(രചന: ഞാൻ ഗന്ധർവ്വൻ)
“ഇക്കാ സത്യം പറ, ഇങ്ങള് രാത്രിയില്‍ ഞാൻ ഉറങ്ങി കഴിഞ്ഞ് ആരുമായാണ് ചാറ്റുന്നത്”
ഹസിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ഫഹദ് ഒന്ന് ഞെട്ടി
“നീയെന്താ ഈ പറയണേ, നമ്മള് രണ്ടു പേരും ഒരുമിച്ചല്ലേ എന്നും കിടക്കാറ്, പിന്നെ ഞാന്‍ എപ്പോ ചാറ്റാനാ”
ഫഹദ് ഒന്നു നിറുത്തിയിട്ട് ഹസിയെ നോക്കി കണ്ണുരുട്ടി
“ഹും… ഇപ്പോ സംശയ രോഗവും തുടങ്ങിയോ ന്റെ പൊന്ന് ഭാര്യക്ക്”
ഹസി അവന്റെ കണ്ണിലേക്ക് നോക്കി
“ന്റെ ഇക്ക നന്നായി അഭിനയിക്കാനൊക്കെ പഠിച്ചല്ലോ”
” ദേ പെണ്ണേ, എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ”
മുഖം ചുവപ്പിച്ച് ഫഹദ് മുറിയിൽ നിന്നും പുറത്ത് പോകാനൊരുങ്ങി. ഹസി അവനെ തടഞ്ഞു
“വേണ്ടിക്കാ… അഭിനയം ഇനി എന്റെ അടുത്ത് വേണ്ട. ഞാന്‍ എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ ഉറങ്ങി എന്ന് കരുതി രാത്രിയില്‍ ഇങ്ങള് കള്ള കാമുകിയുമായി ചാറ്റുന്നതും, അശ്ലീല സംഭാഷണങ്ങൾ നടത്തുന്നതും കുറച്ച് ദിവസങ്ങളായി ഞാന്‍ കേൾക്കുന്നുണ്ട്. അതുകൊണ്ട് അഭിനയം വേണ്ട”
ഇതും പറഞ്ഞ് ഹസി തന്റെ ഫോണിൽ ഒരു വോയ്സ് പ്ലേ ചെയ്തു
“ഇത് ഇന്നലെ രാത്രി ഇക്കയും കള്ള കാമുകിയും കൂടി കൊഞ്ചുന്നതിന്റെ വോയ്സ് ആണ്. കേട്ട് നോക്ക്”
താൻ കയ്യോടെ പിടിക്കപ്പെട്ടു എന്ന് മനസിലാക്കിയ ഫഹദ് ഹസിയെ കെട്ടിപിടിച്ചു
“എന്റെ പൊന്നേ മാപ്പ്, പറ്റിപ്പോയി. നമ്മളുടെ മക്കളെ കരുതിയെങ്കിലും നീയെന്നോട് ക്ഷമിക്ക്. ചുമ്മാ ഒരു രസത്തിന് മിണ്ടിയതാ. സത്യായിട്ടും അത് ആരാന്ന് പോലും എനിക്കറിയില്ല. ഫേസ്ബുക്കിൽ പരിചയപ്പെട്ടതാണ്. നീയിത് വീട്ടിൽ പറഞ്ഞ് സീൻ ആക്കരുത്, പ്ലീസ്”
ഹസി പതുക്കെ അവനെ തള്ളിമാറ്റി
“ഇക്കാക്ക് എന്നെ കണ്ട് കണ്ട് അങ്ങ് ബോറടിച്ചു തുടങ്ങി അല്ലേ…?”
സംസാരിക്കുമ്പോൾ അവളുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. അവൾ ഫഹദിനെ ദയനീയമായൊന്ന് നോക്കി
“എന്നെക്കാള്‍ ഇക്കാക്ക് സന്തോഷം തരുന്ന, എന്നെക്കാള്‍ കൂടുതല്‍ ഇക്കയെ സ്നേഹിക്കുന്ന ആ മൊഞ്ചത്തി കാമുകിയോട് ഇനി വിളിക്കുമ്പോൾ പറ ഇക്ക പറഞ്ഞത്ര ഒന്നും ഞാൻ മോശമല്ലാന്ന്”
“ഹസീ, പറ്റിപ്പോയി. എന്നോട് ക്ഷമിക്ക്. ഞാൻ വെറുമൊരു തമാശക്ക്… പ്ലീസ്. ഞാൻ നിന്റെ കാല് പിടിക്കാം”
“അയ്യേ, ഇക്ക എന്റെ കാലൊന്നും പിടിക്കേണ്ട. ഇങ്ങള് അവളോട് കൂടുതൽ അടുക്കാൻ വേണ്ടി എന്നെക്കുറിച്ച് എന്തൊക്കെയാ മോശമായി പറഞ്ഞത്… അത്രക്ക് മോശാണോ ഇക്കാ ഞാൻ. ഇങ്ങക്ക് അത്രക്ക് വെറുപ്പായിരുന്നോ എന്നോട്…? ഈ നിമിഷം വരെ ഇങ്ങക്ക് വേണ്ടിയല്ലേ ഞാൻ ജീവിച്ചിട്ടുള്ളൂ. എനിക്ക് ഇങ്ങളും മക്കളും അല്ലാതെ വേറെ ആരാ ഉള്ളേ ഇക്കാ”
ഇത് പറഞ്ഞ് തീർന്നപ്പോൾ ഹസി കൊച്ചു കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു. ഫഹദ് ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു
“ഇങ്ങള് ഇപ്പൊ നല്ല നിലയിലാണ്, നല്ല സാമ്പത്തിക ഭദ്രത ഉണ്ട്. പക്ഷേ, ഇങ്ങക്ക് ഒന്നും ഇല്ലാതിരുന്ന സമയത്ത് വീട്ടുകാരും കൂട്ടുകാരും വരെ ഇങ്ങളെ ഒന്നിനും കൊള്ളാത്തവൻ എന്ന് പറഞ്ഞ് മാറ്റി നിർത്തിയപ്പോൾ ഞാനേ ഉണ്ടായിരുന്നുള്ളൂ ഇങ്ങക്ക്.
ആ സമയത്ത് എനിക്ക് നല്ലൊരു ഡ്രസ്സ് ഉണ്ടായിരുന്നോ ഇക്കാ, കുടുംബത്തില്‍ ഒരു കല്യാണം വന്നാൽ പേടിയായിരുന്നു ആ സമയത്ത്. എല്ലാവരും നല്ല ഡ്രെസ്സൊക്കെ ഇട്ട് പോവുമ്പോൾ ഞാൻ മാത്രം…”
ഹസി തന്റെ കണ്ണുനീർ തുടച്ച് ഫഹദിനെ നോക്കി
“അന്നൊന്നും ന്റെ ഇക്കാനെ ഒരു നോട്ടം കൊണ്ടുപോലും ഞാൻ വേദനിപ്പിച്ചിട്ടില്ലല്ലോ… ഇങ്ങളെ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാത്ത സമയത്ത് ഒന്നും കഴിക്കാൻ ഇല്ലാതെ നമ്മൾ രണ്ടുപേരും കെട്ടിപിടിച്ച് ഉറങ്ങീട്ടില്ലേ ഇക്കാ, അതൊക്കെ ഞാൻ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ.
എന്താ പറയാത്തേ അറിയോ, ന്റെ ഭർത്താവ് അങ്ങനെ ആരുടെ മുന്നിലും ചെറുതാവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല… അതാ”
ഫഹദ് അവളെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു
“എന്റെ പൊട്ടബുദ്ധിയിൽ അങ്ങനെ തോന്നിപോയി മോളേ… സത്യായിട്ടും ഞാൻ ഇനി തെറ്റ് ചെയ്യില്ല. ഒരു തമാശക്ക് ചെയ്തതാണ്. നിന്നെക്കാൾ വലുതല്ല എനിക്കൊന്നും. എന്നോട് ക്ഷമിക്കടീ”
“ഹേയ്, എനിക്ക് ദേഷ്യം ഒന്നുല്ല ന്റെ ഇക്കാനോട്. സങ്കടം സഹിക്കാൻ പറ്റണില്ല. എനിക്ക് ഇങ്ങളല്ലാതെ വേറെ ആരാ ഉള്ളേ ഇക്കാ”
രണ്ടുപേരും കെട്ടിപിടിച്ച് കുറച്ച് നേരം അങ്ങനെ നിന്നു… ഫഹദിന്റെ കണ്ണീരിന് സത്യം ഉണ്ടായിരുന്നു. അവൻ പിന്നീട് അവളെ ചതിച്ചിട്ടില്ല. അവൾ പിന്നീട് ഈ കാര്യം പറഞ്ഞ് വഴക്ക് കൂടിയിട്ടും ഇല്ല.
നാല് കാലുള്ള കട്ടിലിൽ കിടന്ന് കെട്ടിപിടിച്ച് മറിയുന്നതും, കൊഞ്ചുന്നതും മാത്രമല്ല ഭാര്യാഭർതൃ ബന്ധം… ആ കട്ടിലിന് ഇപ്പുറം ഒരു ജീവിതമുണ്ട്. ആ ജീവിതം മനോഹരമാക്കിയാലേ ആ നാല് കാലുള്ള കട്ടിലിൽ കിടന്ന് കെട്ടിപിടിച്ച് മറിയാൻ ശരീരം ഉറക്കൂ…
ഗുണപാഠം: ഈ കാലത്ത് അവിഹിതം പാപമാണ് എന്നൊക്കെ ഞാൻ പറഞ്ഞാൽ ഇത് വായിക്കുന്നവർ പറയും എനിക്ക് വട്ടാണെന്ന്.
അവിഹിതം ഉള്ളോർക്ക് ചെറിയൊരു ടിപ്സ് പറഞ്ഞുതരാം, അതായത് ഒരു കാരണവശാലും നിങ്ങൾ നിങ്ങളുടെ കാമുകി അല്ലെങ്കിൽ കാമുകനോട് തൊട്ടപ്പുറത്ത് കിടക്കുന്ന ഭർത്താവ് അല്ലെങ്കിൽ ഭാര്യ ഉറങ്ങി എന്ന് കരുതി ആവേശം കാണിക്കരുത്.
കാണിച്ചാൽ എന്തായാലും ഒരിക്കൽ പണി കിട്ടും. അതോണ്ട് ഞാൻ ചെയ്യുന്ന പോലെ വീട്ടിൽ എത്തിയാൽ കാമുകിമാരോട് നോ കൊഞ്ചൽ. പുറത്തിറങ്ങിയാൽ കൊഞ്ചാലോ… ആവേശം കുറച്ച് ക്ഷമയോടെ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോവാൻ ഡിങ്കൻ നിങ്ങളെ അനുഗ്രഹിക്കട്ടെ…