ആദ്യമായാണ് പെണ്ണിനോട് നുണ പറയുന്നത്, ഇതു വരെ അവളറിയാത്ത ഒരു കാര്യവും എന്റെ..

പ്രായശ്ചിത്തം
(രചന: Aneesha Sudhish)

“പൊന്നൂസേ, നീയെന്താ ഒന്നും പറയാത്തത്…..?”

“ഞാനെന്തു പറയാനാ …..?”

“നീയാണ് ഒരു തീരുമാനം പറയേണ്ടത്…… നിനക്ക് സമ്മതമാണോ?”

“കുട്ടേട്ടനു ശരിയെന്ന് തോന്നുന്നത് ചെയ്തോളൂ അതിനു എന്റെ സമ്മതം വേണോ?” അവൾ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു

“വേണം മോളെ, എന്റെ പൊന്നൂസിന് ഇഷ്ടമില്ലാത്തതൊന്നും ഞാനിതുവരെ ചെയ്തിട്ടില്ലല്ലോ ”

“എനിക്ക് സമ്മത കുറവൊന്നും ഇല്ല. പക്ഷേ… ”

“എന്താ നീ നിർത്തിയത്? ”

“ഇതിന്റെ പേരിൽ കുട്ടേട്ടൻ ഒരിക്കലും ദു:ഖിക്കാൻ പാടില്ല. ഒരു പാട് തവണ ഈ നെഞ്ച് തകരുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഇനിയും … എനിക്കത് താങ്ങാനാവില്ല” അവൾ കരയാതിരിക്കാൻ ശ്രമിച്ചു.

“ഇല്ല പൊന്നൂസേ മറ്റുള്ളവരെ പോലെയല്ല ഈ കുട്ടി. പ്രളയത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടതാണ്. പിന്നെ പഠിക്കാനും മിടുക്കിയാണ്… മാസത്തിൽ ഒരു തുക അവൾക്കായി മാറ്റി വെച്ചാൽ അത് ആ കുട്ടിക്കൊരു സഹായമാകും”

“എന്നാലും കുട്ടേട്ടാ…എത്ര നാൾ നമ്മുക്കവളെ സഹായിക്കാൻ പറ്റും?”

“അതൊക്കെ പറ്റുമെടി… നമ്മൾ മൂലം ഒരാൾക്ക് നല്ലൊരു ഭാവി ഉണ്ടാവുകയാണെങ്കിൽ അതല്ലേ നമ്മുക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യം?. പിന്നെ പണത്തിന്റെ പേരിലാണെങ്കിൽ പണം ഇന്നു വരും നാളെ പോകും.”

“ഞാനായിട്ട് എതിരൊന്നും പറയുന്നില്ല എല്ലാം കുട്ടൂസിൻ്റെ ഇഷ്ടം പോലെ …”

“ആഹാ അപ്പോൾ ആ പേര് മറന്നിട്ടില്ലാല്ലേ”

”ഇല്ല എന്ത്യേ?”

“ഒന്നും ഇല്ല എന്റെ പൊന്നേ…. നമ്മുടെ മക്കളുറങ്ങിയോ?”

”ഉം അവരെപ്പോഴേ ഉറങ്ങി… പിന്നെ കണ്ണന് ക്ലാസ്സ് ടെസ്റ്റിനു മാർക്ക് കുറവാണ്. ഇങ്ങനെ പോയാൽ ശരിയാവില്ല. ട്യൂഷന് വിട്ടാലോ?”

പിന്നേ അവൻ IAS ന് ഒന്നും അല്ലല്ലോ പഠിക്കുന്നേ? അല്ലെങ്കിലും അവന് നിന്റെ ബുദ്ധിയാ …” അതും പറഞ്ഞ് അവൻ ചിരിച്ചു.

“ദേ കുട്ടൂസേ എനിക്ക് ദേഷ്യം വരുന്നുണ്ട്. ഞാൻ ഫോൺ വെയ്ക്കാണ്…”

“അയ്യോ, വെയ്ക്കല്ലേ എൻ്റെ പൊന്നൂസേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ, നീയൊന്നിരുത്തി പഠിപ്പിച്ചാൽ മതി”

” ശരി” ഇനി വെച്ചോട്ടെ?”

“വെയ്ക്കല്ലേ, പതിവ് കിട്ടിയില്ല”

“എന്ത്?”

” ഉമ്മ”

“ഒന്നു പോയേ, എപ്പോ വിളിച്ചാലും ഉണ്ട് ഉമ്മ”

“മോളേ നിന്നോടല്ലാതെ വേറെ ആരോടെങ്കിലും ചോദിക്കാൻ പറ്റോ?”

“ഇന്നലെ തന്നതല്ലേ ”

“അത് ഇന്നലെ… ഇത് ഇന്നത്തെ ”

“അതെന്താ എന്നും തരുന്നത് തന്നെയല്ലേ? പിന്നെന്താ?” എന്തെങ്കിലും മാറ്റമുണ്ടോ?

“ഒരുമ്മയല്ലേടീ ഞാൻ ചോദിച്ചേ… വേറെ ആരുമല്ലല്ലോ നിൻ്റെ കെട്ട്യോനല്ലേ ഞാൻ. അതോ…? ഞാനറിയാതെ വേറെ ആർക്കെങ്കിലും കൊടുക്കുന്നുണ്ടോ? ഞാനീ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്നത് വെറുതെയാവോ?”

“ദേ… എൻ്റെ വായേലിരിക്കുന്നത് കേൾക്കാൻ നിക്കാതെ വെച്ചിട്ടു പോയേ. നിങ്ങളെ തന്നെ സഹിക്കാൻ പറ്റുന്നില്ല എന്നിട്ടാ വേറെ ആള്..?” അവൾക്ക് ദേഷ്യം വന്നു.

“നിനക്കെന്നെ അത്രയ്ക്ക് സഹിക്കാൻ പറ്റാതായോ… ? മടുത്തോ എന്നോടൊത്തുള്ള ജീവിതം? “അവൻ്റെ ശബ്ദമിടറി.

“അയ്യേ എന്താ കുട്ടൂസേ ഈ പറയുന്നേ? എന്നെ കുറിച്ച് അങ്ങനെയാണോ കരുതിയേ? നിങ്ങളെ പിരിഞ്ഞ് ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ പറ്റില്ല.” അവൾ കരച്ചിലിൻ്റെ വക്കിലെത്തി…

“ഒന്നല്ല ഒരായിരം ഉമ്മകൾ ഞാൻ തരാം ഉമ്മ… ഉമ്മ…. ഉമ്മ…”

“മതിയെടീ ഒന്ന് നിർത്ത്”

” ചോദിച്ച് വാങ്ങിയിട്ട് ഇപ്പോൾ വേണ്ടാതായോ?” ഇനി ചോദിച്ചാലും ഞാൻ തരില്ല.”

“അതല്ല പൊന്നൂ, നീയിങ്ങനെ ഉമ്മ തരാൻ തുടങ്ങിയാൽ അടുത്ത ഫ്ലൈറ്റിൽ ഞാനങ്ങോട്ട് വരുവേ?”

“പിന്നേ, മതി കിന്നരിച്ചത്. ഞാൻ ഉറങ്ങാൻ പോവാണ്. മോന് നാളെ സ്‌കൂളിൽ പോവേണ്ടതാ”

“പൊന്നൂസിന് ഉറക്കം വരുന്നുണ്ടോ?”

“ഉം”

“എന്നാ ഉറങ്ങിക്കോ. ഗുഡ് നൈറ്റ് ”

“വയ്ക്കല്ലേ കുട്ടേട്ടാ”

“എന്താ?”

“ഒരു സാധനം അങ്ങോട്ട് തന്നാൽ അത് തിരിച്ചു തരാനുള്ള മര്യാദ പോലും ഇല്ലാല്ലേ….?”

“എന്ത്?”

അവൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.

“എന്താണെന്ന് അറിയില്ലേ?”

“ഇല്ല ”

“എന്നാ ശരി വെച്ചോ.. ”

“പറയെടീ…..”

“ഒന്നൂല്ല്യ ….”

“പറ പൊന്നൂസേ, നീ പറഞ്ഞാലല്ലേ എനിക്കറിയാൻ പറ്റൂ”

“എന്നെ കൊണ്ട് പറയിക്കാനല്ലേ? അങ്ങനെ സുഖിക്കണ്ട. ഞാൻ പറയില്ല.” അവൾക്ക് ദേഷ്യം വന്നു..

” ദേഷ്യപ്പെടാതെ എന്റെ മുത്തേ, …… പൊന്നൂസിനു ചേട്ടന്റെ ചക്കരയുമ്മ ഉം… മ്മ ”

“ശരി ശരി ഞാൻ വെയ്ക്കാണ് .നാളെ വിളിക്കാം”

“ഓക്കെ ഗുഡ് നൈറ്റ്”

അവൾ ഫോൺ വെച്ചു

ആ രാത്രി രമ്യയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാൻ പോവാണ്.

കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ മറന്നു പോയതാണ് കുട്ടേട്ടൻ.. പെങ്ങമ്മാരെ കെട്ടിച്ചയച്ചു.
അനിയനെ പഠിപ്പിച്ചു. എഞ്ചിനീയറാക്കി. ഓരോ തവണ ലീവിനു വന്നു തിരിച്ചു പോകുന്നത് കൂടുതൽ കൂടുതൽ ബാധ്യതയുമായാണ്. അതൊന്നും വീട്ടുക്കാർക്കറിയേണ്ടല്ലോ.

പറയുമ്പോഴെന്താ അവൻ ഗൾഫിൽ കിടന്ന് സമ്പാദിക്കല്ലേ പിന്നെന്താ… ? കൂടെ പിറപ്പുകൾക്ക് വേണ്ടി കുറച്ച് കഷ്ടപ്പാടൊക്കെ സഹിക്കാം… കണ്ണൻമോന് ആറ് മാസമുള്ളപ്പോൾ പോയതാ .

അവനിപ്പോൾ പതിനൊന്നു വയസായി. ഇന്നും സ്വന്തമായി ഒരു വീടു പോലും വെയ്ക്കാനാകാതെ ……. ഒരു വാടക വീട്ടിൽ. തറവാട് അനിയനു വേണമെന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ നൽകി ഈ വാടക വീട്ടിലേക്ക് വന്നിട്ടിപ്പോൾ നാല് വർഷമായി..

“സ്വന്തമായൊരു വീട് അതൊരു സ്വപ്നമായി തന്നെ നിൽക്കുമോ?” അതാലോചിച്ചപ്പോൾ അവളുടെ കണ്ണുനിറഞ്ഞു ……

ഈ സമയം സന്തോഷിനും ഉറങ്ങാൻ കഴിഞ്ഞില്ല. ആദ്യമായാണ് പെണ്ണിനോട് നുണ പറയുന്നത്. ഇതു വരെ അവളറിയാത്ത ഒരു കാര്യവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നിട്ടും……

ഞാൻ സഹായിക്കുന്നത് സാറയെ ആണെന്നറിഞ്ഞാൽ പിന്നെ അതോടെ തീർന്നു എന്റെ ജീവിതം..

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല… എഴുന്നേറ്റ് ജനാല തുറന്നു..

അവന്റെ ഓർമകൾ ഒരുപാട് വർഷം പിന്നിലേക്കെത്തിച്ചു…..

അന്ന്…..

ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞ് കോളേജ് തുറന്ന ദിവസം. മൂന്ന് വർഷമായി തന്റെ പ്രണയം തുറന്നു പറയാനാകാതെ…. ഇന്നെന്തായാലും പറയണം. 2 മാസം കൂടി കഴിഞ്ഞാൽ കോളേജ് അടയ്ക്കും.

അതിന് മുമ്പ് അവളോട് എല്ലാം പറയണം. സന്തോഷ് ക്ലാസ്സിലേക്ക് നടന്നു. പതിവിലും നേരത്തേ അവളെത്തിയിരിക്കുന്നു.
എന്നെത്തേക്കാളും ഇന്നവൾ സുന്ദരിയായിരിക്കുന്നു. വെള്ള ഡ്രസ്സിൽ ഒരു മാലാഖയെ പോലെ. ഏതോ ബുക്കിൽ കണ്ണും നട്ടിരിക്കുന്നു.

ക്ലാസ്സിൽ ആരും തന്നെയില്ല. ഇത് തന്നെ പറ്റിയ സമയം അവൻ ചിന്തിച്ചു.

“സാറാ ” അവൻ വിളിച്ചു..

അവൾ മുഖമുയർത്തി അവനെ നോക്കി പുഞ്ചിരിച്ചു. അപ്പോൾ അവളുടെ ഇടത്തെ കവിളിൽ നുണക്കുഴി വിരിഞ്ഞു.

“എന്താ സന്തോഷ്?”

“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”

“എന്താ ”

“അത് …….. ഞാൻ….. അവൻ നിന്നു വിയർത്തു.

“നീ കാര്യം പറ” അവൾ എഴുന്നേറ്റ് അവനരികിലെത്തി.

“എനിക്ക് ഒരാളെ ഇഷ്ടമാണ്. മൂന്ന് വർഷമായി ഞാനവളെ പ്രണയിക്കുന്നു. പക്ഷേ നേരിട്ട് പറയാനെനിക്ക് ധൈര്യമില്ലായിരുന്നു. ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ, എനിക്കവളെ നഷ്ടമാകും. ഞാനവളെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്. ” അവൻ പറഞ്ഞ് നിർത്തി.

“നീ ആരെയാ സ്നേഹിക്കുന്നത്? എന്നോടെന്തിനാ ഇതൊക്കെ പറയുന്നത്?

“ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ് സാറാ …….. ”

“എന്നെയോ …….? നീയെന്തൊക്കെയാ പറയുന്നേ അതൊന്നും ശരിയാവില്ല. രണ്ടു മാസം കൂടി കഴിഞ്ഞാൽ പരീക്ഷയാ വരുന്നത്. ഓരോന്ന് ചിന്തിച്ചിരിക്കാതെ ചെന്ന് പഠിക്കാൻ നോക്ക്.”

“സാറാ പ്ലീസ് നീയില്ലാതെ എനിക്ക് പറ്റില്ല….. അത്രയ്ക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്.” അതും പറഞ്ഞ് അവനവളുടെ കൈയ്യിൽ പിടിച്ചു.

“ഏയ് സന്തോഷ് എന്റെ കൈ വിടൂ… ആരെങ്കിലും കാണും..”

” കാണാട്ടെ എല്ലാവരും കാണട്ടെ… നീ ഇഷ്ടമാണെന്ന് പറയാതെ ഞാൻ വിടില്ല”

“എനിക്ക് നിന്നെ ഇഷ്ടമല്ല..” അവൾ കുതറി മാറി.

“നീ എന്താ കരുതിയെ? നീ വന്ന് ഇഷ്ടമാണെന്ന് പറയുമ്പോൾ ഞാൻ സമ്മതം മൂളുമെന്നോ? അതിനു മാത്രം എന്ത് യോഗ്യതയാണ് നിനക്കുള്ളത്?. ഫീസു പോലും നേരാവണ്ണം അടയ്ക്കാൻ കഴിവില്ലാത്ത ഒരു ദരിദ്രവാസി ……. മരയോന്തിന്റെ മോന്തയുമായി വന്നിരിക്കുന്നു. പ്രേമിക്കാൻ……

അവൾ പുച്ഛത്തിൽ പറഞ്ഞു.

അത് കേട്ടപ്പോൾ അവന്റെ ദേഷ്യം ഇരട്ടിച്ചു.

“എങ്കിൽ നിന്നെ ഞാൻ സ്വന്തമാക്കിയേ അടങ്ങൂ .”

അതും പറഞ്ഞ് അവൻ അവളെ അവനിലേക്ക് അടുപ്പിച്ചു. ആ അധരങ്ങളിൽ അമർത്തി ചുംബിച്ചു. സാറ അവനെ തള്ളി മാറ്റുവാൻ ശ്രമിച്ചു. പക്ഷേ അവന്റെ ബലിഷ്ഠമായ കരങ്ങളിൽ നിന്നവൾക്ക് രക്ഷപ്പെടുവാനായില്ല.. അവൾ ഉറക്കെ കരഞ്ഞു.

“നീയെന്റെതാണ് … എന്റേത് മാത്രം….ഒരു ജീവിതമുണ്ടെങ്കിൽ അത് നിന്നോടൊപ്പം മാത്രം…..” അവൻ പറഞ്ഞു.

പക്ഷേ അവളുടെ കരച്ചിൽ കേട്ട് കുട്ടികൾ ക്ലാസിലേക്ക് ഓടി വന്നു. ആ രംഗം കണ്ട് എല്ലാവരും ഞെട്ടിപ്പോയി. അവർ അവനെ പിടിച്ചു മാറ്റി. ക്ലാസ്സിലെ ഏറ്റവും പാവമായിരുന്ന സന്തോഷ് ഇങ്ങനെയൊക്കെ…….. ആർക്കും വിശ്വസിക്കാനായില്ല.

അപമാനത്താൽ സാറ തേങ്ങി തേങ്ങി കരഞ്ഞു.

ആ പ്രശ്നം കാട്ടുതീ പോലെ കോളേജിലാകെ പടർന്നു. രണ്ടു പേരുടെയും മാതാപിതാക്കളെ വിളിപ്പിച്ചു. പ്രശ്നം രൂക്ഷമായി. സാറയുടെ അപ്പൻ കലി തുള്ളി നിൽക്കുകയാണ്. ഒരു വിധേനയാണ് പ്രിൻസിപ്പാളും അധ്യാപകരും അയ്യാളെ സമാധാനിപ്പിച്ചത്.

രണ്ടു മാസത്തെ സസ്പെൻഷൻ, അതും അച്ഛൻ കാല് പിടിച്ച് കരഞ്ഞുപറഞ്ഞത് കൊണ്ട്. പരീക്ഷയ്ക്കല്ലാതെ കോളേജിലേക്ക് കണ്ടു പോകരുതെന്ന് പ്രിൻസിപ്പാളിന്റെ വക താക്കീതും.

എല്ലാവരുടെയും മുന്നിൽ ഒരു പരിഹാസപാത്രമായി കോളജിന്റെ പടിയിറങ്ങി. അവളുടെ വീട്ടുക്കാരെ പേടിച്ച് വീടിനു പുറത്തിറങ്ങാതെ രണ്ടു മാസം.

കോളേജിലേക്കൊരു തിരിച്ചു പോക്കില്ലാന്ന് കരുതിയതാണ്.

പക്ഷേ, എങ്ങനെയെങ്കിലും പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഡൽഹിയിൽ ഒരു ജോലി ശരിയാക്കാമെന്ന് മൂത്ത സഹോദരി പറഞ്ഞത് കൊണ്ട് പരീക്ഷയെഴുതാൻ തീരുമാനിച്ചു.

പരീക്ഷ തുടങ്ങുന്ന ദിവസം കോളേജിലെത്തിയപ്പോൾ…. എല്ലാവരുടെയും മുഖത്ത് ഒരു പരിഹാസം. ആർക്കും മുഖം കൊടുക്കാതെ ഹാളിലേക്ക് ചെന്നു. സാറയെ ഒരു പാട് തിരഞ്ഞു. പക്ഷേ കണ്ടെത്താനായില്ല.

പരീക്ഷ തുടങ്ങി, പക്ഷേ സാറ മാത്രം വന്നില്ല. ഒന്നും എഴുതുവാൻ കഴിഞ്ഞില്ല. പഠിച്ചതൊന്നും ഓർമ്മയിലില്ല…
മുൻപിൽ സാറയുടെ കരഞ്ഞു കലങ്ങിയ മുഖം മാത്രം..

പരീക്ഷ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോഴാണ് സൗമ്യയെ കണ്ടത്. സാറയുടെ ഉറ്റ സുഹൃത്ത്.

“നിനക്കെങ്ങനെ തോന്നി സന്തോഷ് സാറയോടങ്ങനെ……. അവളുടെ ജീവിതമാണ് നീ നശിപ്പിച്ചത്.

നിനക്കറിയോ നിന്നെ കണ്ട നാൾ മുതൽ അവൾക്ക് നിന്നെ ഇഷ്ടമായിരുന്നു. ഒരുപാട് ഒരുപാടിഷ്ടമായിരുന്നു. പക്ഷേ അവളുടെ അപ്പൻ… അയ്യാളെ അവൾക്ക് ഭയമായിരുന്നു.

സമ്പത്തിനോട് മാത്രമായിരുന്നു അയ്യാൾക്ക് പ്രിയ്യം അതിൽ ബന്ധങ്ങൾക്കും പ്രണയത്തിനും സ്ഥാനമില്ല. നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്നറിഞ്ഞാൽ അവളുടെ പഠിപ്പു നിർത്തും. അതുകൊണ്ടാ അവളുടെ പ്രണയത്തെ അവളിൽ തന്നെ കുഴിച്ചുമൂടിയത്.

എന്നിട്ട് നീ …. ആ പരിശുദ്ധ പ്രണയത്തിൽ കളങ്കം വീഴ്ത്തിയില്ലേ? പരീക്ഷ എഴുതാൻ പോലും അവളെ സമ്മതിച്ചില്ല.”

എല്ലാം നിശബ്ദം കേട്ടു നിൽക്കാനെ അവനായുള്ളൂ.

“പിന്നെ ഒരു കാര്യം കൂടി അവളുടെ വിവാഹമാണ് അടുത്തയാഴ്ച ബോംബെയിൽ വെച്ച്. നിന്നോടവൾക്ക് ദേഷ്യമൊന്നും ഇല്ലാന്ന് പറഞ്ഞിട്ടുണ്ട്.

അവളെയോർത്ത് ഒരിക്കലും ദുഃഖിക്കരുതെന്നും പഠിച്ച് ഒരു നല്ല ജോലി സമ്പാദിക്കാനും പറഞ്ഞു. അവളുടെ പ്രാർത്ഥന എന്നും നിനക്കൊപ്പമുണ്ടാകും.” അതും പറഞ്ഞവൾ നടന്നകന്നു.

അവന്റെ മനസ്സ് കുറ്റ ബോധം കൊണ്ട് നീറി പുകഞ്ഞു. താനിത്രയൊക്കെ ചെയ്തിട്ടും അവൾക്കെന്നോട് ഒട്ടും വെറുപ്പില്ല. അവളെയാണോ ഞാൻ…… ഇത്രയ്ക്ക് തരംതാണ പ്രവൃത്തി ചെയ്യാൻ തനിക്കെങ്ങനെ സാധിച്ചു…. സ്വയം വെറുപ്പ് തോന്നിയവന് .

എങ്ങനെയൊക്കെയോ പരീക്ഷയെഴുതി അവൻ ഡൽഹിയിലേക്ക് യാത്ര തിരിച്ചു.

ഒരു തണുത്ത കാറ്റ് അവനെ തഴുകി പോയി. സാറയോട് ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ഒരുജന്മം മുഴുവൻ ആ കാലുകളിൽ വീണ് മാപ്പ് പറഞ്ഞാലും തീരില്ല.

വർഷങ്ങൾക്ക് ശേഷം വീണ്ടും സാറയുടെ ഓർമ്മകൾ തിരിച്ചെത്തിയിരിക്കുന്നു. വേളാങ്കണ്ണിയിലേക്ക് പോയ മലയാളികളുടെ വാഹനം അപകടത്തിൽ പെട്ടിരിക്കുന്നു. MBBS നു പഠിക്കുന്ന മകൾ മാത്രം രക്ഷപ്പെട്ടു.

ബാക്കിയെല്ലാവരും സംഭവസ്ഥലത്തു തന്നെ വെച്ച് മരണപ്പെട്ടു. ഫോണിൽ ആ വാർത്ത കണ്ടപ്പോൾ സാറയുടെ മുഖം. അതൊരിക്കലും മറക്കാൻ പറ്റുന്നില്ല. പക്ഷേ അതൊരു കൂട്ട ആത്മഹത്യയാണെന്ന് പിന്നീടാണറിഞ്ഞത്.

ബിസിനസ്സ്‌ തകർന്ന് കടം കയറി കുടുംബം മുഴുവൻ…… പക്ഷേ മകൾ മാത്രം രക്ഷപ്പെട്ടു. വിധിയുടെ വിളയാട്ടമാകാം അല്ലെങ്കിൽ തന്റെ തെറ്റിനൊരു പ്രതിവിധിയുമാകാം.

അന്ന് ചെയ്ത തെറ്റിന് പകരമാവില്ല. പക്ഷേ ആ മകളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം. സാറയ്ക്ക് നേടാനാകാത്തത് അവളുടെ മകൾക്കു നേടികൊടുക്കണം.

ഇന്നെനിക്ക് രണ്ടല്ല മൂന്നാണ് മക്കൾ,കണ്ണനും അപ്പുവിനും ഒരു ചേച്ചി കൂടി…… എല്ലാമറിയുമ്പോൾ എന്റെ പൊന്നൂസ് ഒരിക്കലും തെറ്റിദ്ധരിക്കില്ല. കാരണം അവളെ പോലെ എന്നെ മനസ്സിലാക്കിയ ഒരാളു പോലുമില്ല….. എന്റെ അമ്മ പോലും.

അവൻ ആകാശത്തിലേക്ക് നോക്കി ഒരു നക്ഷത്രം അവനെ നോക്കി കണ്ണു ചിമ്മി. അത് സാറയായിരിക്കും അവളുടെ മകൾക്ക് ഒരു തണലായി ഞാനെന്നു മുണ്ടാകുമെന്നറിഞ്ഞ സന്തോഷത്തിൽ തിളങ്ങുന്നതായിരിക്കാം….

“ഉണ്ട് സാറാ…… നിന്റെ മകൾ എന്റെയും കൂടിയാ ഞാനുണ്ടാകും എന്നും എപ്പോഴും….” അവൻ വന്ന് കിടന്നു.

വീണ്ടും ഒരു പുതുവർഷം കൂടി ആഗതമായിരിക്കുന്നു.

ഇന്നാണ് ദേവമാതാ കോളേജിന്റെ
പൂർവ്വ വിദ്യാർത്ഥി സംഗമം. എല്ലാ തിരക്കുകളും മാറ്റി വെച്ച് സന്തോഷ് നാട്ടിലെത്തി . തന്റെ തെറ്റിനുള്ള പ്രായശ്ചിത്തം ചെയ്യാൻ…..

സാറയുടെ മകൾ :… അല്ല സാറ തന്നെ അവളുടെ പഠിപ്പിനുള്ള എല്ലാ സഹായവും ചെയ്യുന്നത് താനാണെന്ന് പറഞ്ഞപ്പോൾ കണ്ടു അവളിൽ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി. ഇടത്തേ കവിളിൽ ആ നുണക്കുഴി അപ്പോൾ വിരിഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *