ഞാൻ ഏട്ടനെ വശികരിച്ച് വെച്ചിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് എന്നെ കുത്തി നോവിക്കും. കരയാനേ എനിക്ക് സാധിച്ചിരുന്നുള്ളൂ..

(രചന: ഞാൻ ഗന്ധർവ്വൻ)

ഡിവോഴ്സ് ലെറ്ററിൽ ഒപ്പുവെച്ച് ഫർസാന ആസിഫിനെ നോക്കി

“അപ്പൊ നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും ഈ ഒപ്പിൽ തീർന്നു, അല്ലേ ഇക്കാ”

ആസിഫ് ഒന്നും മിണ്ടിയില്ല. അവൻ തന്റെ കാറിൽ കയറി പോകാനൊരുങ്ങി

“എട്ട് മാസം നിങ്ങളെ ഭാര്യയായി ജീവിച്ച എന്നെ ഇങ്ങനെ റോഡിലിട്ട് പോവാണോ ഇക്കാ”

“നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും തീർന്നില്ലേ, ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി”

“എന്നെ ഇങ്ങനെ ഇട്ടിട്ട് പോവല്ലേ ഇക്കാ, എനിക്ക് സ്വന്തമെന്ന് പറയാൻ ഉപ്പ മാത്രേ ഒള്ളൂ എന്ന് ഇക്കാക്ക് അറിയുന്നതല്ലേ. ഉപ്പ ആണേൽ ഇപ്പൊ വേറെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കാണ്. എന്നെ കൂട്ടാനൊന്നും ഉപ്പ വരില്ല. ഇക്ക എന്നെ വീട്ടിൽ കൊണ്ടാക്കി തരോ. ഇത്രേം ദിവസം കൂട്ടുകാരികളുടെ വീട്ടിൽ മാറിമാറി താമസിച്ചു. ഇനിയത് പറ്റില്ലല്ലോ”

ഒന്ന് നിറുത്തിയിട്ട് അവൾ ആസിഫിനെ ദയനീയമായി നോക്കി

“ഇത്രേം ദൂരം ഒറ്റക്ക് പോവാൻ പേടി ആയിട്ടാണ്. എന്നെ വീട്ടിൽ കൊണ്ടാക്കിയിട്ട് ഇങ്ങള് പൊക്കോ. ഉപ്പാനോട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം. അവിടെ ഞാനൊരു അധികപറ്റാവും എന്നാലും വേണ്ടില്ല, ഒരു ജോലിക്കാരിയെ പോലെയെങ്കിലും ഞാൻ അവിടെ നിന്നോണ്ട്”

ഒന്നും മിണ്ടാതെ ആസിഫ് മൊബൈൽ എടുത്ത് ട്രെയിൻ ടൈം സെർച്ച്‌ ചെയ്തു

“ഇന്ന് വൈകീട്ട് ആറ് മണിക്കേ ഇനി ട്രെയിൻ ഒള്ളൂ. സാരല്ല ഞാൻ കൂടെ വരാം”

ട്രെയിൻ വരാൻ ഇനിയും നാലഞ്ച് മണിക്കൂർ ബാക്കിയുണ്ട്. രണ്ടുപേരും പരസ്പരം സംസാരിക്കാതെ നിന്നു.

എട്ട് മാസം മുന്നേയാണ് അവരുടെ വിവാഹം കഴിഞ്ഞത്. അവൾ വലതുകാലെടുത്ത് വെച്ച് ആ വീട്ടിൽ കയറിയത് മുതൽ പ്രശ്നങ്ങൾ ആയിരുന്നു. കോഴിക്കോടുള്ള ആസിഫിന്റെ ഉമ്മാക്ക് തന്റെ നാട്ടിലുള്ള ഏതെങ്കിലും കുടുംബത്തിലെ പെൺകുട്ടിയെ ആസിഫിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ആയിരുന്നു താല്പര്യം. പക്ഷേ ബിസിനസ്‌ ആവശ്യത്തിന് വേണ്ടി കോട്ടയത്ത് പോയ ആസിഫ് അവിടെവെച്ചാണ് ഫർസാനയെ ആദ്യമായി കാണുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആസിഫിന് അവളെ ഇഷ്ടായി.

ആസിഫ് വീട്ടിൽ വന്ന് ഫർസാനയുടെ കാര്യം പറഞ്ഞു. ദൂരം ഒരു പ്രശ്‌നമാണ് എന്ന് പറഞ്ഞ് ഉമ്മയും സഹോദരിമാരും ആദ്യമൊക്കെ എതിർത്തെങ്കിലും ആസിഫ് ഫർസാനയെ മാത്രേ കെട്ടൂ എന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിന്നപ്പോൾ അവർ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.

ആസിഫിന്റെ വീട്ടുകാർ ഫർസാനയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു. അവർക്കും ദൂരം ഒരു പ്രശ്നമായിരുന്നെങ്കിലും അന്വേഷിച്ചപ്പോൾ നല്ല കുടുംബമാണെന്ന് മനസ്സിലാക്കിയ അവർ ഫർസാനയെ ആസിഫിന് വിവാഹം കഴിച്ച് കൊടുത്തു.

ആ വീട്ടിൽ ഫർസാനക്ക് എന്നും കുറ്റമായിരുന്നു. രാവിലെ എഴുന്നേൽക്കാൻ അഞ്ച് മിനിറ്റ് വൈകിയാൽ കുറ്റം. വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ് ഉറങ്ങാൻ ഒരുപാട് വൈകും. ചില ദിവസങ്ങളിൽ ക്ഷീണം കാരണം ഒരു അരമണിക്കൂർ വൈകി എഴുന്നേറ്റാൽ പിന്നെ അന്നത്തെ ദിവസം അതുതന്നെ പറഞ്ഞോണ്ടിരിക്കും.

ആസിഫ് അവളോട് കൂടുതൽ സ്നേഹം കാണിച്ചാൽ കുറ്റം, ആസിഫ് പുതിയ ഡ്രസ്സ്‌ എടുത്ത് കൊടുത്താൽ ഭയങ്കര കുറ്റം, രണ്ടുപേരും കൂടി വല്ലപ്പോഴും പുറത്ത് പോയാൽ മഹാ കുറ്റം, അങ്ങനെ അവൾ തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം.

ഇതിൽ ഏറ്റവും വലിയ സംഭവം എന്താണ് വെച്ചാൽ ഫർസാനയെ ഉമ്മയും സഹോദരിമാരും വഴക്ക് പറയുന്നതോ കുറ്റപ്പെടുത്തുന്നതോ ആസിഫ് അറിഞ്ഞിരുന്നില്ല. ആസിഫ് വീട്ടിൽ ഉള്ളപ്പോൾ ഫർസാനയോട് വളരേ സ്നേഹത്തോടെ ആയിരുന്നു അവർ പെരുമാറിയിരുന്നത്.

ഫർസാനയും ആസിഫിനെ ഒന്നും അറിയിച്ചില്ല. അവൾ സുഖമില്ലാത്ത തന്റെ ഉമ്മയെ വിളിച്ച് സങ്കടം പറയും. എല്ലാം ശരിയാവും എന്ന് പറഞ്ഞ് ഉമ്മ അവളെ ആശ്വസിപ്പിക്കും. കല്യാണം കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോൾ ഉമ്മ മരണപ്പെട്ടു. ഉമ്മ പോയപ്പോഴാണ് ഫർസാന തിരിച്ചറിഞ്ഞത്, താൻ ശരിക്കും ഒറ്റപ്പെട്ട് പോയെന്ന്.

അവൾക്ക് ഇപ്പൊ സങ്കടം പറയാനോ അവളുടെ വിശേഷങ്ങൾ വിളിച്ച് അന്വേഷിക്കാനോ ഇപ്പൊ ആരുമില്ല. ഒരിക്കൽ ആസിഫിന്റെ ഉമ്മയുടെ കുത്ത് വാക്കുകൾ കേട്ട് സഹിക്കാൻ പറ്റാഞ്ഞപ്പോൾ ഫർസാന ആസിഫിനോട് താൻ ആ വീട്ടിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ പറഞ്ഞു

“ആഹാ, നീ കൊള്ളാലോ ഫറൂ, ഈ നിമിഷം വരെ നിന്നെ കുറിച്ച് മോശമായി ഒരുവാക്ക് പോലും പറയാത്ത എന്റെ ഉമ്മയും സഹോദരിമാരും നിന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ട് എന്ന് നീ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വരുന്നത്”

“എന്റിക്കാ എന്നെയൊന്ന് മനസിലാക്ക്. ഇക്കയുടെ മുന്നിൽ അവർ അഭിനയിക്കാണ്. എനിക്ക് സഹിക്കാൻ പറ്റണില്ല. ഉമ്മ ഉണ്ടായിരുന്നപ്പോൾ എന്റെ സങ്കടം അവിടെ പറഞ്ഞ് അശ്വസിക്കായിരുന്നു ഞാൻ. പക്ഷേ, ഇപ്പൊ എനിക്ക് നിങ്ങളല്ലേ ഒള്ളൂ”

“നീയൊന്ന് പോയേ ഫറൂ, ഉമ്മയേയും സഹോദരിമാരേയും എന്നിൽ നിന്നും അകറ്റാൻ നോക്കേണ്ട. നീ ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന പെണ്ണാണെന്ന് എനിക്ക് അറിയില്ലായിരുന്നു”

അവരുടെ ആ സംസാരം ഉമ്മയും സഹദരിയും കേട്ടു. പിന്നെ പറയേണ്ടല്ലോ പൂരം. ആസിഫിനെ പറഞ്ഞ് മയക്കി ഉമ്മയും സഹോദരിമാരും കുപ്പിയിലാക്കി. പിന്നേ ഫർസാനക്ക് ഇല്ലാത്ത കുറ്റങ്ങളില്ല. പതിയെ പതിയെ ആസിഫ് അവളിൽ നിന്നും അകന്നുതുടങ്ങി.

ഫർസാന സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൻ ഒഴിഞ്ഞുമാറി. അവൾ ആ വീട്ടിൽ ശരിക്കും ഒറ്റപ്പെട്ടു. ഇതിനിടയിൽ അവളുടെ ഉപ്പ വേറെ വിവാഹം കഴിച്ചു. അതോടുകൂടി വല്ലപ്പോഴും സുഖ വിവരം അന്വേഷിച്ച് വിളിച്ചിരുന്ന ഉപ്പയുടെ വിളിയും ഇല്ലാതായി.

ചുരുക്കി പറഞ്ഞാൽ ആസിഫിന്റെയും ഫർസാനയുടേയും ജീവിതത്തിന് ഇടയിൽ കിടന്ന് ഉമ്മയും സഹോദരിമാരും നന്നായി കളിച്ചു. അങ്ങനെയാണ് ഇന്ന് ഡിവോഴ്സായി അവർ രണ്ട് വഴിക്കായത്.

സമയം അഞ്ച് ഇരുപത്…

കാർ കോടതി പാർക്കിങ്ങിൽ നിറുത്തിയിട്ട് ആസിഫും ഫർസാനയും ഒരു ഓട്ടോറിക്ഷ വിളിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉടൻ ഫർസാനയോട് ഇരിക്കാൻ പറഞ്ഞിട്ട് ആസിഫ് കോട്ടയത്തേക്കുള്ള ടിക്കറ്റ് എടുക്കാന്‍ ലൈനിൽ പോയി നിന്നു. അപ്പോഴാണ് സുന്ദരിയായ ഒരു യുവതിയും നാലും ആറും പ്രായം തോന്നിക്കുന്ന രണ്ട് കുട്ടികളും ആസിഫിന്റെ അടുത്തേക്ക് വന്നത്.

ആ യുവതിയുടെ മുഖത്തെ ഐശ്വര്യം കണ്ട് ആസിഫ് അവരെ ഒന്നു നോക്കി. നെറ്റിയിലും കഴുത്തിലും ചന്ദന കുറിയൊക്കെ തൊട്ട്, മുട്ടിനൊപ്പം വളർന്ന മുടിയിൽ തുളസിയിലയൊക്കെ വെച്ച് മഹാലക്ഷ്മിയെ പോലൊരു പെണ്ണ്. അവർ ആസിഫിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവന് നേരെ അഞ്ഞൂറു രൂപയുടെ ഒരു നോട്ട് നീട്ടി

“ചേട്ടാ, എനിക്കും കൂടെ എടുത്തു തരോ കോട്ടയത്തേക്ക് ഒരു ടിക്കറ്റ്. വരി നിക്കാൻ വയ്യാത്തോണ്ടാ. മക്കള് അടങ്ങി നിക്കില്ല അതാ”

ആസിഫ് ഒന്ന് പുഞ്ചിരിച്ച് ആ കാശ് വാങ്ങിച്ചു. അവരോട് ഫർസാന ഇരിക്കുന്നിടത്ത് പോയിരിക്കാൻ പറഞ്ഞു.

ടിക്കറ്റും ബാക്കി ചില്ലറയും ആസിഫ് അവരുടെ കയ്യിൽ കൊടുത്തു. ട്രെയിൻ വന്നു. ഫർസാനയേയും കൂട്ടി അവൻ ട്രെയിനിൽ കയറി. അവരുടെ തൊട്ടടുത്ത സീറ്റിൽ ആ യുവതിയും രണ്ട് കുട്ടികളും വന്നിരുന്നു.

ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി. ഫർസാനയുടെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു അപ്പോൾ. താൻ ജീവനുതുല്യം സ്നേഹിച്ച, പ്രണയിച്ച തന്റെ പ്രാണന്റെ കൂടെയുള്ള അവസാനയാത്ര ആണല്ലോ പടച്ചോനേ ഇത്…

രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാതെ യാത്ര ആരംഭിച്ചു. ഫർസാനയുടെ ചിന്ത മുഴുവൻ ഇനിയുള്ള തന്റെ ജീവിതം എങ്ങനെ എന്ന ചോദ്യചിഹ്നം ആയിരുന്നു. അത്രക്ക് ആഗ്രഹിച്ചിട്ടാ ആസിഫും ആയിട്ടുള്ള ജീവിതം ആരംഭിച്ചത്. പക്ഷേ, ചുറ്റിലുമുള്ള ആട്ടിൻകുട്ടിയുടെ കുപ്പായമണിഞ്ഞ ചെന്നായ്ക്കൾ എല്ലാം തകർത്തു.

ഫർസാന അങ്ങനെ ചിന്തയിൽ മുഴുകി ഇരിക്കുമ്പോഴാണ് തൊട്ടു മുന്നിലെ സീറ്റിലിരിക്കുന്ന യുവതി അവളെ നോക്കി തന്റെ കയ്യിലുള്ള ബിസ്കറ്റ് നീട്ടുന്നത്

“ഇതെന്താ കൊച്ചേ, ഇയാളെ കണ്ടപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കാ ഭയങ്കര ആലോചനയിൽ ആണല്ലോ. എന്തുപറ്റി”

അവർ വെച്ചുനീട്ടിയ ബിസ്‌ക്കറ്റ് സ്നേഹത്തോടെ നിരസിച്ച് ഫർസാന ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് വീണ്ടും ചിന്തയിലേക്ക് വീണു

“ആഹാ, ഇങ്ങനെ ആലോചിക്കാൻ മാത്രം എന്താ ഉള്ളത്…? ഇനിയും നാലഞ്ച് മണിക്കൂർ യാത്രയുണ്ട്. ഇയാള് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്ക്. എന്റെ പേര് രേഷ്മ. കൊച്ചിന്റെ പേരെന്താ…?”

അവരുടെ സംസാരം ആസിഫ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഫർസാന രേഷ്മയെ നോക്കി

“ഫർസാന”

രേഷ്മ ആസിഫിനെ നോക്കി

“ഇതാരാ ഭർത്താവാണോ…?”

ഫർസാന ഒന്നും മിണ്ടിയില്ല.

“അല്ല എന്താ നിങ്ങളുടെ പ്രശ്നം…? ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കാണ്. നിങ്ങൾ തമ്മിൽ വഴക്കാണോ…?”

രേഷ്മയുടെ ചോദ്യങ്ങൾക്കൊന്നും അവൾക്ക് മറുപടി ഇല്ലായിരുന്നു

“എന്റെ കൊച്ചേ ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കല്ലേ. എന്തേലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞ് തീർക്ക്. നമ്മുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ പറഞ്ഞ് തീർക്കണം. അല്ലാതെ ബന്ധുക്കളേയും നാട്ടുകാരേയും നമ്മുടെ ജീവിതത്തിലേക്ക് കയറ്റിയാൽ അവർ നമ്മുടെ ജീവിതം തകർത്ത് കയ്യിൽ തരും. എന്റെ ജീവിതം തകർത്തത് പോലെ”

അതുവരെ ചിരിച്ചുകൊണ്ട് സംസാരിച്ചിരുന്ന രേഷ്മയുടെ മുഖം പെട്ടന്ന് മാറി. അവളുടെ കണ്ണുകൾ നിറയുന്നത് ഫർസാന ശ്രദ്ധിച്ചു

“ചേച്ചി എന്തിനാ കരയുന്നേ…? എന്തുപറ്റി”

തന്റെ കണ്ണുനീർ സാരികൊണ്ട് തുടച്ച് രേഷ്മ പുഞ്ചിരിക്കാൻ ശ്രമിച്ചു

“ഓ… അതെന്ത് പറയാനാ. ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു ഞാൻ മനോജേട്ടന്റെ ഭാര്യ ആയത്. എന്നെ ഭയങ്കര ഇഷ്ടായിരുന്നു ചേട്ടന്”

അതുവരെ മിണ്ടാതിരുന്ന ഫർസാന രേഷ്മയോട് സംസാരിച്ച് തുടങ്ങി

“എന്നിട്ട് എന്തുപറ്റി ചേച്ചി…?”

“എന്തുപറ്റാൻ, ഭാര്യയും ഭർത്താവും ആവുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. അത് നമ്മള് തന്നെ പരിഹരിക്കണം. ഞങ്ങൾ തമ്മിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ…”

“പക്ഷേ…?”

“ഞങ്ങളുടെ പ്രശ്നങ്ങൾ തീർക്കാൻ തിടുക്കം മനോജേട്ടന്റെ വീട്ടുകാർക്ക് ആയിരുന്നു. അവർ പതിയെ പതിയെ വൈറസിനെ പോലെ ഞങ്ങളുടെ ജീവിതത്തിലേക്ക് കയറി. ഞങ്ങൾക്കിടയിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ അവർ വലുതാക്കി വലുതാക്കി ആകാശം മുട്ടേ എത്തിച്ചു”

“എന്തിനാ അവരങ്ങനെ ചെയ്തേ…?”

“മനോജേട്ടന് നല്ല സാമ്പത്തികമുണ്ട്. ഒറ്റക്ക് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. രണ്ട് സഹോദരിമാരേയും അന്തസായിട്ട് കെട്ടിച്ച് വിട്ടിട്ടാ എന്റെ കഴുത്തിൽ താലി കെട്ടുന്നത്. കല്യാണത്തിന് ശേഷവും സഹോദരിമാർക്കും അവരുടെ ഭർത്താക്കന്മാർക്കും കുട്ടികൾക്കും എല്ലാം വേണ്ട സഹായങ്ങൾ ചെയ്തിരുന്നത് മനോജേട്ടനാണ്. മനോജേട്ടന്റെ അമ്മക്ക് ഭയങ്കര സന്തോഷായിരുന്നു അത്. അമ്മക്ക് പെൺകുട്ടികളെ ജീവനാണ്”

ഇതൊക്കെ കേട്ട് ആസിഫ് ഫോണിൽ തോണ്ടി കളിക്കുന്ന പോലെ കാണിച്ച് ഇരുന്നു. ഫർസാന രേഷ്മയെ നോക്കി

“എന്നിട്ട് എന്താ ഉണ്ടായേ…”

“ഞങ്ങളുടെ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മ പരാതി പറച്ചിൽ ആരംഭിച്ചു. ഏട്ടന് പഴേപോലെ സഹോദരിമാരോട് സ്നേഹമില്ല അളിയന്മാരെ സഹായിക്കുന്നില്ല എന്നൊക്കെ പറഞ്ഞ്. ഞാൻ ഏട്ടനെ വശികരിച്ച് വെച്ചിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് എന്നെ കുത്തി നോവിക്കും. കരയാനേ എനിക്ക് സാധിച്ചിരുന്നുള്ളൂ. പക്ഷേ അന്നൊക്കെ എനിക്ക് താങ്ങായി ഏട്ടൻ ഉണ്ടായിരുന്നു. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായപ്പോൾ ഏട്ടന്റെ ലോകം പിന്നെ മക്കളിൽ ഒതുങ്ങി. മക്കളെ ജീവനായിരുന്നു ഏട്ടന്. പക്ഷേ, അവിടേം മുതലാ പ്രശ്നങ്ങൾ ആരംഭിക്കുന്നത്”

ഒന്ന് നിറുത്തിയിട്ട് രേഷ്മ ഫർസാനയെ നോക്കി

“ഏട്ടൻ ആവശ്യത്തിന് മാത്രം സഹോദരിമാരെ സഹായിക്കും. പഴയപോലെ വാരിക്കോരി കൊടുക്കുന്നത് നിന്നപ്പോൾ എല്ലാവർക്കും ശത്രുത എന്നോടായി. ഞാനാണ് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് അവർക്കിടയിൽ ചർച്ച നടന്നു. അവരുടെ കണ്ണിലെ കരടായി ഞാൻ മാറി. എന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ ഏട്ടന്റെ കാതിലേക്ക് അവർ എത്തിച്ചു. എന്നോയൊരു വേശ്യ ആയിപ്പോലും അവർ ചിത്രീകരിച്ചു”

ഇത് പറഞ്ഞ് തീർന്നപ്പോൾ രേഷ്മ വിങ്ങി. ഫർസാന അവളുടെ അടുത്ത് പോയിരുന്ന് ആശ്വസിപ്പിച്ചു

“ചേച്ചി, കരയേണ്ട. മക്കൾക്ക് വിഷമാവും”

രേഷ്മ അവളുടെ കയ്യിൽ പിടിച്ചു

“എന്നെ പ്രാണനെ പോലെ സ്നേഹിച്ചിരുന്ന ഏട്ടന്റെ തലയിൽ എന്റെ കുറ്റങ്ങളും കുറവുകളും ഇല്ലാ കഥകളും പറഞ്ഞ് പറഞ്ഞ് ഞങ്ങളെ അകറ്റിയടോ അവർ. ഏട്ടന് എന്നേം മക്കളേം വേണ്ടാതായി. എന്നെ വീട്ടിൽ കൊണ്ടാക്കി. ഇപ്പൊ കുറച്ച് മാസങ്ങളായി ഞാൻ എന്റെ വീട്ടിലാണ്”

ഇതും പറഞ്ഞ് രേഷ്മ പൊട്ടിക്കരഞ്ഞു. എന്ത് പറഞ്ഞാ അവരെ ആശ്വസിപ്പിക്കേണ്ടത് എന്ന് ഫർസാനക്ക് അറിയില്ലായിരുന്നു. കുറച്ച് സമയത്തെ മൗനത്തിന് ശേഷം ഫർസാന രേഷ്മയെ നോക്കി

“ഇപ്പോ എവിടേക്കാ പോണേ…?”

“ഭർത്താവിന്റെ അടുത്തേക്ക്…”

ഫർസാനയുടെ മുഖത്ത് സന്തോഷം വിരിഞ്ഞു

“നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ തീർന്നോ”

“ഇനി ഒരിക്കലും എന്റെ ഭർത്താവും ഒന്നിച്ച് ഒരു ജീവിതം ഉണ്ടാകും എന്ന് ഞാൻ കരുതിയതല്ല. പക്ഷേ കുറച്ച് ദിവസം മുന്നേ ഏട്ടന് ഒരു തലകറക്കം പോലെ വന്നപ്പോള്‍ ഡോക്ടറെ കാണിച്ചു. അപ്പോഴാണ് ആ സത്യം തിരിച്ചറിയുന്നത് എന്റെ ഏട്ടന് ക്യാന്‍സര്‍ ആണെന്ന്. ഫോർത്ത് സ്റ്റേജ് ആണ്. രക്ഷപ്പെടാൻ സാധ്യത കുറവാണ് എന്നൊക്കെ”

രേഷ്മ കരച്ചിൽ പിടിച്ച് വെക്കാൻ പാടുപെട്ടു. ഫർസാന അവളുടെ തലയിൽ മെല്ലെ തലോടി ആശ്വസിപ്പിച്ചു

“അസുഖം വന്നപ്പോഴാണ് ഏട്ടന് തന്റെ ചുറ്റിലും ഉള്ളവരുടെ യഥാർത്ഥ മുഖം മനസിലായത്. എല്ലാവർക്കും വേണ്ടത് പണമാണ്. ഏട്ടൻ മരിക്കുന്നതിന് മുന്നേ സ്വത്തുക്കൾ സഹോദരിമാർക്ക് എഴുതിവെക്കാൻ പ്രസവിച്ച അമ്മതന്നെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ തകർന്ന് പോയി ഏട്ടൻ”

ഫർസാന ആസിഫിനെ നോക്കി. ഇതൊക്കെ കേട്ട് ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കായിരുന്നു അവൻ. രേഷ്മ ഒന്ന് പുഞ്ചിരിച്ചു

“ഇന്നലെ ഏട്ടൻ വിളിച്ചിരുന്നു എന്നെ. ദൈവം എനിക്ക് അനുവദിച്ച് തരുന്ന ബാക്കിയുള്ള കുറച്ചു ദിവസം എനിക്ക് നിന്റെയും നമ്മുടെ മക്കളോടും ഒപ്പം താമസിക്കണം. നിങ്ങളുടെ മടിയിൽ കിടന്ന് എനിക്ക് മരിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ നെഞ്ച് പൊട്ടിപ്പോയി”

രേഷ്മ വിതുമ്പി. കണ്ണീർ തുടച്ച് ഭയങ്കര ആത്മവിശ്വാസത്തിൽ അവൾ ഫർസാനയെ നോക്കി

“അങ്ങനെ ഒരു മരണത്തിനും വിട്ടുകൊടുക്കില്ല ഞാൻ എന്റെ ഏട്ടനെ. ഞാൻ നോക്കും പൊന്നുപോലെ. ഉള്ള സ്വത്തുക്കൾ വിറ്റിട്ടാണേലും ശരി എന്റെ ഏട്ടനെ ഞാൻ ചികിൽസിക്കും. ഉറപ്പാണ്”

ഫർസാന രേഷ്മയെ ചേർത്ത് പിടിച്ചു

“ഒന്നും സംഭവിക്കില്ല ചേച്ചി. ചേച്ചിയെപ്പോലെ ഒരു ഭാര്യ ഉള്ളപ്പോൾ ദൈവം മനോജേട്ടനെ കൈവിടില്ല”

രേഷ്മ കണ്ണുകൾ തുടച്ച് ഫർസാനയെ നോക്കി പുഞ്ചിരിച്ചു.

കുറച്ച് സമയത്തിന് ശേഷം…

കോട്ടയം സ്റ്റേഷനിൽ അവർ ഇറങ്ങി. രേഷ്മയും കുട്ടികളും ഫർസാനയോട് യാത്ര പറഞ്ഞ് നടന്നുനീങ്ങി. ഫർസാന ആസിഫിനെ നോക്കി

“ന്നാ ഇക്ക പൊക്കോളൂ. ഞാൻ ഒരു ഓട്ടോ വിളിച്ച് പൊക്കോളാം ഇനി. ഇതുവരെ സുരക്ഷിതമായി കൊണ്ടാക്കിയതിന് സ്നേഹം മാത്രം”

അപ്പോഴാണ് ആസിഫിന്റെ ഫോൺ ശബ്ദിച്ചത്. പെങ്ങളാണ്, അവൻ ഫോണെടുത്തു

“ഇത്താത്ത പറ”

ഫർസാന മെല്ലെ നടന്നു നീങ്ങി. ആസിഫ് ഫോണിൽ സംസാരം തുടർന്നു

“നീയെവിടെ…? അവളുമായുള്ള എല്ലാം തീർന്നല്ലോ അല്ലേ… നീ രക്ഷപ്പെട്ടു മോനേ, ആ മാരണം നിന്റെ തലയിൽ നിന്നും ഒഴിവായാല്ലോ. ആ പിന്നേ, നീ വേഗം വീട്ടിൽക്ക് വാ. ഇക്കയും കുട്ടികളും പറയാ മൂന്നാർക്ക് ടൂർ പോവണം എന്ന്. ഞാൻ പറഞ്ഞു അതൊക്കെ ആസിഫ് ചെയ്തോളും എന്ന്. നമുക്ക് രണ്ട് ദിവസത്തിനുള്ളിൽ മൂന്നാർ പ്ലാൻ ചെയ്താലോ”

പെട്ടെന്ന് ആസിഫ് ഫോണിൽ നിന്നും ശ്രദ്ധ മാറ്റി ഫർസാനയെ നോക്കി

“ഫറൂ, നിക്ക്”

കുറേകാലത്തിന് ശേഷം ആ ഫറൂ എന്നുള്ള വിളി കേട്ടപ്പോൾ അവൾ പോലും അറിയാതെ സ്വിച്ചിട്ടപോലെ നിന്നു

“ഫറൂ, ഞാൻ നിന്നോട് ചെയ്തതിനൊക്കെ നീ എനിക്ക് മാപ്പ് തരോ…?”

ഇത് കേട്ട് ഫോണിലൂടെ ഇത്ത ദേഷ്യം കൊണ്ട് വിറച്ചു

“നീ എന്തൊക്കെയാടാ ഈ പറയുന്നേ… അവളെ ഇനീം വിട്ടില്ലേ നീ… ഇങ്ങനൊരു പെൺകോന്തൻ”

“പെൺകോന്തൻ നിന്റെ കെട്ടിയോൻ. നാണം ഉണ്ടോടീ അവന് എന്റെ ചിലവിൽ ടൂറിന് വരാൻ. പിന്നൊരു കാര്യം എന്റെ കാര്യത്തിൽ ഇനി നിങ്ങൾ ആരെങ്കിലും ഇടപെട്ടാൽ ഇങ്ങനൊരു കുടുംബമേ ഇല്ലാന്ന് വെക്കും ഞാൻ. ഇത് നീ ഉമ്മയോടും കൂടി പറഞ്ഞേക്ക്”

“ആഹാ, നിന്നെ അവള് പിന്നേം പറഞ്ഞ് മയക്കി അല്ലേ… പെറ്റ തള്ളയുടേയും പെങ്ങളുടേയും ശാപം കിട്ടാതെ നോക്കിക്കോ നീ”

“ഒരു പാവം പെണ്ണിനെ നടുറോഡിൽ ഇറക്കി വിട്ടിട്ട് കിട്ടുന്ന പുണ്യമൊന്നും എനിക്ക് വേണ്ടാ ഏഷണി പിശാചേ. പെറ്റ തള്ള ആയാലും പെങ്ങൾ ആയാലും ശരി എന്റെ ജീവിതത്തിൽ കയറി ഇനി കുത്തിതിരിപ്പ് ഉണ്ടാക്കിയാൽ ഞാൻ എന്റെ പാട്ടിന് പോകും. പോയി മക്കൾക്ക് നല്ലത് പറഞ്ഞ് കൊടുക്ക് പിത്തക്കാളീ”

ഇതും പറഞ്ഞ് ആസിഫ് ഫോൺ കട്ട് ചെയ്ത് ഫർസാനയെ നോക്കി

“എന്നോട് ക്ഷമിക്കോ എന്ന്”

ഫർസാന ആസിഫിന്റെ കണ്ണിലേക്ക് നോക്കി തലയാട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അപ്പോൾ. ആസിഫ് അവിടെ വെച്ച് അവളെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു

“എന്നോട് ക്ഷമിക്കടീ…”

ആസിഫ് ഫർസാനയുടെ കൈപിടിച്ച് അടുത്ത ട്രെയിനിൽ തിരിച്ച് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തു…

തിരിച്ച് പോവുമ്പോൾ അവർ ഒട്ടിയിരുന്ന് തങ്ങൾക്ക് നഷ്ടപ്പെട്ട പ്രണയത്തിന്റെ മധുരം ആസ്വദിച്ചു.

നല്ല വിശപ്പുണ്ടായിരുന്നു രണ്ടാൾക്കും പാലക്കാട്‌ സ്റ്റേഷനിൽ പഴം
പൊരി കണ്ടപ്പോൾ ആസിഫ് രണ്ടെണ്ണം മേടിച്ചു. ഒന്ന് ഫർസാനക്ക് കൊടുത്തു. ഒന്ന് രണ്ട് വർഷം പഴക്കമുള്ള ന്യൂസ്‌ പേപ്പറിൽ ആയിരുന്നു പഴംപൊരി പൊതിഞ്ഞിരുന്നത്. പഴംപൊരിയിൽ നല്ല ഓയിൽ ഉള്ളത് കൊണ്ടുതന്നെ അതിലെ എണ്ണ ഒപ്പിയെടുക്കാൻ നോക്കിയപ്പോഴാണ് ഫർസാന ആ പഴയ ന്യൂസ്‌ പേപ്പറിൽ മൂന്ന് ഫോട്ടോ കണ്ടത്. ആ ഫോട്ടോക്ക് താഴെയുള്ള വാർത്ത വായിച്ചപ്പോഴാണ് അവൾ ശരിക്കും ഞെട്ടിയത്

“ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം സഹിക്കാൻ വയ്യാതെ അമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു”

തന്റെ വിറക്കുന്ന കൈകളോടെ അവൾ വീണ്ടും ആ ഫോട്ടോക്ക് താഴെയുള്ള പേരിലേക്ക് നോക്കി

“മനോജിന്റെ ഭാര്യ രേഷ്മ”

തന്റെ കൂടെ ഇത്രയും സമയം ഉണ്ടായിരുന്നത് മൂന്ന് ആത്മാക്കൾ ആണെന്ന സത്യം ഫർസാന തിരിച്ചറിഞ്ഞു. തന്റെ ജീവിതം തിരിച്ച് തന്ന ആത്മാക്കൾ…

ആ ന്യൂസ്‌ പേപ്പർ മെല്ലെ മടക്കി അവൾ തന്റെ ബാഗിലേക്ക് വെച്ചു…

അവർ സന്തോഷത്തോടെ ജീവിക്കട്ടെ, കുട്ടികളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി…