മുറിയിൽ തന്നെ പുഞ്ചിരിയോടെ വരവേറ്റ കിരണിനെ നേരെ പാൽഗ്ലാസ്സ് നീട്ടിയ..

(രചന: Bhadra Madhavan)

അമ്മ തേച്ചു മടക്കി കട്ടിലിൽ കൊണ്ട് വെച്ചിരുന്ന ഇളംനീല സാരി അലക്ഷ്യമായി ദേഹത്ത് ചുറ്റവേ ലക്ഷ്മിക്ക് കണ്ണുനീരടക്കാനായില്ല….

അവൾ മേശപുറത്തിരുന്ന ഫോണെടുത്തു പ്രതീക്ഷയോടെ വീണ്ടും നോക്കി…. ഇല്ല ഇതുവരെയും താൻ കാത്തിരുന്ന വിളി വന്നിട്ടില്ല….

അവൾ ഉള്ളിൽ തിളച്ചു പൊന്തിയ സങ്കടത്താൽ ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു.

മോളെ അമ്മു… നീ ഒരുങ്ങി കഴിഞ്ഞില്ലേ ഇതുവരെ?

പുറത്ത് അമ്മയുടെ സ്വരം കേട്ടതും ലക്ഷ്മി കണ്ണും മുഖവും അമർത്തി തുടച്ചു….

എന്തേ നിന്റെ മുഖം വാടിയിരിക്കുന്നെ??? ചോദ്യത്തോടൊപ്പം അകത്തേക്ക് കയറി വന്ന അമ്മ അരുമയോടെ അവളുടെ മുടിയിൽ തലോടി

ഒന്നുല്ലമ്മേ….ലക്ഷ്മി എങ്ങനെയോ മുഖത്തൊരു ചിരി വരുത്തി

നിനക്കൊരു പൊട്ടൊക്കെ വെച്ചു കണ്ണൊക്കെ എഴുതി നിന്നൂടെ അമ്മു?? ഇത് ഒരുമാതിരി മരണവീട്ടിൽ പോണത് പോലെണ്ട്

അമ്മ കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരുന്ന ഒരു ചുവന്ന പൊട്ടെടുത്തു അവളുടെ നെറ്റിയിൽ വെച്ചു… കണ്മഷി ചെപ്പിൽ നിന്ന് കണ്മഷി തൊട്ട് കണ്ണെഴുതി കൊടുത്തു … ഇപ്പൊ നോക്കിക്കേ എന്ത് ചന്തമുണ്ടെന്ന്..ചിരിയോടെ അമ്മ കണ്ണാടിയെടുത്തു അവൾക്ക് നേരെ നീട്ടി

എന്തേ രസമില്ലേ?? നിറഞ്ഞ കണ്ണുകളോടെ അമ്മ അവളോട് ചോദിച്ചു ..

മ്മ് രസണ്ട്… അല്ല അമ്മയെന്തിനാ ഇപ്പൊ കരയണേ??

അതല്ലടി പൊട്ടൊക്കെ വെച്ചു നിന്നെ ഒരുക്കിയപ്പോൾ നീ കൈകുഞ്ഞായിരുന്നപ്പോൾ നീ ഉറങ്ങുന്നത് നോക്കിയിരുന്നു

തീപ്പെട്ടികൊള്ളിയിൽ കണ്മഷി തൊട്ട് കവിളത്തും നെറ്റിയിലൊക്കെ പൊട്ട് തൊടുന്നത് അമ്മയ്ക്ക് ഓർമ വന്നു…അവർ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…

അല്ല അമ്മേം മോളും ഇവിടെ കഥ പറഞ്ഞു നിൽക്കാണോ….ദേ അവരിങ്ങെത്തി…വാതിൽക്കൽ വന്ന് അച്ഛൻ തല നീട്ടി

അമ്മ ചായയൊക്കെ എടുത്തു വെക്കട്ടെ… മോള് മുടിയൊക്കെ ഒതുക്കി വെച്ചിട്ട് വേം വാട്ടോ…. അമ്മ തിടുക്കപ്പെട്ട് അടുക്കളയിലേക്കോടി

ലക്ഷ്മി മിടിക്കുന്ന ഹൃദയത്തോടെ കണ്ണാടിയിലേക്കൊന്നു നോക്കി….

ചെക്കൻ എൻജിനീയർ ആണെത്രേ… ഒറ്റ മോൻ… ഇഷ്ടം പോലെ സ്വത്ത്… മോശപ്പെട്ട ശീലങ്ങളൊന്നുമില്ല…. പൊന്ന് പോലൊരു അച്ഛനും അമ്മയും… ഓട്ടോ ഡ്രൈവറായ മാധവന്റെ മോളുടെ ഭാഗ്യമാണെത്രെ പുത്തൻപുരക്കൽ ശിവദാസന്റെ മകൻ കിരണിന്റെ ആലോചന.

ആയിക്കോട്ടെ..ഭാഗ്യമായിക്കോട്ടേ…. പക്ഷെ ലക്ഷ്മിയുടെ കഴുത്തിൽ താലി കെട്ടുന്നത് കിരണായിരിക്കില്ല…. അത് താൻ പ്രാണനെ പോലെ സ്നേഹിക്കുന്ന തന്റെ ജോജിയായിരിക്കും….

ഒരു ദീർഘ നിശ്വാസത്തോടെ ലക്ഷ്മി അടുക്കളയിലേക്ക് നടന്നു…. ചായകപ്പുകൾ നിറഞ്ഞ ട്രെയുമായി ഉമ്മറത്തേക്ക് ചെന്ന ലക്ഷ്മിക്ക് അവിടെ കൂടിയിരുന്നവരുടെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപെട്ടു…….

കിരണിനെ നേരെ ചായകപ്പെടുത്തു നീട്ടുമ്പോൾ അറിയാതെ അവളുടെ മിഴികൾ അയാളുടെ മുഖത്തേക്ക് പാറിവീണു…

അവളെ നോക്കി അയാളൊന്നു മനോഹരമായി പുഞ്ചിരിച്ചു… തിരിച്ചു ചിരിക്കാതിരിക്കാൻ എന്തോ അവൾക്ക് കഴിഞ്ഞില്ല…വരണ്ടൊരു ചിരി അയാൾക്ക് സമ്മാനിച്ചു കൊണ്ട് അവൾ അകത്തേക്കോടി

ഏതാണ്ട് അരമണിക്കൂറത്തെ ചർച്ചകൾക്ക് ശേഷം അതിഥികൾ യാത്രയായി…. അവർ പോയതും വളരെയധികം സന്തോഷത്തോടെ മാധവൻ മകളെ വിളിച്ചു തന്നിലേക്ക് ചേർത്ത് പിടിച്ചു

എന്റെ മോളിനി രാജകുമാരിയായി ജീവിക്കും… അല്ലേ രാധേ… അയാൾ ഭാര്യയെ നോക്കി … ദൈവമായിട്ടാ അവർക്ക് നമ്മുടെ കുട്ടിയെ തന്നെ അവരുടെ മകന് ആലോചിക്കാൻ തോന്നിയത്….പൊന്നും പണവും ഒന്നും വേണ്ടെന്നാ പറഞ്ഞത്….

എന്നാലും പെണ്ണായിട്ട് എനിക്കെന്റെ അമ്മു ഒന്നല്ലേയുള്ളു..ഒരു 25പവൻ സ്വർണം ഞാൻ എങ്ങനെയും ഉണ്ടാക്കും….കേമമായി തന്നെ കല്യാണവും നടത്തും….

മാധവൻ മകളെ ഒന്നുടെ ചേർത്ത് പിടിച്ചു നിറുകയിൽ ഉമ്മ വെച്ച ശേഷം പുറത്തേക്ക് പോയി … ദേ പെണ്ണെ ഇനിയെങ്കിലും അടുക്കളയിൽ കേറി എന്തെങ്കിലും ഉണ്ടാക്കി പഠിക്കാൻ നോക്ക്ട്ടോ….

കാര്യം അവിടെ വേലക്കാരികളൊക്കെ ഉണ്ടെങ്കിലും നമ്മുടെ കൈ കൊണ്ട് എന്തെങ്കിലുമൊക്കെ ഭർത്താവിന് ഉണ്ടാക്കി കൊടുക്കണം…എന്നാലേ അവർക്കും ഒരിതൊക്കെ കാണൂ…അത് പറഞ്ഞു അമ്മയും അടുക്കളയിലേക്ക് മറഞ്ഞു

ഹാളിന്റെയൊരു മൂലയിലിരുന്നു മുറുക്കാനിടിക്കുന്ന അച്ഛമ്മയെ ലക്ഷ്മി നോക്കി….അവൾ അച്ഛമ്മയെ കരച്ചിലോടെ കെട്ടിപിടിച്ചു

അച്ചമ്മേ…. എനിക്കിപ്പോൾ ഈ കല്യാണം വേണ്ട… അച്ഛമ്മ അച്ഛനോടൊന്നു പറയോ… ലക്ഷ്മി അവരുടെ ചുളുങ്ങിയ മാറിടങ്ങളിലേക്ക് മുഖമർത്തി ഏങ്ങലടിച്ചു

എന്തേ എന്റെ കുട്ടിക്ക് ഈ കല്യാണം ഇഷ്ടല്ലാത്തത്.. അച്ഛമ്മ ലക്ഷ്മിയെ തലോടി…

അഞ്ചു വർഷമായി താൻ ഒരാളെ സ്നേഹിക്കുന്നുവെന്ന് പറയാനെന്തോ ലക്ഷ്മിയൊന്നു മടിച്ചു…

ഞാൻ ജോലിക്ക് കേറിയിട്ട് ഒരു കൊല്ലം പോലുമായില്ലല്ലോ അച്ചമ്മേ…

എന്നെ പഠിപ്പിക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടതല്ലേ… വാങ്ങിയ കടങ്ങളൊക്കെ ഞാൻ കൂടി ചേർന്നല്ലേ തിരിച്ചു കൊടുക്കേണ്ടത്…അതെല്ലാം കഴിഞ്ഞിട്ട് പോരെ കല്യാണം….

കല്യാണം കഴിഞ്ഞാലും മോൾക്ക് ജോലിക്ക് പോവാലോ പിന്നെന്താ?? ഈ ആലോചന കൈ വിട്ട് പോയാൽ ഇതിനേക്കാൾ നല്ലൊരു ആലോചന മോൾക്ക് കിട്ടില്ല…

അത് നടന്നാൽ ഈ കഷ്ടപ്പാടിൽ നിന്ന് എന്റെ മോളെങ്കിലും രക്ഷപെടും…

മോൾക്ക് താഴെ ഒരു കുഞ്ഞനിയൻ കൂടിയില്ലേ അവനേം പഠിപ്പിച്ചു ഒരു നിലയിൽ ആക്കണ്ടേ…അത്കൊണ്ട് എന്റെ മോള് വിഷമിക്കാതെ ചെല്ല്… അച്ഛമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് വേച്ചു വേച്ചു മുറിയിലേക്ക് പോയി…

ലക്ഷ്മി തന്റെ മുറിയിലെത്തി ഫോൺ എടുത്തു ഓണാക്കി…ഗാലറിയിൽ ജോജിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണവേ അവൾക്ക് വീണ്ടും കരച്ചിൽ വന്നു..

കൂട്ടുകാരിയുടെ ചേട്ടനായിരുന്നു ജോജി… ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ജാതിയും മതവും സാമ്പത്തികവുമെല്ലാം പറഞ്ഞു താൻ ഒഴിവാക്കാൻ നോക്കിയിട്ടും

അതിനേക്കാളെല്ലാം വലുത് ലക്ഷ്മിയാണെന്ന് പറഞ്ഞു തിരിച്ചു ഇഷ്ട്ടപെടുത്തിയതാണ് തന്നെ…

അവിടെന്ന് അങ്ങോട്ട് രണ്ട് പേരുടെയും വീട്ടിൽ അറിയാതെ അഞ്ചു വർഷമായി പരസ്പരം സ്നേഹിക്കുകയാണ്.

സ്ഥിരവരുമാനമുള്ളോരു ജോലിയായിട്ട് കല്യാണം കഴിക്കാമെന്ന് വാക്ക് തന്നപ്പോൾ നല്ലൊരു ജോലി കിട്ടാനായി താൻ എത്ര വഴിപാടും നേർച്ചയും നേർന്നു….

അവസാനം ജോലി കിട്ടിയപ്പോൾ തന്റെ കഴുത്തിൽ കിടന്നിരുന്ന നേർത്തൊരു മാല വിറ്റ കാശിനാണ് ചെന്നൈയ്ക്ക് കേറ്റിവിട്ടത്….

എന്നിട്ടിപ്പോ തനിക്ക് കല്യാണാലോചന വന്നെന്ന് പറഞ്ഞപ്പോൾ അതൊന്ന് ശ്രദ്ധിക്കുക കൂടി ചെയ്യാതെ ജോലി തിരക്കാണെന്ന് പറഞ്ഞു പോയിരിക്കുന്നു

ലക്ഷ്മി ജോജിയുടെ നമ്പറിലേക്ക് വീണ്ടും വിളിച്ചു…. കുറച്ചു നേരം ബെല്ലടിച്ച ശേഷം മറുതലയ്ക്കൽ കാൾ എടുക്കപ്പെട്ടു

ഹെലോ…. ജോജിയുടെ ശബ്ദം ചെവിയിലേക്ക് ഒഴുകിയെത്തിയതും ലക്ഷ്മി പൊട്ടി കരഞ്ഞു

ജോജിക്ക് എന്നോട് ഇച്ചിരി സ്നേഹം പോലുമില്ലേ??? വിങ്ങിപ്പൊട്ടി ലക്ഷ്മി ചോദിച്ചു

നോക്ക് ലക്ഷ്മി നിനക്ക് ഇന്ന് ആ ആലോചന വന്നതറിഞ്ഞിട്ടും ഞാൻ മനഃപൂർവം ഗൗനിക്കാതെയിരുന്നതാണ്… നല്ലൊരു ആലോചനയാണെങ്കിൽ ലക്ഷ്മി അതിനു സമ്മതിക്കുന്നതാണ് നല്ലത്…

ജോജി….. നീ എന്തൊക്കെയാ പറയുന്നത്.. ലക്ഷ്മിയുടെ ശബ്ദം വിറച്ചു….

ഇനി ഞാനൊരു സത്യം പറയാം ലക്ഷ്മി…. ഇവിടെ എനിക്കൊപ്പം ജോലി ചെയ്യുന്ന ഒരു കുട്ടിയുമായി എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു…എനിക്ക് സ്വപ്നം പോലും കാണാൻ പോലുമാവാത്ത അത്ര വലിയ കുടുംബമാണ് അവരുടേത്…

നാല് മാസത്തിനുള്ളിൽ വിവാഹവും ഉണ്ടാവും…..നിന്നോട് ഇത് പറയാൻ ഇത് തന്നെയാണ് നല്ല സമയം…. അത്കൊണ്ട് ലക്ഷ്മി നിനക്ക് വന്ന ആലോചനയ്ക്ക് വഴങ്ങുന്നതാണ് നല്ലത്…

ജോജിയുടെ വാക്കുകൾ ഒരു ഈർച്ചവാള് പോലെ ലക്ഷ്മിയുടെ മനസിനെ കീറി മുറിച്ചു കടന്നു പോയി…

എങ്ങനെ തോന്നി ജോജി നിനക്കെന്നെ ചതിക്കാൻ?? എന്റെ നെഞ്ചിൽ കൊണ്ട് നടന്നു സ്നേഹിച്ചിട്ടും എങ്ങനെയാ നിനക്കെന്നെ വേണ്ടെന്ന് വെയ്ക്കാൻ തോന്നിയത്??

നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലേ ജോജി??? മുള ചീന്തും പോലെ ലക്ഷ്മി കരഞ്ഞു കൊണ്ടിരുന്നു

എടോ താനൊന്നു പ്രാക്ടിക്കൽ ആയി ചിന്തിക്ക്… ഞാനൊരു ക്രിസ്ത്യാനിയും താനൊരു ഹിന്ദുവുമാണ്…

എല്ലാരെയും വെറുപ്പിച്ചു ഒന്നിച്ചു ജീവിക്കാൻ ഇറങ്ങിയാൽ ആദ്യത്തെ ഒരു തരിപ്പങ്ങു തീരുമ്പോൾ ആ ബന്ധമൊരു ദുരന്തമായി തീരും…

അത്കൊണ്ട് താൻ ബുദ്ധിയുള്ള കുട്ടിയായി വീട്ടുകാരെ അനുസരിച്ചു ജീവിക്കാൻ നോക്ക്…..ഓൾ ദി ബെസ്റ്റ്…

ലക്ഷ്മി എന്തോ പറയാൻ തുടങ്ങിയതും കാൾ കട്ട്‌ ആയതും ഒരുമിച്ചായിരുന്നു….. നെഞ്ച് പിടയുന്ന വേദനയോടെ അവൾ വീണ്ടും ജോജിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും അത് ഓഫ്‌ ആണെന്നായിരുന്നു മറുപടി

ലക്ഷ്മി ആർത്തു കരഞ്ഞു കൊണ്ട് ഫോൺ തറയിലേക്ക് വലിച്ചെറിഞ്ഞു. അത് നിലത്തു വീണു പല കഷ്ണങ്ങളായി ചിതറി…. കിടക്കയിലേക്ക് വീണു ലക്ഷ്മി പൊട്ടിക്കരഞ്ഞു…

എത്ര പെട്ടന്നാണ് തന്നെ അവൻ ഒഴിവാക്കിയത്..അഞ്ചു വർഷത്തെ തന്റെ കാത്തിരിപ്പിനേക്കാളും സ്നേഹത്തിനേക്കാളും വലുതായിരുന്നോ ജോജിക്ക് മറ്റേ കുട്ടിയുടെ സാമ്പത്തികം….

അഞ്ചു വർഷത്തെ സ്നേഹവും പ്രണയവും പരിഭവങ്ങളും അവളുടെ മനസിലൂടെ ഒരു നിമിഷം കടന്നു പോയി….

വയ്യ… ജോജി വേറെ ഒരാൾക്ക് സ്വന്തമാവുന്നത് കാണാനുള്ള ശക്തി തനിക്കില്ല…അവന്റെ ഓർമകളും പേറി ചത്തു ജീവിക്കാൻ തനിക്ക് വയ്യ…

എന്തോ മനസ്സിലുറപ്പിച്ചു കൊണ്ട് ലക്ഷ്മി അടുക്കളപുറത്തേക്ക് നടന്നു….. വിറകുപുരയിൽ തേങ്ങ കൂട്ടിയിട്ടിരിക്കുന്ന മൂലയിൽ കിടന്ന പഴകിയ തടിയലമരയിൽ നിന്നും അവളെന്തോ ശ്രദ്ധയോടെ വലിച്ചെടുത്തു മുറിയിലേക്ക് നടന്നു…

മുറിയിൽ കേറി വാതിൽ അടച്ച ശേഷം ലക്ഷ്മി തന്റെ ഉള്ളം കയ്യിൽ കരുതിയ കുപ്പിയെടുത്തു മേശപ്പുറത്ത് വെച്ചു…..

ഏതാനും ആഴ്ചകൾക്ക് മുൻപ് അച്ഛൻ തന്നെയാണ് സൂക്ഷിച്ചു വെയ്ക്കാൻ പറഞ്ഞു ആ എലിവിഷം നിറഞ്ഞ കുപ്പി അവൾക്ക് കൊടുത്തത്….

കുപ്പിയുടെ അടുപ്പ് തുറന്നു വെച്ച ശേഷം അവളൊരു പേപ്പർ എടുത്തു…..

അച്ഛന്, അമ്മയ്ക്ക്, അച്ഛമ്മയ്ക്ക്, അപ്പുവിന്,

മാപ്പ്…തോറ്റു പോയി ഞാൻ… പൊറുക്കണം എന്നോട്….

അത്രയും എഴുതിയ ശേഷം അവളത് മടക്കി മേശപ്പുറത്ത് വെച്ചു…. ശേഷം വിഷക്കുപ്പി കയ്യിലെടുത്തു

ഏതാനും നിമിഷങ്ങൾക്ക് ശേഷം താൻ ഈ ഭൂമിയോട് വിട പറയും….

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു… എന്റെ മരണം കൊണ്ടെങ്കിലും എനിക്ക് അവനോട് പ്രതികാരം ചെയ്യണം…. അതോർത്തു ജീവിതകാലം മൊത്തം അവൻ നീറണം….ലക്ഷ്മി വിഷകുപ്പിയെടുത്തു വായുടെ നേരെ കൊണ്ട് വന്നു….

മോളെ…. അമ്മു…. പുറത്താരുടെയോ വിളി കേട്ട് ലക്ഷ്മിയുടെ കയ്യൊന്നു വിറച്ചു….. അവൾ ഞെട്ടലോടെ വിഷക്കുപ്പി മേശയുടെ അടിയിലായി ഒളിപ്പിച്ചു വെച്ചു…. ശേഷം മുഖത്തെ പരിഭ്രമം ഒളിപ്പിച്ചു ചെന്ന് വാതിൽ തുറന്നു…

എന്തെടുക്കായിരുന്നു അകത്ത്??

അച്ഛമ്മയായിരുന്നു വെളിയിൽ

ഒന്നുല്ല അച്ചമ്മേ…. വെറുതെ കിടക്കുവായിരുന്നു… ലക്ഷ്മി ചിരിച്ചു

വാ അച്ഛമ്മ ഒരൂട്ടം തരാം..

ലക്ഷ്മിയെ അവർ അവരുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി….

മുറിയിൽ കിടന്ന കസേരയിൽ ലക്ഷ്മിയെ പിടിച്ചിരുത്തിയ ശേഷം അവർ അലമാര തുറന്നു ഒരു പൊതിയെടുത്തു ലക്ഷ്മിക്ക് നേരെ നീട്ടി

തുറന്നോക്ക്….

ലക്ഷ്മി നിർവികാരതയോടെ അത് തുറന്നു … വീതിയുള്ളൊരു ഭംഗിയുള്ള മാങ്ങാമാലയായിരുന്നു അത്… അവളത് കയ്യിലെടുത്തു അച്ഛമ്മയെ നോക്കി

എന്റെ ഭർത്താവുണ്ടല്ലോ അതായത് നിന്റെ മുത്തച്ഛൻ, പുള്ളി എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നപ്പോൾ എനിക്ക് സമ്മാനം തന്ന മാലയാ ഇത്…

വയസും പ്രായവുമായപ്പോൾ ഞാനത് ഊരി വെച്ചു….എന്റെ പേരകുട്ടി ഇതും കൂടി ഇട്ട് വേണം മണ്ഡപത്തിൽ കേറാൻ… അത് അച്ഛമ്മടെ ഒരു ആഗ്രഹാണ്…. അവരുടെ തൊണ്ടയിടറി…

ലക്ഷ്മിക്ക് മനസ് കീറിമുറിയും പോലെ തോന്നി…അവൾ അതുമായി എണീറ്റു മുറിയിലേക്ക് നടന്നു…

ഹാളിലെത്തിയതും അറിയാതെ അവളുടെ കണ്ണുകൾ അടുക്കളയിലേക്ക് നീണ്ടു…. അവൾ പതിയെ അടുക്കളയിലേക്ക് നടന്നു

ങ്ങാ നീ എണീറ്റോ…. ദേ അമ്മ ഓട്ടട ഉണ്ടാക്കിട്ടുണ്ട്..

ലക്ഷ്മിക്ക് മുൻപിലേക്ക് അവളുടെ അമ്മ ചൂടുള്ള ഓട്ടട നീക്കി വെച്ചു….

ഓട്ടട മുറിച്ചു ഓരോന്നായി നുളളി കഴിക്കവേ ലക്ഷ്മിക്ക് സങ്കടം അടക്കാൻ കഴിയാതെ വന്നു…. ജീവിതം ആദ്യമായി അമ്മയുണ്ടാക്കിയ ഓട്ടട കഴിക്കുകയാണ് താനെന്നു അവൾക്ക് തോന്നിപോയി..

നല്ലപോലെ കഴിച്ചോ… കല്യാണം കഴിഞ്ഞാല് നിനക്ക് ഇഷ്ട്ടം ഉള്ളതൊന്നും ഇതുപോലെ ഉണ്ടാക്കി തരാൻ അവിടാരും കാണില്ല… അമ്മ ചിരിയോടെ പറഞ്ഞു

ചേച്ചിടെ കല്യാണമാണോ അമ്മേ?? അടുക്കളയിൽ അമ്മയെ ചുറ്റിപറ്റി നിന്ന എട്ടു വയസുകാരൻ അപ്പു ലക്ഷ്മിയെ നോക്കി കണ്ണ് മിഴിച്ചു

ആം അപ്പുക്കുട്ടാ… ഇന്ന് രാവിലെ കൊറേ പേര് വന്നില്ലേ…. അവരുടെ വീട്ടിലേക്കാ വല്യേച്ചി പോണേ…. ഇനിയിപ്പോ അപ്പുകുട്ടൻ ആരോട് വഴക്കുണ്ടാക്കും?? ആരുടെ പലഹാരം കട്ട് തിന്നും??

അപ്പുക്കുട്ടന്റെ താടിയിൽ പിടിച്ചു ഓമനിച്ചു കൊണ്ട് അമ്മ ചോദിച്ചു…

ഇല്ല ചേച്ചിനെ ഞാം വിടൂല… അപ്പു ഓടി വന്ന് ലക്ഷ്മിയെ വട്ടം കെട്ടിപിടിച്ചു…. ലക്ഷ്മിയെക്കാൾ പതിനേഴ് വയസിനു ഇളയതാണ് അപ്പു….

വല്യേച്ചി അപ്പുനെ വിട്ട് പോവോ??

കൂടെപ്പിറപ്പെങ്കിലും അമ്മയേക്കാൾ പ്രിയപ്പെട്ട സഹോദരിയെ വേര്പിരിഞ്ഞിരിക്കുകയെന്നത് ആ എട്ടു വയസുകാരന് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു….

ഇല്ല അപ്പുകുട്ടാ… ചേച്ചി എങ്ങടും പോവില്ല….

ലക്ഷ്മി അപ്പുവിനെ കെട്ടിപിടിച്ചു നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ വെച്ചു…

പെട്ടന്ന് മുറ്റത്തു ഓട്ടോ വന്ന ശബ്ദം കേട്ടതും അപ്പു വേഗം അങ്ങോട്ട് ഓടി

അപ്പുവിനെയും കയ്യിൽ എടുത്തു അച്ഛൻ അകത്തേക്ക് വരുന്നത് ലക്ഷ്മി കണ്ടു…

അപ്പുവിനെ താഴെ നിർത്തിയ ശേഷം അയാൾ പോക്കറ്റിൽ നിന്നും ഒരു റോസ് നിറമുള്ള പൊതിയെടുത്തു ലക്ഷ്മിക്ക് നീട്ടി…

അവളത് തുറന്നു നോക്കി…. തിളക്കമുള്ള ഒരു ജോഡി സ്വർണ പാദസ്വരം…

എന്റെ അമ്മുട്ടിക്ക് വലിയ കൊതിയായിരുന്നില്ലേ സ്വർണകൊലുസിടാൻ… ഇതിപ്പോ കല്യാണത്തിന് സ്വർണ്ണമെടുക്കുമ്പോൾ ആ കൂട്ടത്തിൽ എടുക്കാമെന്ന് കരുതിയതാ…

പക്ഷെ എന്റെ മോള് ഇതിട്ട് ഇപ്പോഴേ നടന്നോ… അച്ഛന് കണ്ണ് നിറച്ചു കാണാലോ…. മാധവന് നെഞ്ച് വിങ്ങി…

എന്തിനാണെന്നറിയില്ലേ പൊന്നെ…. അച്ഛന്റെ പൊന്ന് കുറച്ചു മാസം കഴിഞ്ഞാല് ഇവിടെന്നങ്ങു പോവുമല്ലോ എന്നോർക്കുമ്പോൾ അച്ഛന്റെ ചങ്ക് പിടയാണ്… മാധവൻ മകളെ കെട്ടിപിടിച്ചു മുടിയിൽ തലോടി…

ലക്ഷ്മിക്ക് തന്റെ ഹൃദയം പൊട്ടിചിതറും പോലെ തോന്നി… അവൾ അയാളുടെ നെഞ്ചിലേക്ക് ചേർന്ന് ആവോളം കരഞ്ഞു….

കരച്ചിലൊന്നു അടങ്ങിയപ്പോൾ അവൾ തന്റെ മുറിയിലേക്ക് നടന്നു… വാതിൽ ഭദ്രമായി അടച്ച ശേഷം അവൾ നേരത്തെ എഴുതി വെച്ചിരുന്ന കുറിപ്പ് വലിച്ചു കീറി അതിനൊപ്പം വിഷക്കുപ്പിയും ചേർത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു

ആർക്ക് വേണ്ടിയാണ് തന്റെ ഈ വിലപ്പെട്ട ജീവിതം താൻ നശിപ്പിക്കുന്നത്… തന്നെ വേണ്ടന്ന് പറഞ്ഞു പോയ ഒരു ചതിയനു വേണ്ടിയോ…

താൻ എന്തൊരു മണ്ടിയാണ്.. കേവലമൊരു പ്രണയത്തിന്റെ പേരിൽ ഈ ജീവിതമേ ഇല്ലാതെയാക്കാൻ നോക്കി….

പ്രണയത്തേക്കാൾ വലിയ എത്രയോ ബന്ധങ്ങൾ ഈ ലോകത്തുണ്ട്…അച്ഛനും മകളും തമ്മിലുള്ള ബന്ധം, ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം, കൂടെപ്പിറപ്പുകൾ തമ്മിലുള്ള ബന്ധം ഇതിനൊക്കെ പ്രണയബന്ധങ്ങളേക്കാൾ മൂല്യമില്ലെ…..

താൻ മരിച്ചു പോയാൽ അവനെന്ത്… ഒന്നുമില്ല.. ശല്ല്യം ഒഴിവായി എന്ന സന്തോഷത്തിൽ അവൻ പെണ്ണ് കെട്ടി സുഖമായി ജീവിക്കും….

പക്ഷെ നഷ്ട്ടം തന്റെ കുടുംബത്തിനല്ലേ…. ഞാൻ ഇല്ലാതെയായാൽ തന്റെ അച്ഛൻ അമ്മ അച്ഛമ്മ അപ്പു അവർക്കെല്ലാം അത് സഹിക്കാൻ പറ്റുമോ… ഒരിക്കലുമില്ല….

പിന്നെന്തിനു നമ്മളേ വേണ്ടാത്തവരെ ഓർത്ത് നമ്മൾ ജീവിതം ഹോമിക്കണം… നമ്മളേ വേണ്ടാത്തവരെ നമുക്കും വേണ്ട…..

എനിക്ക് ജീവിക്കണം… എന്റെ അച്ഛന്റേം അമ്മടേം പൊന്നു മോളായി എന്റെ അപ്പുന്റെ വല്യേച്ചിയായി അച്ഛമ്മടെ അമ്മൂട്ടിയായി…

ലക്ഷ്മി കണ്ണാടിക്ക് മുൻപിൽ ചെന്ന് നിന്നു…. വെറുതെ ഒന്ന് ചിരിച്ചു….പിന്നെ പുതിയൊരു ഉന്മേഷത്തോടെ ബാത്ത് ടവ്വലുമായി ബാത്‌റൂമിലേക്ക് നടന്നു……

മാസങ്ങൾക്ക് ശേഷം…..

ചെല്ല് മോളെ… കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവുമായി പുത്തൻപുരയ്ക്കൽ വീടിന്റെ അടുക്കളയിൽ പതറി നിന്ന ലഷ്മിക്ക് നേരെ പാല് ഗ്ലാസ്സ് നീട്ടി കിരണിന്റെ അമ്മ പറഞ്ഞു

മടിച്ചു മടിച്ചു ലക്ഷ്മി മുകളിലെ മുറിയിലേക്കുള്ള പടികൾ കയറി…

മുറിയിൽ തന്നെ പുഞ്ചിരിയോടെ വരവേറ്റ കിരണിനെ നേരെ പാൽഗ്ലാസ്സ് നീട്ടിയ ലക്ഷ്മിയെ കിരൺ കൈ പിടിച്ചു അവനോട് ചേർത്തിരുത്തി….

അതേയ് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…. വിറയലോടെ ലക്ഷ്മി അയാളെ നോക്കി….

മ്മ് ന്താ…. കിരൺ പുരികമുയർത്തി അവളെ നോക്കി….

എനിക്ക് പണ്ടൊരു പ്രണയമുണ്ടായിരുന്നു…. ലക്ഷ്മി വിക്കി വിക്കി പറഞ്ഞു…

ഹാ അതാണോ ഇത്ര വലിയ കാര്യം… കിരൺ ചിരിച്ചു… ലക്ഷ്മി കണ്ണ് മിഴിച്ചു അയാളെ നോക്കി….

എന്റെ ലക്ഷ്മി പെണ്ണായാൽ ആണിനേയും ആണായാൽ പെണ്ണിനേയും സ്നേഹിക്കുന്നതൊക്കെ സാധാരണമല്ലേ???

ദേ ഈ എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം…പക്ഷെ അവളെന്നെ വേണ്ടെന്ന് വെച്ചതല്ല കേട്ടോ….ഒരിക്കൽ ദൈവം ആരോടും പറയാതെ അങ്ങ് കൂട്ടി കൊണ്ട് പോയതാ..

കൊറേ വിഷമിച്ചു…. തനിച്ചായത് പോലെ തോന്നി… പിന്നെ ഞാൻ തന്നെ സാധാരണ ലൈഫിലേക്ക് തിരിച്ചു വന്നു… പോയവർ പോയി…. ഞാൻ സന്തോഷമായി ജീവിക്കാനാവില്ലേ അവളുടെ ആത്മാവ് കൊതിക്കുന്നത്….അതല്ലേ വേണ്ടത്

അങ്ങനെയാ ബ്രോക്കർ കൊണ്ട് വന്ന ആലോചനകളിൽ തന്റെ ഈ കുഞ്ഞ്മുഖം ഞാൻ കാണുന്നത്…… ഇഷ്ട്ടപെട്ടു… ഞാനങ്ങു എടുത്തു….

കിരൺ പ്രണയപൂർവ്വം ലക്ഷ്മിയുടെ കവിളിൽ ചെറുതായി ചുംബിച്ചു…..

കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം…. ഇത് പുതിയ ജീവിതമാണ് ലക്ഷ്മി….

എനിക്ക് നീയും നിനക്ക് ഞാനുമേ ഇനിയുള്ളു…. അങ്ങനെയേ ഉണ്ടാവാൻ പാടുള്ളു…. കേട്ടോ…. കിരൺ കുസൃതിയോടെ ലക്ഷ്മിയുടെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു….

നിറഞ്ഞ തൂവിയ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ലക്ഷ്മി തന്റെ പ്രാണന്റെ പാതിയായ ഭർത്താവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *