പെണ്‍കുട്ടിയാണ്, ഇനി നിങ്ങള്‍ സമ്പാദിക്കണം കെട്ടിച്ചു വിടണ്ടേ അവള്‍ പറഞ്ഞു..

പേരന്റ്സ്‌
(രചന: Anish Francis)

“നമുക്കൊരു കുഞ്ഞുണ്ടാകാന്‍ പോകുന്നു.” ഒരു ദിവസം രാത്രി അവള്‍ അയാളോട് പറഞ്ഞു. അയാള്‍ ജോലി കഴിഞ്ഞു വന്നതേയുണ്ടായിരുന്നുള്ളു.

“എന്നിട്ടെന്താ നേരത്തെ വിളിച്ചു പറയാഞ്ഞത് ? ഞാന്‍ മധുരം വാങ്ങി വന്നേനെ..” അയാള്‍ ആവേശത്തോടെ പറഞ്ഞു.

അയാളുടെ സന്തോഷം കണ്ടു അവളുടെ മനസ്സ് നിറഞ്ഞു.

അവള്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടി വസ്ത്രങ്ങള്‍ നെയ്തു.

അയാളാകട്ടെ എല്ലാ ദിവസവും ഓഫിസില്‍നിന്നും പരമാവധി നേരത്തെ വരാന്‍ ശ്രമിക്കും.

വീട്ടുജോലികളില്‍ അവളെ സഹായിക്കും. അവള്‍ സ്നേഹപൂര്‍വം തടയാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ പറയും.

“സാരമില്ല. നമ്മുടെ കുഞ്ഞിനു വേണ്ടിയാണ്. നമ്മുടെ രണ്ടുപേരുടെയും ജീവനാണ് നിന്റെ വയറ്റില്‍..”

പത്തുമാസം എത്ര വേഗമാണ് കടന്നുപോയത് . ഓരോ ദിവസവും രണ്ടു പേരുടെയും മനസ്സില്‍ കുഞ്ഞിനോടുള്ള സ്നേഹം വളര്‍ന്നുകൊണ്ടിരുന്നു.

“എനിക്കെന്റെ പൊന്നിനെ കാണാന്‍ കൊതിയായി.” അവളുടെ വയറ്റില്‍ ഉമ്മവച്ചു കൊണ്ട് അയാള്‍ പറയും.

“എനിക്കും. എന്റെ ഇനിയുള്ള ജീവിതം കുഞ്ഞിനാ. കുഞ്ഞു വന്നു കഴിയുമ്പോള്‍ എന്റെ സ്നേഹം കുറഞ്ഞെന്നു പറഞ്ഞു പരിഭവിക്കരുത്.” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇതുതന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത് .”

അവളുടെ കവിളില്‍ നുള്ളി അയാളും പറഞ്ഞു.

ഡേറ്റായി. ചില സങ്കീര്‍ണ്ണതകള്‍ ഉള്ളതുകൊണ്ട് സിസേറിയന്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. ജീവിതത്തിലിതുവരെ അനുഭവിക്കാത്ത ഒരു ആധി അയാളെ ഗ്രസിച്ചു.

“ഓപ്പറേഷന്‍ സമയത്ത് ഞാനും കൂട്ടിരിക്കട്ടെ ?” അയാള്‍ ചോദിച്ചു.

“വേണ്ട. നമ്മുടെ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി. ഇനി നമ്മള്‍ കുഞ്ഞിനു വേണ്ടിയല്ലേ ജീവിക്കുന്നത് ?” അവള്‍ ചോദിച്ചു.

സര്‍ജറിയുടെ സമയത്ത് അയാള്‍ ആശുപത്രിയിലെ ചാപ്പലില്‍ പോയി മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ചു.

സര്‍ജറി കഴിഞ്ഞതിനുശേഷം അവളെ മുറിയിലേക്ക് കൊണ്ടുവന്നു. കണ്ണ് തുറന്നയുടന്‍ അവള്‍ കുഞ്ഞിനെ അന്വേഷിച്ചു.

“നിങ്ങളുടെ കുഞ്ഞിനു ചെറിയ ശ്വാസതടസ്സമുണ്ട്. ഭയപ്പെടാന്‍ ഒന്നുമില്ല. ഒരു മണിക്കൂര്‍ ഒബ്സര്‍വേഷനില്‍ വയ്ക്കാന്‍ ഐ. സി. യുവിലെക്ക് കൊണ്ടു പോയിരിക്കുകയാണ്.

“മുറിയിലേക്ക് കയറി വന്ന നഴ്സ് ആശ്വസിപ്പിച്ചു.

അപ്പോഴേക്കും അയാള്‍ ചാപ്പലില്‍ നിന്ന് മടങ്ങിയെത്തി.

“കുഞ്ഞിനു എന്തെങ്കിലും പ്രശ്നം ?” അയാള്‍ ആധിയോടെ തിരക്കി.

“ഒരു പ്രശ്നവുമില്ല. കുഞ്ഞിനെ ഉടനെ കൊണ്ടുവരും.” നഴ്സ് പറഞ്ഞു.

അയാള്‍ ഭാര്യയുടെ അരികിലിരുന്നു അവളുടെ കരങ്ങള്‍ കവര്‍ന്നു.

“സാരമില്ല. ഇനി ഈ ജീവിതം മുഴുവന്‍ കുഞ്ഞു നമ്മുടെ കൂടെയുണ്ടല്ലോ..” അയാള്‍ ആശ്വസിപ്പിച്ചു.

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ മറ്റൊരു നഴ്സ് കുഞ്ഞുമായി മുറിയിലേക്ക് വന്നു. അവര്‍ പുഞ്ചിരിച്ചുകൊണ്ട് ഒരു പെണ്‍കുഞ്ഞിനെ അമ്മയുടെ അരികില്‍ കിടത്തി.

അമ്മ കുഞ്ഞിനെ ആര്‍ത്തിയോടെ ഉമ്മ വച്ചു. പിന്നെ അയാളുടെ കരങ്ങളിലേക്ക് കുഞ്ഞിനെ വച്ചു.

ഒരു വലിയ പഞ്ഞിക്കെട്ടു പോലെ.. മകളുടെ ചൂട് നെഞ്ചില്‍ പറ്റിയപ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു.

അതുകണ്ട് അവളുടെയും. പെട്ടെന്ന് കുഞ്ഞു കരഞ്ഞു. അപ്പോള്‍ അയാള്‍ അമ്മയുടെ അരികിലേക്ക് കുഞ്ഞിനെ കിടത്തി.

“നിന്നെ ഞങ്ങള്‍ പൊന്നുപോലെ നോക്കും.” അയാള്‍ കുഞ്ഞിന്റെ നെറ്റിയില്‍ തലോടിക്കൊണ്ട് പറഞ്ഞു.

“പെണ്‍കുട്ടിയാണ്. ഇനി നിങ്ങള്‍ സമ്പാദിക്കണം .കെട്ടിച്ചു വിടണ്ടേ ”അവള്‍ പറഞ്ഞു.

“ഹേയ്..ആ കണ്ണ് കണ്ടില്ലേ … വാശിക്കാരിയാ .സ്ത്രീധനം ഇല്ലാതെ കെട്ടാന്‍ വരുന്നവര് വന്നാല്‍ മതി എന്ന് ഇവള്‍ പറയും.”

“നിനക്ക് വേണ്ടി ഞാനന്റെ ജീവന്‍ തരും. എന്റെ തങ്കക്കുടം…”അവള്‍ കുഞ്ഞിനെ വീണ്ടും ഉമ്മവച്ചു.

“എന്തായാലും ഷെയര്‍ കിട്ടിയ തുക ഇന്ന് തന്നെ ഇവളുടെ പേരില്‍ ബാങ്കിലിടണം ..പിന്നെ മാസാമാസം സേവിംഗ്സും..” അയാള്‍ ഉറപ്പിച്ചു.

“എന്റെ ഗോള്‍ഡ്‌ ലോക്കറില്‍ വച്ചോ..ഇവളെ കെട്ടിക്കാന്‍ നേരം എടുത്താല്‍ മതി.” അവള്‍ പറഞ്ഞു.

അയാള്‍ മതിവരാതെ വീണ്ടും കുഞ്ഞിനെ നെഞ്ചോട്‌ ചേര്‍ത്തു.

“എന്റെ മോളെ..എന്റെ ജീവിതം മുഴുവന്‍ ഇനി നിനക്കാ ചക്കര വാവേ..” അയാള്‍ കുഞ്ഞിന്റെ ചെവിയില്‍ മന്ത്രിച്ചു.

രണ്ടാളും കുഞ്ഞിനെ ഓമനിക്കുന്നതിനിടയില്‍ റൂമിന്റെ വാതില്‍ തുറന്നു മറ്റൊരു നഴ്സ് അകത്തു കടന്നു. അവരുടെ കയ്യില്‍ ഒരു കുഞ്ഞുണ്ടായിരുന്നു.

‘ക്ഷമിക്കണം. കുഞ്ഞിനെ മാറിപ്പോയി. ഐ. സി. യുവില്‍ പറ്റിയ ഒരു അബദ്ധമാണ്. നിങ്ങളുടേത് ആണ്‍കുട്ടിയാണ്.” അവര്‍ പറഞ്ഞു.

നഴ്സ് ആ കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി.

എന്നിട്ട് അവര്‍ അതുവരെ ഓമനിച്ചു കൊണ്ടിരുന്ന പെണ്‍കുഞ്ഞിനെ എടുത്തു വേഗം തിരിച്ചു നടന്നു.

ഭാര്യയും ഭര്‍ത്താവും അമ്പരന്നു പരസ്പരം നോക്കിയിരുന്നു.

“എന്റെ ജീവനാ നീ..” ഭര്‍ത്താവ് ആ കുഞ്ഞിനെ നോക്കി യാന്ത്രികമായി പറഞ്ഞു. ഇപ്രാവശ്യം അയാളുടെ ശബ്ദം താഴ്ന്നിരുന്നു.

“എന്റെ ജീവിതം നിനക്ക് വേണ്ടി..” അവളും പറഞ്ഞു തുടങ്ങി. പെട്ടെന്ന് പറച്ചില്‍ നിര്‍ത്തി അവള്‍ വാതില്‍ക്കലേക്ക് നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു.

“സിസ്റ്റര്‍ ഇത് തന്നെയാണ് ഞങളുടെ കുഞ്ഞെന്ന് ഉറപ്പാണല്ലോ..അല്ലെ…”

അത് കേട്ടാവണം ഉറങ്ങിക്കിടന്ന കുഞ്ഞു വാവിട്ടു കരയാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *