അതേ ഞാൻ അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന കൂട്ടത്തിലാണ് കേട്ടോ, പെണ്കുട്ടികളെ..

(രചന: അനന്യ ആദി)

“അതേ… ഞാൻ അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന കൂട്ടത്തിലാണ് കേട്ടോ… പെണ്കുട്ടികളെ വീട്ടിൽ പൂട്ടിയിടുന്നതിനോട് എനിക്കോട്ടും താൽപര്യമില്ല..

വിവാഹം കഴിഞ്ഞാലും തനിക്ക് മനസ്സിന് സന്തോഷം നല്കുന്നതൊക്കെ ചെയ്യാട്ടോ…”

“തങ്ക്യു ചേട്ടാ… എനിക്കാകെ ടെൻഷൻ ആയിരുന്നു.”

“അങ്ങനെ പേടിക്കണ്ടഡോ..  തന്റെ വീട് പോലെ തന്നെയാണ് അവിടെയും..” അത് കേട്ടപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി..

അച്ഛനും അമ്മക്കുമൊക്കെ ഫോണിലൂടെ സംസാരിച്ചപ്പോൾ തന്നെ ഈ ബന്ധം ഇഷ്ടപ്പെട്ടു.. പെണ്ണ് കാണാൻ ആദ്യമായി വന്നപ്പോൾ കല്യാണം ഉറപ്പിച്ച രീതിയിലാണ് ചെറുക്കന്റെ വീട്ടുകാരുടെ സംസാരം.

പെണ്ണിനും ചെറുക്കനും സംസാരിക്കാൻ കുറച്ചു സമയം തന്നതാണ്.. മിണ്ടിയപ്പോൾ വല്യ കുഴപ്പമില്ലെന്നു തോന്നുന്നു…

“ടാ കഴിഞ്ഞില്ലേ ..  നീ  എന്റെ ഭാവി നാത്തൂനെ പറഞ്ഞു പേടിപ്പിച്ചോ..?” ചെറുക്കന്റെ പെങ്ങളാണ്..

“ഏയ്… ഇല്ല ചേച്ചി… കല്യാണം കഴിഞ്ഞാലും എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകുമെന്ന് അഞ്ജുവിനോട് പറയുകയായിരുന്നു…”

“അത് ശരിയാണ് അഞ്ചൂ… ഒന്നും പേടിക്കണ്ട…” ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി പേടിക്കാൻ ഒന്നും ഉണ്ടാവില്ല.

“അപ്പോൾ കല്യാണം കഴിഞ്ഞാൽ ഞാൻ ജോലിക്ക് പോകുന്നതിൽ കുഴപ്പമില്ലല്ലോ…”

“ഒരു കുഴപ്പവുമില്ല… വീടിനടുത്ത് എവിടെയെങ്കിലും കിട്ടിയാൽ പോകാല്ലോ…”

“വീടിനടുത്തോ… അപ്പോൾ ഇപ്പോൾ ചെയ്യുന്നതോ..?”

“ഓഹ് .. അത് പ്രൈവറ്റ് കമ്പനി അല്ലെ.. അവിടെയും കിട്ടാതിരിക്കില്ല..”.

“കിട്ടിയില്ലെങ്കിലോ… ഇത് തന്നെ ഞാൻ കഷ്ടപ്പെട്ട് നേടിയ ജോലിയാണ്”

“വല്യ ജോലി ഒന്നും അല്ലല്ലോ.. പോട്ടെന്നു വെക്കണം.. അല്ലെങ്കിലും എനിക്ക് നല്ല ജോലി ഉണ്ടല്ലോ..”

“അത് ശരിയാ അഞ്ചു… മോള് കഷ്ടപ്പെടേണ്ട…” ഭാവി നാത്തൂൻ അങ്ങളയുടെ സൈഡ് പിടിച്ചു.. അഞ്ജുവിന് ചിരി വന്നു…

“അപ്പോൾ ഞാൻ ജീൻസിടുന്നതിൽ കുഴപ്പമുണ്ടാവില്ലല്ലോ.. ?”

“ഇഷ്ടമുള്ള വസ്ത്രം ധരിക്കാം .. പക്ഷെ ജീൻസ്.. അത് നമ്മുടെ കുടുംബത്തിൽ…” അയാൾ പാതി പറഞ്ഞു നിർത്തി..

“ശരിയാ.. അഞ്ചൂ.. മോള് ഇഷ്ടമുള്ള ഡ്രസ് ഇട്ടോ.. പക്ഷെ ജീൻസ് വേണ്ട..” അവൾ പതിയെ ചിരിച്ചു കൊണ്ട് അവരെ നോക്കി..

“ബാക്കി എല്ലാ സ്വാതന്ത്ര്യവും ഉണ്ട്…” അവളുടെ നോട്ടത്തിന്റെ അർത്ഥം  മനസിലായെന്നോണം ചേച്ചി പറഞ്ഞു..

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒരു വലിയ വിഭാഗമാണിത്..  ഞാൻ ഒരു പിന്തിരിപ്പൻ അല്ലെന്ന് പറയുകയും ചെയ്യും മനസ് നിറയെ സങ്കുചിതമായ ചിന്താഗതിയും…

ഒരാൾ ഒരു കാര്യത്തിന് പ്രതികരിച്ചാൽ എന്തുകൊണ്ട് അവർ അവിടെ പ്രതികരിച്ചില്ല, ഇവിടെ പ്രതികരിച്ചില്ല എന്നു ചോദിക്കുന്നവർ…

അല്ല,  ഏതെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായങ്ങൾ പറയുന്നതിന് ഇതിനു മുൻപുള്ള എല്ലാ കാര്യത്തിലും പ്രതികരിക്കണം എന്നുണ്ടോ??

പിന്നെ ഇത് ചോദിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും എല്ലാത്തിനും പ്രതികരിച്ചു കാണുമല്ലോ..  അതാണ് ഒരു ആശ്വാസം…

ഏതെങ്കിലും തരത്തിൽ ക്രൂരമായ പീഡനം നടന്നു കഴിഞ്ഞാൽ, ഇരയായയാൾ (ആണായാലും പെണ്ണായാലും..)

ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ മരിച്ചു കഴിയുകയോ ചെയ്തു കഴിഞ്ഞാൽ മാത്രം പ്രതികരിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്…

“സഹോദരീ മാപ്പ്…(സഹോദരാ മാപ്പ്…)”
പിന്നെ സങ്കടം അങ്ങേയറ്റം കൂട്ടാൻ കഴിയുന്ന ബിജിഎം ചേർത്തിട്ടുള്ള ഒരു വീഡിയോ എഡിറ്റ് ചെയ്ത് സ്റ്റാറ്റസും ഇട്ടാൽ പ്രതികരണമായി… (അതും എപ്പോൾ… എല്ലാം നടന്നു കഴിയുമ്പോൾ..)

ഒരു പെണ്ണിന് വേണ്ടി പുരുഷൻ സംസാരിച്ചാൽ അവൻ പവാടയായി, പെണ്ണാണ് ശബ്ദം ഉയർത്തിയതെങ്കിൽ ഫെമിനിച്ചിയായി…

അശീലം കലർത്തിയുള്ള കമന്റുകൾ, വല്ലാതെ അറപ്പ് തോന്നുന്ന ശൈലി..  പിന്നെ ഓണ്ലൈൻ മാധ്യമങ്ങൾ, കാര്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഇക്കിളി പെടുത്തുന്ന ചിത്രങ്ങളും തലവാചകങ്ങളും…

പല വിഷയങ്ങളിലും പലരുടെയും comments ഇങ്ങനെയാണ്… ഞാനൊരു പിന്തിരിപ്പൻ അല്ല…പക്ഷെ…( ആ പക്ഷെയിൽ എല്ലാം ഉണ്ട്…) വായിക്കുന്ന ഭൂരിപക്ഷം ആളുകളും ഇത് ശരിയാണല്ലോ എന്നു തോന്നി പോകും..

ഉദ: സഹോദരി..  കാലിന് മുകളിൽ കാല് കയറ്റി വെക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ല.. പക്ഷെ ഒന്ന് ആലോചിച്ചു നോക്കൂ…

ഒരു ചാനലിന്റെ മുന്നിൽ വന്നിരിക്കുമ്പോൾ.. മുതിർന്നവരുടെ മുന്നിൽ ഒക്കെ ഇങ്ങനെ ഇരിക്കുമ്പോൾ അവരെ നിന്ദിക്കുന്ന പോലെ തോന്നില്ലേ.. പ്രായമായ എത്രയോ ആളുകൾ കാണുന്ന ഇന്റർവ്യൂ ആണ്…

സാധാരണക്കാരൻ അത്രയും സമയം ആ പെണ്കുട്ടി അങ്ങനെ ഇരുന്നതിൽ കുഴപ്പം ഒന്നുമില്ല എന്നു വിചാരിച്ചെങ്കിലും  ഈ കമെന്റ് വായിച്ചു കഴിയുമ്പോൾ , ശരിയാണല്ലോ എന്നു വിചാരിക്കും..

ശരിക്കും സോഷ്യൽ മീഡിയ തുറന്നാൽ , പല സംഭവങ്ങൾക്കും ഇടുന്ന comments കാണുമ്പോൾ അറപ്പ് തോന്നാറുണ്ട്..

ഇനി ചോദ്യം ചെയ്തു ആരെങ്കിലും മറുപടി ഇട്ടാൽ അവരുടെ അമ്മയെകുറിച്ചു  വരെ കേട്ടാൽ അറക്കുന്ന കാര്യങ്ങൾ ഉണ്ടാക്കി പറയും… എന്താല്ലേ… ഇപ്പോൾ മിക്കവരുടെയും അവസ്‌ഥ ഇതാണ്.. പ്രതികരിക്കണമെന്നുണ്ട് പക്ഷെ…

Leave a Reply

Your email address will not be published. Required fields are marked *