അമ്മക്ക് മാത്രം പറ്റുന്ന ചിലതുണ്ട്, ഇനി ഒരു കല്യാണം കഴിച്ചാൽ എന്താ ഒരു കുഴപ്പം..

മകൾ
(രചന: Aparna Aravindh)

അച്ഛന്റെ കൈയും പിടിച്ചു നടക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നി. അച്ഛനെ ഇങ്ങനെ കൂടെ കിട്ടുന്നത് അപൂർവമാണ്, സാധാരണ അമ്മയാണ് കൂട്ടിനു വരാറ്..

പക്ഷെ ഇന്നെന്താണാവോ അച്ഛൻ കൂടെ വന്നത്.. അക്കരെ പോയി സംഗീതം പഠിക്കണമെന്നത് അമ്മേടെ ആഗ്രഹമായിരുന്നു..

പക്ഷെ അമ്മയിപ്പോൾ മോളെ നോക്കുന്നതെ ഇല്ല… ചോറ് തരാനും കുളിപ്പിക്കാനും പൊട്ടു തൊടീക്കാനും ഒക്കെ അച്ഛൻ തന്നെ..അമ്മയെ കാണാൻ പോലും കിട്ടുന്നില്ല.

മാനം ഇരുട്ടാൻ തുടങ്ങിയിരുന്നു, മേഘം പെയ്യാൻ കാത്തിരിക്കുന്നപോലെ തോന്നി.

അച്ഛൻ എന്നെയെടുത്ത് തോളിലിരുത്തി. അച്ഛന്റെ തോളിലിരുന്ന് കാഴ്ച്ച കാണാൻ പ്രേത്യേക സുഖമാണ്.. പൂരത്തിന് പോകുമ്പോളും ചന്തയിൽ പോകുമ്പോളും ഞങ്ങൾ ഇങ്ങനെയാണ് പോകാറ്.

ഇടവപ്പാതി ഇടിച്ചുകുത്തി പെയ്തത് വയലിൽ തെളിഞ് കാണുന്നുണ്ട്.. തോട് ഭ്രാന്ത് പിടിച്ചോഴുകി വയലിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.

വയലിലെ വെള്ളത്തിൽ പരൽമീനുകൾ ഒഴുകി നടപ്പാണ്. വാര്യത്തെ കുട്ടികളോക്കെ മീൻപിടിത്തത്തിലാണ്.. പളുങ്കുകുപ്പിയിൽ പിടിച്ചിട്ട പരൽ മീനുകൾ ചുറ്റുംനോക്കി ഉയർന്ന് പൊങ്ങുന്നുണ്ട്.

പാലം കടക്കുമ്പോൾ വയലിന്ന് ഗീതേട്ടത്തി ഞങ്ങളെ നോക്കി എന്തോ പിറുപിറുക്കുന്നുണ്ട്,. അച്ഛന്റെ മുഖം അപ്പോളും ഗൗരവത്തിലായിരുന്നു..

“പാവം.. ആ ചെറുതിന്റെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല,, ന്റെ ഭഗവാനെ വല്ലാത്ത വിധി തന്നെ”…ദേവകിയെടത്തി സാരിത്തലകൊണ്ട് കണ്ണ് തുടക്കുന്നുണ്ട്.

എന്താണാവോ ഇവരൊക്കെ ഈ വർത്താനം പറയുന്നേ… കുറെ ദിവസായി മീനുട്ടി അക്കരെ പോയിട്ട്.. ഇന്നിപ്പോ കണ്ടിട്ട് പോലും ആരും അടുത്ത് വരുന്നില്ല.. അമ്മേടെ കൂടെ അക്കരെ പോവുബോൾ എല്ലാരും മോളോട് കഥ പറയാറുണ്ടല്ലോ..

ആരോക്കയോ എന്തൊക്കെയോ അച്ഛനോട് ചോദിക്കുന്നുണ്ട്. മൗനം മാത്രമായിരുന്നു മറുപടി.. ചിലപ്പോളൊന്ന് പുഞ്ചിരിക്കും, അത്രതന്നെ.

ആരോടും മിണ്ടാതെ ഒന്നിനും കൂടാതെ അച്ഛനിത്ര പരുക്കനാകുന്നതെന്താനാവോ.. ചീവീടുകൾ മാത്രം ചിലക്കുന്ന ചില ഇരുണ്ടരാത്രികളിൽ ആകാശം നോക്കി കരയുന്ന അച്ഛനെ പലപ്പോഴും ഞാൻ നോക്കിനിന്നിട്ടുണ്ട്,.

മൂന്ന് ദിവസമായിട്ടും അമ്മയെ കാണാതിരുന്നപോളാണ് അച്ഛനോട് അമ്മയെ ചോദിക്കുന്നത്.

ഒളിപ്പിച്ചുവെച്ച സങ്കടക്കടൽ എനിക്ക് മുൻപിൽ ആർത്തിരമ്പുന്നത് കണ്ട് ഞാൻ പോലും തകർന്ന് പോയിട്ടുണ്ട്.. ഒരിക്കലും അച്ഛനോട് ഇനി ഈ ചോദ്യം ആവർത്തിക്കില്ല എന്ന് അന്ന് ഉറപ്പിച്ചതാണ്..

അമ്മ… അമ്മ… ഇനിയില്ല മോളെ….. അച്ഛനുണ്ട് കൂടെ…

ഇടറിയ ശബ്‌ദത്തിൽ അച്ഛൻ പറഞ്ഞോപ്പിക്കുമ്പോൾ കണ്ണുകൾ ചുവന്നുതടിച്ചിരുന്നു… അച്ഛൻ ചേർത്ത് പിടിച്ച് കരഞ്ഞപ്പോൾ ഓർമ്മകൾ അൽപ്പം പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി,

അന്ന് ഒന്നാം ക്ലാസ്സ്‌ കഴിഞ്ഞ് അവധി ആഘോഷിക്കുമ്പോളാകണം അമ്മ കോലായിൽ വെള്ളതുണിയിൽ പുതച്ചുമൂടി കിടന്നുറങ്ങുന്നത് കണ്ടത്,

പതിവില്ലാതെ ഉച്ചവരെയും കിടന്നുറങ്ങുന്ന അമ്മയെ കുലിക്കിവിളിച്ചപ്പോൾ അമ്മമ്മ എന്റെ കൈ രണ്ടും ചേർത്ത് പിടിച്ച് നിലവിളിച്ചതെന്തിനാണാവോ..

അന്ന് ചുറ്റും കൂടിനിന്നവരെ ഞാൻ അറിയുകപോലുമില്ല.. പക്ഷെ എന്നെ നോക്കി ആ കണ്ണുകളോക്കെയും കരഞ്ഞിരുന്നു..

അമ്മ മരിച്ചുപോയത്രേ.. അമ്മായി പറഞ്ഞതങ്ങനെയാണ്.. എവിടെ പോയാലും മോളില്ലാതെ അമ്മയ്ക്ക് നിൽക്കാൻ കഴിയോ?? ദീപേടെ മുത്തശ്ശി മരിച്ചുപോയെന്ന് പറഞ്ഞതിന് ശേഷം മുത്തശ്ശിയെ പിന്നീട് ഞാൻ കണ്ടിട്ടേ ഇല്ല..

പാട്ട് പാടാനും പോകേല തിന്നാനും പിന്നെ മുത്തശ്ശി വന്നിട്ടേ ഇല്ല, പക്ഷെ അതുപോലെ വരാതിരിക്കാൻ ന്റെ അമ്മയ്ക്ക് പറ്റോ, ഞാനും അച്ഛനും ഒറ്റക്കല്ലേ..

ചിന്തകൾ തല തച്ചുടക്കുന്നപോലെ തോന്നി, അതിനിടയിലെപ്പോളാണ് ഉറങ്ങിയാതെന്ന് ഓർമ്മയില്ല, ഉണർന്നപ്പോൾ വീട്ടിൽ ആരൊക്കെയോ വന്നിട്ടുണ്ട്..

വേണ്ട.. ഇനി ഒരു കല്യാണം.. അത് ശരിയാവില്ല.. എനിക്ക് ന്റെ മോളുണ്ട്.. അവൾക്ക് ഞാനും.. അത് മതി..

അച്ഛന്റെ ഒച്ച ആണല്ലോ.. അച്ഛനാരോടാണാവോ രാവിലെ തന്നെ തർക്കിക്കുന്നത്.. പതിയെ കണ്ണുതിരുമി പുറത്തേക്ക് നടന്നു..

അവൾ ഒരു പെൺകുട്ട്യാ… വലുതാകുമ്പോൾ നിനക്ക് പറഞ്ഞു മനസിലാക്കാൻ പറ്റിയെന്നു വരില്ല.. അമ്മക്ക് മാത്രം പറ്റുന്ന ചിലതുണ്ട്.. ഇനി ഒരു കല്യാണം കഴിച്ചാൽ എന്താ ഒരു കുഴപ്പം..

ആർക്കാ അച്ഛാ കല്യാണം.. മോളും ണ്ട് ട്ടോ.. മോൾക്കും വേണം പായസം

അച്ഛനെ ഓടി പോയ്‌ പിടിക്കുബോളെക്കും അച്ഛനെന്നെ കെട്ടിപിടിച്ചിരുന്നു..

എനിക്ക് കഴിയും പോലെ ഞാൻ നോക്കും.. ന്റെ മോളെ നോക്കാൻ വേറെ പെണ്ണിന്റെ സഹായം നിക്ക് വേണ്ടാ…

ഒന്നും അറിയാത്ത ന്റെ കുഞ്ഞിനെ വന്നുകേറുന്നോൾ നോക്കുമെന്ന് ന്താ ഉറപ്പ്… വേണ്ടാ.. നിക്ക് വയ്യാ.. ഇനി ഒരു സങ്കടം കൂടെ താങ്ങാൻ വയ്യ..
അച്ഛൻ എന്നെയുമെടുത്ത് അകത്തേക്ക് നടന്നപ്പോൾ തുരുതുരെ ചുംബിക്കുന്നുണ്ടായിരുന്നു..

നിത്യേന അമ്മയുടെ ഫോട്ടോയ്ക്ക് മുൻപിൽ വെക്കുന്ന തിരിയുടെ അർത്ഥവും മരണത്തിന്റെ ശൂന്യതയും മനസിലാക്കാൻ പിന്നീട് അധികകാലമൊന്നും വേണ്ടി വന്നില്ല..

പക്ഷെ ആ കുറവ് നികത്താൻ അച്ഛൻ പെടാപാട് പെടുന്നത് എനിക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു..അമ്മായി പറഞ്ഞത് പോലെ അമ്മയുടെ ആവശ്യം കൂടുതൽ വേണ്ടി വന്ന ആ ചുവന്ന ദിവസങ്ങളിൽ അച്ഛൻ എന്നെ ഏറ്റവും നന്നായി പരിജരിച്ചു..

ഞാനും അച്ഛനും മാത്രമുള്ള ഞങ്ങളുടെ ലോകം എന്നും സ്വർഗ്ഗമായിരുന്നു. അമ്മയാകാനും ചേട്ടനാകാനും കൂട്ടുകാരനാകാനും എനിക്കെന്റെ അച്ഛൻ ധാരാളമായിരുന്നു.

പ്ലസ്ടു കഴിഞ്ഞ് നഴ്സ്ങ്ന് ബാംഗ്ലൂർ ജോയിൻ ചെയ്തപോളാണ് അച്ഛൻ തനിച്ചായി പോയത്..അമ്മ പോയശേഷം വീണ്ടും അച്ഛൻ കണ്ണ് നിറച്ചത് എന്നെ യാത്രയാക്കുമ്പോളായിരുന്നു..

അച്ഛനെ കാണാതിരുന്ന ആ ദിവസങ്ങളിൽ ഞാൻ എങ്ങനെയാണ് സമയം തള്ളിനീക്കിയാതെന്ന് ഇപ്പോളും ഓർമ്മയില്ല,..

നാല് വർഷങ്ങൾ ഉറക്കമളച്ച് പഠിച്ചത്കൊണ്ട് നല്ല മാർക്കോട്കൂടെ പാസ്സായി , നാട്ടിലെ മെഡിക്കൽ കോളേജിൽ ജോലിയും ശരിയായി..വീണ്ടും സന്തോഷം തിരിച്ചുവന്നു.

പക്ഷെ കാലചക്രം നീങ്ങുമ്പോൾ എല്ലാവർക്കും മാറ്റങ്ങൾ വന്ന് തുടങ്ങി..

അച്ഛന്റെ മുടിയിൽവീണ നരകളെ കളിയാക്കുമ്പോളും കണ്ണിലെ തിമിരത്തിന് ചികിത്സ തേടുബോളും മനസ്സിൽ വല്ലാത്തൊരു വിഷമമായിരുന്നു… അച്ഛൻ ഒരുപാട് മാറിപ്പോയി..

പാവം.. പഴയ ചുറുചുറുക്കോക്കെ പോയ്‌.. വാർദ്ധക്യം ശരീരത്തെ തളർത്താൻ തുടങ്ങിയിരിക്കുന്നു.. പക്ഷെ ഇപ്പോളും എനിക്ക് വേണ്ടി നെട്ടോട്ടമോടുന്ന അച്ഛൻ എനിക്കെന്നും അത്ഭുതമായിരുന്നു..

പുഴയോരത്തെ ദേവിക്ഷേത്രത്തിൽ ഞായറാഴ്ച തൊഴാൻ പോയപ്പോളാണ് അഭിയേട്ടനെ ആദ്യമായി കാണുന്നത്..

അച്ഛന്റെ സുഹൃത്തിന്റെ മകനാണന്നായിരുന്നു ആദ്യം പറഞ്ഞത്.. എന്റെ കൂടെ വീട്ടിലേക്കു വന്നപ്പോൾ അച്ഛനാണ് പറഞ്ഞത് ആളൊരു ഡോക്ടർ ആണെന്നും എന്റെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ പോവുകയാണെന്നും…

പെട്ടന്ന്തന്നെ ഞങ്ങൾ നല്ല കൂട്ടായി.. പെയ്തുത്തീർന്ന മഴയുടെ കുളിര് ഒരു കുടകീഴിൽ ആസ്വദിച്ചപ്പോളാണ് കൂട്ടായ് കൂടെ വന്നോടെയെന്ന് അഭിയേട്ടൻ എന്റെ കണ്ണുകൾ നോക്കി ചോദിച്ചത്..

മറുപടി പറയാതെ അന്ന് ഓടിയത് എന്റെ അച്ഛന്റെ അരികിലേക്കായിരുന്നു, കാരണം ആ മനസ്സ് നോവിക്കാൻ എനിക്കൊരിക്കലും ആവില്ലായിരുന്നു.

നെറുകയിൽ തലോടി എന്നെ ചേർത്ത് പിടിച്ച് ഒന്ന് പുഞ്ചിരിച്ചപ്പോളാണ് എല്ലാം അച്ഛനും കൂടെ അറിഞ്ഞു കൊണ്ടാണെന്ന് ബോധ്യമായത്,..

അച്ഛന്റെ ആഗ്രഹംപോലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ എന്നെ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം എനിക്ക് കാണാമായിരുന്നു..

പക്ഷെ അച്ഛന്റെ തഴമ്പ് നിറഞ്ഞ കൈകൾ എന്നെ മറ്റൊരാൾക്ക്‌ വിട്ടുകൊടുക്കുന്നത് എന്റെ മനസ്സിനെ വല്ലാതെ നോവിച്ചു..

ഒരിക്കലും ആ കൈകളിൽ നിന്നും ഞാൻ വിട്ട്നിന്നിട്ടില്ല..ഇനിയും അങ്ങനെ തന്നെ.. ഞാൻ മനസ്സിലോർത്തു. കൈ എത്തും ദൂരത്തു എന്നും ഉണ്ടാകും… അച്ഛന്റെ പൊന്നുമോളായിട്ട്…

അഭിഏട്ടന്റെ കൈ പിടിച്ച് ആ പടിയിറങ്ങുമ്പോൾ എന്റെ മനസ്സ് ആ പഴയ ദിവസങ്ങളിലേക്ക് തിരിഞ്ഞ് നോക്കി..എട്ടും പൊട്ടും തിരിയാത്ത ആ ആറുവയസ്സ്കാരിയെ ഇവിടം വരെ എത്തിക്കാൻ എന്റെ അച്ഛൻ എത്രമാത്രം കഷ്ടപെട്ടിട്ടുണ്ട്.. പാവം..

എനിക്ക് വേണ്ടി ഒരു ജീവിതം പോലും വേണ്ടെന്ന് വെച്ചു.. കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് തടയാൻ കഴിഞ്ഞിരുന്നില്ല.. ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ വിങ്ങിപൊട്ടി എന്റെ അച്ഛൻ തൊട്ടുപുറകിൽ ഉണ്ടായിരുന്നു..

ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിക്കുമ്പോളും അച്ഛൻ കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു” ന്റെ പൊട്ടി പെണ്ണാ… പാവമാണ്… നല്ലോണം നോക്കണേ മോനെ”……

അച്ഛനെ ചേർത്ത് പിടിച്ച് അഭിയേട്ടൻ യാത്ര പറയുമ്പോൾ എനിക്കുകൂടെ ഒരു വാക്ക് നൽകിയിരുന്നു അച്ഛന്റെ കൂടെ എന്നും കൂടെ നമ്മൾ ഉണ്ടാകുമെന്ന്.. അച്ഛന്റെ മക്കളായിട്ട്..

Leave a Reply

Your email address will not be published. Required fields are marked *