(രചന: Anandhu Raghavan)
‘നാം തമ്മിലുള്ള മൗനത്തിന് ഇന്ന് ഒരുപാട് ദിനങ്ങൾ സാക്ഷിയായിരിക്കുന്നു.. നിന്നോടുള്ള മൗനത്തിൽ നിന്നെക്കാളേറെ വേദനിക്കുന്നത് ഒരുപക്ഷേ ഞാൻ ആയിരിക്കും..’
നീലിമയുടെ വാട്സാപ്പ് സ്റ്റാറ്റുസുകളിലൂടെ കണ്ണോടിക്കുമ്പോൾ നിരഞ്ജനിൽ എന്തെന്നില്ലാത്ത വേദന തോന്നി..
ഒരുപാട് പിണക്കങ്ങളും ഇണക്കങ്ങളും കൂടിച്ചേരുന്നതാണ് പ്രണയം.. പക്ഷെ ഞങ്ങളുടെ പ്രണയത്തിൽ പിണക്കത്തിന് പ്രസക്തി ഇല്ല..
ഞാൻ മിണ്ടാൻ കൊതിക്കുന്നത് പോലെ അവളുടെ മനസ്സും കൊതിക്കുന്നുണ്ടാവും മിണ്ടണം എന്ന്…
അതാവും അവൾ രണ്ടുവരി സ്റ്റാറ്റസുകളിലൂടെ എന്നോട് പറയാൻ സ്രമിക്കുന്നതും..
നീണ്ട ദിനരാത്രങ്ങളിലെ മൗനം ഞങ്ങൾക്കിടയിൽ ഒരു വലിയ മതിൽക്കെട്ട് സൃഷ്ടിച്ചിരിക്കുന്നു.. ഞാൻ എന്റെ സ്റ്റാറ്റസ് മാറ്റുവാനായി അക്ഷരങ്ങളെ തിരഞ്ഞുകൊണ്ടിരുന്നു..
‘വേദനകളെല്ലാം മനസ്സിൽ സൂക്ഷിക്കുമ്പോൾ ഒരു സുഖം ഉണ്ട്.. ഞാൻ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് നീ വിചാരിക്കുമ്പോൾ ഉള്ള നൊമ്പരത്തിന്റെ സുഖം..’
എന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. ഒരു ഫോൺ വിളിയിലൂടെയോ ഒരു മെസ്സേജിലൂടെയോ അവൾ ഈ മൗനം ഉപേക്ഷിക്കുമെന്ന്..
എന്തിനായിരുന്നു അവൾ എന്നിൽ നിന്നും അകന്നത്??.. ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണത്.. എന്തിഷ്ടമായിരുന്നു അവൾക്കെന്നെ, എന്നിട്ടും എന്തിനോ വേണ്ടി ഓടിയൊളിച്ചു എന്നിൽ നിന്നും..
അവളുടെ കൊച്ചു കൊച്ചു തമാശകൾക്ക് ചിരി വന്നില്ലെങ്കിലും ഞാൻ ചിരിക്കും ,
അപ്പോൾ മൃദുവായി എന്റെ കവിളിൽ നുള്ളി അവൾ പറയും “എന്നെ കളിയാക്കിയുള്ള ഈ ചിരിക്ക് അത്ര ഭംഗി പോരാട്ടോ.. ഏട്ടാ…”
എല്ലാം മറന്നു ഞാൻ പൊട്ടിച്ചിരിക്കുമ്പോൾ എന്റെ കവിളിൽ അവൾ തന്ന ചുംബനം മറക്കുവാൻ എനിക്കെന്തോ കഴിയുന്നില്ലാ..
ആ ചുംബനത്തിന്റെ ചൂട് ഇപ്പോഴും തന്റെ കവിളുകളിൽ ഉണ്ട്.. നിരഞ്ജൻ കൈകൾ രണ്ടും മുഖത്തമർത്തി കണ്ണുകൾ അടച്ചിരുന്നു…
പ്രണയമെന്നാൽ സ്നേഹിക്കുന്ന മനസ്സുകളുടെ ദിവമായ ഒരു അനുഭൂതി ആണെന്ന് അവൻ വീണ്ടും തിരിച്ചറിയുകയായിരുന്നു..
അവൾ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിട്ട് രണ്ടു മിനിറ്റുകൾ പിന്നിട്ടിരുന്നു.. ആകാംക്ഷയോടെ അവൻ ആ വരികൾ വായിച്ചു..
‘നിന്നോട് ചേർന്നിരിക്കാൻ , ആ കൈപിടിച്ചു നടക്കുവാൻ കൊതിക്കുന്ന ഓരോ നിമിഷവും എന്റെ അച്ഛനും അമ്മയും എന്നെ ചേർത്തു പിടിക്കുന്നു..’
പിണക്കമില്ല… അവളിൽ സ്നേഹം മാത്രേ ഒള്ളു.. ആ വരികളിൽ അത് സ്പഷ്ടമായിരുന്നു..
എന്റെ മനസ്സിലുള്ളത് സ്റ്റാറ്റസുകളിലൂടെ പറയാവുന്നതിലും അപ്പുറം ആയിരുന്നു.. അവളുടെ സ്റ്റാറ്റസിൽ കണ്ണും നട്ടിരിക്കെ പുതിയ സ്റ്റാറ്റസ് എത്തി… ഒരു പത്തക്ക മൊബൈൽ നമ്പർ..
എന്റെ ഫോൺ കാൾ കാത്തിരിക്കുന്നതുപോലെ മറു തലയ്ക്കൽ നിന്ന് നീട്ടിയുള്ള ഒരു വിളി വന്നു…
“മോനേ… ഞങ്ങൾക്ക്.. , ഞങ്ങൾക്ക് അവൾ മാത്രേയുള്ളൂ..”
വളരെ വേദനയോടെയുള്ള ആ പുരുഷ സ്വരം നിരഞ്ജന്റെ കണ്ണുകളെ ഈറനണിയിച്ചു..
നാളുകൾക്ക് മുൻപ് മരിച്ച തന്റെ അച്ഛന്റെ അതേ സ്വരം.. “മോനേ..” എന്നുള്ള ആ വിളി നിലച്ചിട്ട് നാളുകൾ ഒരുപാടയിരിക്കണു..
“ഞാൻ , ഞാൻ വരാം അച്ഛാ..” പിന്നീട് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ആ സംഭാഷണം അവിടെ നിലച്ചു…
ചെറു ചാറ്റൽ മഴ നനഞ്ഞ് ഉമ്മറപ്പടിയിലേക്കു നടന്നു വരുന്ന നിരഞ്ജനെ ആദ്യ കാഴ്ചയിൽ തന്നെ നീലിമയുടെ അച്ഛന് മനസ്സിലായി..
അമ്മ കിടക്കുന്ന കട്ടിലിന്റെ അരുകിൽ നീലിമ ഇട്ടുകൊടുത്ത കസേരയിൽ നിരഞ്ജൻ ഇരുന്നു. തൊട്ടടുത്ത കസേരയിൽ നീലിമയുടെ അച്ഛനും..
“നിന്ന നിൽപ്പിൽ ഒന്നു തല ചുറ്റി വീണതാ ശാരദ, അരക്ക് കീഴ്പോട്ടു തളർന്നു പോയി.. സംസാര ശേഷിയും നഷ്ടമായി.. പ്രയാധിക്യത്താൽ ഇനിയൊരു തിരിച്ചു വരവിന് സാധ്യത ഇല്ലെന്ന് ഡോക്ടറും വിധി എഴുതി..”
നീലിമയുടെ അച്ഛൻ അതു പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നനയുന്നത് നിരഞ്ജൻ കാണുന്നുണ്ടായിരുന്നു..
“പര സഹായമില്ലാതെ അനങ്ങാൻ പോലും കഴിയാത്ത ശാരദക്ക് ഏക ആശ്വാസം നീലിമ മാത്രമാ.. ഞങ്ങൾക്ക് ആണായും പെണ്ണായും അവൾ ഒന്നല്ലേ ഒള്ളു..”
ഹൃദയം ഉരുകി ആ അച്ഛൻ അതു പറയുമ്പോൾ കണ്ണുകളിൽ നിന്നും പൊഴിയുന്ന നീർക്കണത്തിന് ഒരായുസിന്റെ വിലയുണ്ടാരുന്നു..
നീലിമയെ വിവാഹം ചെയ്താൽ പിന്നെ അച്ഛന്റെ മോൻ അല്ലെ ഞാൻ , അച്ഛന്റെ സ്വന്തം മോൻ..
അച്ഛനെയും അമ്മയെയും സംരക്ഷിക്കുക എന്നുള്ളത് ഒരു മകന്റെ കടമയല്ലേ??.. സ്നേഹിക്കാൻ മാത്രം അറിയാവുന്നൊരു ആത്മാവുണ്ട് വീട്ടിൽ , എന്റെ അമ്മ. ,
അച്ഛനും അമ്മയ്ക്കും ഒരു മോളുടേം മോന്റെയും സ്നേഹം അനുഭവിച്ച് ഒരയുഷ്കാലം മുഴുവൻ അവിടെ കഴിയാം സന്തോഷത്തോടെ..”
മൃദുവായി നിരഞ്ജന്റെ കവിളിൽ നുള്ളി നീലിമ പുഞ്ചിരിക്കുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ പുറം കയ്യാൽ ഒപ്പി സന്തോഷത്തോടെ നോക്കുകയായിരുന്നു അച്ഛനും അമ്മയും..
NB : മാതാ പിതാക്കളെ സംരക്ഷിക്കുക എന്നത് ഏതൊരു മക്കളുടെയും കടമയാണ്..
മക്കളോടുള്ള അവരുടെ സ്‌നേഹത്തിന് പരിധികൾ നിശ്ചയിക്കുവാൻ ഒരു നാളും കഴിയുകയില്ല..