അച്ഛനുമായി ബന്ധം പിരിഞ്ഞ ശേഷം അടുത്ത വർഷം തന്നെ മറ്റൊരു വിവാഹം കഴിച്ച അമ്മ, താമസിയാതെ അച്ഛനും..

സ്നേഹക്കൂട്
(രചന: Archana Surya)

ഐ ഐ എം ബാംഗ്ലൂരിലെ കാന്റീൻ. കുഞ്ഞു കണ്ണുകളും കൂട്ട് പുരികങ്ങളും ചുരുണ്ട മുടിയും നല്ല ഉയരവുമുള്ള, വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഇവനാണ് നിവേദ് എന്ന വേദ്.

ശ്രോതാക്കളായി ഇരിക്കുന്നത് പ്രിയ, സായി,ശബരി,രോഹൻ, രശ്മി എന്നിവർ.

അവനെ തന്നെ വീക്ഷിച്ചുകൊണ്ട് അല്പം ദൂരെയായി ഇരിക്കുന്ന തോളൊപ്പം ഉള്ള കളർ ചെയ്ത മുടിയും നല്ല വെളുത്ത നിറവും ഉള്ള ഉണ്ടപക്രുവാണ് ഗീതിക എന്ന് ഗീതു. കുറെയേറെ നേരം അവരുടെ സംസാരം നോക്കിയിരുന്ന ശേഷം പതിയെ അവൾ അവർക്കടുത്തേക്ക് വന്നു

“ഡാ വേദൂ നീയി കാന്റീൻ തള്ളി തള്ളി ക്യാമ്പസിന് പുറത്തുകൊണ്ടു വയ്ക്കുമോ”. എന്ന അവളുടെ ചോദ്യത്തിനു മറുപടിയായി കട്ട പുച്ഛമായിരുന്നു അവന്റെ മറുപടിയെങ്കിലും റോഹൻ മറുപടി കൊടുത്തു.

“എന്റെ ഗീതു നീ എന്താ താമസിച്ചത് ഇവൻ ഇട്ടിരിക്കുന്ന കുർത്തയില്ലേ ഇത് അവന്റെ അച്ഛന്റെ ആണെന്ന്.

പതിവുപോലെ ഇന്നും ഇവന്റെ വീട്ടിലെ വിശേഷം തന്നെ. പക്ഷേ കേൾക്കാൻ നല്ല സുഖമുള്ളത് കൊണ്ട് ഞങ്ങൾ അങ്ങനെ ചെവിയോർത്ത് ഇരിക്കുകയായിരുന്നു”.

ഇത് കേട്ടതും ഗീതുവിന്റെ മുഖം ചുവന്നു. “അവനും അവന്റെയൊരു വീടും ലോകത്തെങ്ങും ഇല്ലാത്ത പോലെ ഒരച്ഛനുമമ്മയും, എന്ത് പറഞ്ഞാലും ഒരമ്മ…

പിന്നെ നമുക്കാർക്കും അമ്മയില്ലല്ലോ അവന്റെ അമ്മയ്ക്ക് എന്താ കൊമ്പുണ്ടോ ഒന്നു ബിയർ അടിക്കണമെങ്കിൽ അമ്മയോട് വിളിച്ചു പറയും, ഒരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞാൽ അതും അമ്മയോട് പറയും,

എല്ലാദിവസവും വീഡിയോ കോൾ വിളിച്ച് ഹാജർ വെയ്ക്കുക ഇതൊന്നും സ്നേഹമല്ല അടിമത്തമാണ് നീ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് മിനിമം സെൽഫ് റെസ്‌പെക്ട് എന്നൊരു സാധനം വേണം മനുഷ്യനായാൽ പ്രത്യേകിച്ച് ആണുങ്ങളായാൽ”.

പറഞ്ഞു നിർത്തിയപ്പോളേക്കും ഗീതു കിതയ്ക്കുന്നുണ്ടായിരുന്നു.കൂട്ടുകാരെല്ലാം അക്ഷരാർത്ഥത്തിലും ഞെട്ടിയിരിക്കുകയാണ്.

അപ്പോൾ പറഞ്ഞു കഴിഞ്ഞല്ലോ ഐ ഐ എം ബാംഗ്ലൂർ ക്യാമ്പസിലെ ഒരു കാന്റീൻ ആണ് സംഭവസ്ഥലം. എം. ബി. എ രണ്ടാം വർഷ വിദ്യാർത്ഥികളാണ് ഇവർ.

ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അവിടെ മലയാളികൾ ഉണ്ടാകും ഇവിടെയും പതിവ് തെറ്റിയില്ല.

മലയാളികൾക്ക് മറ്റൊരു പ്രത്യേകതയുണ്ട്, അന്യ നാട്ടിൽ ചെന്നു കഴിഞ്ഞാൽ അവർ പരസ്പരം പെട്ടെന്ന് കമ്പനി ആകുകയും ചെയ്യും ഇവിടെയും അങ്ങനെ തന്നെ.. മലയാളികളായ ഈ ഏഴു പേരും ഒരു ടീമായി തീർന്നു.

വന്ന നാൾ മുതൽ തന്നെ ഗീതു നമ്മുടെ വേദുവിന്റെ പിന്നാലെയാണ്. ആദ്യ ഓണത്തിന് തന്നെ അവൾ അവനെ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. എന്നാൽ അവൻ അപ്പോൾ തന്നെ അത് നിരസിച്ചു.

രണ്ടാളും ഇപ്പോഴും കൂട്ടുകാർ ആണെങ്കിലും ഗീതുവിന് അവൻ വീട്ടിലെ കാര്യം പറയുമ്പോൾ ദേഷ്യം വരും. വേദുവിനാണെങ്കിൽ എന്നും വീടിനെ കുറിച്ച് പറയുവാൻ എന്തെങ്കിലും ഉണ്ടാവുകയും ചെയ്യും.

രണ്ടാളും തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വന്നവർ.നമ്മൾ മലയാളികളുടെ ഒരു പ്രധാന പ്രത്യേകതയാണ് നൊസ്റ്റാൾജിയ. വീട് വിട്ട് ഇത്തിരി നാൾ മാറി നിന്നാൽ നമുക്ക് നൊസ്റ്റാൾജിയ അടിക്കാൻ തുടങ്ങും.

ഹൃദയത്തോട് ചേർത്ത് നിർത്തുന്ന വീട്ടുകാരാണുള്ളതെങ്കിൽ എത്ര ദൂരെയാണെങ്കിലും മനസ്സ് കൊണ്ട് നമ്മൾ അവരെ ചുറ്റിപ്പറ്റി തന്നെ സഞ്ചരിക്കും. കാണുന്ന ഏത് വസ്തുവിനെയും വീട്ടിലുള്ള പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുത്തി സംസാരിക്കാൻ ശ്രമിക്കും.

മനസ്സ് എപ്പോഴും അവരെ വലംവെച്ച് കൊണ്ടിരിക്കും. ഭൂമിയെ ചുറ്റുന്ന ചന്ദ്രനെ പോലെ, ഒരിക്കലും ഭ്രമണപദത്തിൽ മാറ്റമില്ലാതെ അതങ്ങനെ തുടരും.

വേദുവിന് അച്ഛനുമമ്മയും ചേച്ചിയുമാണ് ഉള്ളത്. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു.ഒരു ഒളിച്ചോടി കല്യാണം എന്നും പറയാം.സാധാരണ പ്രണയിച്ച് വിവാഹം കഴിച്ചവർ ഒരിക്കലും പ്രണയത്തെ പ്രോത്സാഹിപ്പിക്കുക ഇല്ലല്ലോ…

അത് അങ്ങനെയാണ്.. അങ്ങനെ തന്നെയാണ്.രണ്ട് വീട്ടുകാരും ഒരിക്കലും വിവാഹത്തിന് അനുകൂലിക്കില്ല എന്ന് കണ്ടാണ് ഇരുവരും ഒളിച്ചോടിയത്.

വിദ്യാഭ്യാസം ഉണ്ടായിരുന്നതിനാൽ ജോലി കണ്ടെത്തുക എന്നത് ഒരു ബുദ്ധിമുട്ടായി മാറിയില്ല. കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റയും ഫലമായി മോശമില്ലാത്ത ഒരു അടിത്തറ ഉണ്ടാക്കുവാൻ ഇരുവർക്കും കഴിഞ്ഞു.

തളർന്നു പോകുമായിരുന്ന അവസരത്തിലൊക്കെ അച്ഛനെ ധൈര്യം കൊടുത്തു കൈപിടിച്ച് കൂടെ നിന്നത് അമ്മയാണെന്ന് അച്ഛൻ പറഞ്ഞു മക്കൾക്കറിയാം.അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ അവരുടെ ജീവിതത്തിന്റെ വിളക്കാണ് ആ അമ്മ.

ഏറെ കാലങ്ങൾക്ക് ശേഷമാണ് ഇരുകുടുംബങ്ങളും അവരെ സ്വീകരിച്ചത്. ആവോളം സ്നേഹവും വാൽസല്യവും കൊടുത്താണ് അച്ഛനുമമ്മയും വേദുവിനയം ചേച്ചിയെയും വളർത്തിയത്.ഇളയ കുഞ്ഞായ കൊണ്ട് തന്നെ അമ്മയുടെ അരുമ സന്താനമാണ് വേദു.

അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ തനി അമ്മ കുട്ടൻ.അമ്മയുടെ സ്നേഹ ചൂടിൽ പറ്റിച്ചേർന്ന് മടിയിൽ മുഖമമർത്തി കിടക്കുന്നതാണ് അവന്റെ സ്വർഗ്ഗം. അമ്മയിലൂടെയായിരുന്നു അവൻ ശരിയും തെറ്റും തിരിച്ചറിയാൻ പഠിച്ചത്.

അമ്മയും അച്ഛനും ചേച്ചിയുമാണ് തന്റെ സന്തോഷം എന്ന് സ്വന്തം ജീവിതത്തിൽ നിന്നും അവൻ ഉൾക്കൊണ്ട് പാഠമായിരുന്നു.

സ്വന്തം അച്ഛന്റയും അമ്മയുടെയും ജീവിതമായിരുന്നു അവന്റെ പാഠപുസ്തകം. അതല്ലേ പണ്ടാരോ പറഞ്ഞത് അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്ന്.

ഗീതുവിന്റെ കിതപ്പൊന്നടങ്ങിയപ്പോൾ വേദു എഴുന്നേറ്റ് അവൾക്കരികിലേക്ക് വന്നു.

” നീ പറഞ്ഞത് സത്യമാണ്. എന്റെ അമ്മയുമച്ഛനും മറ്റുള്ളവരുടെ പോലല്ല എന്റെ അമ്മയ്ക്ക് കൊമ്പുണ്ടോ എന്ന് ചോദിച്ച നിന്നെ ഞാൻ തല്ലാത്തതും എന്റെ അമ്മ കാരണം തന്നെ. പെൺകുട്ടികളോട് മാന്യമായി പെരുമാറണമെന്ന് അമ്മ പഠിപ്പിച്ചു തന്നിട്ടുണ്ട്.

പിന്നെ പ്രൊപ്പോസൽ അതും അമ്മയോട് പറഞ്ഞിട്ടുണ്ട് സത്യം തന്നെ.ലാലേട്ടന്റെ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമ കണ്ടിട്ടില്ലേ അതുപോലെയാ എന്റെ വീട്,

വീട്ടിലെ സ്നേഹം ആവോളം കിട്ടുന്നത് കൊണ്ട് എപ്പോഴും അവരാണ് വലുത്, പ്രത്യേകിച്ചും എന്റമ്മ. പിന്നെ ഇത് ഞാൻ തള്ളിയതൊന്നുമല്ല ഞാനിട്ടേക്കുന്നത് എന്റച്ഛന്റെ കുർത്ത തന്നെയാ.

ചേച്ചിയും അമ്മയുടെ ഡ്രസ്സ് ഉപയോഗിക്കാറുണ്ട്. നിനക്ക് നിന്റെ അമ്മ ഇപ്പോഴും ചോറ് വാരി തരുമോ?എനിക്കും ചേച്ചിക്കും തരാറുണ്ട്. അച്ഛന്റെ കൂടെ ഞാൻ ബിയർ കഴിക്കാറുണ്ട്. അമ്മയുടെ മടിയിൽ കിടന്നുറങ്ങാറുണ്ട്.

അമ്മയെ വിട്ടൊരു കളിയില്ല മോളേ.ഞാൻ ബിയർ അടിച്ചാലും അമ്മ അറിയില്ല, എങ്കിലും അമ്മയോട് പറയാതെ ചെയ്താൽ കള്ളം ചെയ്തു എന്നൊരു കുത്തലാ.

അമ്മ പറഞ്ഞിട്ടുണ്ട് മനുഷ്യന്റെ കണ്ണേ പൊത്താൻ പറ്റു ദൈവത്തിന്റെ കണ്ണ് പൊത്താൻ ആർക്കും കഴിയില്ല എന്ന്. ചോദിച്ചിട്ടാണേൽ വിഷമം വേണ്ടല്ലോ.എന്റെ അമ്മയുമച്ഛനും പറഞ്ഞിട്ടുണ്ട് മാതാപിതാക്കളെ വിഷമിപ്പിക്കരുതെന്ന്.

ആ തെറ്റ് ഒരിക്കലും തിരുത്താൻ കഴിയില്ല എന്ന്, അവരുടെ ജീവിതമാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.എന്റെ അച്ഛച്ചൻ മരണക്കിടക്കയിൽ ആണ് അമ്മയോട് ക്ഷമിക്കുന്നത്.

അവർ ചെയ്ത തെറ്റിന്റെ ആഴം അത്ര വലുതായിരുന്നുവെന്ന് ചൊല്ലി പഠിപ്പിച്ചു തന്നെയാ ഞങ്ങളെ വളർത്തിയത്.

അപ്പോൾ പിന്നെ ആ വളർത്തുഗുണം ഞാൻ കാണിക്കേണ്ടേ? ഞങ്ങൾക്കെല്ലാം അമ്മയുമച്ഛനും തന്നെയാ. അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട്.

എന്നും പറഞ്ഞു കുരുത്തക്കേട് വല്ലതും കാണിച്ചാൽ കയ്യിൽ കിട്ടുന്നത് വച്ച് താങ്ങാറുമുണ്ടമ്മ….അമ്മയല്ലാതൊരു ദൈവം ഉണ്ടോ അതിലും വലിയൊരു കോവിലുണ്ടോ..എന്ന് പറയുന്നത് വെറുതെയല്ല ഗീതു”.

അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കേട്ടുനിന്ന കൂട്ടുകാരും അറിയുകയായിരുന്നു അമ്മയോടുള്ള അവന്റെ സ്നേഹം.

അമ്മയായിരുന്നു വേദുവിന്റെ ഏറ്റവും പ്രിയപ്പെട്ട ലോകം.ഇടയ്ക്കിടെ അമ്മയോട് വല്ലാതെ സ്നേഹം കൂടുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് ആ കവിളിൽ അമർത്തി കടിച്ചു കൊണ്ടവൻ പാടാറുണ്ട്

“അമ്മയല്ലാതൊരു ദൈവമുണ്ടോ??… അതിലും വലിയൊരു കോവിലുണ്ടോ?…”.

വേദുവിന്റെ വാക്കുകൾ കേട്ടു നിന്ന ഗീതുവിന്റെ മനസ്സിൽ മറ്റൊരു ചിത്രമായിരുന്നു. തന്റെ രണ്ടാം വയസ്സിൽ അച്ഛനുമായി ബന്ധം പിരിഞ്ഞ ശേഷം അടുത്ത വർഷം തന്നെ മറ്റൊരു വിവാഹം കഴിച്ച അമ്മ.

താമസിയാതെ അച്ഛനും മറ്റൊരു കൂട്ട് കണ്ടെത്തി. അച്ഛന്റെ രണ്ടാം കുടുംബത്തോടൊപ്പവും അമ്മയുടെ രണ്ടാം കുടുംബത്തോടൊപ്പം മാറിമാറി കഴിഞ്ഞ തന്റെ ബാല്യകാലം.

ആരെയും ആശ്രയിക്കാൻ ഇല്ല എന്ന അവസ്ഥ. ഒന്ന് പരിഭവിക്കാനോ വാശിയോ പിണക്കമോ കാണിക്കാനോ ആരും തന്നെ ഉണ്ടായിരുന്നില്ല.

അമ്മയോട് പരിഭവിച്ചാലോ കൊഞ്ചിയാലോ പിണങ്ങിയാലോ ഉടനെ തന്നെ ” അതെങ്ങനെയാ തന്തയുടെ അല്ലേ വിത്ത് ആ കൊണം കാണാതിരിക്കുമോ”

എന്നും പറഞ്ഞ് ഒരു പിച്ചായിരിക്കും കിട്ടുക. അച്ഛന്റടുത്താണെങ്കിലും ഇതുതന്നെ ആയിരുന്നു അവസ്ഥ.എന്തുവന്നാലും ഒടുവിൽ അമ്മയുടെ കുറ്റത്തിൽ വന്നു നിൽക്കും.

” അതെങ്ങനെയാ അമ്മയുടെ അല്ലേ മോള് ആ സ്വഭാവമല്ലേ കാണിക്കുകയുള്ളൂ”.

എന്നാവും പറയുക. ശരിക്കും ഒറ്റപ്പെട്ട തുരുത്തിൽ പെട്ടുപോയ അവസ്ഥ.ഒന്ന് ചേർത്ത് നിർത്തുവാൻ ഇന്നുവരെ ആരും ഉണ്ടായിട്ടില്ല. തങ്ങളുടെ പുതിയ കുടുംബ ജീവിതത്തിൽ താനൊരു ഭാരമാകാതിരിക്കാൻ വേണ്ടി പതിയെ ബോർഡിംഗ് സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടു.

ഓരോ പിറന്നാളിനും അമ്മയുടെയോ അച്ഛന്റെയോ വരവിനായി മനസ്സ് ഒരുപാട് കൊതിച്ചിരുന്നു…..എന്നാൽ ആ കാര്യത്തിൽ താൻ വെറും’ ആലത്തൂർ കാക്ക’ മാത്രമായിരുന്നുവെന്ന് കാലം തന്നെ ബോധ്യപ്പെടുത്തി.

തന്റെ ചിലവുകളൊക്കെ യാതൊരു കുറവും കൂടാതെ നടത്തി തന്നു. ഒരു വഴിപാട് കഴിക്കുന്ന വണ്ണം. ചേർത്തുനിർത്താൻ തന്റെ കണ്ണുനീർ ഒന്ന് തുടയ്ക്കാൻ തനിക്ക് ഒരു കൂടപ്പിറപ്പ് പോലും ഉണ്ടായിട്ടില്ല.

ഒരുപാട് കൊതിച്ചിട്ട് കിട്ടാഞ്ഞത് കൊണ്ടാകാം അമ്മയുമച്ഛനും അടങ്ങുന്ന കുടുംബത്തോടും അത്തരം സെന്റിമെൻസ്നോടും മനസ്സിൽ പതിയെ വെറുപ്പ് തോന്നി.

ചെറിയ ചെറിയ കാര്യങ്ങൾക്കായി പരസ്പരം പോരടിച്ച് ബന്ധം പിരിയുന്ന ഇത്തരം മാതാപിതാക്കൾക്ക് അതിനിടയിൽ പെട്ടുപോകുന്ന തന്നെ പോലുള്ള മക്കളുടെ അവസ്ഥ എന്തേ ചിന്തിക്കുന്നില്ല.

ലാളനയും സ്നേഹവും ലഭിക്കേണ്ട പ്രായത്തിൽ അതൊന്നും കിട്ടാതെ ബാധ്യത ചുമക്കുമ്പോലെ ആരൊക്കെയോ വളർത്തുന്ന അവസ്ഥ…. ഇങ്ങനെ പിരിയുന്ന മാതാപിതാക്കൾ എന്തേ തങ്ങളുടെ മക്കളുടെ മാനസികാവസ്ഥ എന്തായിരിക്കാം എന്ന് ചിന്തിക്കുന്നില്ല.

ഒന്നുകിൽ ചുറ്റിനും കാണുന്ന സഹതാപത്തോടെ ഉള്ള കണ്ണുകൾ.അല്ലെങ്കിൽ ഇഷ്ടക്കേടോടെ മാത്രം നോക്കുന്ന കണ്ണുകൾ… അതുമല്ലെങ്കിൽ പുച്ഛം മാത്രം വിരിയുന്ന മുഖങ്ങൾ.

അത് അവരിൽ എത്രത്തോളം അരക്ഷിതാവസ്ഥയും നിരാശയും അസഹനീയതയും സൃഷ്ടിക്കുമെന്ന് എന്തേ ആരും മനസ്സിലാക്കുന്നില്ല…..തങ്ങളുടെ തെറ്റ് കൊണ്ടല്ലാതെ തന്നെ ജീവിതം പോലും വെറുത്തു പോകുന്ന ചില നിമിഷങ്ങൾ.

തന്റെ ഭാവി സുരക്ഷിതമായിരിക്കാൻ വേണ്ടി കോടതി വിധി പ്രകാരം തന്നെ തന്റെ പേരിൽ എഴുതിവച്ചിട്ടുള്ള വസ്തുക്കളും ബാങ്കിലുള്ള പണവും അതുമാത്രമാണ് തന്റെ സമ്പത്ത ആരും ഉണ്ടായിട്ടില്ല ഇന്നുവരെ ഒന്ന് ചേർത്തുനിർത്താൻ….

സ്വപ്നങ്ങളും സന്തോഷങ്ങളും ഒന്നും…. ഒന്നും തന്നെ മനസ്സിൽ ഉണ്ടായിട്ടില്ല.എല്ലാം കല്ലിൽ അടിച്ചു ചിതറിയ പൂക്കുല പോലെ കുഞ്ഞുനാളിൽ തന്നെ ചിതറിപ്പോയതാണ്.

അതുകൊണ്ട് തന്നെ ഈ ബന്ധങ്ങളുടെ വിലയൊക്കെ തനിക്കുണ്ടോ മനസ്സിലാവുന്നത്??? വേദുവിനെ കാണും വരെ തന്റെ ചിന്താഗതി ബന്ധങ്ങളിൽ ഒന്നും വലിയ കാര്യമില്ല ഒക്കെ വെറും പ്രഹസനം ആണ് എന്നായിരുന്നു.

എന്നാൽ അവനിൽ നിന്നും കേട്ട ആ കുടുംബമാണ് തന്നെ അവനിലേക്ക് അടുപ്പിച്ചത്. അല്ലാതെ അവന്റെ സൗന്ദര്യം അല്ല. പ്രത്യേകിച്ചും അവന്റെ അമ്മ….

അവന്റെ ബെസ്റ്റ് ഫ്രണ്ട്. ചേർത്തുനിർത്തി സ്നേഹത്തോടെ ഒരുമ്മ പോലും കിട്ടാതെ വളർന്ന തന്റെ അവസ്ഥ ഈ പൊട്ടനറിയുമോ?? ഇന്ന് വരെ തനിക്ക് ആരും സ്നേഹത്തോടെ ഒരുരുള ചോറ് വാരി തന്നിട്ടില്ല.

രണ്ടു തറവാട്ടിലും ചെല്ലുമ്പോൾ അസഹിഷ്ണുതയോടെ തന്നെ നോക്കുന്ന കണ്ണുകൾ. തന്റെ ജനനത്തോടെ വേർപെട്ട്ടു പോയ മാതാപിതാക്കളുടെ കുറ്റങ്ങളും തന്റെ ജാതക ദോഷവും പിറുപിറുക്കുന്ന നാവുകൾ.

കുഞ്ഞിലേ അതിന്റെയൊക്കെ അർത്ഥം അറിയില്ലായിരുന്നുവെങ്കിലും വളരും തോറും ഒക്കെ മനസിലായി തുടങ്ങി.

ഒരുവേള അവളുടെ കണ്ണുകളും ഈറനയായി… ഹൃദയം തുടി കൊട്ടി…അവൾ മനസ്സിൽ പറഞ്ഞു ‘നിന്റെ അമ്മ എന്റെയും അമ്മയാകും വേദു കാത്തിരിക്കും ഞാൻ ആ നിമിഷത്തിനായി ‘.

അപ്പോൾ ആ പെണ്ണ് അറിഞ്ഞിരുന്നില്ലല്ലോ അവൾ പ്രൊപ്പോസ് ചെയ്തത് മാത്രമല്ല അവളെ തനിക്കേറെ ഇഷ്ടമാണെന്നും അവളുടെ സാഹചര്യം എന്താണെന്നും പോലും ആ കള്ള ചെക്കൻ അവന്റമ്മയോട് പറഞ്ഞിരുന്നു എന്ന്. അപ്പോൾ ആ അമ്മയുടെ മറുപടി

” പഠിക്കേണ്ട സമയത്ത് പഠിക്കെടാ ചെക്കാ ബാക്കിയൊക്കെ സമയമാകുമ്പോൾ… എന്തായാലും അമ്മ പൊന്നുമോന് ഒരു വാക്കു തരാം എന്റെ മോനെ അമ്മ സങ്കടപ്പെടുത്തില്ല “.

അമ്മമാർ അങ്ങനെയാണ് പെറ്റ് പോറ്റിവളർത്തുന്ന മക്കളെ അമ്മ മനസ്സിലാക്കിയില്ലെങ്കിൽ മറ്റാരാണ് മനസ്സിലാക്കുക.

വർഷങ്ങൾക്കിപ്പുറം ആ അമ്മയുടെ മടിയിൽ കിടക്കാൻ തല്ലുകൂടുന്ന അച്ഛനെയും വേദുവിനെയും ഗീതുവിനെയുമാണ് നമ്മൾ കാണുന്നത്. അതെ ഇന്ന് വേദുവിന്റെ അമ്മയെ ചേർത്ത് നിർത്തി ഗീതു മനസ്സുനിറഞ്ഞ് പറയും” എന്റെ അമ്മ” എന്ന്.

ഒറ്റപ്പെടലുകൾക്കും സങ്കടങ്ങൾക്കുമൊടുവിൽ ദൈവം അവൾക്ക് നൽകിയ സമ്മാനമാണ് ആ സ്നേഹക്കൂട്.ചേർത്ത് നിർത്താനും മനസ്സു നിറയെ സ്നേഹം നൽകാനും അവൾക്ക് ഇന്ന് വേദവും കുടുംബവുമുണ്ട്.