കുറച്ചു കാലമായി മുറിയിൽ നിന്ന് പുറത്തിറങ്ങാൻ തോന്നുന്നില്ല, രാവും പകലും മുറിയിൽ..

എന്റെ വീട്ടിലെ അപരിചിതർ
(രചന: ബോബിഷ് എം. പി)

കുറച്ചു കാലമായി മുറിയിൽ നിന്ന് പുറത്തിറങ്ങാൻ തോന്നുന്നില്ല. രാവും പകലും മുറിയിൽ തന്നെ അടച്ചിരിക്കുകയാണ്.

സ്വർണ നിറത്തിലുള്ള ഒരു ക്ലോക്ക് ഉണ്ട് ചുമരിൽ. അതിലെ സെക്കന്റ്‌ സൂചിയുടെ ഓട്ടവും നോക്കി ഇങ്ങനെ ഇരുപ്പാണ്. മുറിയുടെ വാതിലിൽ ഒരു സംഭവം ഉണ്ട്. എനിക്കത് കാണുമ്പോഴേ ദേഷ്യമാണ്.

ചിലപ്പോൾ തോന്നും വാതിലുൾപ്പെടെ ചവിട്ടി പൊളിച്ചാലോ എന്ന്. പക്ഷെ ഒന്നിനും ഒരുത്സാഹമില്ല. എനിക്ക് ഒരു തരം വിഷാദ രോഗമാണോ എന്ന സംശയം ശരിയാണ് എന്ന് തോന്നിത്തുടങ്ങിയിരുന്നു.

അങ്ങനെ ആണെങ്കിൽ എന്റെ കുടുംബം എന്നെ സപ്പോർട്ട് ചെയ്യുക അല്ലെ വേണ്ടത് . പക്ഷെ ഇവിടെ നേരെ തിരിച്ചാണ്. അമ്മ പോലും എന്നെ തിരിഞ്ഞു നോക്കുന്നില്ല. സത്യമാണ് ..

കഴിഞ്ഞ ദിവസം അമ്മ മുറിയിൽ വന്ന് എന്നെ കുറെ നോക്കി ഇരുന്നു. വല്ലാത്ത ഒരു ആശ്വാസം തോന്നിയിരുന്നു . പക്ഷെ അമ്മ എന്റെ മുഖത്തേക്കു പോലും നോക്കിയില്ല.

“എന്തിനാടാ..”

എന്ന് മെല്ലെ പറഞ്ഞ് അമ്മ തിരികെ നടന്നു പോയി. ആർക്കും എന്നെ വേണ്ട. ഞാൻ എന്താണ് ചെയ്‌തത്. മനസ്സിൽ വല്ലാത്ത ഒരു വിങ്ങലാണ്. ജനലിലൂടെ പുറത്ത് നോക്കിയാൽ എന്റെ കുഞ്ഞിനെ കാണാം .

“ആദി ”

അവന്റെ മുഖത്ത് നോക്കിയാൽ വല്ലാത്ത ഒരാശ്വാസം ആണ്. അവൻ ചിലപ്പോൾ എന്റെ മുഖത്ത് നോക്കി ചിരിക്കും.

രണ്ട് വയസ്സേ ആയിട്ടുള്ളു അവന്. ഈ വീട്ടിൽ എന്നെ നോക്കി ചിരിക്കുന്നത് അവൻ മാത്രമേ ഉള്ളു.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഭാര്യ അവനെ എടുത്ത് കൊണ്ട് പോയി. അവളോട് അവനെ അവിടെ തന്നെ കിടത്തണം എന്നു പറയണം എന്ന് തോന്നിയിരുന്നു.

പക്ഷെ അവൾ എന്നോട് മിണ്ടില്ല എന്നെനിക്കറിയാം. ഇത്രയും കാലം ഞാൻ അവളോട് ഒന്ന് ദേഷ്യപ്പെട്ടില്ലായിരുന്നു.

പക്ഷെ എന്റെ സുഹൃത്തും അവളും തമ്മിൽ അങ്ങനെ ഒരു ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയി.

എന്നാലും ഞാൻ അവളെ വഴക്ക് പറഞ്ഞിരുന്നില്ല.. ഞാനവളുടെ മുന്നിൽ സങ്കടത്തിൽ കരഞ്ഞു പോയി.

അത്രയും ഞാൻ മാനസികമായി തകർന്ന് പോയിരുന്നു. ഒന്നവൾ എന്റെ അടുത്ത് വന്നിരുന്നു ക്ഷമ ചോദിച്ചാൽ അറിയാതെ പറ്റിയ ആ തെറ്റ് ഞാൻ ക്ഷമിക്കുമായിരുന്നു. കാരണം എനിക്ക് പഴയ പോലെ ജീവിക്കണം.

അവളും കുട്ടിയും അമ്മയുമൊക്കെയായി. പല തവണ ഞാൻ അവളെ വിളിച്ചു നോക്കി. പക്ഷെ അവൾ എന്റെ ശബ്ദം കേട്ടാൽ ആകെ ഒരു ഒരു വിഭ്രാന്തി ആയ പോലെ അകത്തേക്ക് പോകാറാണ് പതിവ്.

എന്തിനാണ് അവൾ എന്നെ ഭയക്കുന്നത്. അവൾക്കറിയാം ഞാൻ അവളോട് ക്ഷമിക്കുമെന്ന് .. എന്റെ വിളിക്കെന്താണ് ഒരു മറുപടി പോലും തരാത്തത്.

ഇന്ന് അമ്മയും അവളും ആരെയോ കാത്തിരുക്കുകയാണ്. ഞാൻ പ്രതീക്ഷിച്ചപോലെ. അതയാളാണ്..

ആ താടിക്കാരൻ. ഞാൻ ഏറ്റവും വെറുക്കുന്നവൻ. ഞാൻ എന്റെ വീട്ടുകാരോട് സംസാരിക്കാൻ ശ്രമിച്ചാൽ ഉടൻ അയാൾ വരും.

അവന് എന്നെ എന്റെ വീട്ടിൽ നിന്ന് പുറത്താക്കണം. ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ വീടാണിത്. ഇവിടുന്ന് ഞാൻ എങ്ങോട്ട് പോകാൻ. ഈ ആവശ്യത്തിനാണ് അവൻ ഇന്നും വരുന്നത്.

“അമ്മേ.. നിങ്ങൾ മകളെയും കുഞ്ഞിനേയും കൊണ്ട് ഇവിടുന്ന് പോകു.. എനിക്ക് കുറച്ചു കാര്യങ്ങൾ തനിച് തീർക്കാനുണ്ട് ”

അവൻ എന്റെ അമ്മയോടും ഭാര്യയെയും നോക്കി പറഞ്ഞു. അത് കേട്ടതും അവർ പോകാൻ തയ്യാറായി. അമ്മ എന്തിനാണ് കരയുന്നത്..

“എന്തിനാ മോനെ.. നീ ഇതുചെയ്‌തത്?”

അമ്മയുടെ കരച്ചിൽ എനിക്ക് സഹിക്കാൻ വയ്യ.. നെഞ്ചിൽ ആകെ കത്തികൊണ്ട് കുത്തുന്ന പോലെയാണ് ”

” അമ്മേ.. ഞാൻ ഒരു തെറ്റും ചെയ്‌തില്ല.. അവൾ അന്ന് സ്നേഹത്തോടെ തന്ന ഭക്ഷണം കഴിച്ചെന്ന ഒരു തെറ്റ് മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളു..

അതിലെ രുചി വ്യത്യാസം പോലും ഞാൻ ചോദ്യം ചെയ്‌തിരുന്നില്ല.. അവളെ എനിക്ക് വിശ്വാസമായിരുന്നു.. ഞാൻ ഒരു തെറ്റും ചെയ്‌തില്ല അമ്മേ.. പോകല്ലേ.. എന്റെ കുഞ്ഞിനെ കാണണം എനിക്ക് ”

എന്റെ ഉള്ളിൽ ഇനിയും എന്തെല്ലാമോ പറയാനുണ്ടായിരുന്നു. പക്ഷെ ഒന്നും പറയാൻ പറ്റിയിരുന്നില്ല.

അപ്പോഴേക്കും വാതിലിലെ തകിടുകൾ ഊരി അയാൾ അകത്തേക്ക് വന്നിരുന്നു.

“നീ ഈ മുറിയിൽ തന്നെ ഉണ്ടെന്ന് എനിക്കറിയാം.. ആത്‍മഹത്യ ചെയ്ത ആത്‍മാക്കളെ എങ്ങനെ തളക്കണം എന്നും എനിക്കറിയാം ”

അയാളെ ശബ്ദം എന്നെ വല്ലാതെ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു. ഒരാഗ്രഹം മാത്രെ ഉള്ളു.. ഞാൻ ഒരിക്കലും ആത്‍ മ ഹത്യ ചെയ്യില്ല എന്ന് എനിക്ക് വിളിച്ചു പറയണം…

എന്റെ മകനെ ഒന്നെടുക്കണം.. നടക്കുമോ എന്നറിയില്ല.. ആ താടിക്കാരൻ എന്നെ എന്ത് ചെയ്യുമെന്നും അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *