ഇതും പറഞ്ഞ് അവൻ ഭാര്യയെ പൊക്കിയെടുത്ത് മുറിയിലേക്ക് കയറി, അവളെ ബെഡിലേക്കിട്ട് വാതിൽ അടച്ച് ഒരു കള്ളചിരി..

(രചന: ഞാൻ ഗന്ധർവ്വൻ)

“ഇക്കാ, ഇങ്ങള് എന്നെ പെണ്ണ് കണ്ട് പോയി ഇഷ്ടായിട്ട് എനിക്കൊരു മൊബൈൽ തന്നത് ഓർമയുണ്ടോ…?”

“പിന്നെ ഓർക്കാതേ”

“കല്യാണത്തിന്റെ തലേന്ന് വരെ ഇങ്ങളെന്നെ ഉറക്കാൻ വിട്ടിട്ടില്ല. സംസാരം തന്നെ ആയിരുന്നു ഫോണിൽ. അത് ഓർമയുണ്ടോ”

“നിനക്കെന്താടീ പോത്തേ പറ്റിയേ, ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ”

“ഹേയ് ഒന്നുല്ലാ, കല്യാണത്തിന് മുന്നേ ഇരുപത്തിനാല് മണിക്കൂറും വിളിയോട് വിളി ആയിരുന്നു.

കല്യാണം കഴിഞ്ഞ് ഇങ്ങള് ജോലി ആവശ്യത്തിന് ബാംഗ്ലൂർ പോയപ്പോൾ രണ്ടുമൂന്ന് മാസം എന്നെ തിരിയാനും മറിയാനും സമ്മതിച്ചിട്ടില്ല. ഞാൻ ഫോൺ വെക്കാൻ പറഞ്ഞാലും ഇങ്ങള് വെക്കില്ല. ഇങ്ങനെ കൊഞ്ചികൊണ്ടിരിക്കും”

“അത് എന്റെ ഭാര്യയെ എനിക്ക് അത്രക്കും ഇഷ്ടായിട്ടല്ലേ”

“ആ അത് തന്നെയാണ് ഞാൻ പറയാൻ വന്നതും. കല്യാണം കഴിഞ്ഞ് കഷ്ടിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ ആ ഇഷ്ടം എവിടെപ്പോയി…? ഇപ്പൊ വല്ലപ്പോഴും വിളിച്ചാൽ ആയി. അതും ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ച് വിളിക്കാൻ പറഞ്ഞാൽ മാത്രം.

അല്ലെങ്കിൽ പേരിന് വാട്സാപ്പിൽ ഒന്നോ രണ്ടോ വോയ്‌സ് മെസ്സേജ് അയക്കും. അതിന് മറുപടി തന്നാൽ പിന്നെ തിരിഞ്ഞ് പോലും നോക്കില്ല”

“എടീ, നീയെന്റെ തിരക്ക് എന്താ മനസിലാക്കാത്തേ. നമ്മുക്ക് വേണ്ടിയല്ലേ ഞാനീ കഷ്ടപ്പെടുന്നത്”

“എന്റെ പൊന്നിക്കാ, എന്നെ കെട്ടുന്നതിന് മുന്നേയും ശേഷവും നിങ്ങൾ ഒരേ ജോലി തന്നെയാണ് ചെയ്യുന്നത്. അപ്പൊ അന്നില്ലാത്ത എന്ത് തിരക്കാണ് ഇപ്പൊ ഉള്ളത്. അതാണ് ഞാൻ പറഞ്ഞേ, എല്ലാ ആണുങ്ങളും കണക്കാ, അവർക്ക് പുതുമ നഷ്ടപ്പെട്ടാൽ പിന്നെ വല്യ താല്പര്യം ഒന്നും കാണില്ല”

“എന്റെ പൊന്നു ഭാര്യേ, നമ്മുടെ കുട്ടിക്കാലത്തൊക്കെ എന്തോരം നക്ഷത്രങ്ങളായിരുന്നു ആകാശത്ത് മിന്നി തിളങ്ങിയിരുന്നത്. ഇപ്പൊ നീ നോക്കിയേ മഷിയിട്ടു നോക്കിയാൽ പോലും ഒരു നക്ഷത്രത്തെ പോലും കാണാൻ സാധിക്കില്ല. പിന്നെ അതുപോലെ തുമ്പിയില്ലേ, നമ്മുടെ തുമ്പി.

പണ്ട് നമ്മൾ കല്ലൊക്കെ എടുപ്പിച്ചിരുന്ന, ആ സാധനത്തിനെ ഈ ജനറേഷനിലുള്ള കുട്ടികൾ കണ്ടിട്ട് പോലും ഉണ്ടാവില്ല. പിന്നെ നമ്മൾ തീപ്പെട്ടി കൂടിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന കുഴിയാന, മണ്ണ് കൊണ്ട് ചോറും കറിയും വെച്ച് കളിച്ചത്, കള്ളനും പോലീസും കളി, പിന്നെ സാറ്റ് കളിക്കുന്ന സമയത്ത് നമ്മൾക്ക് പ്രത്യേകം ഇഷ്ടമുള്ള കളികൂട്ടുകാരിയെ മാത്രം സേവ് ചെയ്യുന്നത്.

അങ്ങനെ എന്തൊക്കെ നമ്മൾ കുട്ടിക്കാലത്ത് ആസ്വദിച്ചു. നമ്മുടെയൊക്കെ കുട്ടിക്കാലമായിരുന്നടാ കുട്ടിക്കാലം. ഇപ്പോഴത്തെ കുട്ടികൾക്കുണ്ടോ അതൊക്കെ അനുഭവിക്കാനുള്ള യോഗം”

ഒന്ന് നിറുത്തിയിട്ട് അവൻ ഭാര്യയെ ചേർത്ത് പിടിച്ചു

“പണ്ട് പാടത്ത് ക്രിക്കറ്റ്‌ കളിക്കുന്ന സമയം വൈകുന്നേരം നാലുമണിക്ക് മുന്നേ പാടം ഒഴിഞ്ഞു കൊടുക്കണം എന്ന് ഭീഷണിപെടുത്തിയിരുന്ന ചേട്ടൻമാർ പറയുന്നത് അക്ഷരംപ്രതി നമ്മൾ അനുസരിച്ചിരുന്നില്ലേ…?

അന്ന് നമ്മുടെ കണ്ണിൽ ആ ഇരുപത് വയസ്സുള്ള ചേട്ടന്മാർ വലിയ ആളുകൾ ആയിരുന്നു. അന്ന് അവരോടൊക്കെ കൂട്ടുകൂടാൻ നമുക്ക് വല്യ താല്പര്യം ആയിരുന്നു.

അവരോടൊക്കെ ഒന്ന് സംസാരിക്കുന്നത് തന്നെ എന്തോ ഒരു വല്യ മഹാസംഭവം ആണ് എന്ന മട്ടായിരുന്നു നമുക്ക്. ആ പ്രായത്തിൽ നിന്നും നമ്മൾ വളർന്നു. ഇപ്പൊ വയസ്സ് മുപ്പതേ പ്ലസ് ആയി. ജീവിത സാഹചര്യങ്ങൾ മാറി. നമ്മുക്ക് വയസ്സ് കൂടി എന്നറിയുന്നത് തന്നെ സമപ്രായക്കാരന്റെ കോലം കണ്ടിട്ടാണ്.

ഇന്ന് ജീവിക്കാനുള്ള ഈ ഓട്ടപാച്ചിലിനിടയിൽ നമുക്ക് നക്ഷത്രങ്ങളെ നോക്കാനോ, കുഴിയാനയെ പിടിക്കാനോ, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനോ ഒന്നിനും നേരമില്ല. ഇതൊക്കെ ഇപ്പോഴും നമ്മുടെ ചുറ്റിലും ഉണ്ട്. നമ്മൾ കാണാഞ്ഞിട്ടാണ്. അതാണ് സത്യം. അത് മാത്രമാണ് സത്യം”

“ഇതൊക്കെ ഇപ്പൊ എന്നോടെന്തിനാ പറയുന്നേ…? ഞാൻ ആനാ എന്ന് പറയുമ്പോൾ ഇങ്ങള് ചേനാ എന്നാണല്ലോ കേൾക്കുന്നത്”

“അതായത് ഞാൻ പറഞ്ഞുവന്നത്, ഇന്നും നമ്മുടെ കുട്ടികാലത്ത് ചെയ്തിരുന്ന ഈ സൂത്രങ്ങളൊക്കെ ഇന്നത്തെ തലമുറയിലെ കുട്ടികളും ചെയ്യുന്നുണ്ട്. നമ്മൾ കാണാഞ്ഞിട്ടാണ്. നമ്മൾ കണ്ണ് തുറന്ന് നോക്കാത്തതിന് ആകാശത്തിലെ നക്ഷത്രങ്ങൾ എന്ത് പിഴച്ചു”

ഭാര്യ അവനെ നോക്കി കണ്ണുരുട്ടി

“ഓഹോ അങ്ങനെ, അതായത് നിങ്ങൾ പഴേപോലെ എന്നെ സ്നേഹിക്കുന്നുണ്ട് പക്ഷേ അത് ഞാൻ മനസിലാക്കാത്തതാണ് എന്ന്… അല്ലേ”

“അതേടീ പൊന്നേ”

ഇതും പറഞ്ഞ് അവൻ ഭാര്യയെ പൊക്കിയെടുത്ത് മുറിയിലേക്ക് കയറി. അവളെ ബെഡിലേക്കിട്ട് വാതിൽ അടച്ച് ഒരു കള്ളചിരി പാസ്സാക്കി. അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് അവനെ പിടിച്ച് മാറ്റി മുറിയിൽ നിന്നും പുറത്തിറങ്ങി

“ഇങ്ങക്ക്, ചില പ്രത്യേക സമയത്ത് മാത്രേ നക്ഷത്രങ്ങളെ കാണാൻ പറ്റൂ. അതായത് ദാ ഇങ്ങനുള്ള ടൈമിൽ. അത് കഴിഞ്ഞാൽ പിന്നെ കുറച്ച് ദിവസത്തിന് നക്ഷത്രങ്ങളെ ഒന്നും ഇങ്ങളെ കണ്ണിൽ പിടിക്കില്ല. അതോണ്ട് കാര്യം കാണാൻ വേണ്ടി മാത്രം സാഹിത്യം പറഞ്ഞോണ്ട് ഇനി ഈ വഴിക്ക് വരേണ്ട”

ഒന്ന് നിറുത്തിയിട്ട് പ്രത്യേക മൂഡിൽ ദൃതങ്കപുളകിതനായി നിന്നിരുന്ന ഭർത്താവിനെ നോക്കി വളരേ സീരിയസ് ആയിട്ട് അവൾ പറഞ്ഞു

“ഇങ്ങള് പോയി തീപ്പെട്ടി കൂടിനുള്ളിൽ കുഴിയാനയെ ഒളിപ്പിച്ച് വെക്ക്, മണ്ണ് കൊണ്ട് ചോറും കറിയും വെച്ച് കളിക്ക്, കള്ളനും പോലീസും കളിക്ക്, ആ പിന്നേ സാറ്റ് കളിക്കുന്ന സമയത്ത് നിങ്ങൾക്ക് പ്രത്യേകം ഇഷ്ടമുള്ള കളികൂട്ടുകാരിയെ മാത്രം സേവ് ചെയ്യാൻ മറക്കരുത്. ഞാൻ പോയി തുമ്പിയെ പിടിച്ച് കല്ലെടുപ്പിച്ചിട്ട് വരാം… ഓക്കേ”

ഭാര്യ പറയുന്നത് കേട്ട് വായും പൊളിച്ച് നിക്കാനേ അവന് സാധിച്ചൊള്ളൂ…

ഈ കഥ ഭാര്യമാരുടെ വായടപ്പിക്കാൻ സാഹിത്യം വിളമ്പി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭർത്താക്കന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു…