ആദ്യത്തെ കുഞ്ഞായി അവൾ പിറന്നു വീണപ്പോൾ കിട്ടിയതിന്റെ ഇരട്ടി വാത്സല്യം ഒടുവിൽ പിറന്ന..

കള്ളൻ
(രചന: അനൂപ് കളൂർ)

“സ്വന്തം വീട്ടിൽ നിന്ന് കട്ട് തിന്നാൻ നാണം ഇല്ലാതെ പോയല്ലോടാ നിനക്ക്.

“പെണ്ണിന്റെ ഭാവം കണ്ടാൽ വീടിന്റെ ആധാരം ഞാൻ കട്ടോണ്ട് പോവാ തോന്നും”

” ഹോർലിക്‌സ് കലക്കി കുടിക്കുന്നതിന്റെ പത്തിരട്ടി ടേസ്റ്റ് ആണ് വാരി തിന്നുമ്പോൾ ഈ ചേച്ചിക്ക് ഒന്നും അറിയില്ല.

മുഖം കനപ്പിച്ചുള്ള അമ്മയുടെ വരവ് ഞങ്ങടെ തല്ലുകൂടൽ കേട്ടാണ്. അവധി ദിവസങ്ങളിൽ ഞങ്ങൾ മൂന്നും കൂടുമ്പോൾ പിന്നെ പറയണ്ട എപ്പോഴും കലപില ആവും ഇടക്കിടക്ക് പറയുന്നത് കേൾക്കാം മൂന്നും വീട്ടിൽ ഉണ്ടേൽ തലവേദന ആണെന്ന്..

ദേ അമ്മേ ഉണ്ണി അടുക്കളേലെ ഷെൽഫിൽ വലിഞ്ഞു കയറി ഹോർലിക്‌സ് പൗഡർ കട്ട് തിന്നുന്നു കണ്ടില്ലേ. .

“ടാ ചെക്കാ മര്യാദക്ക് താഴെ ഇറങ്ങിക്കോ .ഇത്‌ എവിടെ വെച്ചാലും നീ കണ്ടുപിടിക്കുമല്ലോ .

“അതങ്ങനെ അല്ലെ അമ്മേ കള്ളൻ മാർക്ക് എവിടെ എന്തുവെച്ചാലും കണ്ടുപിടിക്കാൻ വല്യേ കഴിവാണ്..

“നീ പോടീ ഉണ്ടക്കണ്ണീ, ന്നും വിളിച്ച് ചേച്ചിക്ക് ഒരു നുള്ളും കൊടുത്ത് അടുക്കളയിൽ നിന്നും ഒരു വിധം പുറത്തു ചാടി…

ബേക്കറി പലഹാരങ്ങൾ, രസ്ന, പാൽപ്പൊടി, ഹോർലിക്‌സ് മുതലായ വിഭാഗങ്ങൾ അടുക്കളേൽ എവിടെ വെച്ചാലും അതിൽ ഞാൻ ആരും കാണാതെ കൈ കടത്തും..

എത്ര ശ്രദ്ധിച്ചു ചെയ്താലും കുറ്റം കണ്ടുപിടിക്കാൻ വീട്ടിൽ ഒരു സി ഐ ഡി ഉണ്ട് എന്റെ ചേച്ചി പെണ്ണ്.വല്യേ കഴിവാണ് ആ കാര്യത്തിൽ അവൾക്ക്.വീട്ടിലെ എന്റെ പ്രധാന ശത്രുവും അവളാണ്..

ആദ്യത്തെ കുഞ്ഞായി അവൾ പിറന്നു വീണപ്പോൾ കിട്ടിയതിന്റെ ഇരട്ടി വാത്സല്യം ഒടുവിൽ പിറന്ന ഞാൻ വാങ്ങി കൂട്ടി.കുസൃതി തരങ്ങളിലൂടെയും വാശിയിലൂടെയും ആയിരുന്നു എല്ലാം.

ഞങ്ങളുടെ അടി തുടങ്ങുന്നത് ഭക്ഷണ മേശയിൽ നിന്നും ആവും ദിവസവും.മീനിനെ ഭാഗം വെക്കൽ ആവും വിഷയം അതിൽ നിന്നും അടിപിടിയും ആയി മാറും.

ഒടുവിൽ തലഭാഗം ചേച്ചിക്കും നടുഭാഗം എനിക്കും വാൽ ഭാഗം ഏട്ടനും എന്ന വിധി ആവും വരിക.വീട്ടിലെ ചെറ്യേ കുട്ടി എന്ന പരിഗണന മ്മള് കൊറച്ചൊക്കെ ദുരുപയോഗം ചെയ്തു ട്ടാ..

ഹോം വർക്ക് ചെയ്യാതെ ക്ഷീണം നടിച്ചു ചേച്ചീനെ കൊണ്ട് ചെയ്യിപ്പിക്കും ഓള് ഒരു പൊട്ടി ആയത് കൊണ്ട് മ്മ്‌ടെ കള്ളത്തരം പിടികിട്ടില്ല.എന്നെയും ഏട്ടനെയും പഠിപ്പിക്കാൻ ഉള്ള കഠിന തീരുമാനത്തിൻറെ ഫലമായി ഞങ്ങളെ ഹാളിൽ പൂട്ടിയിട്ടു പഠിപ്പിക്കൽ ആയിരുന്നു അടുത്ത തീരുമാനം.

ഏട്ടന്റെ കൂടെ പഠിത്തം എന്തിനാ അറിയോ.ന്റെ സംശയങ്ങൾ അവനോട് ചോദിച്ചു മനസ്സിൽ ആക്കാൻ,എന്നിട്ട് എന്തായി.

ഞാനും ഓനും കൂടെ ഹാളിൽ ചെറിയ ബോളും വാങ്ങി ദിവസോം രണ്ടര മണിക്കൂർ ക്രിക്കറ്റ് കളി അങ്ങട് തുടങ്ങി.

മടിയുള്ള ദിവസങ്ങളിൽ വയറുവേദനയുടെയും പനിയുടെയും പേര് പറഞ്ഞിട്ട് എടുത്ത എത്ര എത്ര അവധി ദിനങ്ങൾ…

“സ്വന്തം പറമ്പിലെ മാവിൽ മാങ്ങ ഉണ്ടേലും അന്യന്റെ മാവിലെ കട്ട് പൊട്ടിക്കുന്ന മാങ്ങയുടെ രുചി ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാ,

ഒരീസം സ്കൂൾ കഴിഞ്ഞു വരുമ്പോൾ മാവിൽ വലിഞ്ഞു കയറി മുകളിൽ എത്തിയപ്പോൾ ദേ മുതലാളി താഴെ നിൽക്കുന്നു.കട്ടക്ക് നിന്ന് ധൈര്യം തന്നു മാവിൽ കയറ്റിയ മ്മ്‌ടെ ചങ്ങായിമാരുടെ പൊടി പോലും കാണാനും ഇല്യ …

മുകളിലോട്ട് പോണോ താഴോട്ട് വരണോ അറിയാത്ത അവസ്ഥ .സ്നേഹം ഉള്ള സ്ഥലത്തിന്റെ ഉടമ ആയത് കൊണ്ട് മാങ്ങ കള്ളൻ എന്നുള്ള പേര് കിട്ടീല്യ.എന്തായാലും നീ റിസ്ക് എടുത്തത് അല്ലേന്നും പറഞ്ഞു .കൊറേ മാങ്ങയും തന്നുട്ടൊ ആ പാവം..

ഞങ്ങടെ ക്രിക്കറ്റ് ഗ്രൗണ്ടിന് അടുത്തുള്ള പച്ചക്കറി തോട്ടത്തിൽ നിന്നും നേരം ഇരുട്ടിയാൽ കാണാതെ ആയ എത്ര എത്ര വെള്ളരി പൂവലുകൾ…

ഗ്രൗണ്ടിനോട് ചേർന്ന തെങ്ങിൻ തോപ്പുകളിൽ നിന്നും കാണാതെ പോയ കരിക്കിൻ കുലകൾ ഇവയിലൊക്കെ മ്മ്‌ടെയും ചങ്ക്സിന്റെയും ഒട്ടു കുറയാത്ത പങ്ക് ഉണ്ടായിരുന്നു …

അമ്മേടെ പേഴ്‌സ് എവിടെ വച്ചാലും കണ്ടു പിടിക്കാനും കണ്ടാലും ഇല്ലേലും കേസില്ലാതെ മോഷണം നടത്താനും മ്മള് കേമൻ ആയിരുന്നു.

കാലങ്ങൾക്ക് കൂടെ കോലവും മാറി ,സ്‌പെഷ്യൽ ക്ലാസ് എന്നും പറഞ്ഞു ഒരേ വീട്ടിൽ നിന്നും പോയ രണ്ടു മഹാൻമ്മാർ സിനിമാ തിയേറ്ററിൽ വെച്ചു കണ്ടുമുട്ടിയപ്പോൾ.

വീട്ടിൽ ഈ കാര്യം അറിയാതിരിക്കാൻ അവിടെ വെച്ചു തന്നെ ഒത്തുതീർപ്പും നടത്തി.കള്ളതരങ്ങൾക്ക് കൂടെ പിറപ്പും പങ്കുചേർന്നു..

ജന്മം നൽകിയ നാട് വിട്ട് അന്നം നൽകുന്ന നാട്ടിൽ എത്തിയപ്പോഴോ .ചോറും കറിയും കുറച്ചൊക്കെ വെക്കാൻ അറിഞ്ഞിട്ടും ഒന്നും അറിയാത്ത കുഞ്ഞേർക്കൻ ആയി നിന്നു…

ഇതാവുമ്പോ സഹായി റോൾ മാത്രേ ഉള്ളു വേറെ പണിയൊന്നും ഇല്ലാലോ..മ്മളോടാ കളി…

കയ്യിൽ ഒന്നും ഇല്ലേലും മറ്റുള്ളവരുടെ സങ്കടം കേൾക്കുമ്പോൾ സഹായിച്ചു പണി വാങ്ങി വെക്കുമ്പോൾ ,ഒരിത്തിരി കള്ളത്തരങ്ങൾ ഒക്കെ അറിയണം എന്നാലേ മറ്റുള്ളവരുടെ കള്ളത്തരങ്ങൾ അറിയാൻ പറ്റൂന്ന് അമ്മടേം ചേച്ചിപെണ്ണിന്റെയും ഉപദേശം കേൾക്കാം…

അങ്ങനെ എത്ര നിമിഷങ്ങൾ ഓരോ ജീവിതത്തിലും എല്ലാവരിലും ഒരു കള്ളൻ ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം.

എങ്കിലും കാര്യം കാണാൻ മാത്രം അടുപ്പം നടിച്ചിട്ട് ശേഷം കറിവേപ്പില പോലെ എടുത്ത് കളയുന്ന ചില കള്ളൻ മാരെ കാണുമ്പോൾ ആണ് നമ്മൾ ഒക്കെ ചെയ്തത് ഒന്നും ആയിരുന്നില്ല എന്ന തിരിച്ചറിവ് വരുന്നത്..

Leave a Reply

Your email address will not be published. Required fields are marked *