അച്ഛനെയാണെനിക്കിഷ്ടം
(രചന: Aneesha Sudhish)
“സച്ചീ വിട് ആരെങ്കിലും കണ്ടാൽ ”
“നീയെന്തു പറഞ്ഞാലും ഞാൻ വിടില്ല”
“നമ്മളെ ഈ നേരത്ത് ഇങ്ങനെ കണ്ടാൽ ആളുകൾ എന്തൊക്കെയാ പറഞ്ഞുണ്ടാക്കാ ”
“എന്റെ മീനു ഇത്രക്ക് പേടിച്ചാലോ ഇപ്പോൾ ഇവിടെ ആരു വരാനാ ?”
“സച്ചീ ആരോ വരുന്നുണ്ട് എന്നെ വിടൂ പ്ലീസ്”
“ആര് വന്നാലും എനിക്ക് പ്രശ്നമല്ല. വിളിച്ചാൽ കിട്ടുന്നില്ല. നേരിട്ട് കണ്ടിട്ടും കാണാത്ത പോലെ പോകുന്നു. എത്ര ദിവസമായി നീയെന്നെ അവഗണിക്കുന്നു അതിന്റെ കാരണം ഇന്നെനിക്കറിയണം”
“ഞാൻ പറയാം ആദ്യം നീയെന്നെ ഒന്നു വിടു എനിക്ക് ശ്വാസം മുട്ടുന്നു. ”
അവന്റെ കൈകൾ ഒന്നയഞ്ഞു.
“നിനക്ക് എന്താ അറിയേണ്ടത് ? ഞാൻ നിന്നെ അവഗണിക്കുന്നത് എന്തിനാണെന്നോ ?” നിന്നെ എനിക്കിഷ്ടമാ എന്റെ ജീവനേക്കാളേറെ ഒരിക്കലും പിരിയാൻ വയ്യ പക്ഷേ വീട്ടുക്കാർ …. അവരെ വേദനിപ്പിക്കാൻ എനിക്കാവില്ല. ”
“പിന്നെ എന്താലോചിച്ചാ അന്ന് നീ ഇഷ്ടാണെന്ന് പറഞ്ഞത്. അന്നെന്താ നിന്റെ വീട്ടുക്കാർ കാശിക്ക് പോയിരുന്നോ അതോ ആകാശത്തു നിന്നും ഇപ്പോൾ പൊട്ടി മുളച്ചതാണോ ?” സച്ചിക്ക് ദേഷ്യം വന്നു.
“അതൊന്നും എനിക്കറിയില്ല എന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്നും അറിയില്ല ഒരു നൂറു ജന്മം സച്ചീടെ പെണ്ണായി തന്നെ ജീവിക്കണമെന്നാ എനിക്കാഗ്രഹം.
സച്ചീടെ ഭാര്യയായി നിന്റെ കുട്ടികളുടെ അമ്മയായി …. പക്ഷേ എന്റെ അച്ഛൻ സമ്മതിക്കില്ല നീയുമായുള്ള ബന്ധത്തിന്”
“നീ എന്തൊക്കെ പറഞ്ഞാലും ശരി നിന്നെ വിട്ട് ഞാൻ പോവില്ല. ഈ സച്ചിക്കൊരു പെണ്ണുണ്ടെങ്കിൽ അതീ മീനുട്ടിയായിരിക്കും മറ്റാർക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല..”
“നിന്റെ അപ്പൻ ആ ശശി പോലീസിനോട് പറഞ്ഞേക്ക് മോൾക്ക് വേറെ ചെക്കനെ ആലോചിക്കണ്ടാന്ന് . പിന്നെ നിന്നെ വേറെ കെട്ടിക്കാന്ന് നിന്റെ അച്ഛന് വല്ല ചിന്തയുമുണ്ടെങ്കിൽ അങ്ങേര് വെറും ശശിയായി ഇരിക്കത്തേയുള്ളൂ ”
“സച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛനെ ഇങ്ങനെ പുച്ഛിക്കരുതെന്ന്. ”
“നിന്റെ അച്ഛന്റെ പേര് ശശി ആയത് എന്റെ കുറ്റം കൊണ്ടാണോ ?”
“പ്ലീസ് സച്ചീ നീ ഇപ്പോ പോ അച്ഛനും അമ്മയും ഉറങ്ങിയിട്ടില്ല..” ഇപ്പോൾ തന്നെ അവർക്കെന്തൊക്കെയോ സംശയങ്ങളുണ്ട് ഫോൺ വരെ വാങ്ങിച്ചുവച്ചു. ” അവളുടെ കണ്ണു നിറഞ്ഞു
” അത് നിന്റെ കൈയ്യിലിരിപ്പു കൊണ്ടാ … ടീ പോത്തേ കക്കാൻ പഠിച്ചാൽ മാത്രം പോരാ നിൽക്കാനും പഠിക്കണം.
ഒരാളെ പ്രേമിച്ചാൽ മാത്രം പോരാ ആ പ്രേമം കാത്തുസൂക്ഷിക്കാനും വേണം ഒരു കഴിവ് . ഒരു മണ്ടിയെ ആണല്ലോ ഈശ്വരാ ഞാൻ പ്രേമിച്ചത് ?”
സച്ചി തലയിൽ കൈവെച്ച് കൊണ്ട് പറഞ്ഞു.
“കോളേജിൽ പോകും വഴി നമ്മുക്ക് കാണാം സച്ചീ നീ ഇപ്പോ ഒന്നു പോ”
“ശരി ഞാനിപ്പോൾ പോകാം നാളെ എന്നെ കാണാത്ത പോലെ പോയാൽ …. ബാക്കി ഞാൻ പറയുന്നില്ല”
സച്ചി പോകാനൊരുങ്ങി..
“അല്ല മീനു ,ഞാനിപ്പോൾ പോണോ നിന്റെ ആഗ്രഹം തീർത്തിട്ട് … ” അവൻ ഒരു കള്ള ചിരിയോടെ അവളുടെ അരികിലേക്ക് നടന്നു..
“എന്താഗ്രഹം ”
നീ കുറച്ച് മുമ്പ് പറഞ്ഞില്ലേ എന്റെ കുട്ടികളുടെ അമ്മയാവണംന്ന് അതങ്ങ് തീർത്താലോ ” അവൻ അവളുടെ അരികിലേക്ക് നടന്നു.
“വേണ്ട സച്ചീ, നീ പോ”
“എന്നാലും ”
“ഞാൻ നിന്റെ കാലു പിടിക്കാം ഒന്നു പോയി തരോ അവൾ അപേക്ഷാ ഭാവത്തിൽ പറഞ്ഞു…
“എന്തായാലും വന്ന സ്ഥിതിക്ക് ഒരുമ്മയെങ്കിലും തരാതെ പോയാൽ അതു മോശമല്ലേ ? “അതും പറഞ്ഞ് സച്ചിയവളെ വലിച്ച് ചുമരിനോട് ചേർത്തു നിർത്തി ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..
ചുറ്റും ചിത്രശലഭങ്ങൾ പറക്കുന്നതു പോലെ തോന്നി മീനുവിന് … ശരീരത്തിലൂടെ ഒരു മിന്നൽ പോയതു പോലെ …
തനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നതു പോലെ… പതുക്കെ അവളവനെ പുണർന്നു… അവളുടെ മിഴികൾ കൂമ്പി.. കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി…
സച്ചി പതുക്കെ ചുണ്ടുകൾ വേർപ്പെടുത്തി. അവന്റെ കുസൃതി നിറഞ്ഞ നോട്ടം കണ്ടപ്പോൾ അവളുടെ മുഖം നാണത്താൽ കുനിഞ്ഞു.
“ബാക്കി നമ്മുടെ ആദ്യ രാത്രിയിൽ
ഇനി എനിക്ക് പോവാലോ അല്ലേ അപ്പോൾ നാളെ കാണാം നിനക്കൊരു കിടിലൻ സർപ്രൈസ് ഞാൻ ഒരുക്കിയിട്ടുണ്ട് …..” അവൻ പോകാനൊരുങ്ങി
“സച്ചീ അഥവാ നിനക്കെന്നെ നഷ്ടപ്പെട്ടാൽ ?….
“നീയെന്റെ പെണ്ണാ … നിന്നെ ഞാനാർക്കും വിട്ടു കൊടുക്കില്ല… ഈ സച്ചി ഒരാളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ജീവിതക്കാലം മുഴുവൻ ഭാര്യയായി കൂടെ പൊറുപ്പിക്കാനാ അല്ലാതെ കാര്യം സാധിച്ച് കടന്നു കളയാനല്ല…”
സച്ചിയുടെ ഉറച്ച വാക്കുകളായിരുന്നത്.
“അല്ലാ നീയെങ്ങനെയാ റൂമിൽ കടന്നത് ? മീനു സംശയത്തോടെ ചോദിച്ചു..
“അടുക്കള ഭാഗത്തെ ഓട് പൊളിച്ച് ”
അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു..
“നാളെ കാണാട്ടാ… നല്ല മധുര സ്വപ്നങ്ങൾ കണ്ട് ഉറങ്ങിക്കോ ഗുഡ് നൈറ്റ്
“ഗുഡ് നൈറ്റ് സച്ചീ”
ആ രാത്രി അവൾക്കുറങ്ങാൻ സാധിച്ചില്ല…. അവൻ നൽകിയ സമ്മാനം അവളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ അച്ഛനെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ രണ്ടുപേരെയും തനിക്ക് നഷ്ടപ്പെടുത്താനാവില്ല.
സച്ചിയെ മറന്ന് ഒരു ജീവിതം തനിക്കില്ല. അതുപോലെ തന്നെ അച്ഛനെ വേദനിപ്പിച്ചൊരു ജീവിതവും വേണ്ട..
പിറ്റേന്ന് കോളേജിലേക്ക് പോകാനിറങ്ങിയപ്പോഴാണ് സ്റ്റേഷനിൽ പോയ അച്ഛൻ തിരികെ വരുന്നത് അവൾ കണ്ടത്.
“നീയിനി കോളേജിൽ പോകണ്ട കേറിപ്പോ അകത്ത് ” അയ്യാൾ അതും പറഞ്ഞ് അവളെ കൈയിൽ പിടിച്ച് അകത്തേക്ക് കയറി
അവൾക്കൊന്നും മനസ്സിലായില്ല…
“എന്താ അച്ഛാ കാര്യം ” അയ്യാൾ അവളെ രൂക്ഷമായൊന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
അമ്മയും അച്ഛനും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആരും അവളോട് ഒന്നും പറഞ്ഞില്ല.. അവരുടെ മൗനം അവളെ കൂടുതൽ വേദനിപ്പിച്ചു…
റൂമിൽ പോയി കരഞ്ഞു. സച്ചിയുമായുള്ള ബന്ധം അച്ഛനറിഞ്ഞു കാണും അവൻ ഇന്നലെ വന്നത് ആരെങ്കിലും കണ്ട് അച്ഛനോട് പറഞ്ഞതായിരിക്കും..
അതാണ് ജോലിക്ക് പോകാതെ തിരിച്ചു വന്നത്.. ഓരോന്ന് ചിന്തിച്ചിരുന്നപ്പോഴാണ്
പുറത്ത് ഒരു വണ്ടി വന്നതവൾ കേട്ടത്..
“മോളേ, മീനു നീ ഇങ്ങോട്ട് വന്നേ നിന്നെ കാണാൻ ഒരു കൂട്ടർ വന്നിട്ടുണ്ട്.. അമ്മ വന്നു പറഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു.
“എനിക്കിപ്പോൾ കല്യാണം വേണ്ടമ്മേ എനിക്കിനിയും പഠിക്കണം ”
“വന്നവർ നിന്നെ കണ്ടിട്ടു പോട്ടേ മോളേ ആ മുഖം തുടച്ച് നീ വായോ. ”
“ഇല്ല ഞാൻ വരില്ല ”
“വെറുതെ അച്ഛനെ ദേഷ്യം പിടിപ്പിക്കണ്ട . ഇനി നിന്റെയുള്ളിൽ വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അതൊരിക്കലും നടക്കാൻ പോണില്ല. ”
എന്തു പറഞ്ഞിട്ടും രക്ഷയില്ല എന്ന് മീനുവിനു തോന്നി. മനസ്സില്ലാമനസ്സോടെയാണവൾ കാണാൻ വന്നവരുടെ മുമ്പിൽ പോയത്.
“ആരെയും ശ്രദ്ധിക്കാൻ മീനു വിനായില്ല.. സച്ചിയെ എങ്ങനെ വിവരമറിയിക്കും എന്നായിരുന്നു. ചിന്ത.
ഇതിനിടയിൽ ആരോ പേരും പഠിപ്പിനെ കുറിച്ചും ചോദിച്ചു.
അലക്ഷ്യമായവൾ മറുപടി പറഞ്ഞു..
” ഏടത്തീ ചെക്കനെ നല്ല പോലെ നോക്കിക്കോ അവസാനം കണ്ടില്ല ഇഷ്ട്ടപെട്ടില്ല എന്നൊന്നും പറഞ്ഞേക്കല്ലേ..”
ചെറുക്കന്റെ അനിയത്തിയാണെന്നു തോന്നുന്നു അത് പറഞ്ഞത്
അതു കേട്ടപ്പോൾ ആരൊക്കെയോ ചിരിക്കുന്നുണ്ടായിരുന്നു.
” ടീ കാന്താരീ എന്നെയൊന്ന് നോക്കടീ … അവസാനം ചെക്കനെ ഇഷ്ടപ്പെട്ടില്ല എന്നെങ്ങാനും പറഞ്ഞാൽ നിന്റെ മൂക്ക് ഞാൻ ഇടിച്ചു പരത്തും കേട്ടോടി ”
ആ ശബ്ദം കേട്ടവൾ ഞെട്ടി
“സച്ചീ”
അവൾക്ക് വിശ്വസിക്കാനായില്ല..
അവൾ അച്ഛനെ നോക്കി ആ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു.
അവൾ അച്ഛന്റെ കാൽ തൊട്ട് കരഞ്ഞപ്പോൾ അദ്ദേഹം അവളെ ആശ്വസിപ്പിച്ചു.
“മക്കൾടെ സന്തോഷമാണ് ഏതൊരു അച്ഛനും ആഗ്രഹിക്കുന്നത് . ഞാനൊരു ക്രൂരനൊന്നും അല്ല എന്റെ മോൾ ആഗ്രഹിക്കുന്നത് നേടി തന്നില്ലെങ്കിൽ അച്ഛനെന്ന നിലയിൽ ഞാനൊരു പരാജയമായിരിക്കും. ”
“എന്നാലും ഒരു വാക്കു പോലും സൂചിപ്പിക്കാതെ …. പകരം വയ്ക്കാൻ ഈ ജീവിതം മാത്രേ ഉള്ളൂ അച്ഛാ” അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു.
“എന്നാലും ഒരു പോലീസുകാരന്റെ വീട്ടിലെ ഓടു പൊളിക്കാൻ മാത്രം ധൈര്യം നിനക്കുണ്ടായല്ലോ എന്റെ മരുമോനേ …”
അതു കേട്ടപ്പോൾ രണ്ടു പേരും സ്തംഭിച്ചു. സച്ചിയ്ക്ക് ഒരു ചമ്മിയ ചിരി വന്നു…
“സത്യം പറയാലോ മോളെ സാറ് രാവിലെ വീട്ടിൽ വന്നപ്പോഴാണ് കാര്യങ്ങളെല്ലാം ഞങ്ങൾ അറിഞ്ഞത്. ഇന്നലെ രാത്രി സിനിമയ്ക്ക് എന്നും പറഞ്ഞു ഇവൻ പോയത് ഈ വീടിന്റെ ഓട് പൊളിക്കാൻ ആണെന്ന് ഞങ്ങളറിഞ്ഞില്ല. ”
സച്ചിയുടെ അച്ഛനത് പറഞ്ഞപ്പോൾ
എങ്ങോട്ടെങ്കിലും മുങ്ങിയാലോ എന്ന മുഖഭാവമായിരുന്നു ഞങ്ങളുടേത്
“രാത്രി മീനൂട്ടിയുടെ മുറിയിൽ നിന്ന് സംസാരം കേട്ടപ്പോൾ ആണ് ഞങ്ങളും കാര്യങ്ങളറിഞ്ഞത്…. വീട്ടുക്കാരെ വേദനിപ്പിച്ചൊരു ഇഷ്ടം അവൾക്ക് വേണ്ടെന്ന് പറഞ്ഞപ്പോൾ അവളുടെ ഇഷ്ടം നടത്തിക്കൊടുക്കാൻ ഞങ്ങളും തീരുമാനിച്ചു. ”
“അപ്പോൾ കാര്യങ്ങളൊക്കെ ഉറപ്പിക്കാം അല്ലേ നല്ലൊരു മുഹൂർത്തം നോക്കി നിശ്ചയം നടത്താം… വിവാഹം അവളുടെ പഠിപ്പ് കഴിഞ്ഞിട്ട്. രണ്ടു പേർക്കും എതിരഭിപ്രായം ഒന്നുമില്ലല്ലോ. ”
“ഇല്ലച്ഛാ “അവർ കോറസുപോലെ ഒരുമിച്ചു പറഞ്ഞു..
“മരുമോനെ ഇപ്പോൾ ആരാ ശശിയായത് ? ” മീനുവിൻറെ അച്ഛനത് ചോദിച്ചപ്പോൾ സച്ചിക്ക് വാക്കുകൾ ഇല്ലായിരുന്നു.
“എന്നോട് ക്ഷമിക്കൂ അച്ഛാ” സച്ചി അദ്ദേഹത്തിന്റെ അരികിൽ ചെന്നു പറഞ്ഞപ്പോൾ നീയും എന്റെ മകൻ തന്നെയല്ലടാ എന്നു പറഞ്ഞ് അയ്യാളവനെ ചേർത്തുപിടിച്ചു..
“എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ പോയി സംസാരിച്ചിട്ട് വായോ അതിനൊരു കുറവും വരുത്തണ്ട ”
മീനുവിന്റെ കൈയ്യും പിടിച്ച് തൊടിയിലേക്കിറങ്ങിയപ്പോൾ ലോകം തന്നെ കീഴടക്കിയ പ്രതീതിയായിരുന്നു സച്ചിക്കപ്പോൾ ……
അച്ഛനെ സ്നേഹിക്കുന്ന മക്കൾക്കും മക്കളെ സ്നേഹിക്കുന്ന അച്ഛനും സമർപ്പിക്കുന്നു.