എനിക്ക് എല്ലാം മതിയായി അമ്മു നീ പോ എന്നെ മേലാലിനി വിളിക്കരുത്, കാണാൻ ശ്രമിക്കരുത്..

(രചന: Binu Omanakkuttan)

മതി മതി എല്ലാം നിർത്തിക്കോ… ആരേലും നോക്കി ചിരിച്ചാൽ കുറ്റം മിണ്ടിയാൽ കുറ്റം.. എന്ത് പറഞ്ഞാലും കുറ്റം എനിക്ക് മടുത്തു..

ഒന്ന് നിർത്തുവോ.. ഗോപേട്ടാ…

ഞാൻ നിർത്തി… ഇനി.. നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി… കൈ മാറിയ സമ്മാനങ്ങളെല്ലാം തിരികെ കൊടുക്കുമ്പോ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അവക്ക് അത്രയേറെ ഇഷ്ടമാണ് അവനെ…..

തന്നെ മാത്രം നോക്കി ചിരിക്കാൻ തന്നോട് മാത്രം സംസാരിക്കാൻ തന്നോട് മാത്രം കൂട്ടുകൂടാൻ അവൾ വാശിപിടിച്ചിരുന്നു.. പലപ്പോഴും അത് അവസാനിച്ചത് വഴക്കുകളിലാണെങ്കിലും ഇന്ന് വേർപിരിയേണ്ടി വരെ വന്നു…

ഗോപി നടന്നു പോകാനൊരുങ്ങവേ പിന്നിൽ നിന്ന് രണ്ടും കല്പ്പിച്ചു അവള് വീണ്ടും വിളിച്ചു..

ഗോപേട്ടാ…

തിരിഞ്ഞു നിന്ന് എന്താടി ചൂലേ… പോകാനും സമ്മതിക്കില്ലേ..?

ഏയ് പോകാതിരിക്കാൻ വിളിച്ചതൊന്നുമല്ല
ഇതിൽ ഞാൻ വാങ്ങിത്തന്ന ഒരു  സാധനം കാണുന്നില്ല.. എന്താ ഞാൻ എല്ലാം വെച്ചിട്ടുണ്ടായിരുന്നല്ലോ..

കവറില് തിരക്കിട്ട് നോക്കിക്കൊണ്ട് ഗോപി പറഞ്ഞു… ഏയ് എല്ലാമുണ്ട്… ഒന്നും മിസ്സായിട്ടില്ല
നീ വേറാർക്കേലും വാങ്ങിക്കൊടുത്തിട്ടുണ്ടാകും…

ദേഷ്യംകൊണ്ട് അവളുടെ മുഖം ചുവന്നുതുടുത്തു…

ഈ ഇട്ടിരിക്കുന്ന ഷർട്ട് ഊരിയെ… ഇതെന്റെയാ…. ഞാൻ വാങ്ങിയത. ഊര് ഊരുര്….

അതൊന്നും പറ്റൂല… ഷർട്ട് നാളെ തരാം…

തേക്കാൻ വരുമ്പോഴേലും കാമുകി വാങ്ങിത്തന്ന ഷർട്ട്‌ ഇടാതിരുന്നൂടെ… ഉളുപ്പില്ലാത്തവൻ..
മണ്ടൻ… തേക്കാൻ നടക്കുന്നു… അവള് അച്ചം പുച്ചം അവനെ തെറി പറഞ്ഞുകൊണ്ടേയിരുന്നു…

ഒന്ന് നിർത്ത് അമ്മു…. നിർത്താം പക്ഷെ എന്നെ ഇനി തേക്കാൻ വരുവോ… അതോ നാളെ ഷർട്ട്‌ തന്നിട്ട് പോകാനാണോ ഉദ്ദേശം…. അത് അതപ്പോഴല്ലേ…

എങ്കിൽ ഞാൻ തന്നിട്ടുള്ളതെല്ലാം തിരികെ തന്നിട്ട് പോണം… ദ ഇത് സഹിതം…

അവനെ കെട്ടിപ്പിടിച്ചു രോമം നിറഞ്ഞ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു… ഇതൊന്ന് വെട്ടിക്കൂടെ നിങ്ങൾക്ക്… ശരിക്കും ഒരുമ്മ വെക്കാൻപോലും പറ്റാത്ത അവസ്ഥയായ്……

എന്റെ മുഖത്തിരിക്കുന്ന താടി വെട്ടണോ വേണ്ടയോന്ന് ഞാൻ നോക്കിക്കോളാം നിന്റെ അഭിപ്രായം ചോയിച്ചില്ല…

താടിയും മുടിയും ഏത് സ്റ്റൈലിൽ വെട്ടണമെന്ന് ഇന്നലെ വരെ എന്നോട് ചോയിച്ചിട്ടല്ലേ ചെയ്തേ അപ്പൊ എനിക്ക് അഭിപ്രായം പറയാൻ പറ്റും ..

എനിക്ക് എല്ലാം മതിയായി അമ്മു നീ പോ എന്നെ മേലാലിനി വിളിക്കരുത്… കാണാൻ ശ്രമിക്കരുത്..
ദയവ് ചെയ്തു ഡിസ്റ്റർബ് ചെയ്യരുത്… കൈ കൂപ്പി അവൻ കേണപേക്ഷിക്കുമ്പോ… ചെറു ചിരിയോടെ അവൾ അവനെ നോക്കി….

ഇല്ലടാ നീ പൊക്കോ… നിന്നെ ശല്യം ചെയ്യാൻ ഞാൻ വരില്ല.. ആ ചിരിയിലും അവളുടെ തൊണ്ട ഇടറിയിരുന്നു… ഞാൻ പോവാ…. നാളെ ഈ ഷർട്ടും കൊണ്ട് നീ വരണ്ട…. എന്റെ ഓർമ്മക്കായ് നീ അത് വച്ചോ…

ഓഹ് ഒരുപാട് നന്ദി അമ്മു… നമുക്ക് എപ്പോഴും നല്ല ഫ്രണ്ട്സ് ആയിരിക്കാം… ഈ പ്രേമം ഒന്നും ശരിയാകില്ല.. എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു..

ഹ ശരിയാ.. എനിക്ക് നേരത്തെ തോന്നിയിരുന്നു…
നിന്റെ അവോയ്ഡ് ഒക്കെ കണ്ടപ്പോഴേ തേപ്പ് മണത്തിരുന്നു…

പിന്നെ നിന്നോട് എപ്പോഴും വഴക്കിടുന്നത് നമ്മുടെ നല്ല നിമിഷങ്ങളിൽ പലപ്പോഴും ആരെങ്കിലുമൊക്കെ കടന്ന് വരുന്നത് പതിവാണല്ലോ… നിന്റെ ഫ്രണ്ട്സ്… കസിൻസ് അങ്ങനെ… പക്ഷെ അപ്പോഴൊക്കെ ഞാൻ ഒറ്റയ്ക്കായി പോയിട്ടുണ്ട്… അതാണ്…

ഉം….  അതൊക്കെയാ എന്റെയും പ്രശ്നം… നീ കൂടെയുള്ളപ്പോ എനിക്ക് മറ്റുള്ളതൊന്നും എൻജോയ് ചെയ്യാൻ പറ്റില്ല… അതാ ഒക്കെ വേണ്ടാന്ന് വച്ചത്…

നന്നായെടാ… സാദാരണ ആളുകളെപ്പോലെ മുന്നിൽ വരാതിരിക്കാൻ നീ ശ്രമിച്ചില്ല… ചിലരൊക്കെ വീടും അഡ്രസും നമ്പറും ഒക്കെ മാറ്റും..

പക്ഷെ നിന്നെ സമ്മതിക്കുന്നു… നീ ഇങ്ങനെ എന്റെ മുന്നിൽ വന്നു പറയാൻ കാണിച്ച ചങ്കൂറ്റം അതാണ് എനിക്കിപ്പോഴും നിന്നോടുള്ള ഇഷ്ടം കൂട്ടുന്നത്…

വഴി വിളക്കുകൾ തെളിഞ്ഞ പാദയോരം…
തേങ്ങാപ്പൂളിലുള്ള രൂപാകൃതിയിൽ ചന്ദ്രൻ ഇരുണ്ട ആകാശത്ത്  വെള്ളിവെളിച്ചം പകർത്തിയിരുന്നു…

എടി ഞാൻ പോകട്ടെ… നേരം കുറെയായി…
അപ്പൊ ഇനി കാണുമ്പോ നീ ചിരിക്കില്ലേ… പിന്നില്ലാതെ… ഞാൻ എന്തിനാ നിന്നെ കാണുമ്പോ ഒഴിഞ്ഞു മാറുന്നത്… നീ പറഞ്ഞപോലെ നല്ല ഫ്രണ്ട്സ് ആയി നമുക്കിരിക്കാം…

നേരം ഇരുട്ടിയിട്ടുണ്ട് കൊണ്ട് വിടണോ ഞാൻ…?

ഓഹ് വേണ്ടടാ … ദേവി വരാറായി ഞാൻ പോകുവാ… തിരികെ ബസ്‌സ്റ്റോപ്പിലേക്ക് നടന്നെങ്കിലും അവനോട് എന്തൊക്കെയോ വീണ്ടും പറയാൻ അവൾ ആഗ്രഹിച്ചിരുന്നു…

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകാൻ തിടുക്കത്തിൽ നിക്കവേ ഫോണിൽ അവളുടെ കോള് വന്നു..
സ്‌ക്രീനിൽ vava എന്ന പേര് നിറഞ്ഞു നിന്നു…
അവളെ എപ്പോഴും വാവേ  ന്ന് വിളിച്ചോണ്ടിരുന്നോണ്ടണ് അമ്മു എന്ന പേര് മാറ്റി അതിട്ടത്..

കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് പിടിച്ചു…

എടാ നീ പോയോ…

ഇല്ലടി ഞാനിവിടെ ഉണ്ട്… എന്താ വരണോ അങ്ങോട്ട്….?

ഏയ് വേണ്ടടാ… ഒരു കാര്യം പറയാനായിരുന്നു…

എന്താ…?

നീ എന്നോട് ഇഷ്ടാണോന്ന് ചോദിച്ചു പിറകെ നടന്നതൊക്കെ ഓർമ്മയുണ്ടോ..?

ഓ പിന്നെ അത് മറക്കാതിരിക്കാൻ പറ്റില്ലല്ലോ..
പുഞ്ചിരിയോടെ അവൻ പറഞ്ഞു… അവസാനം ഞാൻ ഇഷ്ടാണെന്ന് പറഞ്ഞ ദിവസം ഓർമ്മയുണ്ടോ…

മ്മ് ഉണ്ട്…. ജനുവരി 24 രാവിലെ ഒൻപത് മണി യൊക്കെ ആയപ്പോഴല്ലേ.. കോളേജിലേക്ക് പോകുമ്പോ.. ദേവി ബസിന്റെ പിറകിലെ സീറ്റിൽ..
ജനലോരത്ത് നീയും തൊട്ടടുത്ത് ഞാനും…

ഉം നിനക്ക് നല്ല ഓർമ്മശക്തിയാണല്ലോ… ഗോപേട്ടാ…

അവൻ വീണ്ടും ചിരിച്ചു…

അതൊക്കെ പോട്ടെ അന്ന് രാത്രി നീ ഹോസ്റ്റലിന്റെ മതിലും ചാടി എന്നെ കാണാൻ വന്നത് ഓർമ്മയുണ്ടോ…?

ഉം ഉണ്ട്….

അന്ന് നീ എന്താ പറഞ്ഞതെന്ന് ഓർമ്മയുണ്ടോ…?

ഉം അതൊക്കെ നീ വിട് അപ്പോ തോന്നിയ കുരുത്തക്കേട്… പറയെടാ എന്താ നീയന്ന് പറഞ്ഞത്… ഒരുമിനിറ്റ് ഞാനൊന്ന് ആലോചിച്ചോട്ടെ…

മ്മ് കിട്ടി…

മ്മ് എങ്കി പറ….

അന്ന് നല്ല മഴയുണ്ടായിരുന്നു.. ഭയങ്കര മിന്നലും ഇടിയും ഒക്കെയുള്ള മഴ… രാത്രി എട്ടരയോടടുത്തപ്പോ ഞാൻ അവിടെ വന്നു…

കൂട്ടുകാരികളൊക്കെ കഴിക്കാൻ പോയപ്പോ വയറു വേദന ആക്ട് ചെയ്തു നീ റൂമിൽ എന്നെയും തിരക്കിയിരുന്നു…

ഉം എന്നിട്ട്…

എന്നിട്ട് ജനൽ കമ്പികൾ നമുക്കിടയിൽ വേലിയായി… ഉം അപ്പൊ നീയെന്താ പറഞ്ഞതെന്ന് പറ…. എനിക്ക് നിന്നെ കാണാതിരിക്കാൻ കഴിയുന്നില്ല അമ്മു…

എപ്പോഴും നീയെന്റെ കൂടെ വേണം എന്നൊരു തോന്നൽ…. അത്രയും പറഞ്ഞപ്പോ എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…

അപ്പൊ ജനലിൽ പിടിച്ചിരുന്ന നനഞ്ഞ കൈ എടുത്ത് നീ പിടിച്ചു കുറെ നേരം അതിനെ തലോടി അവസാനം അതിൽ നീ ഒരുമ്മയും തന്നു…

അത് കഴിഞ്ഞു അപ്പോഴേ ഞാൻ പോയ്‌..

ഇത്രയുമല്ലേ ഉള്ളു…

മ്മ് ഇത്രേ ഉള്ളു… ഗോപേട്ടാ നിന്നെ അത്രയും വിശ്യാസിച്ചത് അന്ന് പറഞ്ഞ ആ വാക്കുകളായിരുന്നു… ഇപ്പോഴും അതാ എനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ കഴിയാത്തത്….

പെട്ടെന്ന് ഒരു ശബ്ദം കേട്ടു…. ആരൊക്കെയോ ഉറച്ചു നിലവിളിക്കുന്നുണ്ട്. എടി ഫോൺ വെച്ചേ എന്തോ ശബ്ദം ഞാനിപ്പോ വിളിക്കാം… ഫോൺ വെക്കാൻ തുടങ്ങിയപ്പോ ആ ശബ്ദം കേട്ടത് ഫോണിലാണെന്ന് അവന് മനസിലായത്…

ചെവിയോരത്തേക്ക് വീണ്ടും ഫോൺ അടുപ്പിച്ചു പിടിച്ചു….

അത് നിശബ്ദമായിരുന്നു….

ബൈക്കിൽ നിന്ന് ഇറങ്ങി വേഗം ബസ്‌സ്റ്റോപ്പിലേക്ക് അവനോടി… ആളുകൾ തടിച്ചുകൂടിയിരുന്നു.. ഉന്തിലും തള്ളിനുമിടയിലൂടെ അവൻ അവിടേക്ക് എത്തിയിരുന്നു…

ദേവി ബസിന്റെ ടയറുകൾ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടുണ്ട്… രക്തത്തൽ റോഡ് കുളിച്ചിരുന്നു…. അവന്റെ കണ്ണുകളിൽ തീക്കനൽ ജ്വലിച്ചു… ശബ്ദം തൊണ്ട മറികടന്നു പുറത്തേക്ക് വരുന്നില്ല….

എങ്കിലും ഓടിചെന്നവളെ മാറോട് ചേർത്ത് പിടിച്ചു ആ കണ്ണുകൾ തുറന്നിരിപ്പുണ്ടായിരുന്നു…
അവനെ അവസാനമായി കാണുവാൻ അവൾ മരണത്തിൽ പോലും അവനെ പ്രണയിച്ചിരുന്നു….

എന്നെ ജീവനോളം സ്നേഹിക്കാൻ ഞാൻ എന്ത് ചെയ്തു എന്നെനിക്കറിയില്ല…. അവൾ തന്ന സമ്മാനങ്ങളെല്ലാം എനിക്ക് അന്ന് തന്നെ നഷ്ടമായി…

കവിളിൽ കിളിർത്ത താടിയോട് പോലും എനിക്ക് വെറുപ്പ് തോന്നി.. അവളുടെ അവസാന ചുംബനം പോലും അതിലായിരുന്നു… അവൾ സമ്മാനമായി തന്ന ഷർട്ട് അവളുടെ ഓർമ ദിവസങ്ങളിൽ ഇടാറുണ്ട്…

അപ്പോൾ അവൾ കൂടെയുള്ളപോലെ തോന്നാറുണ്ട്.. പക്ഷെ അവളുടെ നഷ്ടം എന്നിലെ മനോരോഗിക്ക് തുടക്കമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *