പണം കണ്ടിട്ടു തന്നെയാണല്ലേ ഒരു വയസനേ കൊണ്ട് ചാരൂനെ നിങ്ങൾ കല്ല്യാണം കഴിപ്പിച്ചത്..

അയാൾക്കൊപ്പം
(രചന: Aparna Nandhini Ashokan)

അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ..

“എന്തുപറ്റിയെടോ.. എടുത്ത തീരുമാനം തെറ്റായീന്നു തോന്നുന്നുണ്ടോ ന്റെ ചാരൂന്..”

“അങ്ങനെയൊരു തോന്നൽ എപ്പോഴെങ്കിലും എനിക്കുണ്ടായെങ്കിൽ എല്ലാ തടസങ്ങളെയും മറികടന്ന് നമ്മളിന്നു ജീവിതം തുടങ്ങുമായിരുന്നോ ഹരിയേട്ടാ..”

“തന്നെക്കാൾ ഇരുപത് വയസ്സ് കൂടുതലള്ള ഒരാളെയാണ് ജീവിതത്തിലേക്ക് കൂടെ കൂട്ടിയേക്കുന്നത്. ഇനിയും പലരുടെയും പരിഹാസവാക്കുകൾ ന്റെ ചാരു കേൾക്കേണ്ടി വരും”

“പറയുന്നവർക്കറിയില്ലാലോ കഴിഞ്ഞ രണ്ടുവർഷത്തെ നമ്മുടെ പ്രണയക്കാലത്തെ പറ്റി. ജോലിയുടെ സമ്മർദ്ദങ്ങൾക്കിടയിലും നമ്മൾ ഒന്നിച്ചു പോയ യാത്രകൾ.. നമ്മുടെതു മാത്രമായ ആ ലോകം..”

ഹരി പുഞ്ചിരിച്ചൂ. നിലാവിന്റെ വെട്ടത്തിൽ അയാളുടെ മുഖം ഒന്നുകൂടി മനോഹരമായതായീ അവൾക്ക് തോന്നി.

ചാരു അയാളുടെ ന ഗ്നമായ ശരീരത്തിലേക്കു കൂടതൽ ആഴത്തിൽ ഇറുകിപുണർന്നൂ.

അയാൾ അവളിലേക്ക് പടർന്നുകയറി. നിലാവിനെ സാക്ഷിയാക്കികൊണ്ട് ആ രണ്ടു ശ രീരങ്ങളും ഒന്നായി…

ഹരിയെന്ന ഹരികൃഷ്ണൻ ആ നഗരത്തിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്.

രണ്ടു വർഷങ്ങൾക്ക് മുൻപ് തന്റെ തിരക്കേറിയൊരു ദിവസത്തിലാണ് ചാരുവിനെ കാണുന്നതും പരിചയപ്പെടുന്നതും..

അതേ നഗരത്തിൽ മറ്റൊരു കമ്പനിയിലെ ഓഫീസ് സ്റ്റാഫാണ് ചാരു. തികച്ചും ഔപചാരികമായൊരു കൂടികാഴ്ച.

പക്ഷേ പിന്നീട് പലപ്പോഴായി ബിസിനസ്സ് ആവശ്യങ്ങളുടെ ഭാഗമായി അവർക്ക് കാണേണ്ടി വന്നൂ..തമ്മിലൊരു സൗഹൃദം ഉടലെടുക്കുകയും അതു വളർന്നാണ് ഇന്ന് അവർ വിവാഹത്തിലേക്കെത്തിയത്…

“എന്റെ അപ്പച്ചീ.. പണം കണ്ടിട്ടു തന്നെയാണല്ലേ ഒരു വയസനേ കൊണ്ട് ചാരൂനെ നിങ്ങൾ കല്ല്യാണം കഴിപ്പിച്ചത്..

ഇരുപത്തിയഞ്ചു വയസ്സുള്ള പെണ്ണിന്റെ താളത്തിനൊത്ത് തുള്ളിക്കോളു. അവളുടെ ജീവിതം ഇനിയുമൊരുപാട് ബാക്കീണ്ടെന്നു അപ്പച്ചി മറക്കണ്ട. കുറച്ചു കാലം കൂടി കഴിഞ്ഞാൽ അയാള് കിടപ്പിലായാലോ..”

“തനുജേ.. എന്റെ മോൾക്ക് ഇഷ്ടപ്പെട്ട ആൾക്കൊപ്പമാണ് ഞാൻ വിവാഹം കഴിപ്പിച്ചയച്ചത്. ചാരൂനെ വിൽക്കാൻ വെച്ചതല്ല ഞാൻ ,സ്വത്ത് ഏറെയുള്ളവര് വരുമ്പോൾ കച്ചവടം ചെയ്യാൻ.

പിന്നെ, നീ പറയുന്ന പോലെ കുറച്ചുകാലം കഴിഞ്ഞാൽ ഹരി കിടപ്പിലാകുമെന്ന തരത്തിലുള്ള കടന്ന ചിന്തകൾ എനിക്കില്ല.

ചെറുപ്പക്കാര് വിവാഹം ചെയ്തു കഴിഞ്ഞാലും എന്തേങ്കിലും അപകടത്തിലോ രോഗാവസ്ഥയിലോ കിടപ്പിലാവാറില്ലേ.. അപ്പൊ നീ പറയുന്ന ഇത്തരം ആരോപണങ്ങൾക്ക് കാമ്പില്ല. കേട്ടില്ലോ നീ…”

“അങ്ങനെയല്ല അപ്പച്ചീ..ചാരൂ അച്ഛനില്ലാതെ വളർന്ന കുട്ടിയല്ലേ.

അവളുടെ ജീവിതം നശിച്ചാൽ സർവ്വരും അപ്പച്ചിയെയാണ് പഴി പറയാ. അത്കൊണ്ട് അവളുടെ ഭാവിയെ ഓർത്തു പറഞ്ഞതാ ഞാൻ ” .

തനുജ തന്റെ ഭാഗം ന്യായീകരിച്ചൂ.

“അവളുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള പ്രായവും പക്വതയും ചാരൂന് ഉണ്ട് തനുജേ. ഹരിയിൽ നിന്ന് ഒരു അച്ഛന്റെ കരുതൽ കൂടി അനുഭവിക്കുന്നുണ്ടെന്നാണ് അവളെന്നോട് പറഞ്ഞത്.

എന്റെ മോൾക്ക് അവളെ സ്നേഹിക്കുകയും അംഗീകരിക്കും ചെയ്യുന്ന ഒരാളെ ഭർത്താവായി കിട്ടണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ. അത് അങ്ങനെ തന്നെ കിട്ടിയെന്ന് എനിക്കുറപ്പുണ്ട് ”

കല്ല്യാണ ദിവസം രാത്രി തന്നെ ചാരുവിന്റെ അമ്മയെ എല്ലാവരും കൂടി ചോദ്യം ചെയ്യുകയാണ്.

പക്ഷേ തന്റെ മകളുടെ പക്വമായ തിരുമാനങ്ങൾക്കൊപ്പം നിലകൊള്ളുന്ന അപൂർവ്വം അമ്മമാരുടെ കൂട്ടത്തിലാണ് ചാരുവിന്റെ അമ്മയും.

ബന്ധുകളുടെ ചില അടക്കം പറച്ചിലുകളും പഴിചാരലുകളുമായി വിവാഹരാത്രി അങ്ങനെ കടന്നു പോയീ.

ആരുടെയും പരിഹാസ വാക്കുകൾക്കും ചെവികൊടുക്കാതെ ചാരുവും ഹരിയും അവരുടെ ജീവിതം തുടർന്നൂ. ചെറുപ്പത്തിലെ തന്നെ വീടിന്റെ ഉത്തരവാധിത്വം ഏറ്റെടുക്കേണ്ടി വന്നതിനാൽ തുടർന്നു പഠിക്കനോ,

തന്റെ സ്വപ്നങ്ങൾക്കു പുറകെ പോകാനോ ചാരുവിന് സാധിച്ചിരുന്നില്ല. അതു മനസിലാക്കികൊണ്ട് അവൾ ചെയ്തിരുന്ന ജോലി രാജിവെപ്പിച്ച് അയാളവളെ തുടർന്നു പഠിക്കാനയച്ചു.

ഏതാനും വർഷങ്ങൾക്ക് ശേഷം ഇഷ്ടവിഷയത്തിൽ ചാരു ഡോക്ടറേറ്റ് എടുത്തപ്പോഴും ബന്ധുക്കൾ അടക്കി പറഞ്ഞൂ,

“പണം കൊടുത്തു വാങ്ങിക്കാൻ പറ്റാത്തതായി ഇന്നത്തെകാലത്ത് എന്താ ഉള്ളത്. കാശു കൊടുത്താൽ ഡോക്ടറേറ്റൊക്കെ ആർക്കും കിട്ടും. പണച്ചാക്കിനെയല്ലേ പെണ്ണ് കെട്ടിയേക്കുന്നേ..”

കാലങ്ങൾ പിന്നിട്ടൂ. അവരുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നൂ. ഹരി കൂടുതൽ സന്തോഷവാനാണിന്ന്.

ഇന്നത്തെ ദിവസം അയാൾക്കേറെ പ്രിയപ്പെട്ടതാണ്. ചാരൂന്റെ ജന്മദിനമാണിന്ന്.

“ജന്മദിനാശംസകൾ ഭാര്യേ..” ഒരു ഗിഫ്റ്റ് കവർ കൊടുത്തു കൊണ്ട് ഹരി അവൾക്ക് ആശംസകൾ നേർന്നൂ..

“ഇതിലെന്താ ഹരിയേട്ടാ”

“തുറന്നു നോക്കെടോ”

ഏറെ ആകാംഷയോടെ ചാരു കവർ തുറന്നു നോക്കി. വളരെ മനോഹരമായൊര ചിലങ്കയായിരുന്നൂ പിറന്നാൾ സമ്മാനം.

പ്രാരാബ്ധങ്ങൾ ഏറിയപ്പോൾ എന്നോ താൻ മാറ്റി വെച്ചതും പിന്നീട് മനപൂർവ്വം തന്നെ മറന്നു കളഞ്ഞ, തന്റെ ആത്മാവായ കലയെ ആ പിറന്നാൾ ദിവസം അദ്ദേഹം അവളിലേക്കു തിരികെ കൊടുക്കുകയായിരുന്നൂ..

ഒരു വർഷത്തിനിപ്പുറം ചാരുവിന്റെ നൃത്തവിദ്യാലയത്തിന്റെ ഉദ്ഘാടന ദിവസമാണിന്ന്.

അമ്മയും ബന്ധുക്കളും മറ്റു വിശിഷ്ടാത്ഥിതികളും കൊണ്ട് അവിടം നിറഞ്ഞിരുന്നൂ. ചാരുവിന് ആശംസകൾ അറിയിക്കാനായി ഹരി വേദിയിലേക്ക് കയറി ചെന്നൂ..

“കുറച്ചു വർഷങ്ങൾക്കു മുൻപ് ചാരുവിന്റെ അമ്മയുമായുള്ള സംസാരത്തിനിടയ്ക്കാണ് നൃത്തത്തോടുള്ള അവളുടെ താൽപര്യം ഞാൻ അറിഞ്ഞത്.

തന്റെ മകളെ ലോകം അറിയപ്പെടുന്നൊരു കലാകാരിയാക്കണമെന്നതായിരുന്നൂ ചാരൂന്റെ അച്ഛന്റെ ആഗ്രഹം. പക്ഷേ ആ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം പോയി.

പ്രാരാബ്ധങ്ങളും കടബാധ്യതകളും ഏറ്റെടുത്ത് അഞ്ചുവയസ്സുള്ള പെൺകുട്ടിയുമായി ജീവിതത്തോടു ഒറ്റക്ക് പോരാടിയ ആ അമ്മയ്ക്ക് കലോൽസവവേദികളിൽ പണം മുടക്കി മകളെ കൊണ്ടുപോകാനോ

നൃത്തം പഠിപ്പിക്കാനോ സാധിക്കാതെ വന്നപ്പോൾ സ്വന്തം ആത്മാവായ നൃത്തത്തെ പാതി വഴിയിൽ സ്വമേധയാൽ ഉപേക്ഷിക്കേണ്ടി വന്ന ഒരാളാണ് എന്റെ ചാരൂ.

അവളുടെ ഗവേഷണത്തെയും പഠനത്തെയും ബാധിക്കാതിരിക്കാൻ വേണ്ടിയാണ് ചാരു ഡോക്ടറേറ്റ് എടുക്കുന്നതു വരെ ഞാൻ കാത്തിരുന്നത്..

ഇപ്പോൾ അവളുടെ കലയെ വീണ്ടെടുക്കാൻ സമയമായി. അവളുടെ സ്വപ്നങ്ങൾക്ക് ചിറകേകുക മാത്രമാണ് ഞാൻ ചെയ്തുള്ളൂ.

ചാരൂന്റെ അച്ഛന്റെ വലിയൊരു സ്വപ്നം നിറവേറ്റി കൊടുക്കാൻ വേണ്ടി എനിക്ക് ചെറിയൊരു പങ്കു വഹിക്കാൻ സാധിച്ചതിൽ ഇന്ന് ഞാൻ ഏറെ സന്തോഷിക്കുന്നൂ.. എന്റെ ചാരുവിന് എല്ലാ ആശംസകളും നേരുന്നൂ..”

ഹരിയുടെ വാക്കുകൾ കേട്ട് സദസിൽ നിന്ന് കേൾക്കുന്ന കരഘോഷങ്ങൾക്കിടയിൽ നിശബ്ദമായൊരു തേങ്ങൽ കൂടിയുണ്ടായിരുന്നൂ. ചാരുവിന്റെ അമ്മ നിറകണ്ണുകൾ തുടച്ചുകൊണ്ട് പുഞ്ചിരിച്ചൂ.

തന്റെ അടുത്തിരിക്കുന്ന തനുജയോട് അവർ പറഞ്ഞൂ ,

“നിറമോ, സൗന്ദര്യമോ, പ്രായകുറവോ, സമ്പത്തോ അല്ല നല്ലൊരു ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്ന് നിനക്ക് മനസിലായോ തനുജേ..

അതിനെല്ലാം അപ്പുറം തന്റെ ഭാര്യയെ അടുക്കളയിലും കിടപ്പറയിലും തളച്ചിടാതെ അവളുടെ സ്വപ്നങ്ങൾക്കൊപ്പം ഉയരത്തിൽ പറക്കാൻ ആകാശമൊരുക്കുന്ന പങ്കാളിയാണ് പെണ്ണിന്റെ ഭാഗ്യം. അത് എന്റെ മോൾക്കും കിട്ടി..”

“അതെക്കെ ശരിയാണ് അപ്പച്ചീ.. എന്നാലും കല്ല്യാണം കഴിഞ്ഞ് ഇത്ര വർഷമായീട്ടും അവർക്ക് കുട്ടികളൊന്നും ആയീലാലോ.

ഇനി ദാമ്പത്യത്തിൽ അതും വേണ്ടെന്നാണോ അപ്പച്ചി പറയാൻ പോകുന്നത് ? ”

“നിന്നെ പോലെയുള്ള ആൾക്കാർക്കു ഒന്നു കഴിഞ്ഞാൽ അടുത്ത കുറ്റം കണ്ടുപിടിക്കാൻ കാണും..കല്യാണം കഴിഞ്ഞ് രണ്ട് മാസമാവുമ്പോഴെക്കും ഭാര്യക്ക് വിശേഷം ഉണ്ടാക്കി കൊടുക്കുന്നവര് മാത്രമല്ലെടീ ആണുങ്ങള്.

ഇതുപോലെ അവൾക്കു കിട്ടുന്ന അംഗീകാരങ്ങൾക്കു പിന്നിലെ കാരണക്കാരനാവുന്ന എന്റെ മരുമകനെ പോലുള്ളവരും ആണുങ്ങൾ തന്നെയാണ്”

“നീ എം ബി എ പഠിച്ചവളല്ലേ. എന്നിട്ട് കല്ല്യാണം കഴിഞ്ഞ അന്ന് അലമാരയിൽ പൂട്ടി വെച്ചതല്ലേ സർട്ടീഫിക്കറ്റുകൾ.

ഇന്നേ വരെ അത്കൊണ്ട് എന്തെങ്കിലും ഉപകാരം നിനക്കുണ്ടായോ.. നിന്നെ ജോലിക്കു വിടാൻ ഭർത്താവ് തയ്യാറായോ. ഇല്ലാലോ.. അതിന്റെ പേരിൽ നീ എത്ര തവണ അവനോട് വഴക്കിട്ടൂ.

അതാണ് നേരത്തെ ഞാൻ പറഞ്ഞത്, നിനക്ക് മൂന്ന് കുട്ടികളെ തന്നതു കൊണ്ടു മാത്രം നിങ്ങളുടെ നല്ല ജീവിതം ആകണമെന്നില്ലെന്ന്”

അപ്പച്ചിയോട് മറുപടിയില്ലാതെ തനുജയുടെ മുഖം താഴ്ന്നൂ.. ആ സമയം വേദിയിൽ തന്റെ ഭർത്താവിനൊപ്പം അഭിമാനത്തോടെ തലയുയർത്തി നിന്ന് ചാരു പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നൂ..

Leave a Reply

Your email address will not be published. Required fields are marked *