ഒരു ദിവസം പാതി രാത്രി കൊച്ചമ്മിണീ എന്നും വിളിച്ച് വികാരത്തോടെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വയ്ക്കുന്ന തന്റെ ഭർത്താവിന്റെ..

കൊച്ചമ്മിണിയുടെ നടപ്പ്
(രചന: ഭാവനാ ബാബു)

കുറച്ചു നാളുകളായി കൊച്ചമ്മിണിയുടെ ബ്രാ ഇടാതെയുള്ള കുലുങ്ങി കുലുങ്ങിയുള്ള നടത്തമാണ് കോളനിയിലെ പെണ്ണുങ്ങളുടെ ഉറക്കം കെടുത്തിയത്….

കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോഴാണ് പരിഹാരമെന്നോണം അവരെല്ലാവരും കൂടി പഞ്ചായത്ത്‌ പ്രസിഡന്റായ എന്നെ കാണാൻ വന്നത്.

“എന്റെ രമചേച്ചി ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും നിങ്ങളെന്താണിങ്ങനെ മിണ്ടാതെയിരിക്കുന്നത് “?

കൂട്ടത്തിൽ തലമൂത്ത ഗീതയുടേതാണ് ചോദ്യം.

” അല്ല നിങ്ങൾക്കൊന്നും വേറെ പണിയില്ലേ??
മറ്റൊന്നും കിട്ടാത്തോണ്ടാണോ രാവിലെതന്നെ ബ്രാ കഥയും പൊക്കി പിടിച്ച് എല്ലാം കൂടി ഇങ്ങോട്ടേക്ക് പടച്ച് വന്നത്?

എന്റെ വാക്കുകളിലെ നീരസവും പുച്ഛവും നേരിട്ടറിഞ്ഞതോടെ നാക്കിട്ടടിച്ച പലതി ന്റെയും ശൗര്യമൊന്ന് കെട്ടടങ്ങി.

“ഈ പെണ്ണുമ്പിള്ളക്ക് കിട്ടുമ്പോ പഠിച്ചോളും. വരീനെടീ നമുക്ക് പോകാം ” പരസ്പരം പിറുപിറുത്ത് കൊണ്ട് അവരെന്റെ വീടടിന്റെ പടി വീട്ടിറങ്ങി

എന്നാൽ കൊച്ചമ്മിണി നാട്ടിലെ ആണുങ്ങൾക്ക് കുളിരുള്ളൊരു കാഴ്ചയായി മാറുകയായിരുന്നു . മാറിടം തുളുമ്പിയുള്ള അവളുടെ നടത്തം അവരിൽ ഭാവനയുടെ മറ്റൊരു ലോകം തന്നെ തുറന്നു. അവൾ കുറ്റി ചൂലു കൊണ്ട് അടിച്ചു വാരുമ്പോഴും. കല്ലിൽ കുത്തിപ്പിഴിഞ്ഞു തുണി അലക്കുമ്പോഴും അവരോരോരുത്തരും ടെറസ്സിൽ നിന്ന് ഒളിഞ്ഞും മറഞ്ഞും അവളുടെ ശരീര സൗന്ദര്യം ആവോളം ആസ്വദിക്കുകയായിരുന്നു.

വാട്ട്സ് അപ്പിലെ സീക്രട്ട് ഗ്രൂപ്പുകളിൽ അവളറിയാതെ അവളുടെ ഫോട്ടോകൾ പരസ്പരം കൈമാറി അവർ നിർവൃതി യടഞ്ഞു. പലർക്കും സാരിയിൽ നിന്നും ചുരിദാറിലേക്കുള്ള അവളുടെ മാറ്റമാണ് ദ ഹിക്കാതെ വന്നത് . ഏകദേശം മൂന്നാല് മാസങ്ങളായി ഇങ്ങനെയാണ് അവൾ നടക്കുന്നത്തെന്നോർത്ത് അവർ പരസ്പരം നെടുവീർപ്പിട്ടുകൊണ്ടിരുന്നു.

നാട്ടിലെ നിശബ്ദമായ ഉൾപ്പോരുകളൊന്നുമറിയാതെ കൊച്ചമ്മിണിയെന്നും ജോലിക്ക് പൊയ് ക്കൊണ്ടിരുന്നു. മോളെയും സ്‌കൂളിലാക്കി ധൃതിയിൽ നടക്കുന്ന കൊച്ചമ്മിണിയുടെ മുഖത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള വെപ്രാളം മാത്രമായിരുന്നു…..

ഇങ്ങനെയൊക്കെയാണെങ്കിലും പതിവില്ലാത്ത നാട്ടുകാരുടെ കുശുകുശുപ്പും, അന്വേഷണം തിരക്കലും, ചൂഴ്ന്നിറങ്ങുന്ന നോട്ടവുമൊക്കെ അവൾ അറിയാതെയിരുന്നില്ല.എന്നാൽ നിശബ്ദം സഹിച്ചു കൊണ്ട് അവൾ ഓരോരോ ദിവസങ്ങൾ തള്ളി നീക്കി .

ഒരു ദിവസം പാതി രാത്രി കൊച്ചമ്മിണീ എന്നും വിളിച്ച് വികാരത്തോടെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വയ്ക്കുന്ന തന്റെ ഭർത്താവിന്റെ തനി സ്വരൂപം കണ്ടപ്പോഴാണ് അങ്ങേരും അവളുടെ കെണിയിൽ അകപ്പെട്ടെന്ന സത്യം സങ്കടത്തോടെ പ്രസിഡന്റായ ഞാൻ തിരിച്ചറിയുന്നത്…

ഇതിനി ഇങ്ങനെ വിട്ടാൽ പറ്റില്ല. കാര്യങ്ങൾ കൈവിട്ട് പോകാൻ തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവാണ് നേരം വെളുത്തപ്പോൾ തന്നെ എന്നെ കൊച്ചമ്മിണിയുടെ വീട്ടിലെത്തിച്ചത്.

എന്റെ വരവറിയാതെ പുറം തിരിഞ്ഞ് മുറ്റമടിച്ചു വാരുകയായിരുന്നു കൊച്ചമ്മിണിയപ്പോൾ. ഒന്ന് പെറ്റെങ്കിലും അവളിൽ അതിന്റെ യാതൊരു ഉടവും ഇല്ലല്ലോ എന്ന് ഞാനെന്റെ ശരീരത്തിലേക്ക് സ്വയമൊന്ന് കണ്ണോടിച്ചു കൊണ്ട് സങ്കടത്തോടെയോർത്തു .ആരും മോഹിച്ചു പോകുന്ന കൊതിപ്പിക്കുന്ന സൗന്ദര്യമായിരുന്നവൾക്ക്.

അടിച്ചു വാരി ചൂൽ ഒതുക്കി വച്ചപ്പോഴാണ് പിന്നിൽ നിൽക്കുന്ന എന്നെ അവൾ കണ്ടത്.

മറ്റെല്ലാവരെയും പോലെ എന്റെ നോട്ടവുമാ ദ്യം പോയത് അവളുടെ നിറഞ്ഞു തുളുമ്പിയ മാറിടത്തിലേക്ക് തന്നെയായിരുന്നു.

“ഇതാര് പ്രസിഡന്റോ .. പതിവില്ലാതെയെന്താ ഈ വഴിയൊക്കെ…. വാ ചേച്ചി അകത്തോട്ടു ഇരിക്ക് ”

സ്നേഹത്തോടെ അവളെന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി…..

ചുവരൊന്നും പൂശിയിട്ടില്ലെങ്കിലും അടുക്കും ചിട്ടയുമുള്ള ഭംഗിയുള്ള വീട്…. ഹാളിന്റെ തൊട്ട് മധ്യത്തിലായി കൊച്ചമ്മിണിയുടെയും, ഭർത്താവിന്റെയും, മോളുടെയും ഒരുമിച്ചുള്ള ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നു.

ഭർത്താവ് ഗൾഫിൽ ആണെങ്കിലും കൊച്ചമ്മിണി അടക്കവും ഒതുക്കവുമുള്ള സ്ത്രീയായിരുന്നു. അല്ലെങ്കിലും ഗൾഫ് കാരുടെ ഭാര്യമാരെ പറ്റിയുള്ള കഥകൾ ഭൂരിഭാഗവും എന്റെ ഭർത്താവിനെ പോലുള്ള ആണുങ്ങൾ പടച്ചുണ്ടാക്കുന്ന കെട്ടുകഥകൾ മാത്രമാണെന്ന് വേദനയോടെ ഞാനോർത്തു.

“ദാ ചേച്ചി ചായ…. മുന്നിലേക്ക് നീട്ടി പിടിച്ച ഗ്ലാസുമായി കൊച്ചമ്മിണി.

“മോൾ എന്തിയെ കണ്ടില്ലല്ലോ…. സുഖവിവരം തിരക്കാനെന്ന മട്ടിൽ ഞാൻ ചോദിച്ചു.

“അവൾ ട്യൂഷന് പോയേക്കുവാ ……. അതൊക്കെ പോട്ടെ വിഷയം മാറ്റാതെ ചേച്ചി വന്ന കാര്യം പറയ്.”

കൊച്ചമ്മിണിയുടെ മോൾ അവിടെ ഇല്ലെന്ന ധൈര്യത്തോടെ ഞാൻ കാര്യങ്ങളൊക്കെ വിശദമായി ഒരു മറയുമില്ലാതെ അവളോട് പറഞ്ഞു.

എന്റെ വിഷമം പറച്ചിലും, സങ്കടവുമെല്ലാം അവളെ വല്ലാത്തൊരു അവസ്ഥയിലാക്കിയെന്ന് ആ മുഖം കണ്ടപ്പോൾ തന്നെയെനിക്ക് മനസ്സിലായി.

“ചേച്ചി ഇത് കണ്ടോ, ശരീരം ഒട്ടും കാണിക്കാത്ത ഡ്രസാണ് ഞാനിപ്പോളി ടുന്നത്… ഹാങ്ങറിലേക്ക് വിരൽ ചൂണ്ടി കൊണ്ടവൾ പറഞ്ഞു.

“എന്റെ കൊച്ചമ്മിണി, നീ പറയുന്നതൊക്കെ ശരി തന്നെ . പക്ഷെ നാട്ടിലെ പെണ്ണുങ്ങളുടെ അവസ്ഥ കൂടി നീ മനസ്സിലാക്കണം. ബ്രാ ഇടാതെയുള്ള നിന്റെ നടപ്പാണ് എല്ലാറ്റിനും കാരണം.”

“എന്നാൽ ഞാനിത് രണ്ടും അങ്ങ് കണ്ടിച്ചു കളഞ്ഞേക്കാം . അപ്പൊ ഈക്കണ്ട പെണ്ണുങ്ങളുടെ നെഞ്ചിലെ കല്ലിറങ്ങുവോ ചേച്ചി…..”

കിതപ്പോടെയുള്ള അവളുടെ ചോദ്യം കേട്ടതും ഞാനൊന്ന് ഞെട്ടി.

“അങ്ങനെ ചെയ്യാൻ ഇവിടെ ആരേലും നിന്നോട് പറഞ്ഞോ…. നിനക്കൊരു ബ്രാ ഇട്ടുകൂടെ. മുൻപ് നീ ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ.? പെട്ടെന്നുള്ള നിന്റെയീ മാറ്റമാണ് എല്ലാറ്റിനും കാരണം. ഒരു മാതിരി ഫെമിനിച്ചികളെ പോലെ ”

എന്റെ അസ്വസ്ഥത ചേർത്തുള്ള പറച്ചിൽ കേട്ടപ്പോ കൊച്ചമ്മിണിയൊന്നടങ്ങി.

“ചേച്ചി എന്റെ കൂടെയൊന്നാ റൂമിലേക്ക് വന്നേ”

അതും പറഞ്ഞു നടന്നു പോകുന്ന അവളുടെ പിന്നാലെ ഒരൽപ്പം ആശങ്കയോടെ ഞാനും ചെന്നു …..

ഏകദേശം എഴെട്ട് മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഞാൻ റൂമിനുള്ളിൽ നിന്നും പുറത്തേക്കി റങ്ങിയത്. വല്ലാത്തൊരു കുറ്റബോധം അപ്പൊഴെന്നെ വേട്ടയാടാൻ തുടങ്ങി.

“കൊച്ചമ്മിണി,ഇനി ഞാനെന്ത് പറയാനാണ്. എനിക്ക് നിന്റെ അവസ്ഥ മനസ്സിലായി. അതിൽ സങ്കടവുമുണ്ട്. പക്ഷെ ഇതൊന്നും ഇവിടുത്തെ പ്രശ്നത്തിനൊരു പരിഹാരമാവി ല്ലല്ലോ “???

കണ്ണ് നിറച്ചു കൊണ്ട് ഞാൻ അവളോട് പറഞ്ഞു.

ചേച്ചി വിഷമിക്കാതെ ധൈര്യമായി പൊയ്ക്കോ. ഇന്ന് ഞാനെല്ലാറ്റിനുമൊരു നടപടി ഉണ്ടാക്കുന്നുണ്ട് . ഇതൊരു കുഞ്ഞനുജത്തിയുടെ ഉറപ്പാണെന്ന് കരുതി സമാധാനിക്ക് “. എന്റെ കൈവിരൽ പിടിച്ചു നെഞ്ചോട് ചേർത്തു കൊണ്ടവൾ പറഞ്ഞു…..

അവളുടെ രണ്ടും കല്പിച്ചുള്ള വാക്കുകൾ വിശ്വസിച്ചു കൊണ്ട് ഞാനെന്റെ വീട്ടിലേക്ക് നടന്നു..

അന്ന് രാത്രി എട്ടു മണിയോടെയാണ് അസോസിയേഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ കൊച്ചമ്മിണിയുടെ മുതുകിന്റെ കുറച്ചു ഭാഗത്തിന്റെ ഫോട്ടോ അവൾ പോസ്റ്റ്‌ ചെയ്തത്. മീനിന്റെ ചെതുമ്പല് പോലെ ചുവന്നു വീർത്തു പൊട്ടി അടർന്ന അവളുടെ തൊലിപ്പുറം ആരിലും അറപ്പുളവാക്കുന്നതായിരുന്നു പലരും വിശ്വസിക്കാനാകാതെ ആ ഫോട്ടോ സൂം ചെയ്തു നോക്കികൊണ്ടിരുന്നു.

കുറച്ചു സമയത്തിന് ശേഷമാണ് കൊച്ചമ്മിണിയുടെ വോയ്‌സ് റെക്കോർഡ് വന്നത്…….കാതും കൂർപ്പിച്ചു ഓരോരുത്തരും അവളുടെ ശബ്ദം കേൾക്കുവാനായി കാത്തു നിന്നു.

“നാട്ടിലെ മാന്യന്മാർ അറിയുന്നതിന്…….
നിങ്ങൾ മാറി മാറി നോക്കുന്ന ഫോട്ടോയിലു ള്ളത് എന്റെ ശരീരം തന്നെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി സോറിയാസിസ് എന്ന രോഗത്തിന്റെ ചികിത്സയിലാണ് ഞാൻ.ദിവസങ്ങൾ കഴിയുമ്പോൾ ഒരുപക്ഷെ ഈ രോഗം പൂർണ്ണമായും ഭേദമായേക്കും .

ആറു മാസം മുൻപ് വരെ മറ്റെല്ലാ സ്ത്രീകളെയും പോലെ സൗന്ദര്യവും ഓജസ്സുമുള്ളൊരുടൽ തന്നെയായിരുന്നു എന്റേതും. അതിലെനിക്ക് ഒരൽപ്പം അഹങ്കാരവുമുണ്ടായിരുന്നു. പക്ഷെ എല്ലാം മാറി മറിയാൻ ഒരു നിമിഷം മാത്രം മതിയെന്ന ഓർമ്മപ്പെടുത്തലിനും കൂടിയാണ് ഞാനെന്റെ അനുഭവമിവിടെ പങ്ക് വയ്ക്കുന്നത് “.

“ഈ രോഗമെന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നത് കൊണ്ടാണ് അടിവസ്ത്രങ്ങളൊന്നുമെനിക്ക് ഇടാൻ കഴിയാത്തത്. ശരീരമൊരു പ്രദർശന വസ്തുവാക്കുവാൻ മനഃപൂർവം ഞാനിതുവരെയും ശ്രമിച്ചിട്ടില്ല. മറ്റൊരു കാര്യം കൂടി,എന്നെ ഏതവസ്ഥയിലും ചേർത്ത് പിടിക്കാൻ എന്റെ ഭർത്താവുണ്ടെന്ന ധൈര്യമാണ് എന്നെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നതും, ഈ അവസ്ഥയിലും ഞാൻ മുന്നോട്ട് പോകുന്നതും “.

“എന്റെ പെണ്ണുങ്ങളെ, ഇമ്മാതിരി ഞരമ്പ ന്മാരായിട്ടുള്ള കെട്ടിയോൻമാരെ വലിച്ചെറിഞ്ഞു നിങ്ങൾക്ക് വല്ല തൊഴിലുറപ്പിനും പോയി അന്തസ്സായി ജീവിച്ചുകൂടെ “???? അവന്മാരുടെ വായ് അടപ്പിക്കേണ്ടതിന് പകരം ഞാൻ ബ്രാ ഇടാത്തെന്റെ കാര്യോം തിരക്കി വന്നേക്കുന്നു. നിങ്ങളാദ്യം നിങ്ങളുടെ കെട്യോന്മാരെ നിലയ്ക്ക് നിറുത്താൻ പഠിക്ക്.”

ചാട്ടുളി പോലെയുള്ള അവളുടെ ശബ്ദം കേൾക്കുന്നവരുടെ നെഞ്ചകം പൊള്ളിച്ചു

“കൂടെ കിടക്കുന്ന ഭാര്യയെ ഒന്ന് ചേർത്ത് പിടിക്കാൻ ശ്രമിക്കാതെ, അവളുടെ സങ്കടങ്ങൾ കേട്ടിരിക്കാൻ മനസ്സ് കാണിക്കാതെ അന്യന്റെ പെണ്ണിന്റെ കാഴ്ചകൾ ആസ്വദിക്കുന്ന ആണുങ്ങളെന്നും പറഞ്ഞു നടക്കുന്ന നിന്നെയൊക്കെ “കാ തൂഫ്ഫ്…..”

കൊച്ചമ്മിണിയുടെ നീട്ടിപിടിച്ചുള്ള തുപ്പൽ ചെ ന്നു വീണത് നാട്ടിലെ മാന്യന്മാരായ പലരുടെയും മുഖത്തായിരുന്നു….. സീക്രട്ട് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും ഓരോരുത്തരായി കൊഴിഞ്ഞു പോകു മ്പോൾ അന്നാദ്യമായി അവരുടെ പെണ്ണുങ്ങൾ സുഖമായുറങ്ങി.