ഞങ്ങളുടെ തല്ലുകൂടാൽ കാരണം അമ്മയ്ക്ക് അടുക്കളയിൽ നിന്ന് സമാധാനത്തോടെ..

ഇങ്ങനെയൊരു പെങ്ങൾ
(രചന: Dhanu Dhanu)

ടിവിയുടെ മുന്നിലിരുന്നു ഞാനും എന്റെ  അനിയത്തിയും അടിയോട് അടിയാണ്, എന്തിനാണെന്ന് ചോദിച്ചാൽ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാകും…

കാരണം എല്ലാ വീട്ടിലും സംഭവിക്കുന്നൊരു കാര്യമാണ് റിമോട്ടിനുവേണ്ടിയുള്ള അടിപിടി…

ഇവിടെയും അതുതന്നെയാണ് നടക്കുന്നത്… അവൾക്കു പ്രേതസിനിമ കാണണം എനിക്ക് പാട്ട് കേൾക്കണം..

അങ്ങനെ രണ്ടാളും പൊരിഞ്ഞ അടിയായപ്പോഴാണ് അമ്മ അടുക്കളയിൽ നിന്നും ചൂലുംകൊണ്ടു കേറി വരുന്നത്…

ഇതുകണ്ട് ഞാനും അവളും വീടിനു പുറത്തേക്കു ഓടിരക്ഷപ്പെട്ടു… അല്ലെങ്കിൽ അമ്മ ഞങ്ങളെ ചൂലുകൊണ്ടു അടിച്ച് വാരി പുറത്തേക്കിടും…

ഞങ്ങളുടെ തല്ലുകൂടാൽ കാരണം അമ്മയ്ക്ക് അടുക്കളയിൽ നിന്ന്. സമാധാനത്തോടെ  പണിയെടുക്കാൻ പറ്റുന്നില്ലെന്ന അമ്മയുടെ പരാതി… എപ്പോ നോക്കിയാലും രണ്ടാളും തല്ലുകൂട്ടമാണ്…

പക്ഷെ ഒരുദിവസംപോലും ഞങ്ങൾ  രണ്ടാളും പിരിഞ്ഞിരിക്കില്ല… അത്രയ്ക്ക് സ്നേഹമാണ് രണ്ടാൾക്കും…

എന്നാ ആ സ്നേഹം രണ്ടാളും പുറത്തു കാണിക്കില്ല… അങ്ങനെയിരിക്കെ ഒരുദിവസം പതിവുപോലെ ടിവിയുടെ മുന്നിലിരുന്നു അവളെന്നോട് ചോദിച്ചു…

“ഡാ ഏട്ടാ ഈ ലോകം മുഴുവൻ അറിയപ്പെടുന്നൊരു  പ്രേതം ഏതാണെന്നു നിക്കറിയാവോ…”

“അറിയാം..

“എന്നാ പറയ്…”

“കള്ളിയം കാട്ടു നീലി…

ഇതുകേട്ട് അവളൊരു ചിരി ചിരിച്ചിട്ടു പറഞ്ഞു…” നിനക്ക് ഇതും അറിയില്ലേ..”

“എന്നാപിന്നെ നീ പറയടി കാന്താരി…

“അതാണ് ഡ്രാക്കുള…”

“അതെങ്ങനെ…

“കള്ളിയംകാട്ടു നീലിയെ കേരളത്തിൽ മാത്രമല്ലെ അറിയുന്നത്…”

“അതെ…

“അപ്പോ ഡ്രാക്കുളയോ…?…”

ഇതുകേട്ട് ഞാനൊന്നു ഞെട്ടി സംഭവം ശരിയാണല്ലോ.. അവൾക്കു വിവരമുണ്ട് എന്റെയല്ലേ അനിയത്തി..

അവൾ പറഞ്ഞത് ശരിയാണ്.. നീലി കേരളത്തിൽ ഹിറ്റാണെങ്കിൽ ഡ്രാക്കുള ഇന്റർ നാഷണൽ ലെവലിൽ  ഹിറ്റാണ്..

പക്ഷെ ഞാനതു സമ്മതിച്ചു  കൊടുത്തില്ല അതിനും നല്ല സൂപ്പർ ഇടിയായി…

അങ്ങനെ പ്രേതത്തിനെ കുറിച്ച് പറഞ്ഞ് അടിയുണ്ടാക്കിയ രാത്രി അവളെയൊന്നു പേടിപ്പിച്ചാലോ എന്നുതോന്നി… എന്തായാലും അവളുറങ്ങിയശേഷം, അവളെയൊന്നു പേടിപ്പിക്കാമെന്നു വിചാരിച്ചു…

വീട്ടിൽ എല്ലാവരും ഉറങ്ങിയശേഷം ഞാൻ പതുക്കെ അവളുടെ റൂമിലേക്ക് നടന്നു.. കൈയിൽ അച്ഛന്റെ പഴയ വെള്ളമുണ്ടും ഒരു ടോർച്ചും ഉണ്ട്..

ഞാനവളുടെ അടുത്തേക്ക് ചെന്നിട്ടു  ആ വെള്ളമുണ്ടെടുത്തിട്ടു പുതച്ചു. എന്നിട്ട് അവളെ പതുക്കെ തട്ടി വിളിച്ചു..

അവൾ മെല്ലെ കണ്ണ് തുറന്നതും.. ഞാനെന്റെ മുഖത്തേക്ക് ടോർച്ചടിച്ചിട്ടു ഹ ഹ എന്ന് നീട്ടി ചിരിച്ചു..

അതുകണ്ട് അവളുറക്കെ നിലവിളിച്ചു..”.അയ്യോ അമ്മേ ഓടി വരണേ…”

പിന്നെ അവിടെ നടന്നതോന്നും എനിക്കോർമായില്ല… എന്റെ ബോധം പോയി…

നിങ്ങൾ വിചാരിക്കുന്നുണ്ടാകും അവളെ പേടിപ്പിക്കാൻ പോയിട്ട് ഞാനെങ്ങനെ ബോധംകെട്ടു വീണു എന്ന്…

പറയാം..

ഞാനൊരു പ്രേതമായിട്ടാണ് അവളെ പേടിപ്പിക്കാൻ ചെന്നതെങ്കിലും. അവൾക്കു തോന്നിയത് ഞാനൊരു കള്ളനായിട്ടാണ്.. പിന്നെ പറയേണ്ടല്ലോ കൈയിൽ കിട്ടിയ ഓലക്കകൊണ്ട് അവളെന്നെ  പൊതിരെ തല്ലി..

ആ ഇരുട്ടത്ത് ഞാനുറക്കെ കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു.. “ഞാൻ നിന്റെ എട്ടാനാടി ഏട്ടൻ..”

അപ്പോഴേക്കും അമ്മയും അച്ഛനും ഓടിവന്ന് ലൈറ്റ് ഇട്ടു.. അതിനു മുൻപുതന്നെ എന്റെ ബോധംപോയി…

പിന്നെ ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ എനിക്ക് ചുറ്റും വെള്ളയുടുപ്പിട്ടു നിൽക്കുന്ന മാലാഖമാരാണ്..

ഞാനവരോട് ചോദിച്ചു..”മാലാഖേ ഞാനെപ്പോ സ്വർഗത്തിൽ എത്തി..

അവർ ചിരിച്ചുകൊണ്ട് പറഞ്ഞു..”മോനെ ഇത് സ്വർഗമല്ല ആശുപത്രിയാണ് ഞങ്ങളൊക്കെ ഇവിടെത്തെ സിസ്റ്റർമാരാണ്…”

ഞാനൊന്നു കണ്ണുതിരുമിയിട്ടു ചുറ്റും നോക്കി ശരിയാണ്, ഞാനിപ്പോ ആശുപത്രിയിലാണ്…

ബോധം വന്നപ്പോൾ സിസ്റ്റർമാർ എന്നോട് ചോദിച്ചു..”മോനെ എങ്ങനെയാ തന്റെ ബോധം പോയത്…” ഞാനവരോട് കാര്യങ്ങളൊക്കെ പറഞ്ഞു…

ഇതുകേട്ട് അവരൊക്കെ പൊട്ടിച്ചിരിട്ടു പറഞ്ഞു…”നല്ല അനിയത്തി..”

ഇതൊക്കെ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്കു ചെന്നപ്പോൾ  വീടിനുമുന്നിൽ കാത്തുനിൽക്കുകയാണ് അവൾ…

എന്നെ കണ്ടതും അവൾ അടുത്തേക്ക് ഓടിവന്നു. ഞാനവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ  കണ്ണുനിറഞ്ഞിരിക്കുന്നു…

ഞാനവളോട് ചോദിച്ചു..”ഡി കാന്താരി നിയെന്തിനാ കരയുന്നത്…..

“സോറി ഏട്ടാ, ഇന്നലെ  ശരിക്കും തല്ലാൻ പറ്റിയില്ല..”

ഇതുകേട്ട് ഞാനവളെ തല്ലാൻ അടുത്തേക്ക് ചെന്നപ്പോൾ  അവൾ ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി..

ഇതുപോലുള്ള രസകരമായ ഓർമകൾ മനസ്സിൽ എന്നും പൊട്ടിച്ചിരിയുണർത്തും… നിങ്ങൾക്കും ഉണ്ടോ ഇതുപോലൊരു പെങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *