(രചന: Anandhu Raghavan)
“ഈ മുരട്ട് സ്വഭാവം കളഞ്ഞ് ഇടക്കെങ്കിലും ഒന്ന് റൊമാന്റിക് ആകൂ അഭിയേട്ടാ.. ”
” അതൊക്കെ വിവാഹത്തിന് ശേഷം.. വിവാഹം കഴിഞ്ഞാൽ ആണുങ്ങൾ റൊമാന്റിക് അല്ല എന്ന് പലർക്കും ഒരു തെറ്റിദ്ധാരണ ഉണ്ട്, അതൊന്നു മാറ്റിയെടുക്കും നിന്റെയീ അഭിയേട്ടൻ… ”
” നമ്മുടെ വിവാഹം ഉറപ്പിച്ചതല്ലേ പിന്നെന്താ..”
” ന്റെ പൊന്നോ.. അതിന്റെ കാര്യമൊന്നും ഓർമിപ്പിക്കല്ലേ അച്ചൂ.. സാധാരണ പ്രേമ വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർക്കായിരിക്കും എതിർപ്പ്, ഇത് നേരെ തിരിച്ചല്ലായിരുന്നോ…
ഒടുവിൽ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് അച്ചുവിനെ മാത്രമായിരിക്കും എന്നും പറഞ്ഞുള്ള എന്റെ നിരാഹാര സമരത്തിന് മുൻപിൽ സ്വയം തോറ്റുകൊടുക്കേണ്ടി വന്നു അച്ഛനും അമ്മയ്ക്കും… ”
അച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി പ്രേമത്തിന്റെ ഒരായിരം പുഞ്ചിരി ഒന്നിച്ചു നൽകിയപ്പോൾ അവൻ വീണ്ടും പറഞ്ഞു..
” നിന്റെ വീട്ടുകാർ സമ്മതിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല, സുന്ദരനും സുമുഖനും സർവോപരി സൽസ്വഭാവിയുമായ എന്നെ മരുമകനായി കിട്ടുന്നതിൽ അവർക്ക് അഭിമാനമല്ലേ ഒള്ളു… ”
” അയ്യോ… ഒരു ചുന്ദരൻ വന്നേക്കുന്നു.. ഒന്നു പോയേ അഭിയേട്ടാ… ”
” പോകുവോക്കെ ചെയ്യാം, ആദ്യം മോൾ എന്നെ ഈ പാർക്കിലേക്ക് വിളിച്ചു വരുത്തിയത് എന്തിനാണെന്ന് പറ..”
” ഓ.. വല്യ ബിസിയാണെങ്കിൽ അങ്ങ് പൊയ്ക്കോ..
ഫോൺ വിളിച്ച് വഴക്കുണ്ടാക്കി സമയം കളയുന്നതിലും നല്ലത് നേരിൽ കണ്ട് ഈ മുഖത്തെ പുഞ്ചിരി കാണുകയും അല്പനേരം സംസാരിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന ഒരു സന്തോഷവും…
ആ ഒരു ഫീലിങും ഒന്നും പറഞ്ഞാൽ അഭിയേട്ടന് മനസിലാവില്ല…
അതിനെ മനസ്സിൽ കുറച്ചെങ്കിലും റൊമാൻസ് ഒക്കെ ഉണ്ടാവണം…, അത് തെറ്റായി പോയെങ്കിൽ ഞാൻ പോയ്ക്കോളം… ”
” ശോ.. പിണങ്ങല്ലേ അച്ചൂ.. നീ ഇരിക്കവിടെ ”
ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റിനും നോക്കിയിട്ട് ആ കവിളിൽ ഒരു മുത്തമിടാൻ നോക്കിയപ്പോഴേ അച്ചു എന്നെ തള്ളി നീക്കിയിരുത്തി…
” അഭിയേട്ടാ…. മോനെ…, ഇതൊക്കെ വിവാഹം കഴിഞ്ഞു മതീട്ടോ… ”
” ന്തോ…. ഇത്ര നേരം എന്തായിരുന്നു .. അഭിയേട്ടൻ റൊമാന്റിക് അല്ല, അതാണ് ഇതാണ്… ന്നിട്ട് ഇപ്പൊ എന്നാ പറ്റി..”
” എന്നെ നോക്കി ഒരു കുറുമ്പ് ചിരി ചിരിച്ചുകൊണ്ടവൾ പറഞ്ഞു..
വിവാഹത്തിന് മുൻപ് പെൺകുട്ടികൾ അങ്ങനെ പലതും പറയും… അതുകേട്ട് അതിനൊപ്പം തുള്ളാൻ നിക്കരുത്..
ചില പെൺകുട്ടികൾ അങ്ങനാ, വിവാഹത്തിന് മുൻപ് ഒരു മുത്തമിടാൻ പോലും സമ്മതിക്കില്ല.. അതുപോലൊരാളാട്ടോ അഭിയേട്ടന്റെ ഈ അച്ചുവും..”
” അച്ചൂ.. എനിക്ക് ഈ ജന്മം കിട്ടിയ പുണ്യമാണ് നിന്നെപ്പോലൊരു പെൺകുട്ടിയെ ജീവിത സഖിയായ് കിട്ടിയത്..
ഒരുപാടൊരുപാട് ഇഷ്ടമാണ് നിന്നെ.. വാക്കുകളാൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും ഇഷ്ടമാണ്…”
” ഇത് മാത്രം കേട്ടാൽ മതി അഭിയേട്ടാ സ്നേഹിക്കുന്ന ഇരു ഹൃദയങ്ങൾക്ക് ഒരു മനസ്സാകാൻ…”
അഭിയുടെ നിഷ്കളങ്കമായ ആ സ്നേഹത്തിന് മുൻപിൽ അവൾ അലിഞ്ഞു ചേർന്നിരുന്നു…
” ഇനി ഞാൻ പോകുവാണെ വീട്ടിലെത്താമെന്ന് പറഞ്ഞ സമയമായി..”
” ഞാൻ കൊണ്ടുവിടാം അച്ചൂ.. ”
“അയ്യോ… വേണ്ടായെ.., ഞാൻ ഒരു ഓട്ടോക്ക് പൊയ്ക്കോളം. അല്ലെങ്കിൽ ഈ പാർക്കിന് മുൻപിൽ ഓട്ടം കാത്തുകിടക്കുന്ന ഓട്ടോ ചേട്ടന്മാർക്ക് നമ്മുടെ പ്രണയത്തിൽ അസൂയ തോന്നും..”
ഇതും പറഞ്ഞ് ഓട്ടോയിൽ കയറി അച്ചു പോകുമ്പോൾ ഒരു നിറഞ്ഞ ചിരി എനിക്ക് സമ്മാനിച്ചിരുന്നു..
ആ ചിരിയിൽ പറയാതെ പറഞ്ഞ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു… ജീവിതത്തിന്റെ നല്ല നാളെകളിൽ വരാനിരിക്കുന്ന ഒരുപാട് നിറമുള്ള സ്വപ്നങ്ങൾ…