(രചന: Aparna Aravind)
അമ്മയെ ഒന്ന് കാണാൻ പോയാലോ.. ചായ കുടിച്ചുകൊണ്ടിരുന്ന ഭർത്താവിനോട് അശ്വതി പതിയെ ചോദിച്ചു..
അവളുടെ മുഖം ആകെ വെപ്രാളപെട്ടിരുന്നു.. ഇടയ്ക്കിടയ്ക്ക് സാരിത്തല കൊണ്ട് മുഖം തുടക്കുന്നുണ്ട് .
ഇന്നോ.. അയാൾ അവളെ ഒന്ന് വല്ലാതെ നോക്കി.. ഉയർന്ന് നിക്കുന്ന പുരികങ്ങളും ചുവന്ന മുഖവും അയാളുടെ എതിർപ്പിനെ നിഴലിച്ചു കാണിക്കുന്നുണ്ടായിരുന്നു..
അതെ.. ഇന്ന് തന്നെ.. കുറെ കാലമായില്ലേ ഒന്ന് കണ്ടിട്ട്.. അമ്മ തനിച്ചല്ലേ.. ഇന്ന് എന്തായാലും പോയ് കാണണം.. എതിരൊന്നും പറയരുത്..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അയാൾക് നന്നായി കാണാമായിരുന്നു.. ഒന്നും മിണ്ടിയില്ല.. തൊട്ടതിനും പിടിച്ചതിനും കണ്ണീർ ഒഴുക്കുന്നവളല്ല അശ്വതി എന്ന് അയാൾക്ക് നന്നായി അറിയാം..
എന്നിരുന്നാലും അവളുടെ കണ്ണ് നിറഞ്ഞാൽ എന്തോ കണ്ട ഭാവം അയാൾ നടിക്കാറില്ല.. അതായിരുന്നു ശീലം…
ഇന്ന് പോക്കൊന്നും നടക്കില്ല.. നിന്റെ കാര്യം മാത്രം നോക്കി നടന്നാലൊന്നും പോരാ.. എനിക്ക് വേറെയും ഉണ്ട് പണികൾ..ചായഗ്ലാസ്സ് നിലത്ത് വെച്ചുകൊണ്ട് അയാൾ അലറി
ഏട്ടൻ വരണ്ട.. ഞാൻ തനിയെ പോവാം.. അവസാനത്തെ പ്രതീക്ഷയെന്നോണം അവൾ അയാളെ നോക്കി നിന്നു..
വേണ്ടാന്ന് നിന്നോടല്ലേ പറഞ്ഞത്.. നീ പോയാൽ ഇവിടെ അമ്മയ്ക്കാര്ണ്ട്.. അതൊന്നും നിനക്ക് പ്രശ്നമില്ലേ..
ഇത്രയും ക്രൂരമായ് സംസാരിക്കാൻ എങ്ങനെ തോന്നുന്നു എന്ന് മുഖത്ത് നോക്കി ചോദിക്കണം എന്നുണ്ടായിരുന്നു..
എല്ലാ ജോലിയും കഴിഞ്ഞ് പെറ്റമ്മയെ ഒരുനോക്ക് കണ്ടിട്ട് വരാം എന്ന് പറഞ്ഞതാണ് ഞാൻ ചെയ്ത കുറ്റം. ദേഷ്യം പിടിച്ച് ഇറങ്ങി പോകുന്ന തന്റെ പാതിയെ നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കി നിന്നു.
അമ്മേ എന്ന് വിളിച്ച് ശരണ്യ മോൾ ഓടിവന്നപ്പോൾ പഴയ ഓർമയിൽ എവിടെയോ മനസ്സ് തങ്ങി നിന്നു..
പാട്ടുപാവാടയിട്ട് അമ്മയുടെ കയ്യും പിടിച്ച് നടക്കുന്നതും, അച്ഛന്റെ തോളിൽ കേറി കാഴ്ചകൾ കാണുന്നതും, തുമ്പിയെ കൊണ്ട് കല്ല്എടുപ്പിക്കുന്നതും, ഉത്സവത്തിന് കൈയും പിടിച്ച് ചിരിച്ച് കളിച്ച് നടന്നതും…അങ്ങനെ എന്തെല്ലാം ഏതെല്ലാം..
സുഖമുള്ള ഓർമ്മകൾ എപ്പോളും ഭൂതകാലങ്ങളിൽ ആയിരുന്നു. അന്ന് ചിരി ഒരഴകായിരുന്നു..
ഇന്ന് പുഞ്ചിരിക്കാൻ പോലും താൻ മറന്നിരിക്കുന്നു..
ജനാലയിൽ പ്രതിഫലിച്ചു കാണുന്ന അവളുടെ രൂപത്തെ സൂഷ്മമായി നോക്കിക്കൊണ്ട് പാതി തേഞ്ഞ പല്ലുകൾ പുറത്ത് കാട്ടി പുഞ്ചിരിക്കാൻ അശ്വതി ശ്രെമിച്ചുകൊണ്ടിരുന്നു.. ചുണ്ടുകൾ ചിരിക്കുമ്പോളും കണ്ണ് നിറഞ്ഞൊഴുകുന്നത് അവൾ അറിഞ്ഞു..
ഉപ്പ് രസമുള്ള പുഞ്ചിരിയെ വെറുത്തുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.. സ്നേഹം തന്ന വീടും വീട്ടുകാരും വെറും ഒരു പകൽസ്വപ്നം മാത്രമായ്.. പെണ്ണായാൽ എന്തൊക്കെ അനുഭവിക്കണം.. പെറ്റമ്മയെ കാണാൻ പോലും അനുവാദം ചോദിക്കേണ്ടിയിരിക്കുന്നു..
വല്ലാത്തൊരവസ്ഥ.. അവൾ തന്റെ വിധിയെ പഴിച്ചു.. എന്റെ ശരണ്യമോൾക് ഈ വിധി ഉണ്ടാകല്ലേ ഈശ്വരാ നെഞ്ചത്ത് കൈവച്ച് അവൾ പ്രാർത്ഥിച്ചു.
അമ്മയെ കുറിച്ച് വല്ലാത്തൊരു വേവലാതി അശ്വതിയുടെ ഉള്ളിൽ നാമ്പിട്ടിരുന്നു..
അച്ഛന്റെ മരണശേഷം തറവാട്ടിൽ ഒറ്റക്കായിപോയ അമ്മ എന്നും അവൾക്കൊരു നോവാണ്.. കൂടാതെ ഇന്നലെ കണ്ട ദുസ്വപ്നം മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു..
ജീരകം നിറച്ച ടിന്നിൽ കൂട്ടിവെച്ച ചില്ലറകൾ ഏറെ പ്രതീക്ഷയോടെ എണ്ണി നോക്കി, 20രൂപയുണ്ട്.. ഹാവു വീട്ടിൽ പോവാനുള്ള തുകയുണ്ട്.. നനഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ജോലികളെല്ലാം ചെയ്‌തുവെച്ചു.
കുളി കഴിഞ്ഞശേഷം ശരണ്യയെ തറവാട്ടിൽ ഏടത്തിയമ്മയെ ഏൽപ്പിച്ച് അമ്മയുടെ അടുത്തേക്ക് പുറപ്പെട്ടു.
വേഗം പോയിവന്നോളാൻ ഏടത്തിയമ്മ നൽകിയ അനുവാദമായിരുന്നു ആകെയുള്ള ആശ്വാസം. ഭാഗ്യത്തിന് വേഗം ബസ്സ് കിട്ടി.. അനിലേട്ടനോട് സമ്മതം വാങ്ങാതെ ആദ്യമായാണ് പുറത്തിറങ്ങുന്നത്.. അതിന്റെ ആകുലതകൾ അവളെ വല്ലാതെ പരിഭ്രാന്തപ്പെടുത്തുന്നുണ്ടായിരുന്നു.
പക്ഷെ ഏകമകളായ തന്റെ കർത്തവ്യങ്ങൾ താൻ നിറവേറ്റുക തന്നെവേണം.. എന്തൊക്കയോ മനസ്സിലോർത്തിരിക്കുമ്പോഴേക്കും ബസ്സ് നാട്ടിലെത്തിയിരുന്നു.. സ്വന്തം നാട്.. മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി..
അമ്പലവും വായനശാലയും താമരകുളവും കാക്കപ്പൂ വിരിയുന്ന വയൽപ്പാടങ്ങളും മായയുടെ നൃത്തവിദ്യാലയവും എല്ലാം എല്ലാം മനസ്സിന് വല്ലാത്ത ആശ്വാസം നൽകുന്നുണ്ടായിരുന്നു.. വയസ്സൻ നാരായണൻ വൈദ്യർ ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞത് അവൾക് അത്ഭുതമായി.
പണ്ട് ചായക്ക് പകരം കഷായം കൊടുത്ത് പറ്റിച്ച വലിയ തമാശയ്ക്ക് കൈപിടിച്ച് മാപ്പുപറയുമ്പോൾ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
എന്തെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ, നാടും വീടും മറന്നോ എന്നുള്ള മീനാക്ഷിഅമ്മയുടെ ചോദ്യത്തിന് മുമ്പിൽ തേഞ്ഞ പല്ലുകൾ കാട്ടി അവൾ ചിരിച്ചുകാണിച്ചു.
നാടിനും നാട്ടുകാർക്കും താൻ ഇപ്പോളും നാരായണേട്ടന്റെ പഴയ അച്ചുമോൾ തന്നെയാണെന്ന് ഓർക്കുമ്പോൾ അവളുടെ മനസ്സും കണ്ണും നിറഞ്ഞു..
ആവേശത്തോടെയാണ് വീട്ടിലേക്ക് നടന്നത്.. രാമേട്ടന്റെ മാവിൻതോപ്പും ശാരദേടത്തിയുടെ നെൽപ്പാടവും ചാടിക്കടന്ന് കുറുക്കിന് വീടിന്റെ നട വരെ എത്തി..
ഈ കുറുക്കുവഴികളെല്ലാം പഴയ ഓരോ കുസൃതി ഓർമകളാണ്.. നടക്കുമ്പോൾ കുലുങ്ങുന്ന തെങ്ങിന്റെ പാലവും കുത്തിയൊലിക്കുന്ന തോടും പഴയ നല്ലനിമിഷങ്ങളുടെ ഓർമ്മത്തുണ്ടുകളാണ്…
വീട്ടിലേക്കുള്ള പടികൾ ഓരോന്ന് കയറുമ്പോഴും മനസ്സിൽ വല്ലാത്തൊരാശ്വാസം തോന്നി.. ഇവിടുത്തെ കാറ്റിന് പോലും തന്നോട് വല്ലാത്തൊരു വാത്സല്യം.. പ്രാരാബ്‌ധങ്ങളും സങ്കടങ്ങളും ഇല്ലാത്ത പഴയ ആ കൊച്ചുകുട്ടിയായ് താൻ മാറുന്നത് പോലെ അവൾക് തോന്നി…
മുറ്റത്തെ മൂവാണ്ടൻമാവ് മാമ്പഴം പൊഴിച്ചിട്ടത് തനിക്കുവേണ്ടിയാണെന്ന് പിറുപിറുത്തുകൊണ്ട് അവൾ ഓരോന്നും പെറുക്കിയെടുത്തു..
ഹായ് നല്ല പായസത്തിന്റെ മണം.. അമ്മ പായസമൊക്കെ ഉണ്ടാക്കി ഇരിക്ക്യണല്ലേ.. അമ്പടി കള്ളി അമ്മക്കുട്ടി…
അമ്മേ അമ്മേ… അശ്വതി ഉറക്കെ വിളിച്ചു..
ആഹാ അച്ചുക്കുട്ടി വന്നോ .. അമ്മിണി അമ്മയാണ്.. ന്റെ അമ്മേടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്..
ഇവിടെ തൊട്ടടുത്താണ് വീട്. എന്തിനും ഏതിനും അമ്മയ്ക്ക് അമ്മിണിഅമ്മ തുണയുള്ളതാണ് ഏക ആശ്വാസം..
ഇപ്പൊ വന്നതേ ഉള്ളു.. അമ്മ എവിടെ അമ്മിണിയമ്മേ.. കുറെ നേരായി വിളിക്കുന്നു
അച്ചു ഇന്നെന്തായാലും വരുമെന്ന് പറഞ് പായസം ഉണ്ടാക്കാൻ അടുക്കളേൽ കേറിയതാ..
അമ്മിണിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു
ഞാൻ വരുമെന്ന് അമ്മ പറഞ്ഞോ.. വല്ലാത്ത അത്ഭുതത്തോടെ അശ്വതി അമ്മിണിയമ്മയെ നോക്കി.. അല്ലെങ്കിലും എന്നെ മനസിലാക്കാൻ എന്റെ അമ്മയ്ക്ക് മാത്രമേ കഴിയുള്ളു..
മനസ്സിലെ സങ്കടങ്ങളെല്ലാം കണ്ണുനീരായ് ഒഴുകിയൊലിക്കുന്നത് വകവെക്കാതെ അവൾ അകത്തേക്കോടി.. മേശപ്പുറത്ത് തന്റെ പ്രിയപ്പെട്ട പാൽപായസം വിളമ്പിവെച്ചത് ആവിപാറിക്കൊണ്ടിരിക്കുന്നുണ്ട്..
എവിടെ എന്റെ അമ്മക്കുട്ടി… അമ്മേ.. ഞാൻ വന്നു.. ഞാൻ വരുമെന്ന് അമ്മക്ക് ഉറപ്പായിരുന്നല്ലേ.. അമ്മയെ കാണണം എന്ന് എന്റെ മനസ്സും വല്ലാതെ ആഗ്രഹിച്ചിരുന്നു.. ഞാൻ ഓടി വന്നല്ലോ.. അമ്മേ…
ആഹാ ഇവിടെ കിടക്കാണോ അമ്മക്കുട്ടി.. കട്ടിലിൽ കിടന്നിരുന്ന അമ്മയെ അശ്വതി പതിയെ വിളിച്ചു.. അമ്മേ…
ഒരുനിമിഷം അശ്വതി അലറിക്കൊണ്ട് നിലത്തിരുന്നുപോയ്… അമ്മേ…….. ഇത്ര ഉച്ചത്തിൽ വിളിച്ചിട്ടും അമ്മ വിളികേൾക്കാതിരിക്കുന്നത് ആദ്യമായിട്ടാണ്.. ശരീരമാകെ തളർന്നുപോകുന്നതായ് അശ്വതിക്ക് തോന്നി..
ശബ്‌ദം കേട്ട് ഓടിവന്ന അമ്മിണിയമ്മയെ കെട്ടിപിടിച്ചുകൊണ്ട് അശ്വതി പറഞ്ഞു എനിക്ക് വേണ്ടി കുറച്ച് നേരം കൂടി കാത്തിരിക്കാമായിരുന്നില്ലേ അമ്മയ്ക്ക്…
ഇനി എനിക്കാരുണ്ട്… ഇതിനു വേണ്ടിയാണോ .. ഈ കണ്ണീരുകാണാനാണോ എനിക്ക് വേണ്ടി പായസമുണ്ടാക്കി കാത്തിരുന്നത് ..
ഒരു ഭ്രാന്തിയെ പോലെ പിറുപിറുത്തുകൊണ്ടിരുന്ന അശ്വതിയെ ചുറ്റും കൂടിയിരുന്നവർ നിറഞ്ഞകണ്ണുകളോടെ നോക്കിനിന്നു…
തെക്കേപറമ്പിൽ ആ ശരീരം ഭസ്മമായ് മാറുമ്പോഴും അശ്വതി പിറുപിറുത്തുകൊണ്ടിരുന്നു…
അമ്മയെ കാണണം.. പോണം… അമ്മയെ കാണണം.. അമ്മയ്ക്ക് ആരുമില്ല.. ഞങ്ങൾ ഒറ്റയ്ക്കാണ്… ആരുമില്ല… ആരുമില്ല..
പ്രാന്ത്മൂത്ത നിമിഷങ്ങളിൽ അവൾ പറഞ്ഞ ഓരോ വാക്കുകളും അനിലിന്റെ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരുന്നു…