ലോകത്തിൽ ഒരു ഭർത്താവും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്‍ച മുന്നിൽ കണ്ടപ്പോൾ..

അമ്മമനസ്സ്
(രചന: Anandhu Raghavan)

ഇനിയും ഈ വീട്ടിൽ കഴിയുവാൻ എനിക്കാവില്ല ബാലേട്ടാ , ബാലേട്ടന്റെ അമ്മയും ഞാനും തമ്മിൽ ഒത്തു പോകില്ല… എനിക്ക് മടുത്തു…

നമുക്ക് നാളെ തന്നെ മാറാം ദിവ്യാ.. ഞാൻ ഇന്നലെ പറഞ്ഞ ആ വീട് ബ്രോക്കർ മധുവിനെയും കൂട്ടി പോയി കണ്ടിരുന്നു… എഗ്രിമെന്റും എഴുതി…

വാടക അല്പം കൂടുതലാണ് , എങ്കിലും സാരമില്ല നിന്റെ ഇഷ്ടം നടക്കട്ടെ..

ഞാനെന്തു ചെയ്യാനാണ് ബാലേട്ടാ… ഇന്നുവരെ ബാലേട്ടനല്ലാതെ മറ്റൊരു പുരുഷനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടുപോലുമില്ല..

എനിക്ക് എല്ലാം എന്റെ ബാലേട്ടനാണ്…. എന്നിട്ടും അമ്മ ഓരോന്ന് പറയുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല….

അത് മറക്ക് ദിവ്യാ… നാളെമുതൽ നമുക്കിടയിൽ മറ്റാരുമില്ലല്ലോ…നീയും ഞാനും നമ്മുടെ സ്വപ്നങ്ങളും മാത്രം…

ബാലകൃഷ്ണൻ ദിവ്യയുടെ അരുകിലേക്ക് എഴുന്നേറ്റ് ചെന്നു… മെല്ലെ അവളെ ചേർത്തു പിടിക്കാൻ ഒരു ശ്രമം നടത്തി…

ബാലകൃഷ്ണനിൽ നിന്നും ഒഴിഞ്ഞു മാറിയ ദിവ്യ കിടക്കയിലേക്ക് പോയി കിടന്നു… ഉടൻ തന്നെ ലൈറ്റും ഓഫ് ചെയ്തു… ഇരുളിൽ തപ്പി തടഞ്ഞ് ബാലകൃഷ്ണൻ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു…

തന്റെ കരങ്ങൾ മെല്ലെ ദിവ്യയിലേക്ക് അടുപ്പിച്ചതും അവൾ അത് തട്ടി മാറ്റി… അവൾക്ക് നല്ല ദേഷ്യം ഉണ്ട്… അത് മാറും വരെ ഇനി ഇങ്ങനായിരിക്കും…

നാളെ നേരത്തെ എഴുന്നേറ്റ് കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ എടുത്ത് വെക്കണം.. എന്നാലും അമ്മയെ തനിച്ചാക്കി പോകാൻ ഒരു മനസ്സു വരുന്നില്ല..

കുറച്ചു നാൾ കഴിയുമ്പോൾ തിരിച്ചു വരാം. അപ്പോഴേക്കും അമ്മയും ദിവ്യയും തമ്മിലുള്ള പ്രശ്നത്തിന് ഒരല്പം ആശ്വാസം ആകും…

ഓരോന്ന് ചിന്തിച്ചു കിടന്ന് ബാലകൃഷ്ണൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു…

പിറ്റേന്ന് പത്തു മണി കഴിഞ്ഞപ്പോഴേക്കും ബാലകൃഷ്ണൻ വിളിച്ച വണ്ടി വന്നിരുന്നു…

അലമാരിയും അത്യാവശ്യം വേണ്ടുന്ന പാത്രങ്ങളും മറ്റും വണ്ടിയിൽ കയറ്റുന്നത് വേദനയോടെ നോക്കി നിൽക്കുകയായിരുന്നു സുകുമാരിയമ്മ…

ഒടുവിൽ ഒരു വലിയ ബാഗിൽ വസ്ത്രങ്ങളും വണ്ടിയിൽ കയറ്റി വച്ചു കഴിഞ്ഞു.. പോകുകയാണെന്ന് ഒരു വാക്ക് പോലും പറയാതെ ദിവ്യ പോയി വണ്ടിയിൽ കയറിയിരുന്നു…

ബാലകൃഷ്ണൻ അമ്മയുടെ അടുത്തെത്തി നിറഞ്ഞിരിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അയാൾക്ക് തെല്ലു കുറ്റബോധം തോന്നി…

അമ്മേ… ഞാൻ ഇടക്ക് ഇടക്ക് വന്നുകൊണ്ടിരിക്കാം.. ഇതല്ലാതെ ഞാൻ നോക്കിയിട്ട് വേറെ ഒരു വഴിയില്ല. ഇവിടെ താമസിക്കാൻ പറ്റുകയില്ലെന്നാ ദിവ്യ പറയുന്നത്…

കുറച്ചു നാളുകഴിയുമ്പോൾ ഇങ്ങോട് തന്നെ മടങ്ങി വരാം.. അപ്പോഴേക്കും ഇതൊക്കെ അങ്ങ് മറക്കില്ലേ..

മോൻ അമ്മ പറയുന്നത് ഒന്നു കേൾക്ക്.. അവൾ നിന്റെ മുന്നിൽ അഭിനയിക്കുകയാണ് , മോൻ വിചാരിക്കുന്നതുപോലെ അവളുടെ സ്വാഭാവം അത്ര നല്ലതല്ല…

താലികെട്ടിയ പെണ്ണിനെക്കുറിച്ച് അപവാദം പറയുന്നത് അമ്മയാണെങ്കിൽ അത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്… ഞങ്ങൾ ഇറങ്ങുകയാണ് അമ്മേ…

അമ്മയുടെ മറുപടിക്ക് കാക്കാതെ ബാലകൃഷ്‌ണൻ പടിയിറങ്ങി… വണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ നിറകണ്ണുകളോടെ അമ്മ നോക്കിനിൽപ്പുണ്ടായിരുന്നു…

കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ വീടിന്റെ പലഭാഗങ്ങളിലായി ക്രമീകരിക്കുകയായിരുന്നു ബാലകൃഷ്ണനും ദിവ്യയും…

പണികൾ എല്ലാം ഒന്ന്‌ ഒതുങ്ങിയപ്പോൾ ബാലകൃഷ്ണൻ ദിവ്യക്കരുകിൽ എത്തി ചോദിച്ചു… നിനക്ക് വീട് ഇഷ്ടമായോ..??

ഉം.. അവൾ മൂളി എന്നിട്ട് നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു…

ഞാൻ പോയാൽ നി ഇവിടെ തനിച്ചല്ലേ… യാതൊരു പരിചയും ഇല്ലാത്ത സ്ഥലവും ചുറ്റുപാടും… ആളുകളുമായി ഒരു ബന്ധം സ്ഥാപിക്കുന്നതുവരെ ഞാൻ ഇവിടെ വേണം.. അതുകൊണ്ട് ഒരാഴ്ചത്തേക്ക് ഞാൻ ലീവ് എടുത്തു…

അതേ.. ബാലേട്ടാ… വെറുതെ അങ്ങനെ ലീവ് എടുക്കണ്ട.. ഇനി ഇപ്പോൾ ചിലവ് കൂടിവരുവാട്ടോ… ഞാൻ ഇവിടെ തനിച്ചാണല്ലോ എന്നോർത്ത് ബാലേട്ടൻ പേടിക്കണ്ട..

ഒരാഴ്ച കഴിഞ്ഞാലും ഞാൻ ഇവിടെ തനിച്ച് തന്നെ ഇരിക്കണ്ടേ… ലീവ് ക്യാൻസൽ ചെയ്ത് നാളെമുതൽ തന്നെ ജോലിക്ക് കയറിക്കോ…

ശരി തമ്പുരാട്ടി സമ്മതിച്ചു… ബാലകൃഷ്‌ണന്റെ പറച്ചിൽ കേട്ടപ്പോൾ ദിവ്യക്ക് ചിരി വന്നു… മെല്ലെ അവൾ ബാലകൃഷ്ണന്റെ നെഞ്ചോട് ചാഞ്ഞു…

ദിവ്യാ… അടുക്കളയിലായിരുന്ന ദിവ്യ ബാലകൃഷ്ണന്റെ വിളികേട്ട് ഹാളിലേക്ക് വന്നു.. ബാലകൃഷ്ണന് ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള ചോറും കയ്യിൽ ഉണ്ടായിരുന്നു…

ഞാൻ പോകുവാട്ടോ… അത്താഴത്തിനുള്ള അരി ഇടണ്ട.. ഞാൻ വരുമ്പോൾ പുറത്തൂന്ന് എന്തെങ്കിലും വാങ്ങി വരാം…

ശരി ബാലേട്ടാ… ബാലകൃഷ്ണൻ പോകുന്നതും നോക്കി ഉമ്മറപ്പടിയിലെ തൂണിൽ ചാരി നിൽക്കുകയായിരുന്നു ദിവ്യ…

ദിവ്യ വീട്ടിൽ തനിച്ചാണല്ലോ എന്നോർത്താണ് പതിവിലും നേരത്തേ ഓഫീസിൽ നിന്നും ബാലകൃഷ്‌ണൻ ഇറങ്ങിയത്… വീട്ടിലേക്ക് പോകും വഴി ഷമീറിക്കയുടെ ഹോട്ടലിൽ നിന്നും രണ്ട് ബിരിയാണിയും പാഴ്‌സൽ വാങ്ങി…

കാളിങ് ബെല്ലിൽ വിരലമർത്തി ബാലകൃഷ്ണൻ ദിവ്യയെ വിളിച്ചു , വാതിൽ തുറക്കാൻ താമസിച്ചപ്പോൾ വീണ്ടും വിളിച്ചു..

പരിഭ്രമത്തോടെ വാതിൽ തുറന്ന ദിവ്യ നന്നായി വിയർത്തിട്ടുണ്ടായിരുന്നു…

നിനക്ക് എന്തു പറ്റി , എന്താ ഇങ്ങനെ വല്ലാതിരിക്കുന്നത്.. ചോദിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് കടക്കാൻ തുടങ്ങിയതും എന്റെ കാലുകൾ നിശ്ചലമായി…

തൂക്കിപ്പിടിച്ചിരുന്ന പാഴ്‌സൽ എന്റെ കയ്യിൽ നിന്നും താഴേക്ക് വീണിരുന്നു…

തലക്കാകെ ഒരു മരവിപ്പ്… ലോകത്തിൽ ഒരു ഭർത്താവും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്‍ച മുന്നിൽ കണ്ടപ്പോൾ എന്നിൽ കോപവും സങ്കടവും അതിലേറെ വെറുപ്പും തോന്നി…

നിമിഷ നേരം കൊണ്ട് ഞാൻ അടുക്കളയിലേക്കോടി , കയ്യിൽ തടഞ്ഞ ഒരു കത്തി എടുത്ത് റൂമിലേക്കെത്തുമ്പോൾ ആ രൂപം റൂമിന് പുറത്തുകടന്നിരുന്നു…

കത്തികൊണ്ട് ഞാൻ ആഞ്ഞുകുത്താൻ ഓങ്ങിയപ്പോഴേക്കും ദിവ്യ എന്റെ കാലിൽ വീണ് അലറിക്കരയാൻ തുടങ്ങിയിരുന്നു…

സ്വന്തം ഭർത്താവിനെ വഞ്ചിച്ച് കാമുകനെ കിടപ്പറയിലേക്ക് ക്ഷണിച്ച ഭാര്യ ഭർത്താവിന്റെ കാലിൽ വീണ് കാമുകനെ ഒന്നും ചെയ്യല്ലേന്ന് കരഞ്ഞപേക്ഷിക്കുന്നു…

ഏതൊരു ഭർത്താവിനാണ് അത്തരമൊരു അവസ്ഥ സഹിക്കാൻ കഴിയുന്നത്.. , ഏതൊരു ഭർത്താവിനാണ് അത്തരമൊരു കാഴ്ച ക്ഷമിക്കാൻ കഴിയുന്നത്..??

വെറുപ്പോടെ ഞാനവളെ കാലുകൊണ്ട് തട്ടിമാറ്റി കത്തി തറയിലേക്ക് വലിച്ചെറിഞ്ഞു… എന്റെ കോപം അടക്കാനാവാതെ അവന്റെ മുഖമടച്ച് ഒന്നു കൊടുത്തു…

പെണ്ണിനെ തല്ലുന്നത് അണത്തമായി ഞാൻ കാണുന്നില്ല.. നിന്നെ തല്ലിയാലും എന്റെ ഈ കൈകൾ അശുദ്ധിയാവുകയെ ഒള്ളു..

നിനക്ക് ഇവനെ മതിയായിരുന്നെങ്കിൽ അത് ഞാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതിന് ശേഷമാകാമായിരുന്നു..

എനിക്ക് വേണ്ടി ഒരേയൊരു സഹായം മാത്രം ചെയ്ത് തന്നാൽ മതി ഇനി , വക്കീൽ കൊണ്ടുവരുന്ന ആ ഡിവോഴ്സ് പേപ്പറിൽ ഒന്ന്‌ ഒപ്പിട്ടു തരണം…

നിനക്ക് ജീവിക്കാം എങ്ങനെ വേണമെങ്കിലും.. പക്ഷെ അത് എന്റെ ചിലവിൽ ഉള്ള ഈ വാടക വീട്ടിലും എന്റെ സ്വന്തം വീട്ടിലും ആവരുത്..

പുലി പോലെയുള്ള രണ്ട് ആങ്ങളമാർ ഇല്ലേ , വിളിച്ചു പറഞ്ഞേക്കാം കുഞ്ഞിപ്പെങ്ങളുടെ ഗുണവിശേഷം…

വാടി വീണ പൂവുപോൽ തകർന്നടിഞ്ഞ മനസ്സുമായി ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിൽ ഒരു കുറ്റബോധം തളം കെട്ടി കിടന്നിരുന്നു…

അമ്മയുടെ വാക്കുകളെ അവിശ്വസിച്ച് അമ്മയെ തനിയെ ആക്കി ആ വീട്ടിൽ നിന്നും പടിയിറങ്ങുന്നതിനു മുന്നേ ഒരിക്കലെങ്കിലും അതിൽ സത്യമുണ്ടോ എന്ന് താൻ തിരിച്ചറിയണമായിരുന്നു…

വീട്ടിലെത്തി ഒരു കൊച്ചു കുട്ടിയെപ്പോലെ അമ്മയുടെ മടിയിൽ തലചായ്ച്ചു കിടന്ന്‌ ഞാൻ എന്റെ സങ്കടങ്ങൾ മുഴുവൻ മറക്കാൻ ശ്രമിക്കുമ്പോൾ സ്നേഹത്തോടെ അമ്മ എന്നെ തഴുകുന്നുണ്ടായിരുന്നു…

മോൻ വല്ലതും കഴിച്ചോ.. ?? അമ്മ കഞ്ഞി എടുത്ത് വെക്കാം , പയറും തേങ്ങ ചുട്ടരച്ച ചമ്മന്തിയും ഉണ്ട്..

അമ്മ വിളമ്പിത്തന്ന കഞ്ഞി കോരിക്കുടിക്കുമ്പോൾ ഞാനറിയുകയായിരുന്നു കാലങ്ങൾ എത്ര കടന്നു പോയാലും മക്കൾ എത്ര ഉയരങ്ങളിൽ എത്തിയാലും അണയാത്ത ഒരമ്മയുടെ സ്നേഹവും വാത്സല്യവും…

ചിലപ്പോഴൊക്കെ ആത്മാർത്ഥമായ സ്നേഹത്തിന്റെ അന്തിമ ഫലം കണ്ണുനീരായിരിക്കും..

ചില സ്ത്രീകൾ ഉണ്ട് ഭർത്താക്കന്മാർ എത്ര സ്നേഹമുള്ളവരാണെങ്കിലും അവരുടെ കണ്ണുകളിൽ അതൊന്നും തെളിയുകയില്ല , മനസ്സിൽ അതൊന്നും പതിയുകയില്ല.. സ്ത്രീകൾ മാത്രമല്ല ഇതുപോലെ തന്നെ ചില പുരുഷൻമാരും ഉണ്ട്..

സാഹചര്യം എന്താണെങ്കിലും ഉചിതമായ തീരുമാനങ്ങളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് അർത്ഥമുണ്ടാവുന്നത്..

Leave a Reply

Your email address will not be published. Required fields are marked *