എനിക്ക് ഇരട്ടക്കുട്ടികളുടെ അച്ഛനാവണം, ശോ ഈ ഏട്ടന് ഒരു നാണവും ഇല്ലേ..

ഇരട്ടക്കുട്ടികളുടെ അച്ഛൻ
(രചന: Anandhu Raghavan)

കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ എന്റെ ആര്യക്ക് ഒരു കുട്ടയിൽ താങ്ങാവുന്നതിലും വല്യ നാണമായിരുന്നു…

ഞാൻ കളിയാക്കുമ്പോൾ ചമ്മിയ അവളുടെ മുഖത്തെ ചിരി കാണാൻ ഒരു പ്രത്യേക ചന്തം ആയിരുന്നു..

കിലുകിലെ കിലുങ്ങിയുള്ള അവളുടെ സംസാരം കേൾക്കുമ്പോൾ സ്വയം മറന്ന് ആ കവിളിൽ ഒരു മുത്തമിടാൻ തോന്നിപ്പോകും..

“ന്താണാവോ അരവിന്ദേട്ടൻ ഇത്ര കാര്യായി ആലോചിച്ചിരിക്കണെ”

മുറിയിലേക്ക് കയറി വന്ന ആര്യ അരവിന്ദന്റെ ആലോചനയോടെയുള്ള മുഖം കണ്ട് ചോദിച്ചു..

“ഒന്നൂല്ല പെണ്ണേ.. ഞാൻ നമ്മുടെ ജീവിതം ഒന്ന്‌ സ്വപ്നം കണ്ടതാ…”

“ഏട്ടോയ്.. എന്താണ് ആ മഹത്തായ സ്വപ്നം..”

കട്ടിലിന്റെ അരുകിൽ വന്നിരുന്ന് ആര്യ ചോദിച്ചു..

“നീയ് ആ ലൈറ്റണക്ക് അര്യേ.. സ്വപ്നങ്ങളുടെ ഒരു കൂമ്പാരമാണ് ഈ മനസ്സിൽ നിറയെ..”

ലൈറ്റണച്ച്‌ അവൾ അരവിന്ദനോട് ചേർന്നിരുന്നു…

അവളോട് അടുത്തിരുന്ന് അരവിന്ദൻ മെല്ലെ ആ ചെവിയിൽ പറഞ്ഞു..

“എനിക്ക് ഇരട്ടക്കുട്ടികളുടെ അച്ഛനാവണം”

“ശോ… ഈ ഏട്ടന് ഒരു നാണവും ഇല്ലേ??” വേദനിക്കും വിധം അരവിന്ദന്റെ കവിളിൽ നുള്ളി അവൾ തിരിഞ്ഞു കിടന്നു..

“ഞാൻ എന്തിന് നാണിക്കണം..?? പുറത്തേക്ക് പോകുമ്പോൾ ഒക്കെയും അയൽക്കാർ എന്നെ നോക്കി പറയണം “ദാ.. ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’ പോണെന്ന്..

ഒരേ വേഷത്തിൽ കൈകോർത്ത് നടന്നു പോകുന്ന അവരെക്കാണാൻ എന്ത് ഭംഗി ആയിരിക്കും.. അത് പെൺകുട്ടികൾ കൂടി ആയാൽ മനം നിറഞ്ഞു..

അച്ഛാ എന്ന് വിളിച്ച് അവർ തന്റെ കൈവിരലുകളിൽ തൂങ്ങി ഒപ്പം നടക്കണം…

“ഈ മനുഷ്യനെക്കൊണ്ട് തോറ്റല്ലോ.. ഒന്ന് കിടന്നുറങ്ങാവോ..? ”

അവളുടെ കൈ എടുത്ത് മെല്ലെ ഞാൻ എന്റെ നെഞ്ചോട് ചേർക്കാൻ ഒരു ശ്രമം നടത്തി.. എന്റെ കൈ തട്ടി മാറ്റി അവൾ അങ്ങനെ തന്നെ കിടന്നപ്പോഴും അടക്കിപിടിച്ചുള്ള കിലുങ്ങുന്ന
ആ ചിരി എന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കാമായിരുന്നു…

ലേബർ റൂമിലേക്ക് കയറുമ്പോൾ സ്ട്രെച്ചറിൽ കിടന്ന് കൊണ്ട് അവന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു.. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു..

അവന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു.. അവന്റെ കയ്യോട് ചേർത്ത് വച്ച അവളുടെ കയ്യിലേക്ക് ഒരു തുള്ളി കണ്ണുനീർ ഇറ്റുവീണു… അവളുടെ വേദനകളെ മാറ്റുന്ന കണ്ണുനീർ…

മിടിക്കുന്ന ഹൃദയത്തോടെ അരവിന്ദൻ ഇരുപ്പുറക്കാതെ ചുറ്റി നടന്നുകൊണ്ടിരുന്നു..

“കളിപറഞ്ഞും.. ചിരിച്ചും.. പിണങ്ങിയും കഴിഞ്ഞുപോയൊരാ ദിവസങ്ങളുടെ ഓർമയിൽ അവളുടെ വേദന മയ്ക്കണമേ..” മനസ്സാൽ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു…

നിരനിരയായ് ഇട്ടിരിക്കുന്ന കസേരകളിൽ ഇരിക്കുന്ന തന്റെ അമ്മയും ആര്യയുടെ അമ്മയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു..

മറ്റുള്ളവർ ഒക്കെ അവിടിവിടായി അങ്ങനെ ഇരിക്കുന്നു.. അവരുടെ മുഖങ്ങളിൽ ഒക്കെ പുതിയോരഥിതി കൂടി വരുന്നതിന്റെ സന്തോഷം ആയിരുന്നു…

അരവിന്ദന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവിൽ ദൈവത്തിന്റെ മാലാഖമാരായ രണ്ട് നഴ്സുമാർ ലേബർ റൂമിന്റെ വാതിൽ തുറന്ന് പുറത്തു വന്നു…

“അരവിന്ദൻ ആരാ…”

എന്നെനോക്കി ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.. “ഇരട്ടക്കുട്ടികളുടെ അച്ഛൻ ആയിരിക്കുന്നു…

ടർക്കിയിൽ പൊതിഞ്ഞ് പിടിച്ചിരിക്കുന്ന ഓമനത്തമുള്ള ആ രണ്ട് മുഖങ്ങൾ ഞാൻ കണ്ടു.., അതെ രണ്ട് പെൺകുഞ്ഞുങ്ങൾ..

ഇരുകൈകളാലും രണ്ട് അമ്മമാരും കുഞ്ഞുങ്ങളെ ഏറ്റുവാങ്ങിയപ്പോൾ അരവിന്ദന്റെ മനസ്സ് സന്തോഷത്താൽ പുളകിതമായിരുന്നു..അവൻ സ്വയം മന്ത്രിച്ചു.. ‘ഇരട്ടകുട്ടികളുടെ അച്ഛൻ’

ലേബർ റൂമിൽ നിന്നും മുറിയിലേക്ക് വന്നപ്പോൾ സ്നേഹം തുളുമ്പുന്ന എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു..

“ഏട്ടന്റെ സ്വപ്നത്തിന്റെ ഒരു പവർ..”

അപ്പോഴത്തെ എന്റെ സ്നേഹത്തിൽ സ്വയം മറന്ന് ഞാൻ അവളുടെ നിറുകയിൽ ഒരു മുത്തമിട്ടു…

സമർപ്പണം : ഒരുപാട് വേദന സഹിച്ചും , ത്യാഗം സഹിച്ചും.. ഈ ഭൂമിയിൽ ഓരോ കുരുന്നിനും ജന്മമേകുന്ന സ്നേഹനിധികളായ അമ്മമാർക്കു മുൻപിൽ ഹൃദയപൂർവം സമർപ്പിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *