അച്ഛന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്, അതറിഞ്ഞ് അമ്മയാകെ തകർന്നു പിന്നെ അച്ഛനെ അടുപ്പിച്ചില്ല മക്കളെയും..

(രചന: J. K)

ആ ഓർഫനേജിന്റെ മുറ്റത്ത് നിന്ന് പോവുകയാണ് എന്ന് പറഞ്ഞ് കാറിൽ കേറുന്ന അയാളെ കെട്ടിപ്പിടിച്ച് അനിയത്തി കരഞ്ഞിരുന്നു…

അയാൾക്കും തന്റെ മിഴികൾ നിയന്ത്രിക്കാനായില്ല പോയേ പറ്റൂ അതുകൊണ്ട് മാത്രമാണ് താൻ ഇവിടെ നിന്നും പോകുന്നത് അവളുടെ ചെവിയിൽ അയാൾ മന്ത്രിച്ചു…

“””‘ ഏട്ടൻ വരും…. ഉടനെ വരും പിന്നെ എന്റെ കുട്ടിക്ക് ഒന്നും വിഷമിക്കേണ്ടി വരില്ല “”””

എന്ന്…

“””മ്മ് “” എന്നതിന് അനുസരണയോടെ അവൾ തലയാട്ടുമ്പോൾ ഉള്ളിൽ എന്തോ ഒരു പാറക്കല്ല് എടുത്തുവച്ചതുപോലെ തോന്നിയിരുന്നു ആ ഏട്ടന്……

ഒന്നുകൂടി അവളുടെ മുഖത്തേക്ക് നോക്കി ആമുഖത്തെ വിഷമം മാറി അവിടെ ഒരു ധൈര്യം നിറയുന്നത് അയാൾ തൃപ്തിയോടെ കണ്ടു….
പക്ഷേ ആ ഉള്ള് നൊന്ത് പിടയുകയാണ് എന്ന പൂർണ ബോധ്യം അയാൾക്കുണ്ടായിരുന്നു…..

കാറിൽ കയറിയതിനു ശേഷം അയാൾ പിന്നെ തന്റെ അനിയത്തിയെ തിരിഞ്ഞു നോക്കിയില്ല…… തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഒരുപക്ഷേ അയാൾക്ക് പോകാൻ കഴിയുമായിരുന്നില്ല…

ആ അനാഥമന്ദിരത്തിലേക്ക് ആരുമില്ലാത്തവളെ പോലെ അവൾ കയറി പോകുന്നത് കാണാൻ ശക്തിയില്ലാതെ കാറിൽ മിഴികൾ ഇറുക്കെ ചിമ്മി അയാൾ ഇരുന്നു…..

“”””കിച്ചേട്ടാ “”” എന്നു വിളിച്ച് കൊഞ്ചുന്ന ഒരു കുഞ്ഞി പെണ്ണ് അയാളുടെ മനസ്സിൽ തെളിഞ്ഞു…

ഒപ്പം കിച്ചാ എന്ന് പറഞ്ഞ് മുടിയിഴകളിൽ വാത്സല്യത്തോടെ തഴുകുന്ന തന്റെ അമ്മയുടെ രൂപവും…

അച്ഛനെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അതുകൊണ്ടുതന്നെ കുടുംബക്കാരാരും തിരിഞ്ഞു നോക്കിയില്ല പിന്നീട്…

നല്ലൊരു കുടുംബത്തിൽ ആയിരുന്നു അമ്മ ജനിച്ചത്… കാണാനും പഠിക്കാനും ഒക്കെ മിടുക്കി അച്ഛൻ അമ്മയോട് ഇഷ്ടമാണ് എന്ന് പറഞ്ഞ് പുറകെ നടന്നാണ് അമ്മയെ കൂടെ കൂട്ടിയത്…

അതിൽ പിന്നെ എല്ലാ കുടുംബക്കാരും അമ്മയെ ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു..
രണ്ടു കുട്ടികൾ ജനിച്ച ശേഷം പോലും അവർക്ക് അവരുടെ ആ മനോഭാവത്തിന് യാതൊരു മാറ്റവും വന്നില്ല….

പക്ഷേ പ്രശ്നം അതൊന്നുമല്ലായിരുന്നു അമ്മയ്ക്ക് ഈ കുടുംബജീവിതത്തിൽ സന്തോഷവുമായിരുന്നു… കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് അച്ഛന്റെ മറ്റൊരു ബന്ധം അമ്മ അറിഞ്ഞതിനുശേഷം ആണ്….

അച്ഛന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്….
അതറിഞ്ഞ് അമ്മയാകെ തകർന്നു പിന്നെ അച്ഛനെ അടുപ്പിച്ചില്ല മക്കളെയും കൊണ്ട് അമ്മ അവിടെ നിന്നും ഇറങ്ങി..

ഒരു വാടക വീട് സംഘടിപ്പിച്ചു അമ്മയ്ക്ക് അമ്മയുടെ അഭിമാനത്തിൽ തൊട്ട് കളിക്കുന്നത് ഇഷ്ടമല്ലായിരുന്നു….

അമ്മ പോന്നതും അച്ഛൻ മറ്റേ സ്ത്രീയെ വിളിച്ച് വീട്ടിലേക്ക് കയറ്റി അതോടെ ഞങ്ങളും അച്ഛനെ വെറുക്കാൻ തുടങ്ങി…

അമ്മ ചെറിയ ജോലിക്ക് ഒക്കെ പോകും തുന്നലും മറ്റും കൂടെ ചെയ്യും അങ്ങനെയാണ് ഞങ്ങളെ വളർത്തിയിരുന്നത്…

ഞാൻ പ്ലസ്ടുവിനും കാർത്തിക മോള് ആറിലും പഠിക്കുമ്പോഴാണ് അമ്മയ്ക്ക് ചെറിയ തലവേദനയായി അസുഖം തുടങ്ങിയത്…

ആദ്യം ഒന്നു അമ്മ കാര്യമാക്കിയില്ല ബാം പുറട്ടിയും പെയിൻ കില്ലർ ഒക്കെ വാങ്ങി കഴിച്ചും അങ്ങനെ കുറെ കാലം കഴിഞ്ഞു പോയി…

ഞാൻ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ഫസ്റ്റ് ഇയർ ചേർന്നപ്പോഴാണ് അമ്മയ്ക്ക് രോഗം കലശലായത് ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോൾ പറഞ്ഞു

ബ്രെയിൻ ട്യൂമർ ആയിരുന്നു എന്നും ഇപ്പോൾ സ്റ്റേജുകൾ ഒരുപാട് പിന്നിട്ടിട്ടുണ്ട് ഇനിയൊരു റിക്കവറി പ്രതീക്ഷിക്കുന്നില്ല എന്ന്….

ഞാനും കാർത്തിക മോളും ആകെ തകർന്നു പോയിരുന്നു…

ഒരാളും സഹായത്തിനില്ല ഒരിക്കൽ കാർത്തിക മോളമ്മയോട് ചോദിച്ചു അച്ഛനോട് പോയി പറഞ്ഞാൽ അച്ഛൻ അമ്മയെ ചികിത്സിച്ചു മാറ്റും അച്ഛന്റെ കയ്യിൽ പൈസ ഉണ്ടല്ലോ എന്ന് അമ്മ അവളോട് ദേഷ്യപ്പെട്ടു…

“””””അമ്മ ചാവുന്ന നേരത്ത് പോലും അയാളെ വിളിക്കരുത്””””

എന്ന് അമ്മ പറഞ്ഞു അത്രമേൽ അച്ഛനെ അമ്മ സ്നേഹിച്ചിരുന്നു… വിശ്വസിച്ചിരുന്നു…. ആ വിശ്വാസത്തിന് പറ്റിയ മങ്ങൽ അവരുടെ മനസ്സിൽ ഇപ്പോഴും മായാതെ അതുപോലെ തന്നെ കിടപ്പുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി…..

പിന്നെ ഞങ്ങൾ ആരും അച്ഛനെപ്പറ്റി യാതൊന്നും പറഞ്ഞില്ല….

കുറച്ചുകാലം കിടന്നു നരകിച്ച് അമ്മ ഞങ്ങളെ വിട്ടു പോയി പക്ഷേ അപ്പോഴേക്കും എനിക്കെന്റെ പഠനം ഉപേക്ഷിക്കേണ്ടി വന്നു കാർത്തിക മോളെയും അമ്മയെയും നോക്കേണ്ട ചുമതല എന്റെ തലയിൽ വന്നു…

സന്തോഷത്തോടെ ഞാൻ ഏറ്റെടുത്തു പറ്റാവുന്ന ചെറിയ ജോലികൾ എല്ലാം ചെയ്തു പക്ഷേ മാസം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ എന്നെക്കൊണ്ട് ആകുമായിരുന്നില്ല…

ഇതിനിടയിൽ അച്ഛൻ ഞങ്ങളെ കാണാൻ വന്നിരുന്നു….

ഞങ്ങൾ അച്ഛനെ കാണാനും സംസാരിക്കാനോ കൂട്ടാക്കിയില്ല അച്ഛന്റെ കൂടെ ചെല്ലാൻ പറഞ്ഞപ്പോൾ, കാർത്തിക മോള് തന്നെയാണ് പറഞ്ഞത് ഞങ്ങളുടെ അമ്മയ്ക്ക് വേണ്ടാത്ത അച്ഛനെ ഞങ്ങൾക്കും വേണ്ട എന്ന്…

പിന്നെയും വിധി ക്രൂരത കാണിക്കുന്നത് നിർത്തിയിട്ടില്ലായിരുന്നു കാർത്തിക മോൾക്ക് കൂടെക്കൂടെ നെഞ്ചുവേദനയും ശ്വാസംമുട്ടലും വന്നിരുന്നു അത് കാണിച്ചപ്പോഴാണ് അറിഞ്ഞത് അവളുടെ ഹൃദയത്തിന് ചെറിയൊരു പ്രശ്നമുണ്ട് എന്ന്….

ഒരു ചെറിയ ഓപ്പറേഷൻ വേണമെന്ന്…. എന്നെക്കൊണ്ട് അത് കഴിയില്ല എന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു എന്ത് വേണം എന്ന് അറിയാതെ നിന്നപ്പോഴാണ്

ദൈവദൂതന്മാരെ പോലെ ഒരു ട്രസ്റ്റ് അവളുടെ കാര്യം ഏറ്റെടുത്തതും എല്ലാം ഭംഗിയായി നിർവഹിച്ചതും….

ഓപ്പറേഷൻ കഴിഞ്ഞതും അവൾ പൂർണ്ണ ആരോഗ്യവതിയായി എന്റെ അമ്മയുടെ അനുഗ്രഹം ആകാം എല്ലാം നല്ല നിലയിൽ അവസാനിച്ചത് എന്ന് ഞാനും കരുതി…

ഞങ്ങളുടെ ദുരിതപർവ്വം കണ്ട് മനസ്സലിഞ്ഞ് ആ ട്രസ്റ്റ്‌ അതിൽ തന്നെയുള്ള ഒരു ചേട്ടൻ ആണ് എന്നോട് പറഞ്ഞത് ദുബായിൽ നല്ലൊരു ജോലി ശരിയാക്കി തരാം എന്ന്…

പക്ഷേ മോളെ എവിടെ നിർത്തും എന്നതിലായിരുന്നു ഒരു സംശയം. അപ്പോഴാണ് അവരുടെ കീഴിൽ തന്നെയുള്ള ഒരു അനാഥമന്ദിരം ഉണ്ട് അവിടെ ആക്കിക്കോളൂ, താൻ ഒരു നല്ല നിലയിൽ എത്തുന്നത് വരെ മാത്രമല്ലേ വേണ്ടൂ….

എന്ന് ആ ചേട്ടൻ പറഞ്ഞത് അവളോട് ചോദിച്ചപ്പോൾ അവൾക്കും അത് സ്വീകാര്യമായിരുന്നു കാരണം കാര്യങ്ങൾ വൈകാരികമായല്ലാതെ വിവേകപൂർണമായി ഉൾക്കൊള്ളാൻ ഈ കാലം കൊണ്ട് അവളും പഠിച്ചിരുന്നു

അതുകൊണ്ടുതന്നെ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു…

ഇപ്പോ ആ യാത്രയിലാണ് ഞാൻ.. ഞങ്ങളുടെ കുടുംബമൊന്ന് പച്ചപിടിപ്പിക്കാനുള്ള യാത്രയിൽ അവിടെ ചെന്ന് ഒരു നല്ല ജോലി ആയിട്ട് വേണം അവളെ കൂടി ഇങ്ങോട്ട് കൊണ്ടുവരാൻ…

എനിക്ക് ഉറപ്പാണ് അമ്മയുടെ അനുഗ്രഹം ഞങ്ങളോടൊപ്പം ഉണ്ട് അതുകൊണ്ടുതന്നെ ഏതൊരു പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നോട്ടുപോകാൻ ഞങ്ങൾക്ക് ആകും എന്ന്…

ചില വിധികൾ അങ്ങനെയാണ് കൊതിച്ചതും മോഹിച്ചതും ഒന്നും കിട്ടില്ല…. പകരം എന്താണ് കിട്ടുന്നത് അതുകൊണ്ട് നമ്മൾ തൃപ്തിപ്പെടേണ്ടി വരും….

അപ്പോഴും ജീവിതം ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കും നമ്മൾ ഒരിക്കൽ ചിന്തിക്കുക പോലും ചെയ്യാത്ത ദിക്കിലേക്ക്….

ആ ഒഴുക്കിനത് മെല്ലെ മെല്ലെ നീങ്ങുകയല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും….