അമ്മക്കാഴ്ചകൾ
(രചന: Ammu Santhosh)
“നല്ല തലവേദന ഉണ്ട് അഖി ” അനന്യ ശിരസ്സിൽ കൈ വെച്ച് ബെഡിൽ കുനിഞ്ഞിരുന്നു..
അവൾ പ്രസവിച്ചിട്ടന്ന് കഷ്ടിച്ച് രണ്ടാഴ്ച തികയുന്നതേയുള്ളു. അഖിൽ എന്ത് വേണമെന്നറിയാതെ അൽപനേരം അവളെ ചേർത്ത് പിടിച്ചു ഇരുന്നു.
“രാത്രി ശരിക്കും ഉറങ്ങിയില്ലെങ്കിൽ ഇത് പോലെയാ എനിക്ക് തല പൊട്ടിപ്പിളരുന്ന പോലെ.. മോന് പകലല്ലേ ഉറക്കം?”
അവന് അതറിയാം.. അവൾ ഉറങ്ങിയിട്ട് കുറച്ചു ദിവസം ആയി. പ്രസവത്തിന്റ വേദന, മുറിവുകൾ അതിന്റെ വേദന, മുലപ്പാൽ കുറവായതിന്റ ബുദ്ധിമുട്ട് വേറെ.. കുഞ്ഞിന്റെ നിർത്താതെ ഉള്ള കരച്ചിൽ..
“ഇതിപ്പോ പുതുമ ഒന്നുമല്ലല്ലോ എല്ലാ അമ്മമാരും ഇങ്ങനെ കഷ്ടപ്പെട്ട് തന്നെയാ കുഞ്ഞുങ്ങളെ വളർത്തുന്നെ? പ്രസവിക്കുന്ന ലോകത്തിലാദ്യത്തെ പെണ്ണൊന്നുമല്ലല്ലോ നീ ”
പെട്ടെന്ന് മുറിയിലേക്ക് വന്ന അമ്മ പറഞ്ഞത് കെട്ട് അഖിൽ വിളറിപ്പോയി. അമ്മ ഇങ്ങനെയാണ്. മുഖത്തടിച്ച പോലെ അങ്ങ് പറഞ്ഞു കളയും. കേൾക്കുന്നവർക്ക് എന്ത് തോന്നുമെന്നു ഒരു ചിന്ത ഇല്ല.
അമ്മ കുഞ്ഞിനെ എടുത്തു കുളിപ്പിക്കാൻ കൊണ്ട് പോയി
“ഇനി ഉറങ്ങിയില്ലെങ്കിൽ ഞാൻ വല്ല കടുംകൈയും ചെയ്തു പോകും അഖി എനിക്ക് ഈ സ്ട്രെസ് താങ്ങാൻ വയ്യ..
ഞാൻ എന്റെ വീട്ടിൽ പൊയ്ക്കോളാം ഒരു സർവന്റിനെ കൂടെ നിർത്താം.. .ഈ സമയം ആയത് കൊണ്ടാ വയ്യാഞ്ഞിട്ട… എന്റെ അമ്മ ഉണ്ടായിരുന്നു എങ്കിൽ എന്നോട് ഇങ്ങനെ പറയുമോ?”
അവൾ കരഞ്ഞു കൊണ്ടവന്റെ നെഞ്ചിൽ ചേർന്നു. ഈ സമയത്ത് ഇവിടെ നിന്നു മാറുന്നത് അവൻ ആലോചിച്ചു നോക്കി.. അമ്മയും അച്ഛനും ഒക്കെ എന്താ പറയുക.
ജോലിക്കാരിയെ വെച്ച് കൊച്ചിനെ നോക്കാമെന്നെങ്ങാനും പറഞ്ഞാൽ അമ്മ ഭൂകമ്പം ഉണ്ടാക്കും .. അമ്മ മാത്രം അല്ല അച്ഛനും. അവർ അനുവദിക്കില്ല. പിന്നെ പിണങ്ങി പോകണം..
“നീ ഉറങ്ങു… ഞാൻ ഇന്ന് ലീവ് എടുക്കാം.. മോനെ നോക്കിക്കൊള്ളാം..” അവൾ തളർന്നു പോയ കണ്ണുകൾ ഉയർത്തി ആവനെ നോക്കി അവൻ അവളെ കിടക്കയിലേക്ക് ചായ്ച്ച് കിടത്തി നെറുകയിൽ ഒന്ന് തലോടി..
“ഉറങ്ങിക്കോ ”
“മോന് പാല്.. അവൻ കരയും ”
“അത് ഞാൻ നോക്കിക്കൊള്ളാം .. അല്ലെങ്കിലും നിനക്ക് പാൽ തീരെ കുറവല്ലേ.. സാരോല്ല. വിഷമിക്കണ്ട..” അവൻ ചിരിച്ചു കൊണ്ട് ആ കവിളിൽ മുഖം അമർത്തി
“ഉറങ്ങിക്കോ ട്ടോ ”
അമ്മ കുഞ്ഞിനെ കാലിൽ കിടത്തി വെള്ളം ഒഴിച്ചു കുളിപ്പിക്കുകയാണ് ഒരുക്കുകയാണ്. അച്ഛനുമുണ്ട് ഒപ്പം
“നോക്കെടാ മോനെ അച്ഛൻ വന്നല്ലോ”
അഖിലിന്റെ ഉടൽ കോരിത്തരിച്ചു
“അച്ഛൻ… ”
അവൻ കുഞ്ഞിനെ ഒന്ന് തൊട്ടു
കുഞ്ഞ് കണ്ണുകൾ അവന്റെ മുഖത്ത് ഉറപ്പിച്ച് വായ പൊളിച്ചു കുഞ്ഞ് ചിരിച്ചു..
“അവന് മനസിലായിട്ടോ അവന്റെ അച്ഛനാ വന്നു നിൽക്കുന്നതെന്ന്… നോക്കെടാ മോനെ അച്ഛനാടാ “അച്ഛൻ അഖിലിനോട് പറഞ്ഞു
അഖിൽ നിറകണ്ണുകളോടെ കുഞ്ഞിന്റെ കാലുകളിൽ ഉമ്മ വെച്ചു
അവൻ അച്ഛനെയും അമ്മയെയും നോക്കി. അവരുടെ സന്തോഷം.. ചിരി.. താൻ ഉണ്ടായപ്പോ ഇപ്പൊ തന്റെ മനസ്സിൽ തോന്നിയതൊക്കെ അവർക്കും ഉണ്ടായിട്ടുണ്ടാവും..
“ഞാൻ ഉണ്ടായപ്പോൾ അമ്മയും അച്ഛനും മാത്രം ഉണ്ടായിരുന്നുള്ളോ വീട്ടിൽ?” അവൻ കുഞ്ഞിനെ ഒന്ന് തലോടി ചോദിച്ചു
“അല്ലല്ലോ എന്റെ അമ്മ, അനിയത്തി, ഏട്ടൻ ഏട്ടന്റെ ഭാര്യ… ഞാൻ എന്റെ വീട്ടിൽ അല്ലായിരുന്നോ..?പാൽ കൊടുക്കാനല്ലാതെ ഞാൻ നിന്നേ കണ്ടിട്ട് കൂടിയില്ല..
ഇവിടെ നിന്റെ അച്ഛന്റെ വീട്ടിൽ കൊണ്ട് വന്നപ്പോൾ ഇവിടെ നിന്റെ മുത്തശ്ശി, മുത്തശ്ശൻ, അപ്പച്ചി, ചിറ്റ എല്ലാരും ഉണ്ടായിരുന്നു.. അന്നൊക്കെ കൂട്ട് കുടുംബം അല്ലേടാ..
എത്ര പിള്ളേർ ഉണ്ടായാലും ഒന്നും അറിയണ്ട അതുങ്ങൾ അങ്ങ് വളർന്നോളും.. ഇന്നല്ലേ മരുന്നിനു ഒരെണ്ണം.. അത് പിന്നെ അച്ഛനും അമ്മയും പോലും പലയിടത്തും ഇല്ലല്ലോ…?” അമ്മ കുഞ്ഞിനെ തുവർത്തി വീട്ടിനുള്ളിൽ കയറി
“എന്നിട്ടാണോ അമ്മേ അമ്മ അവളോട് അപ്പൊ അങ്ങനെ പറഞ്ഞത്? അവൾക്ക് അമ്മയില്ലല്ലോ.. വീട്ടിൽ പോകണ്ട എന്ന് അമ്മ തന്നെ അല്ലെ പറഞ്ഞത്?
അല്ലെങ്കിലവർ ഒരു ജോലിക്കാരിയെ വെച്ച് നോക്കിയേനെ.. അവൾ ഉറങ്ങിയിട്ട് ഒരാഴ്ച ആയി.. ഈ സമയത്തു എത്ര മാത്രം വേദന ഉണ്ടെന്നൊക്ക അമ്മയ്ക്ക് അറിഞ്ഞൂടെ?”
“അതിന് ഞാൻ എന്ത് പറഞ്ഞു?”
“അമ്മേ അമ്മ സാധാരണ പോലെ പറഞ്ഞതായിരിക്കും.. പക്ഷെ അവൾ ഒത്തിരി വേദനിച്ചും ക്ഷീണിച്ചുമിരിക്കുന്ന സമയം അല്ലെ? അമ്മ മനസിലാക്കിയില്ലെങ്കിൽ ആരാ മനസിലാക്കുക. ”
അച്ഛൻ അമ്മയെ ഒന്ന് നോക്കി
“നീ എന്താ പറഞ്ഞത്.? നിനക്ക് ഒരു വകതിരിവ് ഇല്ലേ ശ്യാമെ?”
“അതിപ്പോ എല്ലാ അമ്മമാരും കഷ്ടപ്പെട്ടു തന്നെ ആണ് കുഞ്ഞുങ്ങളെ വളർത്തുന്നത് എന്ന് പറഞ്ഞു. അതിപ്പോ വലിയ കാര്യം ആക്കുന്നത് എന്തിനാ? അല്ലെങ്കിലും ഇപ്പോഴത്തെ പെൺപിള്ളാർക്ക് ഒന്നിനും വയ്യ ”
“എന്ന് നിന്നോടാരാ പറഞ്ഞത്? അവൾ പ്രസവിക്കുന്നതിന്റെ തലേ ആഴ്ചയിൽ വരെ ഓഫീസിൽ പോകുമായിരുന്നു. ഈ വീട്ടിൽ ജോലികളും ചെയ്യുമായിരുന്നു.. അവൾ ബസിൽ കയറിയ പൊയ്ക്കൊണ്ടിരുന്നത്?.
പണ്ടത്തെ സ്ത്രീകളെക്കാൾ എന്ത് കൊണ്ടും മിടുക്കികൾ ഇപ്പൊ ഉള്ള പെൺപിള്ളേർ തന്നെയാണ്. നിനക്ക് കുടുംബത്തിൽ എത്ര പേരുണ്ടായിരുന്നു സപ്പോർട്ട്..? ഇന്നത്തെ പെൺപിള്ളേർ തനിച്ചല്ലേ പലതും ചെയ്യുന്നത്.
ഭർത്താവ് അടുത്തില്ലെങ്കിൽ പോലും ഒറ്റയ്ക്ക് മക്കളേം നോക്കി കുടുംബം നോക്കി അന്തസ്സായി ജീവിക്കുന്നുണ്ട് ഭൂരിപക്ഷം പേരും..അങ്ങനെ അങ്ങ് പറയണ്ടാട്ടോ നീ”
അച്ഛൻ പറയുന്നത് കെട്ട് അമ്മ നിശബ്ദയായി
“ഞാൻ ഒന്നും പറയുന്നില്ല പോരെ? നീ കുഞ്ഞിനെ കൊണ്ട് പോയി കൊടുക്ക്. പാൽ കൊടുക്കാൻ പറ “അമ്മ കുഞ്ഞിനെ അവന്റെ നേരേ നീട്ടി
“അവൾക്ക് പാലില്ല അമ്മേ. നമുക്ക് ലാക്ടോജൻ കൊടുക്കാം..’
“അതൊന്നും പറഞ്ഞാൽ പറ്റുകേല.. കുഞ്ഞിന് മുലപ്പാൽ തന്നെ വേണം.. കുടിച്ചു കുടിച്ചാണ് പാൽ ഉണ്ടാകുന്നത്..”
“അമ്മ മരിച്ചു പോയ കുഞ്ഞുങ്ങൾ അപ്പൊ എന്താ കുടിക്കുക? ഈ പോളിസി അപ്പൊ എവിടെ പോകും? അവൾക്ക് പാലില്ല.
അടുത്ത തവണ പോകുമ്പോൾ ഡോക്ടറോട് പറയാം.. അമ്മ ഇപ്പൊ ലാക്ടോജൻ കൊടുക്ക്.. കുഞ്ഞിന്റെ അച്ഛൻ ആയ ഞാൻ പറയുന്നു അത് മതി.. ”
അമ്മ അൽപനേരം ആവനെ നോക്കി നിന്നു പിന്നെ കുഞ്ഞിനെ അവന്റെ കയ്യിൽ കൊടുത്തു അടുക്കളയിൽ പോയി. അച്ഛൻ അവനെ ഒന്നുമില്ല എന്നുള്ള മട്ടിൽ കണ്ണിറുക്കി കാണിച്ചു
ഇളം ചൂടുള്ള പാൽ കുഞ്ഞ് ചുണ്ടുകളിലിലിറ്റിക്കുമ്പോൾ അവൻ ആർത്തിയോടെ അത് കുടിച്ചു.. വയർ നിറഞ്ഞപ്പോൾ സുഖമായി ഉറങ്ങുകയും ചെയ്തു..
അനന്യ ഉണർന്നപ്പോൾ തലവേദന പൂർണമായും മാറിയിരുന്നു..
അമ്മയുടെ മുറിയിൽ ചെന്ന് നോക്കുമ്പോൾ അമ്മയുടെ അരികിൽ കിടന്ന് കുഞ്ഞ് നല്ല ഉറക്കം
അവൾ തിരിച്ചു പോരുന്നു
അടുക്കളയിൽ ശബ്ദം കെട്ട് നോക്കിയപ്പോൾ അഖിലും അച്ഛനും കൂടി പാചകം..
“ഉണർന്നോ നീ?.. ഊണ് ഇപ്പൊ റെഡി ആകും വെയിറ്റ് “അഖിൽ പറഞ്ഞു
“അയ്യോ. അച്ഛൻ അടുക്കളയിൽ?അച്ഛൻ പൊക്കൊളു. ഞാൻ
ചെയ്യാം ” അവൾ അങ്ങോട്ടേക്ക് ചെല്ലാൻ ഭാവിച്ചു
“അവിടെ നിൽക്ക് “. അച്ഛൻ ചിരിയോടെ പറഞ്ഞു..”ഇവന്റെ അമ്മ ഇവനെ പ്രസവിച്ചു കിടന്നപ്പോഴും ഞാൻ അടുക്കളയിൽ കേറിയിട്ടുണ്ട്..
എന്തിനാന്നോ അവൾക്ക് ഇഷ്ടമുള്ള മുട്ടതീയൽ ഉണ്ടാക്കാൻ.. അച്ഛൻ ചിരിച്ചു.. ഇവിടെ ഒക്കെ പ്രസവിച്ചു തൊണ്ണൂറ്ദിവസം കഴിയാതെ
നോൺ കൊടുക്കില്ല.
അവൾ കരച്ചിൽ.. അവൾക്ക് മുട്ട വേണം. അങ്ങനെ ആരും അറിയാതെ ഞാൻ ഉണ്ടാക്കി കൊടുക്കും.. അത് കൊണ്ട് ഇതൊന്നും എനിക്ക് പുത്തരിയല്ല.. ഇപ്പൊ ഇവനും അനുഭവിക്കട്ടെ ന്ന് ”
അവൾ ചിരിച്ചു
അമ്മ കുഞ്ഞ് ഉണർന്നപ്പോൾ കുഞ്ഞിനെ കൊണ്ട് അവൾക്കരികിൽ കിടത്തി
“വാവ ഉണർന്നു… നീ വാവേ… നോക്ക്.. നിന്നേ പോലെയാണ് മോൻ. അതേ കണ്ണൊക്കെയാ അതേ ചെവി.. മൂക്ക്.. നല്ല സുന്ദരക്കുട്ടനാ.. നിന്റെ ഭംഗി മുഴുവൻ കിട്ടിയിട്ടുണ്ട് ” അമ്മ പറഞ്ഞു
രാവിലെ അങ്ങനെ ഒക്കെ പറഞ്ഞ അമ്മയെ അല്ല
അമ്മക്ക് സ്നേഹമുണ്ടെന്നവൾക്കറിയാം പക്ഷെ വെട്ടൊന്ന് മുറി രണ്ട് അതാ സ്വഭാവം..
“നിനക്ക് തീരെ പാൽ കുറവാണോ?”
“ഉം “അവൾ ഒന്ന് മൂളി
“അവൽ കുതിർത്ത് പാൽ തരാം.. കേട്ടോ.. പിന്നെ എന്തൊക്കെയോ കിടുമിണികൾ ഉണ്ട് ഞാൻ അയല്പക്കത്തെ ശാന്തേച്ചിയോട് ചോദിക്കട്ടെ.. നീ വിഷമിക്കണ്ടടി… ഒന്നുല്ല എങ്കിൽ ലാക്ടോജൻ കൊടുക്കാം ”
അവൾ നനഞ്ഞ കണ്ണുകളോടെ ചിരിച്ചു
“അമ്മയ്ക്ക് ബുദ്ധിമുട്ട് ആണെങ്കിൽ.. ഞാൻ എന്റെ വീട്ടിൽ പോകാം അമ്മേ..”
“അങ്ങനെ ബുദ്ധിമുട്ട് ആണെങ്കിൽ പ്രസവിച്ചു കഴിഞ്ഞു നിന്നേ നേരേ ഇങ്ങോട്ട് കൊണ്ട് പോരണ്ടല്ലോ..
പിന്നെ തേനേ പാലെ എന്നൊന്നും പറയാൻ അറിയുകേല എന്റെ മക്കളോടും ഞാൻ അങ്ങനെ ഒന്നുമിത് വരെ പറഞ്ഞിട്ടുമില്ല.. എന്ന് വെച്ച് എനിക്ക് നീ മരുമോൾ ആണെന്ന ചിന്തയുമില്ല.. ഇത് എന്റെ സ്വാഭാവാ..”
അവർ പോകാൻ തുടങ്ങുമ്പോൾ കുഞ്ഞിന്റെ വിരലുകൾ അവരുടെ സാരിയുടെ മുന്താണിയിൽ ഇറുക്കി പിടിച്ചിരിക്കുന്നത് കണ്ടു അവർ കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു
“അച്ഛമ്മേടെ പൊന്നേ…”അവർ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി
“കണ്ടോ അവനെന്നെ മതി… പിടിച്ചു വെച്ചത് കണ്ടോ? എന്റെ പൊന്ന്… അവർ കുഞ്ഞിനെ ഉമ്മ വെച്ചു, പിന്നെ അവളെ നോക്കി “നീയും അവനും വേണെങ്കിൽ പൊയ്ക്കോ.. എന്റെ പൊന്നിനെ ഞാൻ തരുകേല.”
അവൾ ചിരിച്ചു
“അമ്മ ഇപ്പൊ പൊന്ന് എന്നൊക്കെ വിളിക്കാൻ പഠിച്ചല്ലോ ”
അമ്മയുടെ മുഖത്തും ചിരി വന്നു
“അത് പിന്നെ അങ്ങനെയല്ലേ..? മക്കളെക്കാൾ സ്നേഹമാ അവരുടെ മക്കളോട് തോന്നുക.. അത് എല്ലാവർക്കും അങ്ങനെ ആണെന്നെ…
നീ വന്നു കഴിക്ക്.. അത് കഴിഞ്ഞു തരാം കുഞ്ഞിനെ.. ഞങ്ങൾ കളിച്ചാൻ പോവാ അല്ലേടാ പൊന്നുമണി…? അച്ഛമ്മേടെ തങ്കകുട്ടി ”
അമ്മ അവനെ നെഞ്ചിൽ ചേർത്ത് നടന്നു പോകുന്ന കാണെ എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.