നോക്കി നിൽക്കാതെ ഒന്നു സഹായിക്ക് മനുവേട്ടാ, മീനുവിനെ സാരി ഉടുക്കാൻ സഹായിക്കുമ്പോൾ..

(രചന: Anandhu Raghavan)

“ഒന്ന് വേഗം റെഡിയാക് മീനൂട്ടി… ”

“ദാ ഇപ്പോൾ കഴിയും മനുവേട്ടാ.. ഒരഞ്ചു മിനിറ്റ്..” റൂമിൽ നിന്നും മീനു വിളിച്ചു പറഞ്ഞു..

വിവാഹം കഴിഞ്ഞ ശേഷം നാലാം വിരുന്നിനായി മീനുവിന്റെ വീട്ടിൽ പോകാൻ തയ്യാറെടുക്കുകയാണ്.. മീനു ഒരുക്കം തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി..

അല്ലെങ്കിലും ഈ പെൺകുട്ടികൾക്ക് എവിടെയെങ്കിലും പോകണമെങ്കിൽ തലേദിവസം തുടങ്ങും ഒരുക്കം.. പോകാൻ സമയമായാലും ഒരുക്കം കഴിയത്തുമില്ല…

” മനുവേട്ടാ… ഒന്നിങ്ങു വന്നേ… ” അകത്ത് നിന്നും മീനുവിന്റെ വിളി വന്നു…

“ഹും.. നിന്നെക്കൊണ്ട് ഞാൻ തോറ്റ് തൊപ്പിയിട്ടല്ലോ മീനു… ഇതേവരെ നീ റെഡി ആയില്ലേ ” പറഞ്ഞുകൊണ്ട് റൂമിൽ എത്തിയപ്പോൾ എനിക്ക് ചിരി നിയന്ത്രിക്കാനേ കഴിഞ്ഞില്ല…

പാവം എന്റെ മീനൂട്ടി സാരിയുടുക്കാൻ നിന്ന് കഷ്ടപ്പെടുകയാണ്…

” നോക്കി നിൽക്കാതെ ഒന്നു സഹായിക്ക് മനുവേട്ടാ.. ”

മീനുവിനെ സാരി ഉടുക്കാൻ സഹായിക്കുമ്പോൾ എന്റെ മനസ്സിൽ വന്നത് സ്കൂളിൽ പഠിക്കുമ്പോഴത്തെ ആ പഴയ ഓർമകൾ ആണ്..

ഓണവും കേരളപ്പിറവിയും പോലെയുള്ള വിശേഷ ദിവസങ്ങളിൽ മാത്രം മുണ്ടുടുക്കുന്ന ഞങ്ങൾ ആൺകുട്ടികൾ കസവ് കരയുള്ള ആ മുണ്ട് ചുളുങ്ങാതെ കര നേരെ വരുത്തി ഉടുക്കുവാൻ ഏറെ പണിപ്പെട്ടിരുന്നു…

ആ ദിവസങ്ങളിൽ സ്കൂളിൽ എത്തുക ചില ലാലേട്ടൻ സിനിമകളിലെ പോലെ കിടുക്കൻ ആയിട്ടായിരിക്കും…

പട്ടുപാവാട ഒക്കെ ഇട്ട് സുന്ദരികളായി അണിഞ്ഞൊരുക്കി വരുന്ന പെൺകുട്ടികളുടെ കണ്ണുകളുമായി ഒരു കൂട്ടിയിടി തന്നെ ഉണ്ടാകും അന്ന്..

” പെണ്ണ് കാണാൻ വന്നപ്പോൾ പോലും നിനക്ക് ഇത്രയും ഭംഗി തോന്നിയിരുന്നില്ലാട്ടോ മീനു.. ”

ഇളം റോസ് കളറിലുള്ള പട്ടുസാരിയുടുത്ത് എന്റെ മുന്നിൽ നിൽക്കുന്ന മീനുവിനെ ഞാൻ ആശ്ചര്യത്തോടെ നോക്കി.. ആ സാരിയിൽ അവളെക്കാണാൻ അതീവ സുന്ദരി ആയിരുന്നു…

മെല്ലെ അവളുടെ കൈ പിടിച്ച് എന്റെ നെഞ്ചിലേക്ക് അടുപ്പിച്ചപ്പോൾ നാണം കൊണ്ട് പൊതിഞ്ഞ മുഖത്താൽ അവൾ എന്നിൽ നിന്നും ഒഴിഞ്ഞു മാറി…

” ഏട്ടന് സ്നേഹിക്കാൻ കണ്ട ഒരു സമയം…, മാളൂം അച്ഛനും അമ്മയും അവിടെ നമ്മളെ കാത്തിരിക്കുവാ… ”

അടക്കിപ്പിടിച്ച ചിരിയോടെ അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി… അവളുടെ പിന്നാലെ ഞാനും…

കാറിൽ നിന്നും ഇറങ്ങുമ്പോഴേ മീനുവിന്റെ അനിയത്തി മാളു ഓടി അവർക്കരുകിൽ എത്തി…

മാളു സന്തോഷത്തോടെ ചേച്ചിയെ കെട്ടിപ്പിടിച്ചപ്പോൾ ആ കണ്ണുകളിൽ സ്നേഹത്തിന്റെ നീർമുത്തുകൾ ഉരുണ്ട് കൂടുന്നത് കാണുന്നുണ്ടായിരുന്നു മനു…

പരസ്പരം സ്നേഹിച്ചും വഴക്കുണ്ടാക്കിയും ഇണങ്ങിയും പിണങ്ങിയും ഒരേ മുറിയിൽ കഴിഞ്ഞിരുന്ന ചേച്ചി ഇന്ന് ഒരാളുടെ ഭാര്യ ആയി..,

കുടുംബ നാഥ ആയി ആ വീട്ടിൽ കഴിയുമ്പോൾ മനസ്സിൽ ചേച്ചി അടുത്തില്ലല്ലോ എന്ന ദുഖം ആണ്..

സ്നേഹ ബന്ധങ്ങൾ അങ്ങനെയാണ്.. ചെറിയോരകൽച്ച മതി മനസ്സിന് വലിയൊരു വേദനയുണ്ടാക്കാൻ…

അച്ഛന്റെയും അമ്മയുടെയും ഒപ്പം വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ ആണ് മാളു ആ സംശയം ചോദിച്ചത്…

” ഇത് ആരാണ് ചേച്ചിയെ സാരിയുടുപ്പിച്ചത്..? നല്ല ഭംഗി ആയിരിക്കുന്നല്ലോ.. ”

മാളുവിന്റെ ചോദ്യം കേട്ട് മീനു മനുവിനെ ഒന്നു പാളി നോക്കി… അവൻ ചിരി കടിച്ചമർത്താൻ പാടുപെടുകയായിരുന്നു…

” ഉം.. ഏട്ടന് നല്ല ഭാവനയാട്ടോ.. അടിപൊളിയായിട്ടുണ്ട് ഇപ്പോൾ ചേച്ചിയെ കാണാൻ.. ”

ആ പ്രശംസയിൽ ഞാൻ അല്പം ഒന്നു പൊങ്ങി മീനുവിനെ നോക്കി കണ്ണിറുക്കിയപ്പോൾ നാണത്താൽ ചുവന്ന നിഷ്കളങ്കമായ അവളുടെ മുഖത്ത് സ്നേഹത്തിന്റെ ഒരായിരം നക്ഷത്രങ്ങൾ മിന്നുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *