എനിക്ക് നിങ്ങൾ ഇത് വരെ ചായ ഇട്ട് തന്നിട്ടുണ്ടോ, പോട്ടെ ഒരു ചമ്മന്തി അരച്ച് തന്നിട്ടുണ്ടോ..

വേണമെങ്കിൽ ചക്ക
(രചന: Ammu Santhosh)

“എടി നിനക്ക് നാണമുണ്ടോടി എട്ട് മണിയാകുമ്പോൾ എഴുന്നേറ്റിങ്ങനെ വന്നിരുന്നു അമ്മ തരുന്ന ചായ കുടിക്കാൻ?

നീ എന്റെ അമ്മയെ കണ്ടു പഠിക്ക്. അല്ലെങ്കി വേണ്ടാ നിന്റെ അമ്മയെ കണ്ടു പഠിക്ക്. എന്ത് നല്ല സ്ത്രീയാ.. നീ എങ്ങനെയാടി ഇങ്ങനെ ആയിപ്പോയെ?”

രാവിലെ എന്റെ ഭാര്യ എന്റെ അമ്മ ഉണ്ടാക്കി കൊടുത്ത ചായയും മോന്തി റോഡിൽ കൂടി പോകുന്നവരുടെ എണ്ണവും എടുത്തു അങ്ങനെ ഇരിക്കുവാ. അതും എനിക്ക് തരാതെ ..

വൃത്തികെട്ട ജ ന്തു കുളിച്ചിട്ടും കൂടിയില്ല. പല്ല് തേച്ചോ ആവോ?

“എനിക്കെന്താ കുഴപ്പം?” അവൾ ചായ മൊത്തി ചോദിച്ചു

“നിനക്കെന്താ ഒരു ഗുണം?”

“ഞാൻ നല്ലതാണല്ലോ “അവൾ ചിരിച്ചു

“രാവിലെ എഴുനേൽക്കില്ല. അടുക്കളയിൽ ഒരു വസ്തു ചെയ്യില്ല. എന്റെ അമ്മ ആയത് കൊണ്ട് കൊള്ളാം. സ്വന്തം വീട്ടിൽ ആണെങ്കിൽ ഇങ്ങനെ ചെയ്യുമോ നീ?”

“എന്റെ അമ്മയെ വിളിച്ചു ചോദിച്ചു നോക്ക്. എന്റെ വീട്ടിലെ പോലെ തന്നെ ആണ് ഇവിടെയും. ഞായറാഴ്ച മാത്രമേയുള്ളു ഞാനിങ്ങനെ റിലാക്സ് ചെയ്യുന്നേ.

എന്റെ അമ്മയോടെങ്ങനെയാ അത് പോലെ തന്നെയാ ഉണ്ണിയുടെ അമ്മയോടും. അതല്ലേ അമ്മക്ക് എന്നെ ഇത്രയും ഇഷ്ടം?”

“അത് നീ സോപ്പിട്ട് വെച്ചേക്കുന്നതാ.. എടി നിന്റെ കയ്യിൽ നിന്നു എനിക്കൊരു ചായ കിട്ടുമോ?”

“പിന്നെന്താ ഞാൻ ഇപ്പൊ തരാം “അവൾ എഴുന്നേറ്റു

“അവിടിരിക്ക് അമ്മ ഉണ്ടാക്കി വെച്ച ചായ എനിക്ക് എടുത്തു കൊണ്ട് തരാൻ പോവല്ലേ. നീ സ്വന്തം കൈ കൊണ്ട് ഒരു ചായ ഇട് ”

“എനിക്ക് നിങ്ങൾ ഇത് വരെ ചായ ഇട്ട് തന്നിട്ടുണ്ടോ? പോട്ടെ.. ഒരു ചമ്മന്തി അരച്ച് തന്നിട്ടുണ്ടോ? എന്റെ ചുരിദാർ കഴുകി തന്നിട്ടുണ്ടോ? വേണ്ട നിങ്ങളുടെ സ്വന്തം ഡ്രസ്സ്‌ കഴുകിയിട്ടുണ്ടോ?

അറ്റ്ലീസ്റ്റ് നമ്മുടെ മുറി ഒന്ന് തൂത്തിട്ടുണ്ടോ? അടുക്കള കണ്ടിട്ടുണ്ടോ മനുഷ്യാ നിങ്ങള്? നിങ്ങൾക്ക് ഒരു മുട്ട പൊരിക്കാൻ അറിയാമോ? മാക് മാക് എന്ന് തിന്നാനറിയാം.”

ഞാൻ വിക്കി…

“അത്.. അത് പിന്നെ. എനിക്ക് ജോലിക്ക് പോകണ്ടേ?”

“എനിക്കും പോകണ്ടേ?”

അവൾ കൈ മാറിൽ പിണച്ചു കെട്ടി

“അത് പിന്നെ… എന്നാലും…”

“ആദ്യം ഒരു ചായ ഉണ്ടാക്കാൻ പഠിക്ക്. പിന്നെ അവനവന്റെ വസ്ത്രം കഴുകി വൃത്തിയാക്കാൻ പഠിക്ക്. വീടും പരിസരവും വൃത്തിയാക്കാൻ പഠിക്ക്. എന്നിട്ട് എന്നോട് വേദം ഓതിക്കോ ഞാൻ കേട്ടോളാം.”

“ആഹാ അടിപൊളി ”

കൈയടിക്കുന്ന ശബ്ദം.
എന്റെ അമ്മ

“ഒരു ഇരുപത്തിയഞ്ചു വർഷം മുന്നേ എനിക്ക് ഇത് പറയാൻ തോന്നിയിരുന്നെങ്കിൽ രണ്ടു പേര് നന്നായേനെ “അമ്മ പറഞ്ഞു

“അതാരാ രണ്ടു പേര്?”അവൾ ചോദിക്കുന്നു

“ഒന്ന് ഇവൻ. മറ്റേത് ഇവന്റെ അച്ഛൻ ”
അമ്മ ചിരിയോടെ വീണ്ടും പറഞ്ഞു

“അതിന് ഇനിയും സമയമുണ്ട്. പുകഴ്ത്തി പറയുവല്ല കേട്ടോ.. ഇവരെ രണ്ടിനെയും ഇങ്ങനെ ആക്കിയതിന്റ ഫുൾ ക്രെഡിറ്റ്‌ അമ്മയ്ക്കാ. . ഇന്ന് ഞായറാഴ്ച അല്ലെ? ഇന്ന് ഇവര് കേറട്ടെ അടുക്കളയിൽ.. ആഴ്ചയിൽ ഒരു ദിവസം എങ്കിലും ചെയ്യട്ടെ. അല്ല പിന്നെ ”

അവൾ അമ്മയെ വിളിച്ചു കൊണ്ടകത്തേക്ക് പോയി.

ദേ ആ പോയത് എന്റെ അമ്മയാണോ അമ്മായിയമ്മയാണോ? ഇപ്പൊ എന്റെ ഡൌട്ട് അതാ. അമ്മയ്ക്ക് ഇവളെന്തു കൂടോത്രമാണോ ചെയ്തേ? ചോദിച്ചു പണി മേടിച്ചു. മിണ്ടാതിരുന്നാൽ മതിയാരുന്നു.

” എവിടെ അച്ഛൻ?..”

വാതിലിനു പിന്നിൽ അച്ഛൻ

“ഞാൻ ഒരു യാത്ര പോയാലോന്നാ..”
അച്ഛൻ ആലോചനയോടെ എന്നോട് പറഞ്ഞു

“കുന്തം. കോറോണയാ മനുഷ്യാ എല്ലായിടത്തും.. എങ്ങും പോകാൻ പറ്റുകേല. ഇവിടെ എല്ലാം കേട്ട് കൊണ്ടിരിക്കുവാ അല്ലെ? കൊച്ചുകള്ളൻ.. വാ അടുക്കള കാണാൻ പൂവാ ”

“ഓപ്ഷൻ വല്ലോം ഉണ്ടോടാ?”

“ഒന്നുണ്ട്.. ഡൈവോഴ്സ്. പക്ഷെ ടൈം എടുക്കും.” ഞാൻ പറഞ്ഞു

“പോടാ മാക്രി… നീ വാടാ.. നമുക്ക് ഇവളുമാരെ തോല്പ്പിക്കണം ”

“അതാണ് തളരരുത് രാമൻകുട്ടി ”

“ഉവ്വാ ”

“അല്ല അച്ഛന് വല്ലോം അറിയാമോ?”

“അതിനല്ലെടാ യൂ ട്യൂബ് ചാനൽസ്.. നീ വാ. വേണമെന്ന് വെച്ചാൽ ചക്ക വേരിലും കായ്ക്കും..”

“പറഞ്ഞത് പോലെ അങ്ങനെ കായ്ച്ച ഒരു ചക്ക അടുക്കളയിൽ ഇന്നലെ വന്നു കേറിട്ടുണ്ട്. അമ്മ മുറിക്കുന്ന കണ്ടാരുന്നു. കോറോണക്കാലമല്ലേ?ചക്കയാ ബെസ്റ്റ്. ചക്കപ്പുഴുക്ക് ഉണ്ടാക്കി ഞെട്ടിക്കണം നമുക്ക് ”

അച്ഛൻ ചിരിച്ചു. പിന്നെ എന്റെ തോളിൽ കയ്യിട്ട് അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്… യുദ്ധഭൂമിയിലേക്ക് ഇതാ രണ്ടു ഭടന്മാർ…

കളരിപരമ്പര ദൈവങ്ങളെ ലോകനാർ കാവിലമ്മേ… യൂട്യൂബ് വീരന്മാരെ വീരത്തികളെ ഞങ്ങളിതാ എത്തി..

ചക്ക മുറിക്കാൻ ഒരു യൂട്യൂബ്യും നോക്കേണ്ട. നമ്മുടെ ചക്ക. ഒറ്റ വെട്ട് രണ്ട് തുണ്ടം. പിന്നെ ചെറുതായി മുറിച്ചു. ചെറിയ കഷണങ്ങൾ ആക്കി അടുപ്പിൽ വെച്ച് അച്ഛൻ എന്നെ നോക്കി

ഞാൻ അതങ്ങ് ഓൺ ചെയ്തു

നമ്മുടെ യൂ ട്യൂബ്..

സേർച്ച്‌ ചക്കപ്പുഴുക്ക്.

നല്ല നല്ല സുന്ദരി പെൺപിള്ളേർ ചക്കപ്പുഴുക്ക് ഉണ്ടാക്കുന്ന വിധമൊക്കെ വിവരിക്കുന്നു കൂട്ടത്തിൽ ഏറ്റവും സുന്ദരിയെ അച്ഛൻ സെലക്ട്‌ ചെയ്തു. എനിക്കതങ് സുഖിച്ചു.

തേങ്ങ തിരുമ്മാൻ കുറച്ചു പാട് പെട്ടു. പിന്നെ ഈസി അല്ലെ? അരപ്പ് ഒക്കെ ചേർത്ത് കിടിലൻ പുഴുക്ക് ഉണ്ടാക്കി. കൂടെ കാന്താരി ചമ്മന്തി തൈര് ചേർത്തത്. അത് വേറൊരു സുന്ദരി വിശദമായി പറഞ്ഞു തന്നു.

“സംഭവം കൊള്ളാമല്ലെടാ?” അച്ഛൻ അല്പം എടുത്തു കഴിച്ച് നോക്കി പറഞ്ഞു

ഉഗ്രൻ രുചി…

“ശ്ശോ നമുക്കെന്താ ദാസാ ഈ ബുദ്ധി നേരെത്തെ തോന്നാഞ്ഞേ?” ഞാൻ അച്ഛനോട് ചോദിച്ചു

“ഓരോന്നിനും ഓരോ സമയം ഉണ്ട് മോനെ ” അച്ഛൻ വികാരധീനനായി.

ആവി പറക്കുന്ന ചക്കപ്പുഴുക്കും കാന്താരിചമ്മന്തിയും കഴിച്ചിട്ട് അവളെന്നെ ഒരു നോട്ടം. ആരാധനയോടെ, എങ്ങനെ ഇതൊക്കെ എന്ന ഭാവത്തിൽ

ശാസ്ത്രജ്ഞൻമാര് റോക്കറ്റ് ഒക്കെ വിട്ടിട്ട് ലോകത്തെ നോക്കുന്ന പോലെ ഞാൻ അവളെയും…

ഇതൊക്കെ എനിക്ക് ഗ്രാസ്സ് ആണെടി ഗ്രാസ്സ്..

എന്നോട് കളിച്ചാലുണ്ടല്ലോ..

“അപ്പൊ നിങ്ങൾക്ക് രണ്ടിനും പാചകം അറിയാമല്ലേ?” അമ്മ ഞങ്ങളെ നോക്കി ചോദിച്ചു…

“അടുത്തത് മട്ടൻബിരിയാണി. ഉച്ചക്ക് അത് കഴിക്കാൻ റെഡി ആയി പോരെ ”

അച്ഛൻ വിദൂരതയിലേക്ക് നോക്കി ഗൗരവത്തിൽ അമ്മയോട്.

“അച്ഛാ..” ഞാൻ നിലവിളിച്ചു പോയി

“പോയി ഒരു കിലോ മട്ടൻ വാങ്ങിക്കൊണ്ട് വാടാ..” അച്ഛൻ വീണ്ടും അടുക്കളയിലേക്ക്

ഇങ്ങേർക്ക് ഭ്രാന്തായോ ഈശ്വര.. ഞാനിനി ഫുൾ ടൈം അടുക്കളയിൽ കിടക്കേണ്ടി വരുവോ എന്നോർത്ത് ഞാൻ പുറത്തേക്കും.. സന്തോഷം എന്താ എന്ന് വെച്ചാൽ ഏത് പണിക്കും ഞങ്ങൾ ആണുങ്ങളെ തോൽപ്പിക്കാൻ പറ്റുകേല മക്കളെ..

നിങ്ങൾ തന്നെയാ ഞങ്ങളെ ചീത്ത ആക്കുന്നെ..

ആണല്ലേ അത് ചെയ്യണ്ട.. ഇത് ചെയ്യണ്ട.. അത് പെണ്ണിന്റെ ജോലിയാ..

ഒരു കുന്തോം ഇല്ല.

എല്ലാം ഒരു പോലെയാ..

നള പാചകം എന്നാ പറയുക

ദമയന്തി പാചകം എന്നാരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ?

അതാണ്…

പിന്നെ നല്ല നാടൻ ചക്കപ്പുഴുക്ക് വേണമെങ്കിൽ വീട്ടിലോട്ട് പോരെ. തിന്നിട്ട് ഒരു റിവ്യൂ കാച്ചിയേര്.

അപ്പൊ അടുത്തത് മട്ടൻ ബിരിയാണി…

ഇത് ഞങ്ങൾ തകർക്കും. ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ.. അപ്പൊ ഞാനങ്ങോട്ട്…

Leave a Reply

Your email address will not be published. Required fields are marked *