ഓർമയിൽ ഒരു പ്രണയകാലം
(രചന: ദേവാംശി ദേവ)
കൊടൈക്കനാലിലെ ആ വീടിനു മുൻപിൽ കാർ നിന്നതും ഹിമ ചാടി ഇറങ്ങി… അത്ഭുതം വിടരുന്ന കണ്ണുകളോടെ അവൾ ചുറ്റും നോക്കി.
“എന്ത് ഭംഗിയാ ഋഷിയേട്ടാ ഇവിടെ കാണാൻ..അമ്മ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല..” ഹിമയുടെ സംസാരം കേട്ട് ഋഷി അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ബാഗും എടുത്ത് അകത്തേക്ക് കയറി..
പുറകെ ഹിമയും…..
“ഇതാണോ നമ്മുടെ ബെഡ് റൂം.” ഋഷിയോടൊപ്പം റൂമിലേക്ക് കയറിയ ഹിമ ചോദിച്ചു..
“ങും… അതാ വാഷ് റൂം…നീ പോയി കുളിച്ചിട്ട് വാ…”
“നല്ല തണുപ്പ്..”
“കൊടൈക്കനാലിൽ പിന്നെ തണുപ്പ് അല്ലാതെ ….
ചൂട് വെള്ളത്തിൽ കുളിച്ചാൽ മതി..”
“പിന്നെ കുളിക്കാം..”
“നിന്ന് കൊഞ്ചാതെ പോയി കുളിക്ക് ഹിമ..”..
ഋഷി ദേഷ്യപ്പെട്ടതും അവൾ ഡ്രെസ്സും എടുത്ത് വാഷ് റൂമിലേക്ക് കയറി.. ഋഷി സൈഡ് ഡോർ തുറന്ന് ബാൽകണിയിലേക്ക് ഇറങ്ങി.. കാത്തിരുന്നത് പോലെ ഒരു ഇളം കാറ്റ് അവനെ തഴുകി കടന്ന് പോയി.
“കാറ്റിന് പോലും നിന്റെ ഗന്ധം ആണല്ലോ പെണ്ണേ..”
നീറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഋഷി ബാൽക്കണിയിലെ ഊഞ്ഞാലിലേക്ക് ഇരുന്നു.. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളിലേക്ക് മനസ്സിനെ വിട്ട് കൊടുത്ത് അവൻ കണ്ണുകൾ അടച്ചു..
“ടി പെണ്ണേ അങ്ങോട്ട് നീങ്ങി ഇരിക്കെടി..
എന്റെ ശ്രെദ്ധ തെറ്റുന്നു..” ഋഷി ആൻസിയെ നോക്കി പറഞ്ഞു..
.
“ഞാൻ മാറൂല..” ആൻസി ഒന്ന് കൂടി അവന്റെ ഇടം കൈയിൽ മുറുകെ ചുറ്റി പിടിച്ച് തോളിലേക്ക് ചാഞ്ഞു.. ഋഷി അവളെ നോക്കി ഒന്ന് ചിരിച്ചു..
“കുട്ടു കുട്ടു കുട്ടു…” ഉറക്കെ വിളിച്ചു കൊണ്ട് അവൾ അവനെ പിടിച്ച് കുലുക്കിയപ്പോൾ വണ്ടി ഒന്ന് പാളി.. ഋഷി വേഗം ഇടത്തേക്ക് വെട്ടിച്ച് ബ്രേക്ക് ചവിട്ടി..
“നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് വാവേ ഡ്രൈവ് ചെയ്യുമ്പോൾ മര്യാദക്ക് ഇരിക്കണം എന്ന്..” ഋഷി ദേഷ്യത്തോടെ അവളെ നോക്കി ചോദിച്ചു..
“സോറി…ഞാൻ പെട്ടെന്ന് ഐസ്ക്രീം കണ്ടപ്പോൾ….” അവൾ പുറത്തേക്ക് വിരൽ ചൂണ്ടി..
കുട്ടികളെ പോലുള്ള അവളുടെ സംസാരം കേട്ട് ഋഷി അവളെ നോക്കി ചിരിച്ചു.. കാർ സൈഡിലേക്ക് മാറ്റി പാർക്ക് ചെയ്തിട്ട് അവൻ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പിസ്ത ഫ്‌ളേവർ ഐസ്ക്രീം വാങ്ങി കൊണ്ട് കൊടുത്തു… എന്നിട്ട് അവൾ കഴിക്കുന്നതും നോക്കിയിരുന്നു..
“വേണോ…”
“വേണം…” അവൾ ഐസ്ക്രീം അവന് നേരെ നീട്ടി….
“ഇത് വേണ്ട…”
”പിന്നെ…” പറഞ്ഞു തീരും മുൻപേ ഋഷി അവളെ വലിച്ച് അവനിലേക്ക് ചേർത്ത് ആ ചുണ്ടുകളിലേക്ക് ചുണ്ടുകൾ ചേർത്തു…..
“ഞാൻ അയാളോട് പിസ്ത ഫ്‌ളേവർ ആണല്ലോടി ചോദിച്ചത്..”
“ഇത് പിസ്ത ആണല്ലോ..”
“ആണോ…എനിക്ക് വേറെ ഏതോ ഫ്‌ളേവർ ആയിട്ട് ആണ് തോന്നിയെ.. ഇത് വരെ കഴിക്കാത്ത ഒന്ന്…”
ഋഷി ചിരിച്ചു കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു.. ആൻസി അവന്റെ കൈകളിക് ചുറ്റിപിടിച്ച് തോളിലേക്ക് ചാഞ്ഞു..
“ഈ പെണ്ണ്…. എവിടേലും പോയി ഇടിച്ചു നിൽക്കുമ്പോൾ പഠിക്കും…”
“ഇടിക്കട്ടെ….നീ കൂടെ ഉള്ളപ്പോൾ എനിക്ക് പേടിയില്ല..”
“നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല..”
“എന്ന പറയണ്ട…”
അവൾ കണ്ണുകൾ അടച്ചു… പതിയെ ഉറക്കത്തിലേക്ക് വീണു..
“വാവേ…. വാവേ…….”
“എത്തിയോ കുട്ടു…”
“ഉവ്വ് …ഇറങ്ങ്…”
“എന്ത് ഭംഗിയ കുട്ടു ഇവിടെ..”
“ഇഷ്ടയോ….”
“ഒരുപാട്..”
“വാ….” ഋഷി അവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറി…
“ഇതാ നമ്മുടെ ബെഡ് റൂം… എങ്ങനുണ്ട്..”
“നല്ല രസമുണ്ട്..”
“ആണോ…”
ഋഷി പതിയെ അവളുടെ അടുത്തേക്ക് നടന്നു…
“എന്താ..”
“ഈ സെറ്റ് സാരിയിൽ നിന്നെ കാണാനും നല്ല രസമുണ്ട്..”
“ആണോ..”
“ങും…”
ഋഷി അവളുടെ അടുത്ത് എത്തിയതും അവൾ അവനെ ബലമായി പുറകിലേക്ക് തള്ളി..അവൻ ബെഡിലേക്ക് വീണു..
“ഞാനേ.. കുളിച്ചിട്ട് വരാം…” ആൻസി വേഗം വാഷ്റൂമിൽ കയറി ഡോർ അടച്ചു…
ഋഷി ബൽക്കാണിയിലേക്ക് ഇറങ്ങി ഊഞ്ഞാലിൽ പോയി ഇരുന്നു… ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതെന്ന് ചോദിച്ചാൽ കണ്ണും അടച്ച് പറയും അത് ഈ ബാൽക്കണി ആണെന്ന്..
അത്രയും മനോഹരം ആണ് ഇവിടെ നിന്നുള്ള കാഴ്ചകൾ.. അൻസിയുടെ തണുത്ത കൈകൾ ഋഷിയുടെ കവിളിൽ സ്പർശിച്ചപ്പോൾ അവൻ കണ്ണുകൾ തുറന്നു… മുന്നിൽ നിൽക്കുന്ന ആനൻസിയെ അവൻ കണ്ണെടുക്കാതെ നോക്കി ഇരുന്നു..
പിങ്ക് കളർ ടീ ഷർട്ടും പാട്യാല പേന്റും ആണ് വേഷം… നനഞ്ഞ മുടി വിടർത്തി ഇട്ടേക്കുന്നു..
നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട്.. സീമന്ത രേഖ സിന്ദൂരത്താൽ ചുമന്ന് കിടക്കുന്നു… കഴുത്തിൽ ഋഷി എന്ന് എഴുതിയ കുഞ്ഞ് താലി..
“ഹലോ… എന്ത ഇങ്ങനെ നോക്കുന്നെ…” അവൾ അവന്റെ മുന്നിൽ കൈ വീശി..
“ഒന്നൂല്ല…” അവൻ അവളെ പിടിച്ച് തന്റെ മടിയിൽ ഇരുത്തി…
“വാവേ…”
“ങും…”
“ഇങ്ങനെ ഒരു ദിവസം നീ പ്രതീക്ഷിച്ചിരുന്നോ..”
“ഇല്ല…
ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് വീട്ടുകാർ നമ്മുടെ ഇഷ്ടത്തെ എതിർത്തപ്പോൾ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നഷ്ടപ്പെട്ടെന്ന കരുതിയെ..
നമ്മുടെ വിവാഹം നടക്കുമെന്നും ഇന്ന് തന്നെ നമ്മൾ ഇങ്ങോട്ടേക്ക് വരുമെന്നും നിനക്ക് ഒരുപാട് ഇഷ്ടമുള്ള ഈ ബാൽക്കണിയിൽ നിന്റെ നെഞ്ചോട് ചേർന്ന് ഇങ്ങനെ ഇരിക്കാൻ കഴിയുമെന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല…”
“എല്ലാം ഒരു സ്വപ്നം പോലെ തോന്നുവ..'”
“കുട്ടു..”
“എന്താ വാവേ….”
“ഒരു പാട്ട് പാട്…”
“ങും…
ഇഷ്ടം….എനിക്ക് ഇഷ്ടം ആരോടും തോന്നാത്തൊരിഷ്ടം ആദ്യമായി തോന്നിയൊരിഷ്ടം.. ഇഷ്ടം ….എനിക്ക് ഇഷ്ടം.. ആരോടും പറയാത്തൊരിഷ്ടം ആരാരും അറിയത്തോരിഷ്ടം..” ഋഷി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു..
പിന്നീടുള്ള ഓരോ നിമിഷവും അവരുടേത് ആയിരുന്നു.. കുട്ടുവിന്റെയും അവന്റെ വാവയുടെയും.. അവരുടെ മാത്രം സ്വർഗ്ഗം… ജീവിതത്തിലെ ഏറ്റവും കൂടുതൽ അവർ സന്തോഷിച്ച ദിവസങ്ങൾ ആയിരുന്നു അത് …
“വാവേ…. നീ റേഡിയയില്ലേ…നമുക്ക് പോകണ്ടേ..”
“വേണ്ട…കുട്ടു നമുക്ക് പോകണ്ട.. എനിക്ക് പോകാൻ തോന്നുന്നില്ല..”
“എനിക്കും അതുപോലെ തന്നെയാടാ..പക്ഷെ ഇപ്പൊ പോയില്ലേൽ ശരിയാവില്ല…ഇനിയും ഓഫീസിൽ പോയില്ലെങ്കിൽ പിന്നെ അങ്ങോട്ട് പോകേണ്ടി വരില്ല. അതുകൊണ്ട് എന്റെ വാവ കുട്ടി വേഗം പോയി റെഡി ആവ്.. നമുക്ക് ഇനി ഒരു ദിവസം വരാം..”
ഋഷി ചിരിച്ചു കൊണ്ട് പറയഞ്ഞു… തിരിച്ചുള്ള യാത്രയിലും ആൻസി മൂഡ് ഓഫ് ആയിരുന്നു…
“വാവേ….
എന്താ പെണ്ണേ നീ ഇങ്ങനെ..നിന്റെ ഇരിപ്പ് കണ്ടിട്ട് എനിക് ദേശ്യം വരുന്നുണ്ട് കേട്ടോ…” ഋഷി ,ആൻസിയെ നോക്കി പറഞ്ഞു…
അതുകൊണ്ട് തന്നെ എതിരെ വരുന്ന ആ ലോറി അവൻ കണ്ടില്ല…
“കുട്ടു…….” അവളുടെ വിളിയുടെ മുകളിൽ വലിയൊരു ശബ്ദത്തോടെ ലോറി കാറിലേക്ക് ഇടിച്ചു കയറി..
ദിവസങ്ങൾക്ക് ശേഷം ഋഷി കണ്ണ് തുറക്കുമ്പോൾ അവന്റെ വവയെ അവന് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.. പിന്നീടുള്ള അവന്റെ ജീവിതം അവന്റെ മാത്രം ലോകത്ത് ആയിരുന്നു… കൂട്ടിന് അവന്റെ വാവയുടെ ഓർമ്മകൾ മാത്രം…
അവനെ പഴയ ഋഷി ആയി കാണാൻ എല്ലാവരും ആഗ്രഹിച്ചു… നേർച്ചയും വഴിപാടും പ്രാർത്ഥനയും ഉപദേശവുമൊക്കെ ആയി എല്ലാവരും അവന്റെ ചുറ്റിനും കൂടി…
അമ്മയുടെ കണ്ണുനീരിനു മുൻപിൽ പതറിയ ഏതോ ഒരു നിമിഷം… അതാണ് ഹിമയുടെ കഴുത്തിൽ താലി കേട്ടേണ്ടി വന്നത്.. എങ്കിലും അവളെ സ്നേഹിക്കാനോ അംഗീകരിക്കാനി കഴിഞ്ഞിരുന്നില്ല…
“ഋഷി…നിനക്ക് വേണ്ടെങ്കിൽ ആ കൊച്ചിനെ അങ്ങ് ഉപേക്ഷിക്ക്.. അല്ലാതെ ഇവിടെ ഇട്ട് ഇങ്ങനെ കഷ്ടപ്പെടുത്താൻ പറ്റില്ല… അവളും ഒരു പെണ്ണാണ്….ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള പെണ്ണ്…”
അമ്മയുടെ വാക്കുകൾ ആണ് ഹിമയെകുറിച്ച് ചിന്തിച്ചു തുടങ്ങാൻ കാരണം ആയത്… ഒരിക്കലും അവൾ ഒന്നും അവശ്യപെട്ടിട്ടില്ല ഒരു പരാതിയും പറഞ്ഞിട്ടില്ല… ഇനിയും അവളെ ഒഴുവാക്കാൻ പാടില്ലെന്നൊരു തോന്നൽ…. അതാണ് ഈ യാത്രയിൽ അവസാനിച്ചത്..
“ഋഷി ഏട്ടാ….” ഹിമയുടെ വിളികേട്ട് ആണ് ഋഷി കണ്ണു തുറന്നത്…
“ഋഷിയേട്ടൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ….
ഋഷിയേട്ടന് ആൻസിച്ചേച്ചിയുടെ സ്ഥാനത്ത് എന്നെ കാണാൻ കഴിയുന്നില്ലെങ്കിൽ ഞാൻ ഒഴിഞ്ഞു തരം…” നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതിരിക്കാൻ അവൾ വേഗം തിരിഞ്ഞു നിന്നു…
“ഹിമ…” ഋഷി എഴുന്നേറ്റ് പോയി അവളെ തിരിച്ച് അവന് അഭിമുഖമായി നിർത്തി…
“നീ പറഞ്ഞത് ശരിയാ…. ആൻസിയെ എനിക്ക് മറക്കാൻ കഴിയില്ല.. ആ സ്ഥാനത്ത് നിന്നെ കാണാനോ അതുപോലെ നിന്നെ സ്നേഹിക്കാനോ കഴിയില്ല… പക്ഷെ നിന്നെ നീ ആയി കാണാനും സ്നേഹിക്കാനും എനിക്ക് പറ്റും..” ഹിമ അത്ഭുതത്തോടെ ഋഷിയെ നോക്കി..
“സത്യം.” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു..ഋഷി അവളെ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…
ഇത് കണ്ട് ആകാശത്ത് മിന്നി നിന്നൊരു കുഞ്ഞ് നക്ഷത്രം സന്തോഷത്തോടെ മേഘപാളികൾക്ക് ഇടയിലേക്ക് മറഞ്ഞു.. എന്നെന്നേക്കുമായി……..