ഈ കഴുത്തിൽ താലി ചാർത്താം എന്നുപറഞ്ഞു പോയ ആൾ പിന്നെ മടങ്ങി..

വൈകി വന്ന വസന്തം
(രചന: Anitha Raju)

ശാന്തിനിയും മകൾ നിളയും കൂടെ എത്ര ദിവസമായി ബാങ്കിൽ കയറി ഇറങ്ങ്യന്നു.

എല്ലാ പേപ്പറും ശെരി ആക്കി , പുതിയ മാനേജർ ഇന്നെങ്കിലും ഒന്നു വന്നാൽ മതി ആയിരുന്നു.. അമ്മയും മകളും പരസ്പരം ഇത് പറഞ്ഞു കൊണ്ടാണ് ബാങ്കിൽ ചെന്നത്…

ഒരു വിദ്യാഭ്യാസ ലോണിന് ഇത്ര ബുദ്ധിമുട്ടാണോ? എന്താ ചെയ്ക സഹിക്കുക തന്നെ.

അവർ ബാങ്കിൽ കേറി ചെന്ന ഉടൻ തന്നെ പ്യൂൺ പറഞ്ഞു ” പുതിയ സാർ ഇന്ന് ചാർജ് എടുത്തു കേട്ടോ കേറി കണ്ടോളു ”

സമാധാനം ആയി ഇനി മാനേജരുടെ ഒപ്പ് മാത്രം മതി..

അവർ മാനേജർ കാബിന്റെ അടുത്ത് ചെന്ന്, സാർ കമ്പ്യൂട്ടറിൽ എന്തോ ശ്രദ്ധയോടെ നോക്കുക ആണ് .
ശാന്തിനിയും നിളയും അകത്തു കടന്നു .

മേശ പ്പുറത്തു മാനേജരിന്റെ പേര് മഹാദേവൻ, ആ പേര് കണ്ടതും ശാന്തിനി ഒന്ന് ഞെട്ടി.. സാർ അവരെ നോക്കി …

മഹാദേവന്റെ കണ്ണുകൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല, തന്റെ മുൻപിൽ നിൽക്കുന്ന ശാന്തിനിയെ കണ്ടു .

വീണ്ടും ഒരു കൂടിക്കാഴ്ച ഒരിക്കലും അയാൾ പ്രതീക്ഷിച്ചതല്ല.. അയാൾ ഇരിക്കാൻ എതിർവശത്തു കിടന്ന കസേരക്ക് നേരെ കൈ ചുണ്ടി.

രണ്ടുപേരും ഇരുന്നു ശാന്തിനിക്കു തൊണ്ട വരാളുന്നപോലെ തോന്നി താൻ പോലും അറിയാതെ തന്റെ കണ്ണുകൾ നിറയുന്നത് അവൾ അറിഞ്ഞു .

പെട്ടന്ന് സാരി തലപ്പു കൊണ്ട് കണ്ണ് തുടച്ചു നിള കാണാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചു അവൾ.

മഹാദേവന് ശാന്തിനിയുടെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു . അയാൾ നിളയോട് വിവരം തിരക്കി.

നിള വിവരങ്ങൾ പറഞ്ഞു കയ്യിൽ ഇരുന്ന പേപ്പർ എല്ലാം അയാൾക്ക്‌ കൊടുത്തു.

അയാൾ എല്ലാം അപ്പോൾ തന്നെ പരിശോധിച്ച് എന്നിട്ട് നിളയോടായി പറഞ്ഞു ” ഇത്രെയും മതി ലോൺ എത്രയും വേഗം അനുവദിച്ചു തരാം…

അയാൾ ആ അപേക്ഷയിൽ നിന്നും ശാന്തിനിയുടെ മേൽവിലാസം പഴയതു തന്നെ എന്ന് മനസ്സിലാക്കി.

അവർ എഴുന്നേറ്റു ക്യാബിൻ ഡോർ തുറക്കാൻ നേരം ശാന്തിനി മകൾ കാണാതെ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി. അയാൾ അവളെ തന്നെ നോക്കി ഇരിക്കുന്നു..

നിള തന്റെ മുഖത്തോട്ടു നോക്കി ചോദിച്ചു എന്ത് പറ്റി അമ്മക്ക് , സാധാരണ അമ്മ ആണല്ലോ എല്ലാം പറയുന്നതു എന്നിട്ട് ഒന്നും മിണ്ടില്ല എന്നുമാത്രം അല്ല വിളറി വെളുത്തു ഇരിക്കുവരുന്നല്ലോ ?

എന്തുപറ്റി അമ്മ സുഖമില്ലേ? ഹേ ഒന്നുമില്ല മോളെ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. ശാന്തിനി അസ്വസ്ഥ ആയിരുന്നു. ഓർമ്മകൾ അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു.

ഒരാഴ്ചക്കുള്ളിൽ ലോൺ ശെരി ആയി .അത് അറിയിക്കാൻ എന്ന വ്യാജേന മഹാദേവൻ ശാന്തിനിയുടെ വീട്ടിൽ എത്തി . വീടിന്റെ മുൻവശത്തു ഒന്നും ആരെയും കണ്ടില്ല .

മുറ്റത്തു എത്തി തെക്കു വശത്തു താൻ അന്ന് താമസിച്ചിരുന്ന ഒറ്റമുറി വീട് . അതിന്റെ മുൻപിൽ നിള സ്റ്റിച്ചിങ് സെന്റർ എന്ന ഒരു ബോർഡ്‌ കണ്ടു . എന്നാൽ അവിടെ ആരും ഇല്ലന്ന് തോന്നുന്നു കതകു അടച്ചിട്ടേക്കുന്നു .

പ്രധാന വീടിന്റെ വാതുക്കൽ എത്തി മുൻവാതിൽ തുറന്നു കിടക്കുന്നു . അകത്തു സംസാരം കേൾക്കാം അമ്മയുടേയും മകളുടെയും..

വരാന്തയിൽ മാല ഇട്ടു വെച്ചിരുന്ന രണ്ടു ഫോട്ടോയിൽ കണ്ണുകൾ തടഞ്ഞു.

ഒന്ന് നേരത്തെ ഉള്ള പഴയ ഫോട്ടോ, ശാന്തിനിയുടെ അച്ചന്റെ അടുത്ത് തന്നെ അമ്മയുടെ ഫോട്ടോയും സ്ഥാനം പിടിച്ചിരിക്കുന്നു

താൻ അന്ന് കാണുമ്പോൾ വാർദ്ധക്യം ബ്ധിച്ചിട്ടില്ലാത്ത പ്രസരിപ്പോടെ ഓടി നടക്കുന്ന അമ്മ ആയിരുന്നു. അയാൾ ഓർത്തു വർഷം ഒന്നും രണ്ടും അല്ല പത്തൊൻമ്പത് വർഷം കടന്നു പോയി….

അയാളുടെ കണ്ണുകൾ ഭിത്തിയിൽ പരതി നടന്നു ശാന്തിനിയുടെ വിവാഹ ഫോട്ടോക്കായി എന്നാൽ കണ്ടില്ല അവിടെങ്ങും. അതാ നിള മുൻവശത്തേക്ക് വന്നു.

അയാളെ കണ്ടതും അവൾ “” അയ്യോ സാർ എപ്പോൾ വന്നു അറിഞ്ഞില്ല . ” എന്നിട്ട് അകത്തോട്ടു നോക്കി അമ്മാ വേഗം വന്നേ ബാങ്കിലെ സാർ… ശാന്തിനി സാവകാശം നടന്നു വന്നു .

മഹാദേവനെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു. അത് പുറത്തു കാണിക്കാതെ വരാന്തയിൽ കയറി ഇരിക്കാൻ ക്ഷണിച്ചു. അയാൾ കയറി ഇരുന്നു… എന്തൊക്കെയോ അയാൾക്ക്‌ ചോദിക്കണം എന്ന് ഉണ്ട് പക്ഷെ നിള….

നിളയെ ചായ ഉണ്ടാക്കാൻ ശാന്തിനി പറഞ്ഞു വിട്ടു… പഴയ ശാന്തിയും മഹിയും മാത്രം ആയി അവിടെ..

ശാന്തിയുടെ ഭർത്താവ് എവിടെ? അവൾ മറുപടി ഒന്നും പറഞ്ഞില്ല.. നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളോ ഇവിടെ? അതെ എന്ന് മറുപടി…

ശാന്തി എന്താ എന്നോട് ഒന്നും ചോദിക്കത്തെ? ആ ചോദ്ധ്യത്തിന് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..

പിന്നെ നിശബ്ദത അപ്പോഴേക്കും നിള ചായയുമായി എത്തി. യാത്ര ചോദിച്ചു മഹി ഇറങ്ങുമ്പോൾ മസ്സിൽ ഒരു പാട് ചോദ്യങ്ങളും അതിലുപരി അങ്ങോട്ട് പറയാൻ ഉള്ള ഉത്തരങ്ങളും ഉണ്ടായിരുന്നു .

നിള ഉള്ളപ്പോൾ ഒന്നും പറയാൻ പറ്റില്ല അവൾ കോളേജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥി അല്ലെ? മുതിർന്ന കുട്ടി .

അടുത്ത ദിവസം മഹി ബാങ്കിൽ നിന്ന് നേരത്തെ ഇറങ്ങി ശാന്തിനിയുടെ വീടാരുന്നു ലക്ഷ്യം. അവിടെ എത്തി നിള സ്റ്റിച്ചിംഗ് സെന്റർ തുറന്നു കിടക്കുന്നു അതിൽ ആരൊക്കെയോ ഇരിപ്പുണ്ട്.

അങ്ങോട്ട് നടന്നു ചെന്ന് തന്നെ കണ്ടപ്പോൾ ശാന്തി ഇറങ്ങി വന്നു. അങ്ങോട്ട് ഒന്നും ചോദിക്കുന്നതിനു മുൻപേ അവൾ പറഞ്ഞു കുറച്ചു പേര് തുന്നൽ പഠിക്കാൻ വരുന്നുണ്ട് .

ഈ വരുമാനവും പറമ്പിലെ കുറച്ചു നാളീകേരവും കൊണ്ട് ഒരുവിധം തട്ടിമുട്ടി പോകുന്നു തുടർന്ന് ” നിള പഠിക്കാൻ മിടുക്കി ആണ് അതുകൊണ്ടാണ് ലോൺ എടുത്തു പഠിപ്പിക്കാം എന്ന് വിചാരിച്ചതു,

ആകെ പ്രതീക്ഷ അവളാണ് പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത ആക്കണം എന്റെ ഗതി അവൾക്കു വരരുത്, വെളുത്തത് എല്ലാം പാല് എന്ന് വിശ്വസിച്ച എന്റെ ഗതി ” അത്രയും പറഞ്ഞു ശാന്തി നിർത്തി.

മഹി വരാന്തയിൽ കയറി ഇരുന്നു നിശബ്ധത യെ ഭേദിച്ചുകൊണ്ട് അയാൾ ചോദിച്ചു അപ്പോൾ ശാന്തിയുടെ ഭർത്താവ്? ജീവിച്ചിരുപ്പില്ലേ? ഉണ്ട്.. അവൾ പറഞ്ഞു.
മഹി വാചാലനായി.

അന്ന് ഒന്നും പറയാതെ പോകാനുണ്ടായ കാരണം ” ശാന്തിയോട് അന്ന് ഞാൻ പറഞ്ഞിട്ടില്ലാരുന്നോ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ട്ടപെട്ട എന്നെ

വളർത്തി വിദ്യാഭ്യാസം ചെയ്യിച്ചു ബാങ്കിൽ ജോലി വാങ്ങി തന്ന അമ്മാവനെ പറ്റി… അമ്മയുടെ ഒരേഒരു സഹോദരൻ….. ഹും അവൾ മൂളി….

മഹി തുടർന്ന് ആ അമ്മാവന് ഒരേ ഒരു മകളെ ഉള്ളായിരുന്നു ചെറിയ രീതിയിൽ ബുദ്ധി മാന്ദ്യം ഉള്ള കുട്ടി , ധാനികനായ അമ്മാവൻ ആവശ്യത്തിലേറെ പൊന്നും പണവും കൊടുത്തു ഒരു ഡോക്ടറെ മോൾക്ക്‌ വരാനായി വാങ്ങി കൊടുത്തു .

എന്നാൽ ആ ദാമ്പത്യം ആറുമാസമേ ഉണ്ടായിരുന്നുള്ളു , ഡോക്ടർ അപകടത്തിൽ മരിച്ചു . ഡോക്ടർ മരിക്കുമ്പോൾ അവൾ മൂന്നുമാസം ഗർഭിണി ആയിരുന്നു.

അമ്മാവന്റെ മരുമകന്റെ മരണവാർത്ത അറിഞ്ഞാണ് താൻ പെട്ടന്ന് പോയത്…

മരണത്തിനു ശേഷം ദേവു ( അമ്മാവന്റെ മകൾ ) അവിടെ നിൽക്കാൻ താല്പര്യം കാണിച്ചില്ല അവൾ ഞങ്ങൾക്കൊപ്പം തറവാട്ടിലേക്കു തിരിച്ചു പൊന്നു .. അമ്മാവനു അവളുടെ ദുരവസ്ഥ വേദനജനക മായിരുന്നു…

ഭർത്താവിന്റെ പെട്ടന്നുള്ള മരണം ദേവൂനെ സമനില തെറ്റിക്കും എന്ന ഭയമായിരുന്നു എല്ലാവർക്കും.

ഒരാഴ്ച കഴിഞ്ഞു താൻ ജോലിക്കു കേറാൻ തിരിച്ചു വരാൻ ഒരുങ്ങിയപ്പോൾ അമ്മാവൻ തന്റെ മുൻമ്പിൽ കൈകൂപ്പി യാചിച്ചു മകൾക്കു ഒരു ജീവിതം നൽകാൻ…

മാതാപിതാക്കൾ നഷ്ട്ടപെട്ട തന്നെ തനാക്കിയതിന്റെ കടമ, മനുഷ്യത്വും എല്ലാം നിരത്താൻ തുടങ്ങി…. ചക്ര വ്യഹത്തിൽ അകപ്പെട്ട അഭിമന്യു നെ പോലെ താനും നട്ടം തിരിഞ്ഞു കടപ്പാടിന്റെയും കണക്കു പറച്ചിലിന്റെയും നടുവിൽ…

ഈ അവസ്ഥയിൽ ഇനി ദേവൂനെ ആര് സ്വീകരിക്കാൻ ആ സത്യം തനിക്കും അറിയാം.

ഒടുവിൽ താൻ സ്വയം ബലി അർപ്പിക്കാൻ തീരുമാനിച്ചു ശാന്തിടെ മഹിയേട്ടനെ ഞാൻ കുഴിച്ചുമൂടി എന്റെ മനസ്സിൽ. അമ്മാവന്റെ സ്വാധീനം ഉപയോഗിച്ച് അവിടെ അടുത്തുള്ള ബാങ്കിൽ സ്ഥലം മാറ്റവും വാങ്ങി തന്നു..

ശാന്തിയെ വന്നു കാണനോ , പറയാനോ ഉള്ള ധൈര്യം ഇല്ലായിരുന്നു. “എന്നെ വിശ്വസിച്ചു ഒരുപെണ്ണിന്റെ മനസ്സും ശരീരവും തന്നു എനിക്ക് എന്നിട്ട് ഞാൻ……. ”

മഹി പറഞ്ഞു നിർത്തി.. നിശബ്ദത ഭേദിച്ചുകൊണ്ട് മഹി തുടർന്ന് ഇപ്പോഴാണ് എന്റെ മനസ്സിന്റെ ഭാരം ഒന്ന് കുറഞ്ഞത്.

ദേവു ഒരു ആൺകുഞ്ഞിന് ജന്മം നൽകി അവൾ മരണ രഥത്തിൽ കയറി പോയി.. മരിക്കുന്നതിന് മുൻപ് അവൾ ഒന്നേ ആവശ്യ പെട്ടുള്ളു കുഞ്ഞിനെ പൊന്നുപോലെ വളർത്തണേ എന്ന്.

ജന്മം കൊടുത്തില്ലെങ്കിലും കർമ്മം കൊണ്ട് അച്ഛൻ ആകാൻ കഴിയുമെന്ന് ഞാൻ പഠിച്ചു ജീവിതം എന്നെ പഠിപ്പിച്ചു. രാഹുൽ അവൻ ഇന്ന് എന്റെ എല്ലാം ആണ്. ഇപ്പോൾ കോളേജ് വിദ്യാർഥി ആണ് എന്റെ മോനും.

ശാന്തി സമയം കുറെ ആയി ഞാൻ ഇറങ്ങട്ടെ മഹി യാത്ര പറഞ്ഞു ഇറങ്ങാൻ നേരം , തിരിഞ്ഞു നിന്ന് അവളോട്‌ ചോദിച്ചു.

ഭർത്താവ് ഉണ്ടന്ന് അല്ലെ പറഞ്ഞത് പിന്നെ എന്തെ ഈ കഴുത്തു ഒഴിഞ്ഞു കിടക്കുന്നു , സീമന്ത രേഖയിൽ സിന്ദൂരം ഇല്ല…

ശാന്തി മറുപടി പറഞ്ഞു “ഈ കഴുത്തിൽ താലി ചാർത്താം എന്നുപറഞ്ഞു പോയ ആൾ പിന്നെ മടങ്ങി വന്നില്ല.. അപ്പോൾ നിള യുടെ അച്ഛൻ… മഹി ആകാംഷയോടെ തിരക്കി…

കാണണോ നിളയുടെ അച്ഛനെ? ശാന്തി ചോദിച്ചു… അവൾ മഹിയുടെ നേർക്കു വിരൽചുണ്ടി…

അവൾ തുടർന്ന് മഹിയേട്ടൻ പോയി കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് .

അമ്മ ഈ കുഞ്ഞിനെ ന ശി പ്പിക്കാൻ കുറെ നിർബന്ധിച്ചു ഞാൻ സമ്മതിച്ചില്ല , നാട്ടുകാരുടെയും, ബന്ധുക്കളുടെയും പരിഹാസത്തിനു നടുവിൽ ഞാൻ മോൾക്ക്‌ ജന്മം നൽകി… മഹിയേട്ടന്റെ സ്ഥാനത്തു മറ്റൊരാൾ ആലോചിക്കാൻ കഴിയില്ലാരുന്നു….

“ശാന്തി ഈ കഴുത്തിൽ ഞാൻ താലി ചാർത്തട്ടെ “.

നിള തീരുമാനിക്കട്ടെ പിഴച്ച സന്തതി എന്ന ഓമനപ്പേര് എന്റെ മകൾ കുറെ കേട്ടതല്ലേ, എന്നിട്ടും അവൾ ഒരു വാക്ക് കൊണ്ടുപോലും എന്നെ വേദനിപ്പിക്കുകയോ, അച്ഛൻ ആരെന്നു ചോദിച്ചു ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല …..

മഹി പോകുന്നത് ശാന്തി നോക്കി നിന്ന് അടുത്ത ദിവസം കോളേജിൽ നിന്ന് കുറച്ചു നേരത്തെ ഇറങ്ങിയ നിള ബാങ്കിൽ ചെന്ന് മാനേജരോട് ചോദിച്ചു

“എന്റെ അമ്മയുടെ ഒഴിഞ്ഞു കിടക്കുന്ന കഴുത്തിൽ ഒരു താലി ചാർത്തി ക്കുടെ അച്ഛാ… മഹി മകളെ ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മവച്ചു… പിതൃ വാത്സല്യം അവൾ ആദ്യമായി അറിഞ്ഞു… നിള മനസ്സിൽ പറഞ്ഞു ”

കുറച്ചു വൈകി ആണെങ്കിലും എന്റെ അമ്മയുടെ ജീവിതത്തിലും വസന്തം വന്നു…

Leave a Reply

Your email address will not be published. Required fields are marked *