കൊടുത്താൽ കൊല്ലത്തും കിട്ടും
(രചന: Anandhu Raghavan)
അവൾ പോയാൽ എനിക്ക് വെറും പുല്ലാണ് , ദേ എന്റെയീ രോമത്തിൽ പോലും സ്പർശിക്കുകയില്ല…
ഇത്രയും കാലം എനിക്ക് വേണ്ടി ജീവിച്ചവരാണ് എന്റെ അച്ഛനും അമ്മയും.. ഇനി അവർക്ക് വേണ്ടിയാവണം ഞാൻ ജീവിക്കേണ്ടത്..
അല്ലാതെ പെണ്ണൊരുത്തി തേച്ചിട്ട് പോയാൽ ജീവിതം അവസാനിപ്പിക്കാൻ മാത്രം ഭ്രാന്തൻ അല്ല ഞാൻ…
കാര്യം കൂട്ടുകാരോട് ഇങ്ങനെയൊക്കെയാണ് തട്ടി വിടുന്നതെങ്കിലും എനിക്ക് നല്ല വിഷമമുണ്ടായിരുന്നു…
അതിപ്പോ ചിലർ അങ്ങനെയാണ്.. , ഉള്ളിലുള്ള വിഷമം പുറത്ത് കാണിക്കാതെ മറ്റുള്ളവർക്ക് മുന്നിൽ സന്തോഷം അഭിനയിക്കും
അല്ല ആർക്കാണ് വിഷമം ഉണ്ടാവാതിരിക്കുന്നത്.. ??
നാല് വർഷം ആത്മാർത്ഥമായി പ്രണയിച്ച പെണ്ണ് ഒരു സുപ്രഭാതത്തിൽ തേച്ചിട്ട് വേറൊരുത്തനേം കെട്ടി പോയാൽ ഹൃദയമുള്ള ആർക്കും വേദനിക്കും…
വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നാണല്ലോ ചൊല്ല്.. വിധിയെ പഴിച്ചിട്ടും കാര്യമില്ല..
അതുകൊണ്ട് തന്നെയാണ് അച്ഛനും അമ്മയും കൊണ്ടുവന്ന ആലോചനക്ക് ഞാൻ ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ സമ്മതം മൂളിയത്..
പെണ്ണ് കാണാൻ ചെന്നപ്പോൾ തന്നെ ഞാൻ ‘ ഉത്തരയോട് ‘ പറഞ്ഞു എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നെന്നും തേപ്പ് കിട്ടിയതാണെന്നും…
അവിടുന്ന് ഇറങ്ങിയതിന് ശേഷമാണ് പ്രണയം ഉണ്ടായിരുന്നെന്ന കാര്യം പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിയത് ,
നിഷ്കളങ്കമായ ആ മുഖവും സൗമ്യമായ സംസാരവും ആരെയും ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു…
മുഖത്തോട് മുഖം നോക്കി സംസാരിക്കുമ്പോൾ ആ കണ്ണുകൾക്ക് ഒരു തിളക്കമുണ്ടായിരുന്നു…
സത്യം തുറന്നു പറഞ്ഞതുകൊണ്ട് ഈ വിവാഹം നടക്കില്ല എന്നു തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്…
പക്ഷെ എന്നെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ വിവാഹത്തിന് സമ്മതമാണെന്ന് അവർ അറിയിച്ചത്…
വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിൽ തന്നെ ഉത്തരയോട് ഞാനത് തുറന്നു ചോദിച്ചു…
ഒരു പ്രണയം ഉണ്ടായിരുന്നെന്നും തേപ്പ് കിട്ടിയതാണെന്നും അറിഞ്ഞുകൊണ്ട് തന്നെ എന്തിനാണ് വിവാഹത്തിന് സമ്മതിച്ചത്..??
ന്റെ വിനീഷേട്ടാ തേപ്പ് കിട്ടിയ പുരുഷന് വിവാഹം കഴിഞ്ഞാൽ ഭാര്യയോട് സ്നേഹവും കരുതലും വളരെ കൂടുതൽ ആയിരിക്കും. ഭാര്യയും കൂടി മനസ്സറിഞ്ഞൊന്ന് സ്നേഹിച്ചാൽ ആ ബന്ധം പത്തരമാറ്റ് തനി തങ്കം ആയിരിക്കും…
അവൾ പറഞ്ഞത് ഒരു പരമാർത്ഥമായ സത്യമാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു , താലി കെട്ടിയ ശേഷം ഭാര്യയെ ആണ് പ്രണയിക്കേണ്ടത്..
അവൾക്കൊപ്പം ഒന്നിച്ചിരുന്ന് ജീവിതത്തിലെ സ്വപ്നങ്ങൾ നെയ്ത് കൂട്ടുമ്പോൾ ജീവിക്കാൻ ഒരു വാശിയും ലക്ഷ്യവുമുണ്ടാകും…
മൂന്നാം മാസം സ്കാനിങ് റിസൾട്ട് കയ്യിൽ കിട്ടിയപ്പോൾ ഞങ്ങൾ കുറച്ചൊന്നുമല്ല സന്തോഷിച്ചത് ,
അതെ ഞാൻ ഒരു അച്ഛനാകാൻ പോകുന്നു എന്ന വാർത്ത എന്റെ കാതുകളെ കോരിത്തരിപ്പിക്കുകയും അവളുടെ മിഴികളെ ആനന്താശ്രുവിലാഴ്ത്തുകയും ചെയിതു…
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴി കുറച്ച് മധുര പലഹാരങ്ങൾ വാങ്ങിക്കാം എന്നു കരുതിയാണ് ഒരു ബേക്കറിയിൽ കയറിയത്…
അവിടെയിരുന്ന് ഓരോ കോഫി കുടിക്കുമ്പോൾ ആണ് ആ ശബ്ദം എന്റെ കാതുകളിലെത്തുന്നത്…
ഹലോ വിനീഷ്..
അത്ഭുതത്തോടെ ഞാൻ നോക്കുകയായിരുന്നു. അഥിതി , തന്നെ തേച്ചിട്ട് ഏതോ ഒരുത്തനെയും കെട്ടി പോയവൾ ദാ നിൽക്കുന്നു മുന്നിൽ…
ഇതെങ്ങനെ കൃത്യം ഈ സമയത്ത് തന്നെ ഇവിടെ എത്തിപ്പെട്ടു… ??
ഇതുവഴി പോയപ്പോൾ വിനീഷിന്റെ വണ്ടി പുറത്ത് കിടക്കുന്നത് കണ്ട് കയറിയതാ…
അത്ഭുതം വിടാതെ തന്നെ ഞാൻ ചുറ്റും ഒന്ന് നോക്കി.. , ഹസ്ബൻഡ് കൂടെ ഇല്ലേന്ന്…
വിനീഷ് നോക്കുന്നത് എന്താണെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് തന്നെ അഥിതി പറഞ്ഞു ആളില്ല കൂടെ , അയാൾ ഒരു ഫ്രോഡ് ആയിരുന്നു. അതുകൊണ്ട് ആ തെറ്റ് ഞാൻ തിരുത്തി.. ഞങ്ങൾ തമ്മിൽ പിരിഞ്ഞു…
വിനീഷ് പറഞ്ഞിരുന്നത് വച്ചും ഇപ്പോൾ സംസാരത്തിൽ നിന്നും ഉത്തരക്ക് ആളെ മനസ്സിലായി…
എന്റെ തെറ്റ് ഞാനും തിരുത്തി അഥിതീ .. ഇത് എന്റെ ഭാര്യ ഉത്തര..
ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞയൊരു ദിവസം ആണ് , ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വരുകയാണ് , ഞാൻ ഒരു അച്ഛനാവുകയാണ്…
പറയാൻ വന്നതെന്തോ പാതിയിൽ നിറുത്തി നിർവികാരത്തോടെ അഥിതി എന്നെ നോക്കി നിന്നു…
പലഹാരത്തിന്റെയും കൂടെ കോഫിയുടെയും ബില്ല് പേയ് ചെയ്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ അഥിതിക്ക് മുൻപിൽ ശബ്ദം താഴ്ത്തി ഉത്തര പറഞ്ഞു
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ഇപ്പൊ മനസ്സിലായില്ലേ .. ??
കാറിലേക്ക് കയറാൻ നേരം ഞാൻ ഉത്തരയോട് പറഞ്ഞു ന്റെ പെണ്ണേ ഞാൻ പറയണമെന്ന് മനസ്സിൽ വിചാരിച്ചതാ നി പറഞ്ഞത്…
എങ്ങനെ പറയാതിരിക്കും ഏട്ടന്റെ പെണ്ണല്ലേ ഞാൻ , ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോഴേ ഞാൻ മനസ്സിൽ നിശ്ചയിച്ചതാ ഒരിക്കൽ അവളെ കണ്ടു മുട്ടിയാൽ ആ മുഖത്തു നോക്കി രണ്ടു പറയണമെന്ന്…