ബിരിയാണി
(രചന: Rivin Lal)
ഗൾഫിൽ നിന്നും ലീവിന് വന്നിട്ടു ഇരുപതു ദിവസം കഴിഞ്ഞിട്ടുള്ള ഒരു ഞായറാഴ്ച.
രാവിലെ മുതലേ ശ്രീമതിക്കൊരു ആഗ്രഹം. ഒരു ചിക്കൻ ബിരിയാണി കഴിക്കണം. ന്യൂ ജനറേഷൻ പുതുപെണ്ണ് ആയത് കൊണ്ട് തന്നെ കക്ഷിക്കു കുക്കിംഗ് വല്യ പിടുത്തമില്ല,
പക്ഷെ മുന്നിൽ കൊണ്ട് വെച്ചാൽ കഴിക്കാനുള്ള ആർത്തിക്കു മാത്രം ഒരു കുറവുമില്ല.
രാവിലെ ഒരു പത്തു മണി കഴിഞ്ഞപ്പോൾ കാർ കഴുകി തുടച്ചു കൊണ്ടിരുന്ന എന്നോട് അവൾ അടുത്ത് വന്ന് ചോദിച്ചു .
“വിപിയേട്ടാ.. ഉച്ചക്ക് എനിക്കൊരു ചിക്കൻ ബിരിയാണി വാങ്ങി തരുമോ..??”
“ബിരിയാണിയോ..?? ഇപ്പോളോ..?? അതെന്താ പെട്ടെന്ന് ഒരു ബിരിയാണി പൂതി..?” ഞാൻ കയ്യിലിരുന്ന തുണിയിലെ വെള്ളം കുടഞ്ഞു കൊണ്ട് ചോദിച്ചു.
“അതില്ലേ.. ഞാൻ ഇന്നലെ ഒരു കുക്കറി ഷോ കണ്ടു ടിവി യിൽ. അത് കണ്ടപ്പോൾ മുതൽ വന്ന ഒരു ആഗ്രഹമാ. നടത്തി തരുമോ ഏട്ടാ…?” അവൾ പ്രതീക്ഷയോടെ ചോദിച്ചു.
“അതിപ്പോൾ ലോക്ക് ഡൗൺ ഒക്കെയല്ലേ. നല്ല ബിരിയാണി ടൗണിലേ കിട്ടൂ. അത് വാങ്ങാൻ പോയാൽ മിക്കവാറും പോലീസ് പൊക്കും എനിക്ക് ഫൈനും ഇടും.
എന്റെ പൊന്നു മോൾ തൽക്കാലം ബിരിയാണി പൂതി മാറ്റി വെച്ചോളൂട്ടാ. നമുക്കേ.. ലോക്ക് ഡൗൺ എല്ലാം കഴിഞ്ഞു ടൗണിൽ പോയി കഴിക്കാം. അതാ നല്ലത്.” ഞാൻ പറഞ്ഞു.
അപ്പോളേക്കും അവളുടെ മുഖം വാടി തുടങ്ങി. “അല്ലേലും എനിക്കറിയാം വിപിയേട്ടന് എന്നോട് ഒരു സ്നേഹവുമില്ല. അതോണ്ടല്ലേ എന്റെ ആഗ്രഹം ഇപ്പോൾ സാധിച്ചു തരാത്തെ..?” അവൾ പരാതി പെട്ടി തുറന്നു.
“എന്റെ നിവൃതക്കുട്ടി.. ഞാൻ പറയുന്നതൊന്നു നീ മനസിലാക്ക്. നമുക്കു ഇഷ്ടം പോലെ ഇനിയും സമയം ഉണ്ടല്ലോ. നീ ഇങ്ങിനെ ചെറിയ ചെറിയ കാര്യങ്ങൾക്കൊന്നും പിണങ്ങി ഇരിക്കല്ലേ.” ഞാനവളെ സമാദാനിപ്പിക്കാൻ ശ്രമിച്ചു.
അവൾ ഒന്നും കേൾക്കുന്ന മട്ടില്ല. കാർ കഴുകി കൊണ്ടിരുന്ന ചെറിയ ബക്കറ്റിലെ വെള്ളമെടുത്തു ദേഷ്യത്തോടെ പെട്ടെന്ന് എന്റെ മേലേക്ക് മുഴുവനും ഒഴിച്ച് ഭൂമിയും കുലുക്കി ചവിട്ടിയവൾ വീടിന്റെ അകത്തേക്ക് പോയി.
ഞാനാണേൽ മുഴുവൻ നനഞ്ഞു കുളിച്ചു ഇതിനു മാത്രം ഇവിടെയിപ്പോൾ എന്താ ഉണ്ടായേ എന്നും ആലോചിച്ചു പോസ്റ്റ് ആയി നിന്ന് പോയി.
ഞാൻ കുളിച്ചു വന്നപ്പോൾ അവൾ വെച്ച ചോറും അമ്മ വെച്ച മീൻ കറിയും ഉണ്ട് ഉച്ചക്ക് കഴിക്കാൻ. ചായ.. കാപ്പി.. ചോറ്.. ഓംലെറ്റ്.. അങ്ങിനെ ചെറിയ ചെറിയ സംഭവങ്ങൾ ഉണ്ടാക്കാൻ അവൾക്കറിയാം.
ബാക്കിയൊക്കെ അമ്മയാണ് ചെയ്യാറ്. അമ്മയ്ക്കണേൽ പെണ്മക്കൾ ഇല്ലാത്തോണ്ട് അവളോട് ഭയങ്കര സ്നേഹമാണ്. രണ്ടാൾക്കും അങ്ങോട്ടുമിങ്ങോട്ടും ഒരു പരാതിയുമില്ല.
ബിരിയാണി കിട്ടാത്ത ദേഷ്യം കൊണ്ട് അവളന്നു ഉച്ചക്ക് ഉണ്ണാൻ വന്നില്ല. അമ്മ എന്നോട് ചോദിച്ചു “എന്താടാ എന്റെ മോൾക്ക് പറ്റിയെ..?? നീ അവളെ വല്ല വഴക്കും പറഞ്ഞോ..??”
അല്ലേലും അവളോട് സ്നേഹം കൂടിയാൽ സ്വന്തം മോനായ ഞാൻ വരെ അമ്മക്ക് അപ്പോൾ കുറ്റക്കാരൻ ആയെ തോന്നൂ.
ഞാൻ പറഞ്ഞു അവൾക്കു വേണേൽ വന്ന് കഴിച്ചോളും. അമ്മ കഴിച്ചോളൂ. അവളുടെ വാശി പുറത്ത് നിന്ന് കൊടുക്കാൻ ഞാനുമപ്പോൾ തയാറായില്ല.
“അവൾക്കല്പം കുട്ടിക്കളി കൂടുതലാണ്. എന്നാലും ഇത്രയും പിടി വാശി പാടില്ലല്ലോ” ഞാനും വിചാരിച്ചു.
എന്തോ എന്റെയാ മറുപടി അമ്മയ്ക്കത്ര ദഹിച്ചില്ല എന്ന് അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.
എന്നെ അമ്മ ശരിക്കൊന്നു നോക്കി “എന്തായിപ്പോൾ ഇവർക്കിടയിൽ ഇത്ര വല്യ പ്രശ്നം” എന്ന മട്ടിൽ. ഞാനതു ശ്രദ്ധിക്കാൻ പോയില്ല.
ഞാൻ ഊണൊക്കെ കഴിച്ചു വൈകിട്ട് അല്പം ഫോണിലും കുത്തി സമയം പോക്കി. അഞ്ചു മണിയായിട്ടും അവൾ റൂമിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല.
ഞാൻ ചെന്നു നോക്കിയപ്പോൾ ആൾ പിണക്കം കൂടി നല്ല ഉറക്കത്തിലാണ്. ഉണർത്തണ്ട എന്ന് ഞാനും വിചാരിച്ചു.
നേരെ അടുക്കയിലേക്ക് പോയി ഫ്രിഡ്ജ് തുറന്നു. നോക്കിയപ്പോൾ അത്യാവശ്യം വേണ്ട എല്ലാമുണ്ട്. കിച്ചൻ റേക്കിൽ നോക്കിയപ്പോൾ ഉപ്പു തൊട്ടു കർപ്പൂരം വരെയുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. അമ്മയെ വിളിച്ചു.
“അമ്മേ ഇവിടെ എത്ര കോഴിയുണ്ട്..?”
“നീയടക്കം ഇവിടെ ആറ് കോഴികൾ ഉണ്ട്” അമ്മയുടെ ട്രോളി കൊണ്ടുള്ള മറുപടി. ചിലപ്പോളൊക്കെ അമ്മ വരെ എന്നെ ട്രോളും. അതാണ് ശീലം.
“ദേ അമ്മേ.. വാലിനു തീ പിടിച്ചിരിക്കുമ്പോൾ ഒരു മാതിരി ചളി കോമഡി അടിക്കല്ലേ..” ഞാനും വിട്ടു കൊടുത്തില്ല.
“നിനക്കതിന് വാലും ഉണ്ടോ.? നീ അപ്പോൾ കോഴിയല്ലേടാ. കാട്ടു കുരങ്ങനാ..” അതും പറഞ്ഞു അമ്മ പൊട്ടിച്ചിരിച്ചു. അമ്മയുടെ വക വീണ്ടും ചളി കോമഡി. എന്റെയൊരു അവസ്ഥ നോക്കണേ.
“അമ്മേ..” എനിക്കും ദേഷ്യം വന്നു.
“എന്നാൽ ഞാൻ അമ്മയുടെ ഒരു കോഴിയെ ഇങ്ങു എടുക്കുകയാ കേട്ടോ” സുരേഷ് ഗോപി സ്റ്റൈലിൽ ഞാൻ പറഞ്ഞു.
കോഴിക്കൂട്ടിലെ നല്ല മുഴുത്ത ഒരു കോഴിയെ തന്നെ ഞാൻ പിടിച്ചു. പിന്നെ അതിനെ കൊന്നു തൂവലൊക്കെ പൊളിച്ചു നല്ല വൃത്തിയായി റെഡിയാക്കി.
കോഴിയുടെ രണ്ടു കാലും പിടിച്ചു ഞാൻ തിരിച്ചു കറക്കിയപ്പോൾ അമ്മയുടെ ചോദ്യം
“നിനക്ക് ഇതിനെ കുറിച്ചൊക്കെ വല്ല പിടിയും ഉണ്ടോടാ മോനെ..?? അതോ ബോയിങ് ബോയിങ് സിനിമയിൽ ലാലേട്ടൻ ചിക്കൻ കറി വെച്ച പോലെയാവുമോ..?” ഹോ.. വീണ്ടും അപമാനം..
“അമ്മയൊന്നു പോയി വല്ല സീരിയലും കണ്ടേ.. ഞാനിതെല്ലാം റെഡിയാക്കിയിട്ടു വിളിക്കാം. എല്ലാം കഴിഞ്ഞു കഴിക്കാൻ വന്നാൽ മതി. കേട്ടല്ലോ. അപ്പോൾ അമ്മാ ജാൻ(ജീവൻ) ചെല്ല് ചെല്ല്..” അമ്മയെ ഞാൻ ഓടിച്ചു.
യൂട്യൂബിലെ സകല കുക്കിങ് ചേച്ചിമാരെയും മനസ്സിൽ ധ്യാനിച്ചു പിന്നെയൊരു യുദ്ധമായിരുന്നു. മൂന്ന് മണിക്കൂർ. അതിനുള്ളിൽ നല്ല ഒന്നാന്തരം ചിക്കൻ ബിരിയാണി റെഡിയായി.
അമ്മയെ വിളിച്ചു രുചി നോക്കിച്ചു. അമ്മ എന്നെയൊരു നോട്ടം എന്നിട്ടൊരു ഡയലോഗ്. “നിനക്ക് ഗൾഫിലെ പണി പോയാലും നീ രക്ഷപെടും എന്ന് അമ്മയ്ക്ക് ഉറപ്പായി.
കാരണം ഒരു ബിരിയാണി കട തുടങ്ങിയാലും പാചക പണിക്കു പോയാലും എന്റെ പൊന്നു മോൻ എന്തായാലും രക്ഷപെടും”. അത് അമ്മയ്ക്ക് ഏതാണ്ട് മനസിലായി.
ആ ഒരൊറ്റ കമന്റ് മതിയായിരുന്നു പൊങ്ങി പൊങ്ങി എന്റെ തല ടെറസിൽ മുട്ടാൻ.
അങ്ങിനെ അമ്മയും ഞാനും ബിരിയാണി വയറു നിറയെ കഴിച്ചു. ബിരിയാണി ആഗ്രഹിച്ച ആൾ അപ്പോളും ഉണർന്നിട്ടില്ല കേട്ടോ.
ഞാൻ അവൾക്കായ് ഒരു രണ്ടു പേർക്ക് കഴിക്കാനുള്ള ബിരിയാണി മൈക്രോ വേവ് ഓവനിൽ വെച്ചു ഒളിപ്പിച്ചു. കാരണം ഫ്രിഡ്ജിൽ വെച്ചാൽ അവൾ വന്നു നോക്കുമല്ലോ. ഓവനിൽ അത്ര ശ്രദ്ധിക്കില്ല.
രാത്രി പത്തു മണിയടുത്തു. അമ്മ പോയി കിടന്നു. ഞാൻ മെല്ലെ ചെന്നു അവളെ വിളിച്ചു “ഹോയ്.. ബിരിയാണി കൊതിയത്തീ.. മിസ്സിസ് നിവൃത വിപഞ്ചിക്…. എണീക്ക്… മതി ഉറക്കം..”
അവൾ എണീക്കുന്ന മട്ടില്ല. വീണ്ടും കണ്ണടച്ചു കിടന്നു. കള്ള ഉറക്കമാണെന്ന് എനിക്ക് മനസിലായി. ഞാനും പിന്നെ ഒന്നും മിണ്ടീല.
അവൾ വിശക്കുമ്പോൾ താനേ എണീക്കും എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അത് കൊണ്ട് ഞാനും ലൈറ്റ് ഓഫ് ചെയ്ത് അവളുടെയടുത്ത് തിരിഞ്ഞു കിടന്നു.
ഒരു രണ്ടു മണി ആയി കാണും. ഞാൻ തിരിഞ്ഞു കിടന്നു കൈ വെച്ചപ്പോൾ ബെഡിൽ അവളില്ല. കാണാഞ്ഞപ്പോൾ ഞാൻ ഞെട്ടി എണീറ്റു.
അപ്പോൾ അടുക്കളയിൽ നിന്നും പാത്രങ്ങളുടെ മൂടി മെല്ലെ തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ മെല്ലെ എഴുന്നേറ്റു ഹാളിന്റെ സൈഡിൽ നിന്നും അടുക്കളയിലേക്ക് എത്തി നോക്കി.
അപ്പോളവിടെ വിശന്നു വലഞ്ഞ ഒരു “ബിരിയാണി പൂച്ച” ഭക്ഷണം തിരയുകയായിരുന്നു.
ഇടയ്ക്കു ആൾ വയറും തിരുമ്മുന്നുണ്ട്. ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് അപ്പോളവൾക്ക് ഉണ്ടാവുമെന്ന് ഞാൻ ഊഹിച്ചു. ഞാൻ ചിരി കടിച്ചു പിടിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഫ്രിഡ്ജൊക്കെയുണ്ട് അവൾ തുറന്നു നോക്കുന്നു. കഴിക്കാൻ ഒരു വഴിയുമില്ല. ഒന്നും കിട്ടാതെയായപ്പോൾ അവളുടെ മുഖമൊക്കെ മാറി കൊച്ചു കുട്ടികൾ വിശന്നു കരയുന്ന പോലെയായി. കഴിക്കാനും ഒന്നുമില്ല.
വിശന്നിട്ടും വയ്യ. അവൾ പെട്ടെന്ന് ഹാളിന്റെ ഡോറിലേക്ക് നോക്കി. എന്നെ കണ്ടെന്നു സംശയിച്ചപ്പോൾ ഞാൻ ഉടൻ തന്നെ റൂമിലേക്ക് ഓടി ചെന്നു കട്ടിലിൽ ഉറങ്ങുന്ന പോലെ അഭിനയിച്ചു കിടന്നു.
അവൾ റൂമിൽ വന്നു എന്നെ നോക്കി. ഞാൻ നല്ല ഉറക്കമാണ്. എന്നാലും എന്റെ അടുത്ത് വന്ന് എന്നെ തോണ്ടാൻ പോയി. പിന്നെ എന്തോ തോന്നി കൈ പിൻ വലിച്ചു. ഞാനിതെല്ലാം ഇടം കണ്ണു കൊണ്ട് കാണുന്നുണ്ട്.
പാവം. വീണ്ടും കിച്ചണിലേക്ക് പോയി ജഗ്ഗിൽ നിന്നും വെള്ളം ആവോളം എടുത്തു കുടിച്ചു. പക്ഷെ പിന്നെ ശബ്ദം ഒന്നും കേൾക്കുന്നില്ല.
ഒരു മൂന്ന് മിനിറ്റ് കഴിഞ്ഞു ഞാൻ വീണ്ടും ഹാളിലേക്ക് പോയി മെല്ലെ നോക്കി. അവളെ കണ്ടില്ല. കിച്ചണിലേക്ക് ഞാൻ കേറിയപ്പോൾ കണ്ടു ഓവന്റെ അടുത്തുള്ള ചെയറിൽ രണ്ടു കാലും കയറ്റി വെച്ചിരുന്നു രാത്രി രണ്ടു മണിക്ക് ഒരാൾ ബിരിയാണി വെട്ടി വിഴുങ്ങുന്നു.
എന്നെ അപ്രതീക്ഷിതമായി കണ്ടതും വിഴുങ്ങി കൊണ്ടിരുന്ന ചിക്കൻ പീസ് അവളുടെ തൊണ്ടയിൽ കുടുങ്ങി എക്കിൾ വന്നു.
ഞാൻ ഓടി ചെന്നു വെള്ളം കൊടുത്തു അവളുടെ തലയിൽ തട്ടി പറഞ്ഞു “മെല്ലെ കഴിച്ചാൽ പോരെ മോളേ.. വേറെ ആരും എടുത്തു കൊണ്ട് പോവില്ല നിന്റെ ചിക്കൻ ബിരിയാണി. നീ തന്നെ പൂതി തീരുന്ന വരെ കഴിച്ചോ..”
“അത് പിന്നെ ഏട്ടാ.. ഞാൻ വിശന്നപ്പോൾ… എന്നാലും ഓവനിൽ ഒളിപ്പിച്ചാൽ ഞാൻ കണ്ടു പിടിക്കില്ല എന്ന് കരുതിയല്ലേ. അപ്പോൾ എന്നോട് സ്നേഹം ഒക്കെയുണ്ട്. അതിപ്പോൾ മനസിലായി. ആട്ടെ..
ഏട്ടന് ഈ ചിക്കൻ ബിരിയാണിയൊക്കെ ഉണ്ടാക്കാൻ ആരാ പഠിപ്പിച്ചു തന്നേ?? കിടുക്കീട്ടാ.. നല്ല ടേസ്റ്റ് ഉണ്ട്.. ഇതിലെ ബാക്കി ഇനി ഏട്ടന് വേണ്ടല്ലോ ല്ലേ..?” അവൾ വീണ്ടും ബാക്കി ബിരിയാണിയിൽ പ്രതീക്ഷ വെച്ചു ചോദിച്ചു.
“നീ തന്നെ മുഴുവൻ കഴിച്ചോ. നിനക്കു വേണ്ടി മാത്രം ഉണ്ടാക്കിയതാ. എന്നാൽ മോള് ബിരിയാണി ഒക്കെ തട്ടി റൂമിലേക്ക് പെട്ടെന്ന് വന്നോളൂട്ടാ.” അതും പറഞ്ഞു ഞാൻ റൂമിലേക്ക് തിരിഞ്ഞു നടന്നു.
“ഏട്ടാ.. ബിരിയാണി എങ്ങിനെയാ ഉണ്ടാക്കിയെ എന്ന് പറഞ്ഞില്ലാ…??” അവൾ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു.
“അതൊക്കെയുണ്ട്…” എന്ന് യൂട്യൂബിൽ സകല കുക്കറി ചാനലും സബ്സ്ക്രൈബ് ചെയ്ത പ്രവാസിയായ ലേ ഞാൻ..
പ്രവാസികളോടാ അവളുടെ കളി. അല്ല പിന്നെ..