എന്ത്‌ ചെയ്യും, രവിയേട്ടൻ ഇതറിഞ്ഞാൽ തകർന്നു പോകും ആ പാവം മനുഷ്യൻ..

ആകാശമാകുന്നവർ
(രചന: Jils Lincy)

“ഏട്ടാ മോൾക്ക് പരീക്ഷയ്ക്ക് മാർക്ക്‌ തീരെ കുറവാണ്” ഇന്ന് ടീച്ചർ എന്നെ വിളിച്ചിരുന്നു… തീർത്ഥ ഉഴപ്പുകയാണോ എന്ന് ചോദിച്ചു….അന്ന് രാത്രി ഭക്ഷണം കഴിക്കാക്കാനിരുന്നപ്പോൾ ഞാൻ പറഞ്ഞു….

ഏയ്‌ അങ്ങനെ വരാൻ വഴിയില്ലല്ലോ… ഓൺലൈൻ ക്ലാസ്സ്‌ അല്ലേ അവൾക്ക് മനസ്സിലാവുന്നുണ്ടാവില്ലായിരിക്കും …അവളിരുന്നു പഠിക്കുന്നത് നമ്മൾ കാണുന്നതല്ലേ…. പിന്നെന്താ പറ്റുന്നെ!”

അവളെവിടെ കിടന്നോ??

ഏയ്‌ ഇല്ല ഏട്ടാ…പഠിക്കുവായിരിക്കും റൂമിൽ വെട്ടം ഉണ്ട്…

മോളെ ദേ നിന്നെ അച്ഛൻ വിളിക്കുന്നു…

ദാ.. വരണ് അച്ചേ..

മോള്‌ പഠിക്കുവായിരുന്നോ??

അതേ.. എന്താ അച്ചേ…

മോൾക്ക് പരീക്ഷയ്ക്ക് മാർക്ക്‌ കുറവാണെന്നു പറഞ്ഞു ടീച്ചർ വിളിച്ചെന്ന് അമ്മ പറഞ്ഞു…

എന്റെ അച്ചേ ഇന്ന് രാവിലെ തൊട്ട് അമ്മ തുടങ്ങീതാ മാർക്ക്‌ കുറഞ്ഞതിന് വഴക്ക്…

അതൊരു ബുദ്ധിമുട്ടുള്ള ചാപ്റ്റർ ആയിരുന്നു.. ഞാൻ പഠിച്ചിട്ടു തലയിൽ കയറിയില്ല അത് കൊണ്ട് എക്സാം നന്നായിട്ട് എഴുതാൻ പറ്റിയില്ല. അല്ലാതെ ഞാൻ ഉഴപ്പിയിട്ടില്ല…

അത് മതി!!അച്ചയ്ക്ക് അറിയാം അച്ചേടെ മോള്‌ ഉഴപ്പൂലാന്ന്… അച്ഛൻ നോക്കട്ടെ ഒരു ട്യൂഷൻ ടീച്ചറെ കിട്ടുമോന്ന് കേട്ടോ….

ഡീ… രവിയേട്ടൻ എന്റെ നേരെ തിരിഞ്ഞു… ഇനി എന്റെ കൊച്ചിനെ ഇതും പറഞ്ഞു വിഷമിപ്പിക്കണ്ട .. എന്റെ മോള്‌ പഠിച്ചോളും….

അല്ലേലും അവൾക്ക് എന്റെ ബുദ്ധിയാ കിട്ടിയേക്കുന്നത്… നിന്റെ അങ്ങാനും ആയിരുന്നേൽ അവൾ sslc കടക്കൂലായിരുന്നു അല്ലേ മോളെ…

അമ്മയ്ക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ അച്ചേ..

ഓ അല്ലേലും എനിക്കറിയാമായിരുന്നു അവസാനം നിങ്ങൾ അച്ഛനും മോളും ഒന്നാകും എന്ന്…

ഞാനൊന്നും പറയുന്നില്ല… എനിക്കിച്ചിരി ബുദ്ധി കുറവാ …അത് കൊണ്ടാണല്ലോ നിങ്ങളെ പോലെയുള്ളതിനെ ഞാൻ സഹിക്കുന്നേ!l…

ഡീ ഞാനൊരു തമാശ പറഞ്ഞതാ നീ അത് കാര്യമാക്കേണ്ട… നിനക്ക് ബുദ്ധിയില്ലായിരുന്നെങ്കിൽ ഈ വീടും സ്ഥലവും ഒക്കെ ഉണ്ടാകുമായിരുന്നോ??

ഞാൻ പണിയെടുത്തു പൈസ നിന്റെ കയ്യിൽ തരും… നീ ചിട്ടി കൂടിയും പശുവിനെ വളർത്തിയും സ്വരു കൂട്ടിയും ആക്കി വെച്ച പൈസ കൊണ്ടല്ലേ നമ്മളീ സ്ഥലം വാങ്ങിയതും … ചെറുതാണെങ്കിലും ഈ വീട് വെച്ചതും…

ഓ… അതോർത്താൽ മതി””ഞാനൊരു കൃത്രിമ ഗൗരവം നടിച്ചു….

എന്തൊക്കെ പറഞ്ഞാലും രവിയേട്ടന് താനും മക്കളും കഴിഞ്ഞേ ഈ ലോകത്ത് മാറ്റാരുമുള്ളു എന്ന് തനിക്ക് നന്നായി അറിയാം….

മൂത്തവൾ തീർത്ഥ പ്ലസ് ടു വിന് പഠിക്കുന്നു രണ്ടാമത്തവൾ കൃഷ്ണ എട്ടിലുമാണ്… രവിയേട്ടന് മരപ്പണിയാണ് കിട്ടുന്ന കൂലിയിൽ ഒരു രൂപ പോലും കളയാതെ വീട്ടിൽ കൊണ്ടു വരും…

മക്കളെ പഠിപ്പിക്കണം അതാണ് ഏറ്റവും വലിയ ആഗ്രഹം…. ആൾക്ക് പഠിക്കാൻ കഴിഞ്ഞിട്ടില്ല….ആ അവസ്ഥ എന്റെ മക്കൾക്കുണ്ടാകരുതെന്ന് എപ്പോഴും പറയും…..

മക്കൾ രണ്ടു പേരും നന്നായി പഠിക്കും… മൂത്തവൾക്ക് sslc യ്ക്ക് ഫുൾ A പ്ലസ് ഉണ്ടായിരുന്നു. പ്ലസ് വണ്ണിലും നല്ല മാർക്ക്‌ കിട്ടി ഇനി ഫൈനൽ എക്സാം കൂടി കഴിഞ്ഞ് അവളെ നല്ല ഒരു കോഴ്സിന് ചേർക്കണം….

ആ… എല്ലാം നന്നായിട്ട് നടന്നാൽ മതിയായിരുന്നു എന്റെ കൃഷ്ണാ…

കിടക്കാൻ പോകുന്നതിന് മുൻപ് മക്കളുടെ റൂമിൽ കയറി ഒന്ന് കൂടി നോക്കി… ചെറിയ മോളുടെ പുതപ്പ് ശരിയാക്കി ഇട്ടു കൊടുത്തു…തീർത്ഥ മോൾ ബാത്ത് റൂമിലാണ്…

അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന ഫോണിൽ തുടരേയുള്ള മെസ്സേജ് വരുന്നത് കണ്ടത്.. ഇതാരാണപ്പാ… രാത്രിയിൽ… ഫോൺ എടുത്തു നോക്കി… വാട്സാപ്പ് മെസ്സേജ് ആണ്
ഒരു വിവേക്.. അതിലിങ്ങനെ കണ്ടു….

“”മോളു.. നീ ആലോചിച്ചോ ഞാൻ പറഞ്ഞ കാര്യം ”

പ്ലസ് ടു കഴിഞ്ഞാൽ നിന്റച്ഛൻ നിന്നെ മെഡിസിന് വിടാൻ നോക്കും… നീ പഠിക്കുന്നത് കൊണ്ട് നിനക്ക് അഡ്മിഷൻ കിട്ടുകയും ചെയ്യും….
പിന്നെ ഞാൻ എന്ത്‌ ചെയ്യും??
ഡോക്ടർ ആയ നിന്നെ ഒരു ജോലിയുമില്ലാത്ത എനിക്ക് കെട്ടിച്ചു തരുമോ ”

നീ ഇല്ലാതെ എനിക്ക് പറ്റില്ല …ഞാൻ പറയുന്നത് നീ കേൾക്ക്… എന്റെ ഒരു ഉറപ്പിന് നമുക്ക് രെജിസ്റ്റർ മാര്യേജ് ചെയ്യാം….

ചെറുതാണെങ്കിലും ഒരു വീടെനിക്കുണ്ട്… എന്ത് പ്രശ്നം വന്നാലും ഞാൻ കൂടെയുണ്ട്… പക്ഷേ നീ എന്റെ കൂടെ വേണം….”

ഒരു നിമിഷം കൊണ്ട് തന്റെ ശരീരം മുഴുവൻ തളരുന്നത് ലത അറിഞ്ഞു….
തങ്ങളുടെ സ്വപ്നങ്ങൾ… പ്രതീക്ഷകൾ… കുടുംബത്തിന്റെ സന്തോഷം..എല്ലാം തകരാൻ പോകുന്നു…

പതുക്കെ മെസ്സേജ് ഡിലീറ്റ് ചെയ്ത് റൂമിന് പുറത്തിറങ്ങി…

എന്ത്‌ ചെയ്യും??

രവിയേട്ടൻ ഇതറിഞ്ഞാൽ തകർന്നു പോകും.. ആ പാവം മനുഷ്യൻ മക്കൾക്ക് വേണ്ടി ജീവിക്കുകയാണ്…

ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതിസന്ധി തനിക്ക് വന്നിരിക്കുന്നു… ഇവിടെ താൻ തോറ്റാൽ തന്റെ കുടുംബം തകരും.

ലത പതുക്കെ മോളുടെ റൂമിൽ തട്ടി വിളിച്ചു.. മോളെ കതക് തുറന്നേ..

എന്താ അമ്മേ?

മോള് പഠിക്കുവായിരുന്നോ?? മേശ പുറത്തെ ഫോണിന്റെ സ്ക്രീനിലെ വെട്ടം ഇപ്പോഴും കെട്ടിട്ടില്ല!”

ഓൺലൈൻ ക്ലാസ്സിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ ആണ്… അതിപ്പോൾ തങ്ങളുടെ കുടുബം നശിപ്പിച്ചിരിക്കുന്നു… ഒരു നിമിഷം കൊണ്ട് അതെറിഞ്ഞു പൊട്ടിക്കാനും മകളുടെ കരണം നോക്കി അടിക്കാനും ലതയ്ക്കു തോന്നി…

പക്ഷേ ഇവിടെ വികാരത്തിന് വലിയ സ്ഥാനമില്ല എന്നവൾ മനസ്സിലാക്കി….
വിവേകം അതാണ് വേണ്ടത്….

തന്റെ കുഞ്ഞു ചെറുതാണ് അവൾക്കീ ലോകത്തെ കുറിച്ച് ഒന്നും അറിയില്ല….
തനിക്കവളെ തിരുത്താൻ കഴിയും … കഴിയണം ലത ഉറപ്പിച്ചു….

മോളെ മോളിനി പഠിക്കുന്നില്ലേ?
എന്താമ്മേ അങ്ങനെ ചോദിച്ചേ?

ഈ വിവേക് ആരാണ്? ഒരു നിമിഷം അവളൊന്നു പതറിയ പോലെനിന്നു.. അതമ്മേ… എന്റെ ഫ്രണ്ടിന്റെ കസിൻ ആണ്… അത് പറയുമ്പോൾ അവളുടെ തല കുനിഞ്ഞിരുന്നു…

മോളെ ഈ പ്രണയവും വിവാഹവും ഒക്കെ ഒരു ചൂതാട്ടം പോലെ ആണ്… ജയിക്കുമെന്ന് ഉറപ്പിച്ചു പങ്കെടുക്കുന്ന ഒരു ഗെയിം പോലെ……

പക്ഷേ തോറ്റാൽ അതേറ്റവും ബാധിക്കുന്നത് നമ്മള് പെണ്ണുങ്ങളെയായിരിക്കും…..അതെന്ത് കൊണ്ടാണെന്നറിയാമോ??? കാരണം നമ്മൾ അമ്മയെന്ന റോൾ ഏറ്റെടുക്കണം

അത് അതു വരെയുള്ള നമ്മുടെ ജീവിതത്തെ മൊത്തം മാറ്റും…പിന്നീട് നമ്മൾ നമ്മുടെ കുഞ്ഞെന്ന ലോകത്തേക്ക് ചുരുങ്ങി പോകും…

പിന്നെ ഇപ്പോൾ എന്റെ മോൾ വിചാരിക്കുന്നത് ഈ ലോകത്ത് മോളെ ഏറ്റവും ഇഷ്ടം അവനാണെന്നല്ലേ???

മോളില്ലാതെ അവൻ ജീവിക്കില്ല എന്നല്ലേ… പക്ഷേ മോളോന്നോർത്തുകൊള്ളു…. ഈ ലോകത്ത് പ്രണയ കാലം കഴിഞ്ഞാൽ…. കുറച്ചു നാളുകൾക്കു ശേഷം മറ്റൊരു പെണ്ണ് കെട്ടി ജീവിക്കും അത്ര തന്നെ. മോളെന്താണ് അവനെക്കുറിച്ചു മനസ്സിലാക്കിയിരിക്കുന്നത്….

അവൻ നിനക്ക് ഒരു നല്ല പങ്കാളി ആകുമായിരിക്കാം…. പക്ഷേ നിന്റെ കുഞ്ഞുങൾക്കവൻ ഉത്തരവാദിത്തമുള്ള അച്ഛനാകുമോ??ഞങ്ങൾക്കവൻ നല്ല മരുമകനായിരിക്കുമോ….

മോളെ ഒരാൾ ജീവിതത്തിൽ എടുക്കേണ്ട ഏറ്റവും നിർണായകമായ തീരുമാനമാണ് വിവാഹം… വെറും പതിനെട്ടു വയസ്സിൽ നിനക്കെന്തറിയാം ഇതിനെ കുറിച്ച്….

പിന്നെ മോൾക്കവനെ അത്രക്കിഷ്ടമാണെങ്കിൽ വിവാഹം കഴിച്ചു കൊള്ളു… പക്ഷേ അത് പഠിത്തം കഴിഞ്ഞിട്ട് മാത്രം…..

കാരണം എന്നെങ്കിലും എടുത്ത തീരുമാനം തെറ്റിയാൽ കൈകുഞ്ഞിനെയുമെടുത്തു തെരുവിലേക്ക് ഇറങ്ങേണ്ടി വരില്ല.

തന്റെ മകനെ വളർത്താൻ വേണ്ടി വേഷം മാറി ആണിനെ പോലെ ജീവിച്ച ഒരു പെൺകുട്ടിയുടെ വാർത്ത മോൾ വായിച്ചില്ലേ????

അവർ ഒരു പ്രചോദനം അല്ല. പ്രതീകമാണ് പക്വത യില്ലാത്ത പ്രണയം കൊണ്ട് ജീവിതം തകർന്നവരുടെ പ്രതീകം. അവസാനമായി ഒന്നുകൂടി…വയ്യാത്ത നടുവും വെച്ച് നിങ്ങളുടെ അച്ഛൻ രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത് ആ മനുഷ്യന് വേണ്ടിയല്ല…

നിങ്ങൾക്ക് വേണ്ടിയാണ്…. നിങ്ങൾക്ക് മാത്രം…

പ്രണയിച്ചോളൂ… ആരും എതിരല്ല… പക്ഷേ പ്രണയത്തിന്റെ പെട്ടന്നുള്ള അവസാനം വിവാഹത്തിലേക്കെത്തുന്നു എങ്കിൽ അത് പ്രണയമല്ല… കേവലം ശരീരങ്ങൾ തമ്മിലുള്ള ആകർഷണം മാത്രം…..

കാത്തിരിക്കൂ മോളെ സത്യസന്ധമായ പ്രണയം നിങ്ങളിലുണ്ടെങ്കിൽ നിനക്ക് എത്ര വലിയ ജോലി കിട്ടിയാലും അത് യഥാർഥ്യമാകും…. അല്ലാതെ വളരാൻ അനുവദിക്കാതെ താലിയിൽ കൊരുത്തിടുന്നത് സ്വാർത്ഥതയാണ് മോളെ അത് സ്നേഹമല്ല…

അത്രയും പറഞ്ഞപ്പോഴേക്കും ദേഷ്യവും സങ്കടവും കൊണ്ട് എന്റെ സ്വരമിടറിയിരുന്നു……

ഭിത്തിയിൽ ചാരി നിന്ന എന്റെ ശരീരരത്തിൽ മുറുക്കെ കെട്ടിപിടിച്ചു കൊണ്ടവൾ എന്നോട് പറഞ്ഞു…. വിഷമിക്കല്ലേ അമ്മേ… അമ്മ വിചാരിക്കുന്നപോലെ ഞാൻ ഒന്നും ചെയ്യില്ല…

ഈ നരച്ച നൈറ്റിയും ഇട്ട് …. ഈ വീട്ടിലെ നൂറായിരം ജോലിയും ചെയ്തു അമ്മയും പിന്നെ അച്ഛയും ജീവിക്കുന്നത് ഞങ്ങൾക്ക് വേണ്ടിയാണെന്നെനിക്കറിയാം….

എനിക്ക് തെറ്റ് പറ്റിപ്പോയി അച്ചായോട് പറയല്ലേ അമ്മേ. അമ്മ പറഞ്ഞതാണ്ശരി…

അവനെന്നോട് ആത്മാർത്ഥമായ സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്റെ പഠിത്തം കഴിയട്ടെ എന്ന് ചിന്തിച്ചേനെ….. ഇനി ഞാൻ പഠിച്ചോളാം അച്ഛയും അമ്മയും ആഗ്രഹിക്കുന്നപോലെ ഒരു ജോലി നേടികൊള്ളാം…..

ലത മകളുടെ നെറുകയിൽ ഉമ്മ വെച്ചു….. ടേബിളിലെ ഫോൺ എടുത്തു കയ്യിൽ വെച്ചു….

പതുക്കെ തന്നോട് തന്നെ മന്ത്രിച്ചു…..
തത്കാലം വിശ്വസിക്കാം… പക്ഷേ നോട്ടം വേണം കുറച്ചു കാലത്തേക്കെങ്കിലും ആ ശ്രദ്ധയാണ് എന്റെ മക്കളുടെ മുൻപോട്ടുള്ള ജീവിതത്തിന്റെ അടിസ്ഥാനം..

കനലെരിയുന്നുണ്ട് തന്റെ ഉള്ളിൽ. പെണ്മക്കളുള്ള എല്ലാ അമ്മമാരുടെ ഉള്ളിലുമുള്ള ഒരു തീ. പക്ഷേ അവളതറിയണമെങ്കിൽ അവളൊരു അമ്മയാവണം…

Leave a Reply

Your email address will not be published. Required fields are marked *