ഇങ്ങോട്ട് നീങ്ങി കിടക്കടി. എനിക്ക് തോന്നുമ്പോ തൊടാനും പിടിക്കാനുമൊക്കെയാ നിന്നെ ഇവിടെ തീറ്റി പോറ്റി ഇട്ടിരിക്കുന്നത്..

(രചന: ഹേര)

“ഇങ്ങോട്ട് നീങ്ങി കിടക്കടി. എനിക്ക് തോന്നുമ്പോ തൊടാനും പിടിക്കാനുമൊക്കെയാ നിന്നെ ഇവിടെ തീറ്റി പോറ്റി ഇട്ടിരിക്കുന്നത്.” ഇരുട്ടിൽ കൈകൾ കൊണ്ട് അവളെ പരതി ദിനേശൻ.

“പകൽ വെളിച്ചത്തിൽ എനിക്കില്ലാത്ത കുറ്റങ്ങൾ ഇല്ല. രാത്രി ആയ എന്നെ വേണം. നാട്ടുകാരേം വീട്ടുകാരേം മുൻപിൽ കരിക്കട്ട എന്ന് വിളിച്ചു അപമാനിക്കും. ബെഡ്‌റൂമിൽ കേറി ലൈറ്റ് അണച്ചാൽ പിന്നെ കഥ മാറി.” മല്ലിക ദേഷ്യത്തോടെ അയാളുടെ കൈ തട്ടി മാറ്റി.

“ലൈറ്റ് അണച്ചാൽ പിന്നെ എന്തോന്ന് നിറം. പകൽ വെളിച്ചത്തിൽ കറുത്ത് തടിച്ചു പോത്തിനെ പോലെ ഇരിക്കുന്ന നിന്നെ കണ്ടാൽ വികാരം തോന്നണ്ടേ. കാണുമ്പോ തന്നെ അറപ്പാ തോന്നാ. എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ കൂടെ കൊണ്ട് പോകാൻ തന്നെ നാണക്കേട്. ഇരുട്ടിൽ പിന്നെ നിന്നെ കാണണ്ടല്ലോ എനിക്ക്. എല്ലാ പെണ്ണുങ്ങൾക്കും ഉള്ളത് തന്നെയല്ലേ നിനക്കും ഉള്ളത്. ഇപ്പോ എന്റെ ആവശ്യം നടത്താൻ തത്കാലം എനിക്ക് ഇതൊക്കെ മതി.” മല്ലികയുടെ മാറിൽ നിന്നും സാരി തലപ്പ് വലിച്ചൂരി മാറിടത്തിൽ അമർത്തി ഞെരിച്ചു കൊണ്ട് അയാൾ അവളുടെ എതിർപ്പിനെ അവഗണിച്ചു.

“രാത്രി നിങ്ങളുടെ കാമം തീർക്കാൻ ഈ കരി പുരണ്ട ശരീരം നിങ്ങൾക്ക് വേണം. ഇങ്ങനെ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും എന്നെ വേദനിപ്പിക്കുമ്പോ എനിക്കൊരു മനസ്സുണ്ടെന്ന് നിങ്ങൾ ഓർക്കുന്നില്ലല്ലോ.” മല്ലിക കരഞ്ഞു പോയി.

“എന്തോന്ന് മനസ്സ്… നിന്നെ പോലുള്ളതിനൊക്കെ ഇങ്ങനെ ഒരു ജീവിതം കിട്ടിയത് തന്നെ ഭാഗ്യമെന്ന് വിചാരിക്ക്. എന്റെ ഗതികേട് കൊണ്ട് കഷ്ടകാലം പിടിച്ച സമയത്ത് നിന്നെ കെട്ടേണ്ടി വന്ന് പോയി.”

തന്റെ ആവശ്യം കഴിഞ്ഞു മാറി കിടന്ന് കൊണ്ട് ദിനേശൻ പിറു പിറുത്തു.

മല്ലിക ഒന്നും ഉരിയാടാതെ കട്ടിലിന്റെ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന് കണ്ണീർ ഒപ്പി.

ദിനേശന്റെ ഭാര്യയായി അവൾ ആ വീട്ടിൽ വന്നിട്ട് വർഷം നാലു കഴിഞ്ഞു. കറുത്ത് കരിവീട്ടി പോലെ ഇരിക്കുന്നവളെ ബിസിനസ് പൊട്ടി കടത്തിൽ മുങ്ങി നിന്ന ദിനേശൻ സ്ത്രീധനം മോഹിച്ചു മാത്രമാണ് കെട്ടിയത്.

നിറമില്ലാത്ത കാരണം വിവാഹം ശരിയാകാതിരുന്ന മകളെ ആരുടെയെങ്കിലും തലയിൽ കെട്ടി വച്ച് ഭാരം ഒഴിവാക്കാൻ നിന്ന മല്ലികയുടെ വീട്ടുകാർ കനത്ത സ്ത്രീധനം നൽകി അവളെ അവന് കൊടുത്തു.

മല്ലികയുടെ സ്വർണം വിറ്റ് കിട്ടിയ കാശ് കൊണ്ട് ദിനേശൻ പുതിയ ബിസിനസ്‌ തുടങ്ങി വീണ്ടും പഴയ പ്രതാപം തിരിച്ചു പിടിച്ചു. അതോടെ കറുത്തിരുണ്ട ഭാര്യ അയാൾക്ക് നാണക്കേടായി തുടങ്ങി. അങ്ങനെ അവനിൽ നിന്ന് പലപ്പോഴായി കുത്തുവാക്കും അപമാനവും മാത്രം അവൾക്ക് മറ്റുള്ളവരുടെ മുന്നിൽ നിന്ന് വരെ കേൾക്കേണ്ടി വന്നു.

തന്റെ കളിയാക്കൽ മടുത്തിട്ട് അവൾ സ്വയം ഇറങ്ങി പോകട്ടെ എന്ന് വച്ചാണ് അയാൾ മനഃപൂർവം മല്ലികയെ അപമാനിച്ചു കൊണ്ടിരുന്നത്. തിരികെ പോയാൽ വീട്ടുകാർ സ്വീകരിക്കില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം അവൾ ഭർത്താവിന്റെ പരിഹാസങ്ങൾ സഹിച്ചു.

ഒരു കുഞ്ഞുണ്ടായാൽ അവളെ പോലെ കരുതിരിക്കുമെന്ന് പറഞ്ഞു അമ്മയാകാനുള്ള അവളുടെ ആഗ്രഹത്തെ പോലും ദിനേശൻ നിഷേധിച്ചു.

എന്നെങ്കിലും ഭർത്താവിൽ മാറ്റമുണ്ടാകുമെന്ന് കരുതി ജീവിച്ചവൾക്ക് എന്നും കണ്ണീരും അപമാനവും മാത്രം അനുഭവിക്കേണ്ടി വന്നു.

“നീയെന്തിനാ അവന്റെ പരിഹാസവും കേട്ട് ഇവിടെ ജീവിക്കുന്നത്. അവന് നിന്നോട് ഒരിക്കലും സ്നേഹം തോന്നാൻ പോണില്ല. നീ നിന്റെ വീട്ടിലേക്ക് തിരിച്ചു പോ കൊച്ചേ. നിന്റെ കണ്ണീർ കാണാൻ അമ്മയ്ക്ക് വയ്യ.” രാവിലെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കി കൊണ്ട് നിന്നവളുടെ അടുത്ത് വന്ന് ദിനേശന്റെ അമ്മ പറഞ്ഞു.

“അമ്മേ.. ഞാൻ… എനിക്ക്.. അമ്മ കൂടെ എന്നെ കൈ വിടുകയാണോ?”

“ഇങ്ങനെ എത്ര നാളെന്ന് വച്ച നീ ജീവിക്കണേ. അവന് മറ്റേതോ പെണ്ണുമായി ബന്ധമുണ്ട്. നീ കാണാതെ ഒളിച്ചും പാത്തും ദിനേശൻ ആരെയോ ഫോണിൽ വിളിക്കാറുണ്ട്. നീ സ്വയം ഒഴിഞ്ഞു പോകാൻ വേണ്ടിയാ അവനിങ്ങനെ പെരുമാറുന്നത്. കൈ നിറയെ കാശ് കിട്ടാൻ തുടങ്ങിയപ്പോൾ അതിന് കാരണക്കാരി ആയ നിന്നെ അവനു കണ്ടൂടാതായി. ഇത്രയൊക്കെ സഹിക്കേണ്ട ഒരു കാര്യോമില്ല മോളെ.” ഭാരതി കണ്ണ് തുടച്ചു.

അമ്മായി അമ്മ പറഞ്ഞ കേട്ട് തറഞ്ഞു നിൽക്കാനേ അവൾക്കായുള്ളു. എത്രയൊക്കെ കുറ്റവും കുറവും പറഞ്ഞാലും ശരീര സുഖത്തിന് വേണ്ടിയെങ്കിലും രാത്രി തന്റെ അരികിൽ വരുന്ന ഭർത്താവിന് മറ്റൊരു പെണ്ണുമായി ബന്ധം ഉണ്ടാവില്ലെന്ന് കരുതി സ്വയം ആശ്വസിക്കുകയായിരുന്നു മല്ലിക. അതും വെറുതെ ആയിരുന്നുവെന്ന് ഓർത്തപ്പോ അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി.

“ഇവിടുന്ന് ഇറങ്ങി വീട്ടിലേക്ക് ചെന്നാൽ എന്റെ അമ്മയും അച്ഛനും സ്വീകരിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട് അമ്മേ. പിന്നെ ഞാൻ എങ്ങോട്ടാ പോവാ. കേറി ചെല്ലാൻ ഒരിടമില്ല സ്വന്തമായി വരുമാനമില്ല. അപ്പോൾ പിന്നെ എല്ലാം സഹിച്ചു ഇവിടെ നിക്കാനല്ലേ എനിക്ക് പറ്റു.”

“അവന്റെ ചിലവിൽ ജീവിക്കുന്നത് നിർത്തിയിട്ട് ചെറുതെങ്കിലും ഒരു ജോലി കണ്ട് പിടിക്കാൻ നോക്ക് നീ.”

“പ്ലസ് ടു വിദ്യാഭ്യാസമുള്ള എനിക്ക് എന്ത് ജോലി കിട്ടാനാ അമ്മേ.”

“എന്തെങ്കിലും കിട്ടാതിരിക്കില്ല. പിന്നെ എന്റെ അക്കൗണ്ട് ൽ തറവാട് വിറ്റ് കിട്ടിയ പൈസയുണ്ട്. അത് നിനക്കുള്ളതാ. എന്റെ മോനു പോലും അറിയില്ല ആ പൈസയെ കുറിച്ച്. നീ ഏതെങ്കിലും ഹോസ്റ്റലിൽ എങ്കിലും പോയി നിക്ക്. എന്നിട്ട് ഒറ്റയ്ക്ക് ജീവിക്കാൻ പടിക്ക്.”

“അമ്മയെ വിട്ട് പോകാൻ എനിക്ക് പറ്റില്ല.”

“ഈ മണ്ണിലാ എന്റെ ഭർത്താവ് ഉറങ്ങുന്നത്. അത് കൊണ്ട് മാത്രം ആണ് നിന്റെ കൂടെ ഞാൻ വരാത്തത്. നീ പോയി രക്ഷപ്പെടു മോളെ. ആരും തുണയില്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കാൻ നിനക്ക് ധൈര്യം കിട്ടും. നിന്റെ സഹായം എനിക്ക് വേണ്ടി വന്നാൽ ഞാൻ വിളിക്കാം മോളെ. ഇപ്പോഴെങ്കിലും മാറി ചിന്തിച്ചില്ലെങ്കിൽ നിന്റെ ജീവിതം പോകും. നിറം നോക്കാതെ മനസ്സ് കണ്ട് ഇഷ്ടപ്പെട്ടു നിന്നെ കെട്ടാനും ആരെങ്കിലും വരും. അല്ലാതെ നാൾക്ക് നാൾ ദിനേശന്റെ പരിഹാസവും കുത്തു വാക്കും കേട്ട് ഉള്ള ഒരു ജീവിതം ഇല്ലാതാക്കല്ല് നീ.”

ഭാരതിയുടെ വാക്കുകൾ അവളെ ഇരുത്തി ചിന്തിപ്പിച്ചു. ആ അമ്മ പകർന്നു കൊടുത്ത ധൈര്യം അവക്ക് ഊർജമായി.

വൈകുന്നേരം ഭർത്താവ് വന്നപ്പോ ഡിവോഴ്സ് ചെയ്യാമെന്ന് മല്ലിക പറഞ്ഞപോൾ അവന് അത്ഭുതം തോന്നി. ഒപ്പം ആഹ്ലാദവും. എന്തൊക്കെ ചെയ്തിട്ടും സ്വയം ഇറങ്ങി പോകാതെ തന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കുന്നവളോട് അവനു വെറുപ്പായിരുന്നു. അവനായിട്ട് ഡിവോഴ്സ് ചെയ്യാൻ മുൻകൈ എടുക്കാതിരുന്നത് വാങ്ങിയ സ്ത്രീധനം തിരിച്ചു കൊടുക്കണമല്ലോ എന്നോർത്താണ്.

“സ്മിതേ… അവളായിട്ട് ഇന്ന് ഡിവോഴ്സ് ചോദിച്ചു എന്നോട്. അതുകൊണ്ട് അവളെ കൊല്ലാമെന്ന് വിചാരിച്ച നമ്മുടെ പ്ലാൻ അങ്ങ് മാറ്റിയേക്കാം. എന്റെ ആട്ടും തുപ്പും കേട്ട് ജീവിച്ചു അവൾക്ക് മതിയായി കോമ്പൻസഷൻ ഒന്നും വേണ്ട ഡിവോഴ്സ് തന്ന് ഒഴിവാക്കിയാൽ മതിയെന്ന് മല്ലിക എന്നോട് പറഞ്ഞു.” തന്റെ കാമുകിക്ക് ഫോൺ ചെയ്ത് രഹസ്യമായി ഭർത്താവ് പറയുന്നത് കേട്ട് മല്ലിക നടുങ്ങി.

ഒരുപക്ഷെ മകന്റെ ഈ പ്ലാൻ എങ്ങനെയോ മനസിലാക്കിയിട്ട് ആവണം അമ്മായി അമ്മ തന്നോട് ഇന്ന് അങ്ങനെയെല്ലാം പറഞ്ഞതെന്ന് അവൾക്ക് തോന്നി. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയവിടെ നിൽക്കണ്ടെന്ന് മല്ലിക ഉറപ്പിച്ചു.

ഭാരതിയോട് യാത്ര ചോദിച്ചു അവൾ ആ വീടിന്റെ പടിയിറങ്ങി. പിന്നീടുള്ള അവളുടെ ജീവിതം ഹോസ്റ്റലിൽ ആയിരുന്നു. സെയിൽസ് ഗേളിന്റെ ജോലി ചെയ്ത് അവൾ സ്വന്തമായി വരുമാന മാർഗം കണ്ടെത്തി.

ഡിവോഴ്സ് കിട്ടിയ ഉടനെ ദിനേശ് തന്റെ കാമുകി സ്മിതയെ കെട്ടി കൊണ്ട് വന്നു. അതി സുന്ദരിയായിരുന്നു സ്മിത. അവളോടൊപ്പം അവൻ അടിച്ചു പൊളിച്ചു തന്നെ ജീവിച്ചു. പക്ഷേ ആ ജീവിതം അധികം നീണ്ടു നിന്നില്ല. രണ്ട് വർഷങ്ങൾക്ക് ഇപ്പുറം ഒരു ആക്‌സിഡന്റ് പറ്റി ദിനേശൻ കിടപ്പിൽ ആയപ്പോൾ സ്മിത അവനെ ഉപേക്ഷിച്ചു പോയി. അതേസമയം മല്ലിക തന്റെ കൂടെ ജോലി ചെയ്യുന്ന രാജനുമായി സ്നേഹത്തിലായി. സ്നേഹിക്കാൻ അറിയുന്ന നല്ല ഹൃദയത്തിന് ഉടമയായ അയാൾക്കൊപ്പം അവൾ തുടർന്നുള്ള ജീവിതം നയിച്ചു.