരോ കാണിച്ചുതന്ന മുറിയിലേക്ക് നടന്നു…

മറ്റൊരു സ്ത്രീയുടെ ലോകമായിരുന്നു ഈ വീട് കുറെക്കാലം മുമ്പ് വരെ ആ വീട് ഒരു അച്ഛന്റെയും ആ സ്ത്രീയുടെയും അവരുടെ രണ്ട് ആൺമക്കളുടെയും മാത്രമായ ലോകം അവിടേക്കാണ് താൻ കടന്നു വന്നിരിക്കുന്നത്…

ഒരുപക്ഷേ അവരുടെ സാമ്രാജ്യത്തിലേക്ക് കടന്നുവന്ന തന്നോട് ഒരിക്കലും അവർക്ക് അടുക്കാൻ കഴിയുമായിരിക്കില്ല..

ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുന്നത് പോലത്തെ ഒരു ബന്ധം അത് മാത്രമാകും താൻ ഇവിടെ എന്നെല്ലാം അവൾ ഓർത്തു…

അവർ ആ മുറിയിൽ ചെന്നിരുന്നു അവിടെ വലുതാക്കി ആ അച്ഛന്റെയും അമ്മയുടെയും രണ്ടു മക്കളുടെയും ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട് ആ ഫോട്ടോയിലേക്ക് അവർ ഇത്തിരി നേരം കണ്ണ് ചിമ്മാതെ നോക്കി….

എല്ലാ മുഖത്തും വളരെ സന്തോഷം കാണുന്നുണ്ട് പക്ഷേ ഇതേ സന്തോഷം താൻ വലതുകാലുവച്ചു കയറിയപ്പോൾ അവരുടെയെല്ലാം മുഖത്ത് കണ്ടുവോ??? വെറുതെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു അവർ…

അറിയില്ല”””‘ അവർക്ക് ഇങ്ങോട്ട് താൻ കയറിവന്നത് ഇഷ്ടമായോ എന്ന് തന്നെ അറിയില്ല..

പക്ഷേ അവരുടെ സമ്മതപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് തന്നോട് വിവാഹം ഉറപ്പിക്കുന്നതിനു മുമ്പ് ബ്രോക്കർ പറഞ്ഞത് അതുകൊണ്ട് മാത്രമാണ് താൻ ഇതിന് സമ്മതിച്ചത്…

നിർമലയുടെ ഓർമ്മകൾ വളരെ മുന്നേ കാലത്തേക്ക് സഞ്ചരിച്ചു അന്ന് താനൊരു പാവാട പ്രായക്കാരി ആയിരുന്നു…

കുട്ടികളുടെ കൂടെ തൊടിയിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു കൂട്ടർ കാണാൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞ് അമ്മ രഹസ്യമായി വിളിച്ചത് വേഗം വീടിന് പുറകിലൂടെ വീട്ടിലേക്ക് കേറിച്ചെന്നു…..

സുമുഖനായ ഒരു ചെറുപ്പക്കാരനും അയാളുടെ അമ്മവൻമാരും ഒറ്റനോട്ടം മാത്രമേ നോക്കിയുള്ളൂ….

അവർക്ക് പെൺകുട്ടിയെ ബോധിച്ചു എന്ന് അച്ഛനോട് പറയുന്നത് കേട്ടു പെണ്ണിന്റെ സമ്മതം ഒന്നും അക്കാലത്ത് ചോദിക്കുന്നത് പതിവില്ലായിരുന്നു അതുകൊണ്ടുതന്നെ ആ വിവാഹം ഉറപ്പിക്കപ്പെട്ടു…

അധികം വൈകാതെ തന്നെ വിവാഹം നടന്നു അയാളുടെ വീട്ടിലേക്ക് വലതുകാൽ വച്ച് കേറുമ്പോൾ ഒന്നുമറിയാത്ത ഒരു പൊട്ടി പെണ്ണായിരുന്നു താൻ… ജീവിതം ഇനി എങ്ങോട്ട് ഒഴുകും എങ്ങനെയാവും എന്നുപോലും അറിയാത്തവൾ…

വെറും രണ്ടുമാസം മാത്രമേ ആ ദാമ്പത്യത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ ജന്മനാ ഒരു ഹൃദ്രോഗിയായ അയാളെ അത് മറച്ചു വെച്ചാണ് തന്നെ കൊണ്ട് വിവാഹം കഴിപ്പിച്ചത്

രണ്ടുമാസം കഴിഞ്ഞപ്പോഴേക്ക് അയാൾ അതുകൊണ്ട് മരിച്ചപ്പോൾ വൈധവ്യം എന്ന വലിയൊരു പടുകുഴിയിലേക്ക് താൻ വലിച്ചെറിയപ്പെട്ടു….. തന്റെ വീട്ടിലെ ഇരുട്ടുമുറിയിൽ അഭയം പ്രാപിക്കേണ്ടി വന്നു…

ജീവിതം എന്താണ് എന്ന് അറിയുന്നതിന് മുമ്പ് വിധവയാകേണ്ടി വന്നവൾ.. അതിനോട് പൊരുത്തപ്പെട്ട് ജീവിച്ചു വരികയായിരുന്നു. അപ്പോഴാണ് ഇപ്പോൾ വീണ്ടും ഒരു വിവാഹ ആലോചന വന്നത്…

അത്യാവശ്യം വയസ്സുള്ള ഒരാൾ അയാൾക്ക് രണ്ടു ആൺമക്കൾ ഉണ്ടത്രേ. അവരുടെ ഭാര്യ രണ്ടുവർഷം മുമ്പ് ക്യാൻസർ വന്ന് മരിച്ചു എന്ന് അയാൾക്ക് ഒരു കൂട്ട് വേണം മക്കൾക്ക് രണ്ടുപേർക്കും വിദേശത്ത് ജോലി ശരിയായിട്ടുണ്ട്….

അവർക്ക് പോകണമെങ്കിൽ അച്ഛനെ സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിക്കണം അതിനാണ് വിവാഹം എന്ന് ഈ പ്രഹസനം..

തനിക്ക് ഈ വിവാഹം വേണോ വേണ്ടയോ അല്ലെങ്കിൽ തയ്യാറാണോ എന്ന് പോലും ആരും ചോദിച്ചില്ല… അച്ഛനും അതേ ആങ്ങളമാരും അതെ… എല്ലാവരിലും തലയിൽനിന്ന് ഒരു ഭാരം ഒഴിഞ്ഞു പോകുന്നതിന്റെ ആശ്വാസം മാത്രമാണ് കണ്ടത്…..

അത് കണ്ടപ്പോൾ പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചതും ഇല്ല വിധി പോലെ വരട്ടെ എന്ന് കരുതി അതിനും നിന്നു കൊടുത്തു ഒരു പാവയെപ്പോലെ..

അയാളുടെ ഏതോ ബന്ധുവാണെന്ന് പറഞ്ഞ സ്ത്രീ വീട് മുഴുവൻ എനിക്ക് പരിചയപ്പെടുത്തി തന്നു.. അടുക്കളയും ഇനി ഇത് തന്റെ ലോകമാണ് എന്ന് അവർ പറഞ്ഞു…

എന്നോട് യാത്ര പറഞ്ഞ് എല്ലാവരും പോയി ഇപ്പോൾ അവിടെ ഞാനും അയാളും അയാളുടെ രണ്ട് ആൺമക്കളും മാത്രമായി..

എന്തുവേണം എന്നറിയില്ലായിരുന്നു ആകെക്കൂടെ ഒരു ജാള്യത….. അവർക്ക് മൂന്നുപേർക്കും മുഖം കൊടുക്കാതെ അടുക്കളയിൽ തന്നെ പതുങ്ങി നിന്നു അതിനിടയിലാണ് ഇളയവൻ എന്ന് പറഞ്ഞ ആ കുട്ടി അരികെ വന്നത്…

“””അമ്മേ എനിക്കൊരു ചായ ഉണ്ടാക്കി തരുമോ???”””എന്ന് ചോദിച്ചു കൊണ്ട്…

അവൻ എന്നെ വിളിച്ചതിൽ പെട്ട് ഉഴരുകയായിരുന്നു എന്റെ മനസ്സ്…

“””അമ്മ “” അത് കേട്ട് ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു മനസ്സ് നിറഞ്ഞു..

പിന്നെ ആകെക്കൂടി വെപ്രാളം ആയിരുന്നു അവന് ചായ ഉണ്ടാക്കി കൊടുക്കാൻ….
ചായപ്പൊടിയും പഞ്ചസാരയും എല്ലാം നോക്കിയിട്ടും കണ്ടില്ല ആകെ കൂടെ വെപ്രാളം പിടിച്ചു അവനായി ചായ ഉണ്ടാക്കാൻ തുടങ്ങി….

അവനും അരികിൽ വന്ന് ചിരിയോടെ ഞാൻ ചെയ്യുന്നത് നോക്കി നിന്നു…

എനിക്ക് സാവധാനത്തിൽ പറഞ്ഞുതന്നു ചായപ്പൊടിയും പഞ്ചസാരയും എല്ലാം എവിടെയാണെന്ന്…

നിമിഷങ്ങൾ മതിയായിരുന്നു ഞങ്ങൾക്ക് തമ്മിൽ അടുക്കാൻ. പ്രസവിക്കാതെ തന്നെ അവന്റെ അമ്മയാവാൻ… മാതൃത്വത്തിന് പ്രായമോ മറ്റൊന്നും ഒരു തടസ്സമല്ല എന്നറിയാൻ..

അവനായി ചായ ഉണ്ടാക്കി അവന്റെ കയ്യിൽ കൊടുത്ത് അവൻ കുടിക്കുന്നത് വരെയും കണ്ണെടുക്കാതെ അത് നോക്കി നിന്നു…..

അത് കുടിച്ച്….

“””‘അടിപൊളി ചായ””””

എന്ന് അവൻ പറഞ്ഞത് കേട്ട് മനസ്സുനിറഞ്ഞു ഒപ്പം എന്തിനോ കണ്ണും….

“””” ഏട്ടനും അച്ഛനും ഉള്ളത് അമ്മ തന്നെ കൊണ്ട് കൊടുത്തോളൂ”””
എന്ന് പറഞ്ഞു അവൻ..

ഒന്ന് അറച്ച് അവർക്കുള്ളത് എടുത്ത് അങ്ങോട്ടേക്ക് നടന്നു…

അദ്ദേഹത്തിനും അവനും ചായ കൊടുക്കുമ്പോൾ ഹൃദ്യമായ ഒരു പുഞ്ചിരി പകരമായി തന്നിരുന്നു…

അത് മതിയായിരുന്നു എന്റെ മനസ്സ് നിറയാൻ…
അന്നൊരു ദിവസം കൊണ്ട്….. ആ കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ ഞാൻ അവരുടെയെല്ലാം അമ്മയായി മാറിയിരുന്നു…..

പ്രസവിക്കാത്ത മുലയൂട്ടാത്ത വലിയ രണ്ട് ആൺമക്കളുടെ അമ്മ.. അദ്ദേഹത്തിന്റെ ഭാര്യ എന്ന പദവിയേക്കാൾ അവരുടെ അമ്മ എന്നതിൽ ഞാൻ കൂടുതൽ അഭിമാനിച്ചു…

അവരും എന്നെ ആ കൂട്ടത്തിലേക്ക് ചേർത്ത് പിടിച്ച് പറഞ്ഞിരുന്നു ഇനി ഞങ്ങൾക്ക് സമാധാനമായി പോകാം ഇവിടെ അച്ഛന്റെ നിഴലുപോലെ അമ്മ കൂടെ കാണും എന്ന് ഉറപ്പാണ് എന്ന്….