അമലിന് അവിടെ മറ്റൊരു കുടുംബം ഉണ്ടെന്നുള്ള സത്യം സത്യനാഥൻ ഞെട്ടലോടെയാണ് കേട്ടത്, ഒരുപക്ഷേ അത് തന്റെ..

(രചന: ആർദ്ര)

എത്ര വർഷത്തെ കാത്തിരിപ്പിനാണ് ഇന്ന് വിരാമം ആകുന്നത്..

ഇത്രയും വർഷം നീതിക്ക് വേണ്ടി പോരാടുമ്പോഴും ഉള്ളിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നു. ദൈവം ഞങ്ങളെ കൈവിടില്ലെന്ന്. അത് അങ്ങനെ തന്നെ സംഭവിച്ചു.

ഇന്ന് ഈ വിധിയിൽ ഞങ്ങൾ സംതൃപ്തരാണ്..!

അങ്ങനെ ചിന്തിക്കുമ്പോഴും ആ മാതാപിതാക്കളുടെ ഉള്ളിൽ തെളിഞ്ഞു നിന്നത് പുഞ്ചിരിയോടെ തങ്ങൾക്ക് അടുത്തേക്ക് ഓടി വരുന്ന ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു. ഗായത്രി.. സത്യനാഥന്റെയും ശ്രീവിദ്യയുടെയും ഒരേയൊരു മകൾ.

തങ്ങളുടെ സ്നേഹം മറ്റൊരു കുട്ടിക്ക് പങ്കിട്ടു പോകുമോ എന്നൊരു ഭയം നിമിത്തമാണ് രണ്ടാമതൊരു കുട്ടി എന്ന ചിന്ത പോലും സത്യനാഥനും ശ്രീവിദ്യയും ഒഴിവാക്കിയത്.

തങ്ങളുടെ സ്നേഹവും ലാളനേയും മുഴുവനും കൊടുത്താണ് അവർ ഗായത്രിയെ വളർത്തിയത്.

അച്ഛന്റെയും അമ്മയുടെയും പൊന്നോമന മകളായി അവൾ വളർന്നു. അച്ഛനും അമ്മയും മകളും എന്നതിൽ നിന്നും ഉപരി പരസ്പരം നല്ല സുഹൃത്തുക്കൾ ആയിരുന്നു ആ കുടുംബം.

പരസ്പരം മറച്ചു വെക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ അവർക്കിടയിൽ ഉണ്ടായിരുന്നില്ല.

സന്തോഷത്തോടെയും സംതൃപ്തിയോടെയും മുന്നോട്ടു പോയ ആ കുടുംബത്തിന്റെ മേൽ കരിനിഴൽ വീഴാൻ അധികം താമസം ഉണ്ടായിരുന്നില്ല.

ഗായത്രി കോളേജിലായപ്പോൾ മുതൽ അവളുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ആ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. പക്ഷേ അവയൊക്കെയും അവൾ ഒരു മുതിർന്ന കുട്ടി ആയതിന്റെ മാറ്റങ്ങൾ ആയിരിക്കും എന്ന് ആ സാധുക്കൾ ധരിച്ചു.

പക്ഷേ അത് അങ്ങനെ ആയിരുന്നില്ല എന്ന് മനസ്സിലാക്കാൻ ഒരിക്കൽ അവൾ ഒരു ചെറുപ്പകാരനോടൊപ്പം ബീച്ചിൽ നിൽക്കുന്നു എന്നൊരു വാർത്ത അയൽവാസിയിൽ നിന്ന് കേൾക്കേണ്ടി വന്നു.

അന്ന് വൈകുന്നേരം വീട്ടിലെത്തിയ മകളെ സത്യനാഥൻ ചോദ്യം ചെയ്തു.

” അച്ഛൻ എന്റെ പിന്നാലെ വെറുതെ സിഐഡി കളിച്ചു നടക്കേണ്ട. അത് അമലാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. എനിക്കൊരു വിവാഹം ഉണ്ടെങ്കിൽ അത് അമലിനോടൊപ്പം മാത്രമായിരിക്കും. ”

വാശിയോടെ ആ മകൾ വിളിച്ചു പറയുമ്പോൾ തോറ്റുപോയത് ആ മാതാപിതാക്കളായിരുന്നു.

“ഇങ്ങനെ എടുത്തു ചാടി തീരുമാനിക്കാൻ പറ്റുന്ന ഒരു കാര്യം അല്ലല്ലോ ഇത്. തൽക്കാലം മോള് പഠിക്ക്. അത് കഴിഞ്ഞ ശേഷം അവന്റെ വീട്ടുകാരുമായി ആലോചിച്ച് നമുക്ക് വിവാഹം നടത്താം.”

സത്യനാഥൻ അത് പറയുമ്പോൾ അവളുടെ മുഖം തെളിഞ്ഞു. അച്ഛനോടും അമ്മയോടും നന്ദി പറഞ്ഞു തുള്ളി ചാടി അവൾ മുറിയിൽ കയറി വാതിൽ അടച്ചു.

പിന്നീട് സത്യനാഥൻ തന്റെ പരിചയക്കാർ വഴി അമൽ എന്ന ചെറുപ്പക്കാരനെ കുറിച്ച് അന്വേഷിച്ചു. പക്ഷേ അന്വേഷണത്തിൽ നല്ല വിവരങ്ങൾ ആയിരുന്നില്ല കിട്ടിയത്.

പാലക്കാട് സ്വദേശിയായ അമലിന് അവിടെ മറ്റൊരു കുടുംബം ഉണ്ടെന്നുള്ള സത്യം സത്യനാഥൻ ഞെട്ടലോടെയാണ് കേട്ടത്.

ഒരുപക്ഷേ അത് തന്റെ മകളോട് മറച്ചു വച്ചു കൊണ്ട് അവൻ തന്റെ മകളെ പറ്റിക്കുന്നത് ആയിരിക്കും എന്ന് ആ പിതാവ് കരുതി.

അതുകൊണ്ടു തന്നെ അദ്ദേഹം ഗായത്രിയോട് അതിനെക്കുറിച്ച് തുറന്നു പറയുകയും ചെയ്തു. അത് കേട്ടപ്പോൾ ഗായത്രി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

“അച്ഛനു എന്താ വട്ടാണോ..? അത് അമലിന്റെ ഭാര്യയും കുഞ്ഞും ഒന്നുമല്ല. അമലിന്റെ കൂട്ടുകാരന്റെ ഭാര്യയും കുഞ്ഞുമാണ്.

കൂട്ടുകാരൻ വിദേശത്ത് ആയതുകൊണ്ട്, ഭാര്യയെയും കുഞ്ഞിനെയും അമലിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്നു എന്നേയുള്ളൂ. അവരുടേത് പ്രണയവിവാഹം ആയിരുന്നതു കൊണ്ട് തന്നെ വീട്ടുകാർ ആരും അവരോട് അടുപ്പത്തിൽ അല്ല.

ചെറിയൊരു കുഞ്ഞിനെയും കൊണ്ട് ആ ചേച്ചി ഒറ്റയ്ക്ക് നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് കാരണം അമലും അവന്റെ വീട്ടുകാരും തന്നെയാണ് ആ ചേച്ചിയെ അവന്റെ വീട്ടിൽ കൊണ്ടു വന്ന് നിർത്താൻ പറഞ്ഞത്.

അമൽ കൂടി അവിടെ നിന്നാൽ നാട്ടുകാർ ഓരോന്ന് പറഞ്ഞു പരത്തും എന്നുള്ളത് കൊണ്ടാണ് അവൻ നാടുവിട്ട് ഇവിടെ വന്ന് ജോലി നോക്കുന്നത്.

എന്നിട്ടും ഇപ്പോൾ നാട്ടുകാരുടെ കണ്ണിൽ അവർ അമലിന്റെ ഭാര്യയും കുഞ്ഞുമായി മാറി. ഓരോന്ന് പറഞ്ഞ് നാട്ടുകാർക്ക് എന്തൊരു ആവേശം ആണെന്ന് നോക്കിയേ..”

അവൾ അത് പറയുമ്പോഴും വിശ്വസിക്കാൻ സത്യനാഥന് കഴിയില്ലായിരുന്നു. കാരണം അയാൾക്ക് മുന്നിൽ മറ്റു പല തെളിവുകളും ഉണ്ടായിരുന്നു. ഗായത്രിയെ എത്രയൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അയാൾ പരാജയപ്പെട്ടു പോയി.

പ്രശ്നം വഷളായി തുടങ്ങിയപ്പോൾ ഒരു ദിവസം അച്ഛന്റെയും അമ്മയുടെയും മുഖം ഓർക്കാതെ ആ മകൾ അവനോടൊപ്പം ഇറങ്ങിപ്പോയി.അത് ആ മാതാപിതാക്കൾക്ക് വല്ലാത്തൊരു ഷോക്ക് തന്നെയായിരുന്നു.

എത്രയൊക്കെ പറഞ്ഞു തിരുത്താൻ ശ്രമിച്ചിട്ടും തങ്ങൾ പരാജയപ്പെട്ടു പോയി എന്നൊരു ചിന്ത അവർക്കുള്ളിൽ അടിയുറച്ചു.

പിന്നീട് നാളുകളോളം അവർ മകളുടെ വിവരങ്ങൾ ഒന്നും അറിഞ്ഞില്ല. എങ്കിലും അവർ കൃത്യമായി അവളെ കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അന്വേഷണങ്ങളുടെ ഒടുവിൽ ഒരിക്കൽ അവർക്ക് അവളുടെ ഒരു കത്ത് ലഭിച്ചു.

അമലും അവളും സുഖമായി ജീവിക്കുന്നു എന്നും, ഒരു വാടക വീട് എടുത്താണ് താമസിക്കുന്നത് എന്നും, അവൾ ഗർഭിണിയാണ് എന്നും ഒക്കെ ആ കത്തിൽ ഉള്ളടക്കം ചെയ്തിരുന്നു.

അത് വായിച്ചതോടെ അവർക്ക് സന്തോഷം തോന്നിയെങ്കിലും തങ്ങളുടെ വാക്കിന് വില കൽപ്പിക്കാതെ ഇറങ്ങിപ്പോയ മകളോട് ക്ഷമിക്കാൻ അവർക്ക് കഴിയുന്നുണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ അവളുടെ വിവരം അറിഞ്ഞ ആശ്വാസത്തിൽ അവർ പിന്നീടുള്ള ദിവസങ്ങൾ തള്ളി നീക്കി.

പിന്നെയും നാളുകൾക്കപ്പുറം അവർ കാണുന്നത് അവളും കുഞ്ഞും ആത്മഹത്യ ചെയ്തു എന്നൊരു വാർത്തയായിരുന്നു.

അതോടെ ആ മാതാപിതാക്കൾ തകർന്നു പോയി. വീണ്ടും അവളോട് പരിഭവം കാണിക്കാൻ അവർക്ക് കഴിയില്ലായിരുന്നു.

സംഭവ സ്ഥലത്തേക്ക് ഓടിയെത്തുമ്പോൾ കണ്ണീർ വാർക്കുന്ന അമലിനെ അവരൊക്കെയും കണ്ടിരുന്നു. എങ്കിലും മകളെ തങ്ങളിൽ നിന്ന് പിരിച്ചു കൊണ്ടുപോയ അവനോട് അവർക്ക് ഒരു അടുപ്പക്കുറവ് ഉണ്ടായിരുന്നു.

ആത്മഹത്യ ചെയ്യാനുള്ള കരളുറപ്പൊന്നും തങ്ങളുടെ മകൾക്ക് ഇല്ല എന്ന് ആ മാതാപിതാക്കൾക്ക് ഉറപ്പായിരുന്നു. അവർ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നാണ് ആ മാതാപിതാക്കൾക്ക് അതിനുള്ള തെളിവുകൾ ലഭിച്ചത്.

അവിടെ അവൾ ഉപയോഗിച്ചിരുന്ന മുറിയിൽ കട്ടിലിന്റെ അടിയിൽ ആയി അവർക്ക് വേണ്ടി ഒരു ഡയറി കാത്തിരിപ്പുണ്ടായിരുന്നു. അതിൽ നിന്നാണ് അവർ ബാക്കി വിവരങ്ങൾ അറിഞ്ഞത്.

“അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം.നിങ്ങളോട് ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് കിട്ടി.

നിങ്ങളുടെ മുഖത്ത് കരിവാരി തേച്ചുകൊണ്ട് ഞാൻ അയാളോടൊപ്പം ഇറങ്ങി വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായി പോയി.

ഞാൻ ഗർഭിണിയായിരുന്ന സമയത്താണ് അയാൾ വിദേശത്ത് ജോലി കിട്ടി അവിടേക്ക് പോകുന്നത്.

പിന്നീട് തിരികെ വരുമ്പോൾ കുഞ്ഞിന് ഒരു വയസ്സ് പ്രായം ഉണ്ടായിരുന്നു. പക്ഷേ ഇതിനിടയിലാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം ഞാൻ അറിഞ്ഞത്.

അന്ന് അച്ഛൻ പറഞ്ഞതു പോലെ അയാളുടെ വീട്ടിലുള്ളത് അയാളുടെ ഭാര്യയും കുഞ്ഞും തന്നെയാണ് എന്നൊരു വിവരം.അത് ആദ്യം വിശ്വസിക്കാൻ ഞാൻ തയ്യാറായില്ല.

എനിക്ക് തെളിവുകൾ ആയിരുന്നു ആവശ്യം. അതുകൊണ്ടു തന്നെ ഞാൻ നേരെ അയാളുടെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്ന് വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഞാൻ അറിഞ്ഞത് സത്യമാണ് എന്ന് എനിക്ക് ബോധ്യമായിരുന്നു.

അയാൾ എന്നെ ചതിക്കുകയായിരുന്നു എന്ന് ആ നിമിഷം എനിക്ക് ബോധ്യപ്പെട്ടു. പിന്നീടുള്ള ഓരോ ദിവസവും ഭയത്തോടെയും ആശങ്കയോടെയും ആണ് തള്ളിനീക്കിയത്.

സത്യം ബോധ്യപ്പെട്ടിട്ടും നിങ്ങളുടെ മുന്നിലേക്ക് വന്നു നിൽക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. കാരണം നിങ്ങളുടെ വാക്കുകളെ വിശ്വസിക്കാതെയാണ് ഞാൻ അയാൾക്ക് വേണ്ടി ആ വീട്ടിൽ നിന്ന് പടിയിറങ്ങിയത്.

ആ നിങ്ങളുടെ മുന്നിലേക്ക് തികച്ചും പരാജയപ്പെട്ട അവസ്ഥയിൽ വന്നു നിൽക്കാൻ എന്റെ അഭിമാനം എന്നെ അനുവദിക്കുന്നുണ്ടായിരുന്നില്ല.

എന്നെങ്കിലുമൊരിക്കൽ ഞാൻ ആ വീട്ടിലേക്ക് വരും. അന്ന് ഞാൻ വിജയിച്ചിരിക്കും.എന്റെ ജീവിതം എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ്.”

അത്രയുമായിരുന്നു ആ ഡയറിയിൽ ഉണ്ടായിരുന്നത്. അത് വായിച്ചതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നിയപ്പോൾ സത്യനാഥൻ പോലീസിൽ കംപ്ലൈന്റ്റ് ചെയ്തു.

അന്വേഷണത്തിന് ഒടുവിൽ അമൽ അവരെ കൊലപ്പെടുത്തുകയും, പിന്നീട് അതൊരു ആത്മഹത്യയാണെന്ന് വരുത്തി തീർക്കുകയും ചെയ്തതാണ് എന്ന് ബോധ്യമായി.

മാസങ്ങൾ നീണ്ടു നിന്ന വിചാരണകൾക്ക് ഒടുവിൽ ഇന്ന് കോടതി അമലിന് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നു. തങ്ങളുടെ പോരാട്ടത്തിന് ഫലം ഉണ്ടായി എന്ന് ആ മാതാപിതാക്കൾ ഉറച്ചു വിശ്വസിക്കുന്നു..