എന്റെ വിവാഹം കഴിഞ്ഞു ഒരു പെണ്ണ് ഇവിടെ വന്നാലും ഏട്ടനും ഏട്ടത്തിയും ഇവിടെ..

(രചന: ഞാൻ ആമി)

മറ്റൊരു  വീട്ടിലേക്കു മാറുന്നു എന്ന് പറഞ്ഞപ്പോൾ മനസ്സിനൊരു വിഷമം തോന്നി. എങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ ഇരുന്നു.

“എന്താ പെണ്ണേ… നിനക്കൊരു സങ്കടം പോലെ… നമ്മൾ എവിടുന്നു മാറുന്നത് കൊണ്ടാണോ നിന്റെ മുഖത്തൊരു സങ്കടം “

കാപ്പി കുടിച്ചു കൊണ്ടു ഇരിക്കുന്നതിന് ഇടയിൽ കണ്ണേട്ടൻ അത് ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടാതെ കണ്ണേട്ടൻ ഇരുന്ന ബെഞ്ചിൽ കണ്ണേട്ടനോട് ചേർന്ന് ഇരുന്നു.

“എന്തോ ഒരു വിഷമം… ഞാൻ വന്ന കാലം മുതൽ ഈ വീടിനോട് എനിക്ക് ഒരുപാട് അടുപ്പം ഉണ്ട് കണ്ണേട്ടാ….

പെട്ടെന്ന് വേറൊരു വീട്ടിലേക്ക് മാറുന്നത് ഓർത്തിട്ട് മനസ്സ് വല്ലാതെ വിഷമിക്കുന്നു….കണ്ണേട്ടാ “എന്ന് പറഞ്ഞു ഞാൻ എന്റെ കണ്ണുനീർ തുടച്ചു.

“ആമി…. ഹരിയുടെ വിവാഹ ശേഷം നമ്മൾ എവിടുന്നു മാറേണ്ടതല്ലേ… അതിന് സമയമായി… വാടക വീട്ടിലേക്കു മാറിയാലും ഇത് തന്നെയാണ് നമ്മുടെ കുടുംബം… “

എന്ന് കണ്ണേട്ടൻ പറഞ്ഞതും കേട്ടാണ് ഹരി അവിടേക്കു വന്നത്. ഒന്നും മിണ്ടാതെ അവൻ ഞങ്ങളെ നോക്കി നിന്നു. എന്നിട്ട് പറഞ്ഞു

“ആര് എവിടേക്ക് പോകുന്ന കാര്യം ആണ് രണ്ടാളും ഈ പറയുന്നേ… എങ്ങോട്ടും പോകുന്നില്ല ആരും… എന്റെ വിവാഹം കഴിഞ്ഞു ഒരു പെണ്ണ് ഇവിടെ വന്നാലും ഏട്ടനും ഏട്ടത്തിയും ഇവിടെ ഉണ്ടാകും….

ഇവിടെ നിൽക്കാൻ ബുദ്ധിമുട്ട് തോന്നുന്നവർ മാത്രം ഇവിടെ നിന്നും പോയാൽ മതി അത് വരുന്നവൾ ആണേലും ആരാണേലും “

എന്ന് പറഞ്ഞു ഹരി ചിരിച്ചു. ഒന്നും മിണ്ടാതെ കണ്ണേട്ടൻ എന്നെ നോക്കി.

“ഹരി പറഞ്ഞതാണ് എന്റെയും അച്ഛന്റെയും തീരുമാനം… ആരും എവിടേക്കും പോകുന്നില്ല… വീട് വെച്ച് മാറുന്ന സമയം ആകുമ്പോൾ ഞാനും അച്ഛനും പറയും അപ്പോൾ മതി കേട്ടല്ലോ “

എന്ന് പറഞ്ഞു അമ്മ അവിടേക്കു വന്നു. എന്റെ അടുത്ത് ഇരുന്നു അമ്മ പറഞ്ഞു.

“ആമി…. കുടുംബം… അത് ഒരു സ്വർഗം ആണ്… നമ്മളാണ് ഒരു കുടുംബം സന്തോഷം ഉള്ളത് ആക്കുന്നത്…. സ്നേഹം ഉള്ളിടത്ത് ഒരിക്കലും വേർപിരിയൽ ഉണ്ടാവില്ല…. “

അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കുടുംബം അത് മാത്രമാണ് ഈ ജീവിതത്തിലെ സ്വർഗം.

Leave a Reply

Your email address will not be published. Required fields are marked *